Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാം ശരിയാക്കുന്നത് സിനിമാക്കഥയിൽ മാത്രം, യാഥാർത്ഥ ജീവിതത്തിലില്ല! നിപാകാലത്ത് ജോലി ചെയ്തവർക്ക് സ്ഥിര നിയമനം നൽകുമെന്ന മന്ത്രിയുടെ വാക്കുകളെല്ലാം പാഴായി; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപാകാലത്ത് ജീവൻ പണയം വെച്ച് ജോലി ചെയ്തവർ ഇപ്പോഴും പടിക്ക് പുറത്ത്; സർക്കാറിന്റെ വഞ്ചനക്കെതിരെ നിരാഹാര സമരത്തിൽ ശുചീകരണ തൊഴിലാളികൾ

എല്ലാം ശരിയാക്കുന്നത് സിനിമാക്കഥയിൽ മാത്രം, യാഥാർത്ഥ ജീവിതത്തിലില്ല! നിപാകാലത്ത് ജോലി ചെയ്തവർക്ക് സ്ഥിര നിയമനം നൽകുമെന്ന മന്ത്രിയുടെ വാക്കുകളെല്ലാം പാഴായി; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപാകാലത്ത് ജീവൻ പണയം വെച്ച് ജോലി ചെയ്തവർ ഇപ്പോഴും പടിക്ക് പുറത്ത്; സർക്കാറിന്റെ വഞ്ചനക്കെതിരെ നിരാഹാര സമരത്തിൽ ശുചീകരണ തൊഴിലാളികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: എല്ലാം ശരിയാക്കും.. എന്നതാണ് ഈ ഇടതു സർക്കാറിന്റെ മുദ്രാവാക്യം തന്നെ. എന്നാൽ, എവിടെ വരെയുള്ള കാര്യങ്ങൾ ശരിയായി എന്നു ചോദിച്ചാൽ കൈമലർത്തുന്ന അവസ്ഥയാണുള്ളത്. കോഴിക്കോട് നിപാ വൈറസ് കാലത്തെ അജീവിക്കാൻ കേരളം ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. അന്ന് ശുചീകരണ തൊഴിലാളികൾ മുതലുള്ളവർ ജീവൻ പണയം വെച്ചും പ്രവർത്തിച്ചു. എന്നാൽ, അന്ന് നിപയെ അതിജീവിക്കാൻ ഒപ്പം നിന്നവരെ പിന്നീട് സർക്കാർ മറന്നു. വൈറസ് സിനിമ തീയ്യറ്ററുകളിൽ മികച്ച പ്രതികരണം നേടുമ്പോൾ കോഴിക്കോട്ടെ ഹീറോകൾ നിരാഹാര സമരത്തിലാണ്.

വൈറസ് സിനിമയിൽ ജോജോ ചെയ്ത അറ്റൻഡർ ബാബു പറയുന്ന ഈ വാക്കുകളെ വലിയ കയ്യടിയോടെ തീയ്യറ്ററിൽ സ്വീകരിച്ചതെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇവരുടെ അവസ്ഥ വ്യത്യസ്തമായിരുന്നു. മെഡിക്കൽ കോളേജിന് മുന്നിലെ സമരപ്പന്തൽ ഇരുന്ന സർക്കാറിനോട് നീതിക്കായി യാചിക്കുയാണ് ശുചീകരണ തൊഴിലാളികൾ. അന്നത്തെ ശുചീകരണ തൊഴിലാളികളായ രജീഷും ശശിധരനെയുമാണ് സർക്കാർ ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പില ആക്കിയത്.

നിപാ കാലത്തിന് ശേഷം പിരിച്ചു വിടപ്പെട്ട നിപ തൊഴിലാളികൾ മെഡിക്കൽ കോളേജിന് മുന്നിൽ പന്തൽ കെട്ടി സമരം തുടരുന്നതിനിടെ സ്ഥിരം നിയമനമെന്ന ആവശ്യം സർക്കാർ പരിഗണിക്കില്ലെന്ന നിലപാടിൽ തന്നെയാണ്. തൊഴിലാളികളെ പിരിച്ച് വിടില്ലെന്നും ഇനിയും താൽക്കാലിക ഒഴിവുകൾ ഉണ്ടാവുമ്പോൾ ഇവർക്ക് പ്രാധാന്യം നൽകുമെന്നുമാണ് നേരത്തെ മന്ത്രി പറഞ്ഞത്. എന്നാൽ, എല്ലാം വെറും വക്കായി മാറി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മരണം മാത്രം ഉയർന്ന് കേട്ടിരുന്ന ദിവസങ്ങളിലാണ് രജീഷും ശശിധരനുമൊക്കെ ജോലി ചെയ്തത്.

നിപ കാലത്ത് ജോലിയെടുത്ത രജീഷും ശശിധരനും ഉൾപ്പെടുന്ന താൽക്കാലിക തൊഴിലാളികളേയെല്ലാം സ്ഥിരപ്പെടുത്തുമെന്ന് സർക്കാർ പറഞ്ഞ വാക്ക് പാലിക്കണമെന്ന് മാത്രമാണ് ഇവർ പറയുന്നത്. കഴിഞ്ഞ 17 ദിവസമായി മെഡിക്കൽ കോളേജിന് മുന്നിൽ സമരം ചെയ്യുമ്പോഴും സിനിമയ്ക്കപ്പുറം ആരും തിരിഞ്ഞ് നോക്കാനില്ലാത്ത ജീവിതമായി മാറിയിരിക്കുന്നു ഇവരുടേത്. വൈറസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററായും ആദ്യം ഉപയോഗിച്ചത് ഇവരുടെ ചിത്രമായിരുന്നു.

നിപാകാലത്ത് ജോലി ചെയ്തവർക്ക് സ്ഥിര നിയമനം നൽകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ തന്നെയായിരുന്നു അന്ന് ഇവർക്ക് വാഗ്ദാനം നൽകിയത്. അതനുസരിച്ച് ലിസ്റ്റ് നൽകാൻ സർക്കാർ മെഡിക്കൽ കോളേജ് അധികൃതരോടും ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ആശുപത്രി അധികൃതർ അന്ന് ജോലിക്കെത്താത്ത ആളുകളെ പോലും ലിസ്റ്റിൽ തിരുകിക്കയറ്റിയപ്പോൾ തങ്ങൾ പുറത്തായെന്ന് സമരക്കാർ പറയുന്നു.

ആദ്യ ഘട്ടത്തിൽ സമരം തുടങ്ങിയപ്പോൾ താൽക്കാലിക ഒഴിവുകൾ വരുമ്പോൾ പരിഗണിക്കാം എന്ന ഉറപ്പിലായിരുന്നു അന്ന് സമരം അവസാനിപ്പിച്ചത്. പക്ഷേ എല്ലാവരും നിപ വാർഡിൽ ജോലി ചെയ്തിരുന്നില്ല എന്ന പുതിയ കാരണം കണ്ടെത്തി തങ്ങൾക്ക് ജോലി നിഷേധിച്ചിരിക്കുകയാണെന്നും സർക്കാരും അധികൃതരും തങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും നിരാഹരത്തിലിരിക്കുന്ന രജീഷ് പറയുന്നു. മെയ് 31 വരെ മാത്രമേ ജോലി ചെയ്തിരുന്നുള്ളൂവെന്ന തെറ്റായ റിപ്പോർട്ടാണ് ആശുപത്രി അധികൃതർ സർക്കാരിന് നൽകിയത്. എന്നാൽ ജൂൺ 13 വരെ നിപ രോഗിയെ താൻ പരിചരിച്ചിട്ടുണ്ട്. പക്ഷേ തെറ്റായ വിവരം സർക്കാരിന് നൽകിയ ആശുപത്രി അധികൃതർ അന്ന് ജീവൻ പണയം വെച്ച് ജോലി ചെയ്തവരെ പറ്റിച്ചിരിക്കുകയാണെന്നും രജീഷ് പറയുന്നു.

സർക്കാർ നിർദേശപ്രകാരം മൂന്ന് തവണയാണ് ഇതിനായി ലിസ്റ്റുണ്ടാക്കിയത്. അങ്ങനെ ലിസ്റ്റിൽ ഇടംപിടിച്ചത് 450 ഓളം പേർ. പക്ഷേ അന്ന് രോഗികൾ മരണപ്പെട്ടപ്പോൾ അവരുടെ മൃതദേഹം പിടിക്കാനും സ്വന്തം ജീവൻ പണയം വെച്ച് സേവനം നടത്തിയ 42 പേർ മാത്രം ലിസ്റ്റിലില്ലാതായി. ഈ നെറികേടിനെതിരേയാണ് ഇവർ നിരാഹാരത്തിലിരിക്കുന്നതും. നിപാ കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച ശുചീകരണ തൊഴിലാളികളുടെ സമരത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നടി റിമ കല്ലിങ്കലും ആവശ്യപ്പെട്ടിരുന്നു.

വൈറസ് സിനിമയുടെ ഷൂട്ടിംഗിനിടെ സമരമുണ്ടായിരുന്നതായി അറിഞ്ഞിരുന്നെന്നും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനായി പോകാനിരുന്നപ്പോൾ സമരം ഒത്തുതീർന്നതായാണ് അറിയാൻ കഴിഞ്ഞതെന്നും റിമ പറഞ്ഞു. തീർച്ചയായും അവർ അർഹിക്കുന്ന പരിഗണന ലഭിക്കണം. വൈറസ് സിനിമയിൽ ജോജുവിന്റെ കഥാപാത്രം പറയുന്നത് എത്ര വലിയ അപകടത്തിന്റെ മുന്നിലും അവർ ആലോചിക്കുന്നത് ഒരു സർക്കാർ ജോലിയാണ് സ്ഥിരമായാൽ രക്ഷപ്പെടും എന്നാണ്. അങ്ങനെ വിശ്വസിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ് ഇവിടെ ഏറ്റവും കൂടുതലുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP