Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് ഹോസ്റ്റലുകൾ വെറുതേ കിടക്കുമ്പോഴും വിദ്യാർത്ഥികൾക്ക് താമസിക്കാൻ ഇടമില്ല; പ്രതിഷേധിച്ച് സമരത്തിനിറങ്ങിയപ്പോൾ അടിച്ചമർത്താൻ വി സിയുടെ ഒത്താശ; എസ്എഫ്‌ഐ പ്രക്ഷോഭത്തിൽ അടച്ചൂപൂട്ടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സംഭവിച്ചതെന്ത്?

മൂന്ന് ഹോസ്റ്റലുകൾ വെറുതേ കിടക്കുമ്പോഴും വിദ്യാർത്ഥികൾക്ക് താമസിക്കാൻ ഇടമില്ല; പ്രതിഷേധിച്ച് സമരത്തിനിറങ്ങിയപ്പോൾ അടിച്ചമർത്താൻ വി സിയുടെ ഒത്താശ; എസ്എഫ്‌ഐ പ്രക്ഷോഭത്തിൽ അടച്ചൂപൂട്ടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സംഭവിച്ചതെന്ത്?

എം പി റാഫി

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്‌ഐ രാപ്പകൽ സമരം നാലാം ദിവസത്തിലേക്ക്. വിദ്യാർത്ഥികൾക്ക് താമസ സൗകര്യമൊരുക്കി ഹോസ്റ്റൽ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് യൂണിയനും എസ്.എഫ്.ഐ പ്രവർത്തകരും സമര രംഗത്തിറങ്ങിയിറക്കുന്നത്. ആൺകുട്ടികളുടെ ഹോസ്റ്റൽ കായിക വിദ്യാർത്ഥികൾക്കായി തുറന്നു കൊടുത്തതിൽ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. ടി അബ്ദുൽ മജീദിനെ 14 മണിക്കൂർ ബന്ദിയാക്കിയതിനു ശേഷമാണ് എസ്.എഫ്.ഐ പ്രവർത്തകർ അഡ്‌മിനിസ്‌ട്രേറ്റിംങ് ബ്ലോക്കിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.

സമരം മൂർച്ഛിച്ചതോടെ കായിക വിദ്യാർത്ഥികൾക്കു വേണ്ടി എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകരും അഡ്‌മിഷനെടുത്ത് താമസ സൗകര്യമില്ലതെ പുറത്ത് നിൽക്കുന്ന റഗുലർ വിദ്യാർത്ഥികൾക്കു വേണ്ടി എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. സംഘർഷം കണക്കിലെടുത്ത് വൈസ് ചാൻസിലർ സർവ്വകലാശാല ഹോസ്റ്റലുകളും പഠനവകുപ്പുകളും അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. കാമ്പസും മെൻസ് വ്യുമൺസ് ഹോസ്റ്റലുകളും അടച്ചു പൂട്ടിയതോടെ ലക്ഷദ്വീപ് അടക്കമുള്ള ദൂരനാടുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

സമരക്കാർ ഭരണസമുച്ചയത്തിലേക്ക് പ്രവേശിച്ചതോടെ സമരക്കാരായ ഒരു കൂട്ടം എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെ സമരക്കാർ കാമ്പസിനകത്തു സ്ഥിതി ചെയ്യുന്ന യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേക്ക് സമരം മാറ്റുകയായിരുന്നു. ഇന്നേക്ക് സമരം നാലാം ദിവസത്തിലേക്ക് എത്തി നിൽക്കുകയാണ്. ഇനിയും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം വിപുലീകരിക്കുകയും ഓരോ പഠനവകുപ്പുകൾക്ക് മുന്നിലും അദ്ധ്യാപകരെയും റിസർച്ച് വിദ്യാർത്ഥികളെയും ഉപയോഗപ്പെടുത്തി സമര പ്രതീകമായി ക്ലാസുകൾ ആരംഭിക്കുമെന്നും എസ്.എഫ്.ഐ നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. വൈസ് ചാൻസിലർ, ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ എന്നിവർക്ക് പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും സമരക്കാരെ അടിച്ചമാർത്താൻ കായിക വിദ്യാർത്ഥികളായ കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ സഹായത്തോടെ പുറത്തു നിന്നും പോപ്പുലർ ഫ്രണ്ട്-എൻഡിഎഫ് ഗുണ്ടകൾ തങ്ങളെ മർദ്ദിച്ചതായും എസ്.എഫ്.ഐ പ്രവർത്തകർ പറയുന്നു.

ആൾതാമസമില്ലാതെ കാടുപിടിച്ചു കിടക്കുന്ന ഹോസ്റ്റൽ കെട്ടിടങ്ങൾ യൂണിവേഴ്‌സിറ്റിക്കകത്ത് ഉണ്ടായിരിക്കെയാണ് അഡ്‌മിഷനെടുത്ത നൂറോളം വിദ്യാർത്ഥികൾക്ക് താമസ സൗകര്യമില്ലാതെ അലയേണ്ടി വരുന്നത്. താമസിച്ചു പഠിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള അഞ്ചാമത്തെ സമരമാണ് ഇത് എസ്എഫ്‌ഐയുടേത്. പെൺകുട്ടികളുടക്കമുള്ള നിരവധി എസ്.എഫ്.ഐ പ്രവർത്തകരാണ് നാലാം ദിവസവും സമര രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. എസ്.എഫ്.ഐ കാമ്പസ് സെക്രട്ടേറിയേറ്റ് അംഗവും ഹോസ്റ്റൽ സെക്രട്ടറിയുമായ പി.വിവേക് ഹോസ്റ്റൽ സമരത്തിന്റെ നാൾ വഴികളെ പറ്റി മറുനാടൻ മലയാളിയുമായി പങ്കുവെയ്ക്കുന്നതിങ്ങനെ:

ഈ അധ്യായന വർഷം തുടങ്ങിയതു മുതൽ എസ്.എഫ്.ഐ ആദ്യമായി സമര മുഖത്ത് വരുന്നത് ഗവേഷകരുടെ ഫെലോഷിപ്പുമായി ബന്ധപ്പെട്ടായിരുന്നന്നു. ഇത് മറുനാടൻ മലയാളി അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഗവേഷകരുടെ സമരത്തിനു ശേഷമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമരം തുടങ്ങുന്നത്. അതായത് ആൺകുട്ടികളുടെ ഹോസ്റ്റലിനോട് ചേർന്ന് പുതിയൊരു ഹോസ്റ്റൽ കെട്ടിടം നിർമ്മാണം നടത്തുകയുണ്ടായി, നിലവിലുള്ള മെൻസ് ഹോസ്റ്റൽ കെട്ടിടത്തിൽ 289 പേരെ താമസിപ്പിക്കാൻ സൗകര്യമുണ്ടായിരിക്കെ ഇപ്പോൾ നാനൂറോളം വിദ്യാർത്ഥികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു പുതിയ കെട്ടിടത്തിന്റെ നാർമ്മാണം ആരംഭിക്കുന്നത്. 2011 മുതൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുകയും എംഫിൽ, പിഎച്ച്ഡി സീറ്റുകളും വർദ്ധിപ്പിച്ചതോടെയാണ് താമസ സൗകര്യത്തിനുള്ള ഞെരുക്കം കൂടുതലായത്. ഇതോടെ പലകുട്ടികളും ഹോസ്റ്റലിനു വേണ്ടി അപേക്ഷിച്ച് താമസ സൗകര്യം ലഭിക്കാത്ത അവസ്ഥയുണ്ടായി. ഇങ്ങനെയുള്ള അപേക്ഷകളും വർദ്ധിച്ചതോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഹോസ്റ്റൽ കെട്ടിടത്തിന്റെ പണി പൂർത്തിയാകാനിരിക്കെയാണ് പുതിയ കെട്ടിടത്തിൽ കായിക വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള ഉത്തരവിറങ്ങുന്നത്.

ഈ ഓർഡർ വന്നതോടെ കായിക വിദ്യാർത്ഥികൾ താമസിച്ചിരുന്ന ക്വാർട്ടേഴ്‌സും ഒഴിവാക്കുകയായിരുന്നു. 2011 മുതൽ ഫിസിക്കൽ എജുക്കേഷൻ പഠനം യൂണിവേഴ്‌സിറ്റിയിൽ നിന്നും നിർത്തലാക്കാനുണ്ടായ കാരണവും ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുകൊണ്ടായിരുന്നു. അന്ന് കായിക വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് കായിക പഠനം നിർത്തലാക്കുമ്പോൾ ഇവർക്ക് പ്രത്യേകം താമസവും ഭക്ഷണവും ഒരുക്കിയതിനു ശേഷം മാത്രമെ വീണ്ടും കോഴ്‌സ് ആരംഭിക്കുകയുള്ളൂ എന്ന് ഫയലിൽ എഴുതിച്ചേർത്തിയിരുന്നു. പിന്നീട് 2013ൽ സക്കീർ ഹുസൈൻ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറായി വന്നതിനു ശേഷം ഈ ഫയൽ വകവെയ്ക്കാതെ വീണ്ടും കോഴ്‌സ് ആരംഭിക്കുകയായിരുന്നു.

വീണ്ടും കായിക വിദ്യാർത്ഥികളുടെ പ്രതിഷേധം വരാൻ തുടങ്ങിയപ്പോൾ കൈയൂക്കുള്ളവർ നിലവിലുള്ള സൗകര്യം എടുക്കട്ടെ എന്ന സമീപനമായിരുന്നു യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തുനിന്നും. 2014 മെയ് മാസം പുതിയ കെട്ടിടം കായിക വിദ്യാർത്ഥികൾക്ക നൽകാൻ ഉത്തരവിറക്കുകയുണ്ടായി. ഈ കെട്ടിടം എന്നത് കേരള സർക്കാറിന്റെ പ്ലാനിംങ് ഫണ്ടിൽ നിന്നും മെൻസ് ഹോസ്റ്റലിനായി ആരംഭിച്ചതാണ്. ഇവിടെ താമസിപ്പിക്കേണ്ടത് നിലവിൽ റെഗുലറായി അഡ്‌മിഷനെടുത്ത് ഹോസ്റ്റലിനായി അപേക്ഷിച്ച് കാത്തു നിൽക്കുന്ന വിദ്യാർത്ഥികളെയാണ്. നൂറോളം വിദ്യാർത്ഥികൾക്ക് ഇപ്പോഴും താമസിക്കാൻ സകര്യമില്ല എന്നതാണ് വാസ്തവം.

കഴിഞ്ഞ എട്ടാം തിയ്യതി നടന്ന സിൻഡിക്കേറ്റ് മീറ്റിങ്ങിലേക്ക് ഞങ്ങൾ ഒരു മാർച്ച് നടത്തിയിരുന്നു. അന്ന് ഞങ്ങൾ ആവശ്യപ്പെട്ട പ്രധാന കാര്യം പുതിയ കെട്ടിടത്തിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം പരിഹരിക്കാൻ പുതിയ സമിതിയെ നിയമിക്കണമെന്നായിരുന്നു. ഇതോടൊപ്പം സെൽഫ് ഫിനാൻസിംങ് വിദ്യാർത്ഥികൾ, കായിക വിദ്യാർത്ഥികൾ തുടങ്ങിയിട്ടുള്ള കാമ്പസിനകത്തെ പൊതുപ്രശ്‌നമായ താമസ സൗകര്യമെന്ന പ്രശ്‌നം ഉചിതമായ രീതിയിൽ പരിഹരിക്കുക എന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു.

കാമ്പസിനകത്ത് നിലവിൽ മൂന്ന് ഹോസ്റ്റൽ പൂട്ടി കിടക്കുന്നുണ്ട്. ഒന്ന് വിദേശികൾക്കായി ഉണ്ടാക്കിയ ഫോറിൻ സ്റ്റുഡൻസ് ഹോസ്റ്റൽ, ഇതിലേക്ക് താമസിക്കാൻ ഫോറിൻ വിദ്യാർത്ഥികളാരും വരാറില്ല. അവരെല്ലാം പുറത്ത് വീടെടുത്ത് നിൽക്കുകയാണ് പതിവ്. മറ്റൊന്ന് കായിക വിദ്യാർത്ഥികൾക്ക് ആദ്യം ഉണ്ടായിരുന്ന യൂണിവേഴ്‌സിറ്റിയുടെ തന്നെയുള്ള ഹോസ്റ്റൽ ഉണ്ടായിരുന്നു അത് അറ്റകുറ്റപണി എന്നപേരിൽ നിർമ്മാണം നടക്കാതെ അതുപോലെ തന്നെ നിൽക്കുകയാണ്. അതുപോലെതന്നെ മുമ്പ് എഞ്ചിനീയറിങ് കോളേജിലെ പെൺകുട്ടികൾ പഠിച്ചിരുന്ന ഗസ്റ്റ് ഹൗസിന്റെ ഹോസ്റ്റലും ഉണ്ട്. ഈ മൂന്ന് കെട്ടിടവും ഇപ്പോൾ ഉപയോഗശൂന്യമായി അടഞ്ഞു കിടക്കുകയാണ്. ഈ കെട്ടിടങ്ങളിൽ എതെങ്കിലും ഒന്ന് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനു വേണ്ടി മാറ്റി സിൻഡിക്കേറ്റ് അതിനെ പഠിച്ച് ശാശ്വതമായി പരിഹരിക്കണമെന്നായിരുന്നു എട്ടാം തിയ്യതി നടന്ന സമരത്തിൽ ഞങ്ങൾ ആവശ്യപ്പെട്ടത്. സിൻഡിക്കേറ്റ് ഞങ്ങളുടെ ആവശ്യങ്ങളെ അംഗീകരിക്കുകയും പരിഹാരത്തിനും വേണ്ടിയുള്ള കമ്മിറ്റിയെ അടുത്ത മീറ്റിങിൽ തീരുമാനിക്കാമെന്ന് രേഖാമൂലം തീരുമാനിച്ചതുമാണ്.

പുതിയ കെട്ടിടം കഴിഞ്ഞ മാസം തുറന്നു കൊടുത്തപ്പോൾ മജിസ്‌ട്രേറ്റ് നേരിട്ടെത്തി രജിസ്ട്രാറുടെയും പൊലീസിന്റെയും സാന്നിധ്യത്തിൽ ഹോസ്റ്റൽ അടച്ചിടുകയായിരുന്നു. ഫൈനൽ തീരുമാനം എടുക്കുന്നത് വരെ ഹോസ്റ്റൽ അടച്ചിടാൻ എഡിഎം തീരുമാനിച്ചതായിരുന്നു. ഈ മാസം എട്ടാം തിയ്യതി സിൻഡിക്കേറ്റുമായി ചർച്ച നടത്തുമ്പോഴും ഹോസ്റ്റൽ വിഷയത്തിൽ സ്റ്റാറ്റസ്‌കോ തുടരാനാണ് തീരുമാനിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം എം.എസ്.എഫും കെ.എസ്.യുവും സെൽഫ് ഫിനാൻസിങ് കുട്ടികൾക്ക് വേണ്ടി സമരം നടത്തിയപ്പോൾ ഒമ്പതാം തിയ്യതി ഹോസ്റ്റൽ വീണ്ടും വൈസ് ചാൻസിലറും രജിസ്ട്രാറും ഇടപെട്ട് തുറന്നു കൊടുക്കുകയാണുണ്ടായത്. നിലവിലുള്ള സ്റ്റാറ്റസ്‌കോ മാറ്റി ഹോസ്റ്റൽ തുറന്നു കൊടുത്തപ്പോൾ അഡ്‌മിഷനെടുക്കാത്തവരും റെഗുലറല്ലാത്തവരുമായ പലരും കടന്നുകൂടി. നിലവിൽ അവിടെ താമസിക്കുന്നവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഞങ്ങളുടെ കഴിഞ്ഞ സമരം.

ഇത് രജിട്രാറുടെ ശ്രദ്ധയിൽ പെടുത്തി നിലവിൽ അടച്ചിട്ട സ്ഥിതി തുടരണമെന്ന് പറഞ്ഞപ്പോൾ രജിസ്ട്രാർ അതിന് തയ്യറായില്ല. ഇതിനെ തുടർന്ന് രജിസ്ട്രാർ ഉൾപ്പടെയുള്ള ഭരണ കാര്യാലയത്തെ ഞങ്ങൾ ഉപരോധിക്കാൻ തീരുമാനിച്ചു. ഈ ഉപരോധം 14 മണിക്കൂർ നീണ്ടു നിന്നു. രാവിലെ ചർച്ചക്കു വരാമെന്ന ഉറപ്പിലായിരുന്ന രജിസ്ട്രാറെ പോവാൻ അനുവദിച്ചത്. എന്നാൽ ഈ നിമിഷം വരെ രജിസ്ട്രാർ ചർച്ചയ്ക്കു വരാൻ തയ്യാറായില്ല. പക്ഷെ, ഞങ്ങൾ സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഞങ്ങൾ ഭരണ കാര്യാലയത്തിന്റെ അകത്തുകയറി കെട്ടിടം പിടിച്ചെടുക്കുകയുണ്ടായി. ആറരയോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബാക്കിയുള്ള വിദ്യാർത്ഥിനികളടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകർ സമരം പ്രധാന കെട്ടിടത്തിൽ നിന്നും ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റി. ഇപ്പോൾ രാപ്പകൽ യൂണിവേഴ്‌സിറ്റി ലൈബ്രറി കേന്ദ്രീകരിച്ചാണ് സമരം നടന്നുകൊണ്ടിരിക്കുന്നത്.

ഹോസ്റ്റൽ വിദ്യാർത്ഥികൽക്കും സമരം ചെയ്യുന്ന ഭരണ കെട്ടിടത്തിനും മാത്രം ബാധകമാകുന്ന സമരത്തിന്റെ പേരിൽ ഇത് നാലാം തവണയാണ് അനിശ്ചിതകാലത്തേക്ക് പഠന വകുപ്പും കാമ്പസും ഒന്നടങ്കം അടച്ചു പൂട്ടാൻ വി സി ഉത്തരവിറക്കുന്നത്. ഇതിന്റെ പേരിൽ പഠിപ്പുമുടക്കാൻ ഞങ്ങൾ ഒരിക്കലും തീരുമാനിച്ചിട്ടില്ല. ഇന്നു മുതൽ അദ്ധ്യാപകരെയും ഗവേഷക വിദ്യാർത്ഥികളെയും ഉപയോഗപ്പെടുത്ത് അതാത് പഠന വകുപ്പുകൾക്കു മുന്നിൽ ക്ലാസ് ആരംഭിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ പരീക്ഷയ്ക്ക് ട മുമ്പായി വേണ്ട വിധത്തിൽ ക്ലാസുകൾ ലഭിക്കാത്തതും എംഫിൽ അടക്കമുള്ള കോഴ്‌സുകളുടെ പരീക്ഷകൾ നടക്കാത്തതുമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. സാധാരണ ഗതിയിൽ അടച്ചു പൂട്ടാനുള്ള ഉത്തരവിറക്കി വിസി ഡൽഹിയിലോ ബാംഗ്ലൂരിലോ മാറി നിൽക്കാറാണ് പതിവ്. ദൂരെ നാടുകളിലുള്ള നിരവധി പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾ എന്ത് ചെയ്യണമെന്നോ എവിടേക്ക് പോകണമെന്നോ അറിയാത്ത അവസ്ഥയിലാണ്. ക്ലാസ്മുറികളും പഠന വകുപ്പുകളും ഹോസ്റ്റലുകളും അടച്ചതുകൊണ്ട്. അധിക വിദ്യാർത്ഥികലും ലൈബ്രറിക്കകത്താണ് താമസിക്കുന്നത്. സമരക്കാർ പൂർണ്ണമായും ലൈബ്രറിയാണ് ഉപയോഗപ്പെടുത്തുന്നത്.

എട്ടാം തിയ്യതിയിലെ സിൻഡിക്കേറ്റ് താരുമാനത്തെ മറികടന്നായിരുന്നു വിസിയുടെ ഹോസ്റ്റൽ തുറന്നു കൊടുക്കാനുള്ള ഒമ്പതിലെ തീരുമാനം. വിസിയുടെ അപ്പുറത്ത് ആരെങ്കിലും തീരുമാനമെടുത്താൽ അത് തിരുത്തുക എന്നത് വിസിയുടെ പതിവാണ്. തന്റേതായ ഒരു തീരുമാനം വരണമെന്ന ഈഗോയുമാണ് ഈ തീരുമാനവും വിസി എടുത്തിരിക്കുന്നതിനു പിന്നിൽ. പഠനം മുടക്കിയതുമായി ബന്ധപ്പെട്ട് ഗവർണ്ണർക്ക് പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടികളുടെ ഹോസ്റ്റൽ അടച്ചുപൂട്ടിയതിന് വനിതാ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്. പ്രധാനമായ മറ്റൊരു കാര്യം എന്നത് വൈസ് ചാൻസിലർ, ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ സക്കീർ ഹുസൈൻ എന്നിവർക്ക് പോപുലർഫ്രണ്ട് പോലുള്ള സംഘടനകളുമായി ബന്ധമുണ്ട്. കാമ്പസിനകത്ത് സംഘർഷം നടക്കുമ്പോഴെല്ലാം എൻ.ഡി.എഫ് ആണ് ഇവിടെ വന്ന് അക്രമം നടത്തുന്നതും ഭീതി സാഹചര്യം ഉണ്ടാക്കുന്നതുമെല്ലാം.

വൈസ് ചാൻസിലർക്ക് എതിരായി ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളും സമരങ്ങളും നടക്കുന്ന സമയങ്ങളിൽ കാമ്പസിനകത്ത് കയറി സഘർഷം സൃഷ്ടിക്കുക എന്നതാണ് പതിവ്. ഇവർ കാമ്പസിൽ പഠിക്കുന്നവരല്ല പുറത്തു നിന്നുള്ളവരാണ്. എംപി.എഡ് നു പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളുടെ പിൻബലത്തിലാണ് ഇവർ കാമ്പസിൽ കയറുന്നത് . ഈ വിഷയം പൊലീസിനോട് പരാതിപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗവർണർക്കും കഴിഞ്ഞ ദിവസം പരാതിപ്പെട്ടിട്ടുണ്ട്. ഒമ്പതിന് ഹോസ്റ്റൽ തുറന്നു കൊടുക്കുന്നതിന് പിന്നിൽ അടുത്ത ദിവസങ്ങളിലായി കാമ്പസിൽ സംഘർഷം സൃഷ്ടിക്കുക എന്ന ബോധപൂർവ്വമായ താൽപര്യം ഇതിനു പിന്നിൽ ഉണ്ടായിരുന്നു. അന്ന് രാത്രി അപരിചിതരായ ഒരുപാട് ആളുകൾ കാമ്പസിനുള്ളിൽ തമ്പടിച്ചിരുന്നു. സംഘർഷമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടും ഉണ്ടായിരുന്നു. ഒരു എറ്റുമുട്ടലിലൂടെ അടച്ചിടാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടായിരുന്നു.

ഞങ്ങൾക്കു പറയാനുള്ളത് ഇത്രമാത്രമാണ് സിൻഡിക്കേറ്റ് ഒരു കമ്മിറ്റിയെ വച്ച് പ്രശ്‌നം പരിഹരിക്കുന്നത് വരെ ഹോസ്റ്റൽ അടച്ചിടുക, കാമ്പസിനകത്തെ ആൾതാമസമില്ലാത്ത ഹോസ്റ്റൽ കെട്ടിടങ്ങളിൽ ഒന്ന് വിദ്യാർത്ഥികൾക്ക് വിട്ടു കൊടുക്കുക. യൂണിവേഴ്‌സിറ്റിക്ക് അനുവദിച്ചിട്ടുള്ള പ്ലാൻ ഫണ്ടുകൾ വകമാറ്റാതെ മെൻസ്, ലേഡീസ് ഹോസ്റ്റലിനുവേണ്ടി പുതിയ കെട്ടിടങ്ങൾ പണിയുക ഇങ്ങനെയുള്ള ആവശ്യങ്ങളാണ് ഞങ്ങൾ ഉന്നയിക്കാനുള്ളത്. നാലാം ദിവസമായ ഇന്നും തീരുമാനമായില്ലെങ്കിൽ സമരം വിപുലീകരിക്കാനാണ് ഞങ്ങൾ ഉദ്ധേശിക്കുന്നത്. ഗവർണർ വനിതാ കമ്മീഷണർ തുടങ്ങിയവരുടെ ശ്രദ്ധ ഇതിലേക്ക് തിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP