Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാറ്റലൈറ്റുകൾ പോലും എയ്തു വീഴ്‌ത്താൻ ശേഷിയുള്ള മിസൈലുകൾ; ശത്രുക്കളെ വിറപ്പിക്കുന്ന അപാഷെയും ഹെലികോപ്ടറുകളും റഫേൽ യുദ്ധവിമാനങ്ങളും; ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനമായ യുദ്ധടാങ്ക് ഭീഷ്മ; പ്രൗഢിയും കരുത്തും വിളിച്ചോതി വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ്; അതിർത്തിയിൽ ബിഎസ്എഫുകാർ റോന്തുചുറ്റുന്ന ഒട്ടകസേനയും കൗതുകമായി; ബൈക്കിൽ സിആർപിഎഫുകാരുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങളും; 71ാം റിപ്പബ്ലിക് ദിന പരേഡിൽ സൈനിക കരുത്തു കാട്ടി ഇന്ത്യ ലോകത്തെ അമ്പരപ്പിച്ചത് ഇങ്ങനെ

സാറ്റലൈറ്റുകൾ പോലും എയ്തു വീഴ്‌ത്താൻ ശേഷിയുള്ള മിസൈലുകൾ; ശത്രുക്കളെ വിറപ്പിക്കുന്ന അപാഷെയും ഹെലികോപ്ടറുകളും റഫേൽ യുദ്ധവിമാനങ്ങളും; ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനമായ യുദ്ധടാങ്ക് ഭീഷ്മ; പ്രൗഢിയും കരുത്തും വിളിച്ചോതി വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ്; അതിർത്തിയിൽ ബിഎസ്എഫുകാർ റോന്തുചുറ്റുന്ന ഒട്ടകസേനയും കൗതുകമായി; ബൈക്കിൽ സിആർപിഎഫുകാരുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങളും; 71ാം റിപ്പബ്ലിക് ദിന പരേഡിൽ സൈനിക കരുത്തു കാട്ടി ഇന്ത്യ ലോകത്തെ അമ്പരപ്പിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സാറ്റലൈറ്റുകൾ പോലും എയ്തു വീഴ്‌ത്താൻ ശേഷിയുള്ള മിസൈലുകൾ മുതൽ അതിർത്തിയിൽ ബിഎസ്എഫുകാർ റോന്തുചുറ്റാൻ ഉപയോഗിക്കുന്ന ഒട്ടക സേന വരെ. 71ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച ഡൽഹിയിൽ നടന്ന പരേഡിനെ കാഴ്‌ച്ചകൾ ശരിക്കും ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. സൈനിക കരുത്തു കാട്ടിയും സാംസ്കാരിക വൈവിധ്യങ്ങൾ എടുത്തു കാട്ടുന്നതുമായിരുന്നു ഇന്നലെ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾ. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ പറയാൻ സാധിക്കുന്ന വൈവിധ്യങ്ങളുടെ സംഗമമായിരുന്നു റിപ്പബ്ലിക് ദിന പരേഡ്.

ഇന്ത്യയുടെ സൈനിക ശക്തി തുറന്നുകാട്ടുന്ന ആയുധ ശേഖരവും കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങളുമായി വിവിധ സൈനിക മേഖലകളിൽനിന്നുള്ള ഉദ്യോഗസ്ഥർ പരേഡിൽ മുഖ്യ ആകർഷണമായി. സൈനികരുടെ കഴിവുകൾ ലോകത്തെ കാണിക്കുന്ന ഇടം കൂടിയായി മാറി റിപ്പബ്ലിക് ദിനാഘോഷം. വിവിധ സംസ്ഥാനങ്ങളിലെ കലയും ജീവിത രീതിയും ഒത്തുചേരുന്ന വർണങ്ങൾ ഇഴുകി ചേർന്ന ടാബ്‌ളോകളുടെ പ്രദർശനം രാജ്യത്തിന്റെ നാനാത്വം വിളിച്ചോതുന്ന വേദിയാക്കി രാജ്പഥിലെ പാതകളെ മാറ്റി. ദേശീയ യുദ്ധസ്മാരകത്തിൽ വീരമൃത്യുവരിച്ച സൈനികർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിനു തുടക്കമായത്. തുടർന്ന് രാജ്പഥിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദേശീയ പതാക ഉയർത്തി രാജ്യത്തെ ജനങ്ങളെ അഭിവാദ്യം ചെയ്തു.

രാജ്യത്തിന്റെ സായുധ സേനയുടെ ആയുധപ്രദർശനവും അഭ്യാസ പ്രകടനങ്ങളുമായിരുന്നു മുഖ്യ ആകർഷണം. ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധ ടാങ്ക് ഭീഷ്മ അടക്കമുള്ള വിവിധ ആയുധ ശേഖരങ്ങൾ അണിനിന്നു. കെ9 വജ്രടി, നാവിക സേനയുടെ ബോയിങ് പി81 ദിർഘദൂര മാരിടൈം എയർക്രാഫ്റ്റ്, വ്യോമസേനയുടെ പുതിയ റഫാൽ ഫൈറ്റർ ജെറ്റ്, പോർവിമാനങ്ങൾ, അപാഷെ ഹെലികോപ്ടറുകൾ. മിഷൻ ശക്തിയുടെ ഭാഗമായ ആന്റി സാറ്റലൈറ്റ് ആയുധങ്ങൾ, ഇന്ത്യയിൽ ഡിസൈൻ ചെയ്തു നിർമ്മിച്ച ദീർഘദൂര പീരങ്കിയായ ധനുഷ് എന്നിവ ആദ്യമായി പ്രദർശിപ്പിച്ചു.

16 സൈനിക വിഭാഗങ്ങൾ പരേഡിൽ മാർച്ച് ചെയ്തു. അതിൽ ആറെണ്ണം കരസേനയിൽ നിന്നും ബാക്കിയുള്ളവ വ്യോമ, നാവിക, സൈനിക പൊലീസ്, ഡൽഹി പൊലീസ്, എൻസിസി, എൻഎസ്എസ് എന്നീ വിഭാഗങ്ങളുടെതുമാണ്. പുരുഷന്മാർ മാത്രമുള്ള സൈനിക വിഭാഗത്തിന്റെ പരേഡ് ഇരുപത്തിയാറുകാരിയായ പഞ്ചാബ് സ്വദേശിനി ക്യാപ്റ്റൻ ടാനിയ ഷേർഗിൽ നയിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ കരസേനാ വിഭാഗമായ സിഗ്‌നൽ കോർ പുരുഷ സംഘത്തെ നയിക്കുന്ന രണ്ടാമത്തെ വനിതയാണ് ടാനിയ. നേരത്തേ കരസേന ദിനത്തിൽ പുരുഷ സംഘത്തിന്റെ പരേഡ് നയിച്ച് ടാനിയ ചരിത്രം രചിച്ചിട്ടുണ്ട്.

1953 ൽ രൂപം കൊണ്ട ലോകത്തിലെ ഏക കുതിരപ്പട റെജിമെന്റിന്റെ 61-ാമത്തെ കുതിരപ്പടയും ഗ്വാളിയർ ലാൻസറുടെ യൂണിഫോമിൽ മാർച്ചിൽ പങ്കെടുത്തു. ലഫ്. ശ്രീകാന്ത് ശർമയുടെ നേതൃത്വത്തിൽ 144 വ്യോമ പ്രതിരോധ സൈനികരുമായെത്തിയ വ്യോമസേനാ വിഭാഗത്തിന്റ മാർച്ച്. പുതിയതായി രംഗത്തിറക്കുന്ന ഫ്രഞ്ച് നിർമ്മിത റഫാൽ ഫൈറ്റർ ജെറ്റ്, തേജസ് എയർക്രാഫ്റ്റ്, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ, ആകാശ്അസ്ത്ര മിസൈൽ എന്നിവയുടെ പ്രദർശനം. ഇന്ത്യൻ നാവികസേനുടെ വജ്രായുധ ശേഖരത്തിൽ നിന്ന് ബോയിങ് പി 81 ദിർഘദൂര മാരിടൈം എയർക്രാഫ്റ്റ്, കൊൽക്കത്ത ക്ലാസ് ഡിസ്‌ട്രോയർ, കാൽവരി ക്ലാസ് സബ്‌മെറൈൻ എന്നിവ പ്രദർശിപ്പിച്ചു. 144 യുവ നാവികരെ സംയോജിപ്പിച്ച് ലഫ്. ജിതിൽ മാൽകാട്ടിന്റെ നേതൃത്വത്തിൽ നടന്ന പരേഡും ശ്രദ്ധയാകർഷിച്ചു.

ഡിആർഡിഒയുടെ പ്രത്യേക പ്രദർശനവും ഉണ്ടായിരുന്നു. ശത്രുഉപഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ആയുധം മിഷൻ ശക്തിയുടെ പ്രദർശനവും നടന്നു. ശത്രുവിന്റെ ശക്തമായി ഉപഗ്രഹങ്ങൾ താഴെയിറക്കാനുള്ള രാജ്യത്തിന്റെ ശേഷിയുടെ തെളിവാണ് 'ശക്തി'. അഞ്ചു മോട്ടർ സൈക്കിളിലായി 21 സിആർപിഎഫ് വനിതകൾ നടത്തിയ ഡെയർഡെവിൾ പ്രകടനവും ശ്രദ്ധേയമായി. വിവിധ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന വർണശബളമായ 16 ടാബ്ലോകൾ. കേരളം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ ടാബ്ലോ രൂപരേഖ കേന്ദ്രം നേരത്തേ ഒഴിവാക്കിയിരുന്നു. മണിക്കൂറിൽ 780 കി.മി വേഗതയിൽ തൃശൂല രൂപാകൃതിയിൽ പറന്നകലുന്ന മൂന്ന് അത്യാധുനിക ലൈറ്റ് ഹെലികോപ്റ്ററുകൾ. ഇതാദ്യമായാണ് ഇത്തരത്തിൽ മൂന്നു ഹെലികോപ്റ്ററുകളുടെ പ്രകടനം റിപ്പബ്ലിക് ദിന പരേഡിൽ ദൃശ്യമാകുന്നത്.

ബ്രസീൽ പ്രസിഡന്റ് ജൈർ മെസ്സിയസ് ബൊൽസോനരോ ആയിരുന്ന ഇത്തവണത്തെ മുഖ്യാതിഥി. ആദ്യമായി സിആർപിഎഫിന്റെ വനിതാ ബൈക്ക് സംഘം പരേഡിൽ പ്രകടനം നടത്തി. 17,000 അടി ഉയരത്തിൽ ദേശീയ പതാകയുമായി ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കൊടും തണുപ്പിലായിരുന്നു ആഘോഷങ്ങൾ.

 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, മുതിർന്ന ബിജെപി. നേതാവ് എൽ.കെ.അദ്വാനി, ബിജെപി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, മുൻപ്രധാനമന്ത്രി മന്മോഹൻ സിങ്, ഭാര്യ ഗുർശരൺ കൗർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ലോക്സഭ സ്പീക്കർ ഓം ബിർള തുടങ്ങിയവർ രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ എത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP