Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരക്കോണത്തെ അഴിമതിയിൽ പൊലീസിൽ പരാതി കൊടുത്ത അച്ചൻ; എംബിബിഎസിന് കോഴ വാങ്ങിയ ആക്ഷേപത്തിൽ ബിഷപ്പിനെതിരെ കേസെടുക്കാനുള്ള രാജേന്ദ്ര കമ്മീഷൻ ശുപാർശയ്ക്ക് പിന്നിലെ ചാലക ശക്തി! ലോക്‌സഭാ സീറ്റിന് കോഴ കൊടുത്തെന്ന ആരോപണത്തിൽ കുടുങ്ങിയ സഭാ നേതാവിനെതിരെ പോരാട്ടം നയിച്ച വികാരി; ബെനറ്റ് എബ്രഹാമിനെ തുറന്നു കാട്ടാൻ ഇറങ്ങിയ മഹായിടവക ട്രഷറർ ഇനി സി എസ് ഐ സഭയിൽ ആരുമല്ല; കാൽവിൻ ക്രിസ്‌റ്റോയുടെ അച്ചൻ പട്ടം സസ്‌പെൻഡ് ചെയ്തതിന് പിന്നിലെ പ്രതികാരക്കഥ

കാരക്കോണത്തെ അഴിമതിയിൽ പൊലീസിൽ പരാതി കൊടുത്ത അച്ചൻ; എംബിബിഎസിന് കോഴ വാങ്ങിയ ആക്ഷേപത്തിൽ ബിഷപ്പിനെതിരെ കേസെടുക്കാനുള്ള രാജേന്ദ്ര കമ്മീഷൻ ശുപാർശയ്ക്ക് പിന്നിലെ ചാലക ശക്തി! ലോക്‌സഭാ സീറ്റിന് കോഴ കൊടുത്തെന്ന ആരോപണത്തിൽ കുടുങ്ങിയ സഭാ നേതാവിനെതിരെ പോരാട്ടം നയിച്ച വികാരി; ബെനറ്റ് എബ്രഹാമിനെ തുറന്നു കാട്ടാൻ ഇറങ്ങിയ മഹായിടവക ട്രഷറർ ഇനി സി എസ് ഐ സഭയിൽ ആരുമല്ല; കാൽവിൻ ക്രിസ്‌റ്റോയുടെ അച്ചൻ പട്ടം സസ്‌പെൻഡ് ചെയ്തതിന് പിന്നിലെ പ്രതികാരക്കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സി.എസ്‌ഐ. ദക്ഷിണകേരള മഹായിടവക ട്രഷറർ റവ. കാൽവിൻ ക്രിസ്റ്റോയെ തത്സ്ഥാനത്തുനിന്നും സഭാ ശുശ്രൂഷകസ്ഥാനത്തുനിന്നും സസ്‌പെൻഡ് ചെയ്തതിന് പിന്നിൽ കാരക്കോണം വിഷയമെന്ന വാദം ശക്തമാകുന്നു. ഇദ്ദേഹത്തിന്റെ പേരിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് സി.എസ്‌ഐ. മോഡറേറ്റർ ധർമരാജ് റസാലം നേരത്തേ നോട്ടീസ് നൽകിയിരുന്നു. തുടർന്നായിരുന്നു നടപടി. കാൽവിൻ അച്ചന്റെ പട്ടത്വ പദവി സസ്‌പെൻഡ് ചെയ്ത ബിഷപ്പിന്റെ നടപടിയിൽ വിശ്വാസികൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. അഴിമതിക്കെതിരെ ശബ്ദമുയർത്തിയതാണ് നടപടിക്ക് കാരണമെന്നാണ് ഒരു കൂട്ടർ ഉയർത്തുന്ന വാദം.

കാൽവിൻ സഭയ്ക്ക് എതിരായി നടത്തിയ വ്യാജ പ്രസ്താവനകൾ, സിനഡിന്റെ പവർ ഓഫ് അറ്റോർണി പദവിയുടെ ദുരുപയോഗം, ജോലി വാഗ്ദാനംനൽകി പണം വാങ്ങിയെന്ന പരാതി തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് നടപടി. എന്നാൽ, കാരക്കോണം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പ്രവേശനം ഉൾപ്പെടെ സഭാ നേതാക്കൾക്കിടയിൽ ഏറെ തർക്ക വിഷയങ്ങളുണ്ട്. രാജേന്ദ്രബാബു കമ്മിഷൻ മുൻപാകെ നൽകിയ സത്യവാങ്മൂലം സംബന്ധിച്ച് ബിഷപ്പിനും ട്രഷറർക്കുമിടയിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു. എക്‌സിക്യുട്ടീവിന്റെയോ മഹായിടവക കൗൺസിലിന്റെയോ അനുമതിയില്ലാതെ ട്രഷററെ മാറ്റിനിർത്തിയ നടപടി നിലനിൽക്കുന്നതല്ലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ അറിയിച്ചു.

കാരക്കോണം എസ്എം സിഎസ്ഐ കോളേജിൽ കോടികളുടെ തിരിമറിയുമായി ബന്ധപ്പെട്ട് വെള്ളറട പൊലീസിൽ പരാതി നൽകിയത് ദക്ഷിണ കേരള മഹായിടവക ട്രഷരറായിരിക്കെ എസ്എംസിഎസ്ഐ കംപ്ട്രോളറുമായിരുന്ന കാൽവിൻ ക്രിസ്റ്റോ ആയിരുന്നു. കാരക്കോണം മെഡിക്കൽ കോളേജ് മുൻ ഡയറക്ടറും 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായിരുന്ന ഡോ. ബന്നറ്റ് എബ്രഹാമിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് നൽകിയത്. മെഡിക്കൽ കോളേജ് മുൻ കംപ്ട്രോളർ പി. തങ്കരാജ്, മുൻ പ്രിൻസിപ്പൽ പി. മധുസൂദനൻ, മുൻ ട്രഷറർ റസലയ്യൻ, ഇവരുമായി ബന്ധമുള്ള കോയമ്പത്തൂർ സ്വദേശിനി പി. റോസ്മേരി എന്നിവരായിരുന്നു മറ്റു പ്രതികൾ.

2017-18 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നതായി പരാതിയിൽ പറയുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും സിൻഡിക്കേറ്റ് ബാങ്കിന്റേയും കാരക്കോണം മെഡിക്കൽ കോളേജ് ശാഖകളിൽ നിന്നായി മെഡിക്കൽ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിൽ നിന്നായി വൻ തുകയുടെ 42 ചെക്കുകൾ 32 പേരുകളിലേക്കായി കാരണം കാണിക്കാതെ വിതരണം ചെയ്തതായി പരാതിയിൽ പറയുന്നു. ഇത്തരം കൈമാറ്റത്തിലൂടെ ഒരു കോടി എഴുപത്തിയേഴ് ലക്ഷത്തി അൻപതിനായിരം രൂപ സ്ഥാപനത്തിന് നഷ്ടമായി. 2018 ഓഗസ്റ്റ് 3നും 11 നും ഇടയിൽ അഞ്ചു പ്രതികളും ഒന്നാം പ്രതിയും മുൻ പിഎസ്‌സി മെമ്പറുമായിരുന്ന മുൻ ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റെ ഓഫീസിൽ ഒത്തുകൂടി മറ്റു പലരുമായി ഗൂഢാലോചന നടത്തി ആസൂത്രിതമായി പണാപഹരണം നടത്തിയെന്നാണ് ആരോപണം.

മുൻ ഡയറക്ടർ ബെന്നറ്റ് എബ്രഹാം മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി വിവിധ ബാങ്കുകളിലായി നിലവിലുണ്ടായിരുന്ന അക്കൗണ്ടുകളിലെ ഇരുപതോളം ചെക്കുകൾ കടത്തിക്കൊണ്ടു പോയതായും ആരോപിച്ചിരുന്നു. കടത്തിക്കൊണ്ടു പോയ ചെക്കുകൾ രണ്ടും മൂന്നും പ്രതികൾ ചേർന്ന് വിവിധ അക്കൗണ്ടുകളിലൂടെ മാറിയെടുക്കുകയായിരുന്നുവത്രെ. കേസിലെ അഞ്ചാം പ്രതിയായ കോയമ്പത്തൂർ സ്വദേശിനിയായ പി. റോസ് മേരിയുടെ പേർക്ക് അനധികൃതമായി കോളേജിലെ മെൻസ് ഹോസ്റ്റൽ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏഴു ലക്ഷം രൂപയും വിമെൻസ് ഹോസ്റ്റൽ മെസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷം രൂപയും കൈമാറിയതായും പരാതിയിൽ പറയുന്നു. ഭരണപക്ഷവുമായി ഒന്നാം പ്രതിക്കുള്ള ബന്ധമാണ് നടപടികൾ വൈകിപ്പിക്കുന്നതെന്ന പരാതിയും ഉന്നയിച്ചു. ഇതേ തുടർന്നുള്ള തർക്കങ്ങളാണ് ഇപ്പോൾ കാൽവിൻ ക്രിസ്‌റ്റോയുടെ നടപടിയിലേക്ക് എത്തുന്നത്.

കാരക്കോണം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തിൽ സിഎസ്ഐ ബിഷപ്പടക്കം മൂന്നു പേർക്കെതിരെ കേസെടുക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. പ്രവേശനത്തിന് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ തുക തിരിച്ച് നൽകാനും കമ്മീഷൻ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. തലവരി പണം വാങ്ങിയിട്ട് സീറ്റ് നൽകിയില്ലെന്ന് കാണിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതിയിലായിരുന്നു ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷന്റെ കർശന ഇടപെടൽ. ഇതും സഭയിലെ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കി.

സിഎസ്ഐ ബിഷപ്പ് അടക്കം മൂന്ന് പേർക്കെതിരെയാണ് എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തിൽ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നടപടിക്ക് ശുപാർശ ചെയ്തത്. സീറ്റുകൾ വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം പ്രവേശനം നൽകാതെ വഞ്ചിച്ചെന്നാണ് പരാതി. സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലം, കോളെജ് മുൻ ഡയറക്ടർ ഡോ.ബെന്നറ്റ് എബ്രഹാം, അഡ്‌മിനിസ്റ്റ്രേറീവ് ഓഫീസർ പി. തങ്കരാജ് എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കാനാണ് ശുപാർശ.

വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ തലവരിപ്പണം തിരികെ പിടിക്കാൻ നടപടി വേണമെന്നും കമ്മീഷൻ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. മെഡിക്കൽ പ്രവേശനത്തിനായി സിഎസ്ഐ മെഡിക്കൽ കോളേജിൽ കോഴ വാങ്ങുന്നുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഉൾപ്പെടെ 24 പേരാണ് പരീക്ഷ മേൽനോട്ട സമിതിയെ സമീപിച്ചത്. 10 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ ഇത്തരത്തിൽ കൈപ്പറ്റിയെന്നായിരുന്നു പരാതി. ബിഷപ്പ് അടക്കമുള്ളവരുടെ ഉറപ്പിന്മേലാണ് പണം നൽകിയതെന്നും ഈ തുക മടക്കിവാങ്ങി നൽകണമെന്നും പരാതിക്കാർ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടിരുന്നു.

മെഡിക്കൽ പ്രവേശനത്തിന് 2016 മുതൽ മുൻകൂറായി പണം വാങ്ങിയിരുന്നുവെന്ന് പരീക്ഷ മേൽനോട്ട സമിതിയുടെ തെളിവെടുപ്പിൽ സമ്മതിച്ച ബിഷപ്പ് ധർമ്മരാജ് റസാലം ഉൾപ്പെടെയുള്ളവർ, തവണകളായി തുക മടക്കി നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് പാലിക്കാതെ വന്നതോടെയാണ് കമ്മീഷന്റെ നടപടി ശുപാർശ എത്തിയത്. ഇതിനെല്ലാം പിന്നിൽ കാൽവിൻ ക്രിസ്റ്റോയാണെന്ന വാദം സിഎസ് ഐ സഭയിലെ ഔദ്യോഗിക നേതൃത്വം ഉയർത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP