Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബ്ദുള്ളക്കുട്ടിക്ക് വാഗ്ദാനങ്ങൾ; ടെലിഫോൺ സംഭാഷണം തെളിവായി സ്വീകരിക്കേണ്ടെന്ന് നിയമോപദേശവും; തമ്പാനൂർ രവിയെ രക്ഷിക്കാൻ അരയും തലയും മുറുക്കി എ ഗ്രൂപ്പ്; നാണക്കേട് പൊലീസിനാകുമെന്ന ആശങ്കയിൽ ചെന്നിത്തലയും

അബ്ദുള്ളക്കുട്ടിക്ക് വാഗ്ദാനങ്ങൾ; ടെലിഫോൺ സംഭാഷണം തെളിവായി സ്വീകരിക്കേണ്ടെന്ന് നിയമോപദേശവും; തമ്പാനൂർ രവിയെ രക്ഷിക്കാൻ അരയും തലയും മുറുക്കി എ ഗ്രൂപ്പ്; നാണക്കേട് പൊലീസിനാകുമെന്ന ആശങ്കയിൽ ചെന്നിത്തലയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആക്ഷേപത്തിൽ കോൺഗ്രസ് നേതാവ് തമ്പാനൂർ രവിക്കെതിരെ കേസ് വരാതിരിക്കാൻ കോൺഗ്രസിലെ എ വിഭാഗം ശ്രമം തുടങ്ങി. കണ്ണൂർ എംഎൽഎ അബ്ദുള്ളക്കുട്ടിക്ക് എതിരെ പരാതി നൽകിയതിന് പിന്നിലും തമ്പാനൂർ രവിയാണെന്ന് സരിത പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് അബ്ദുള്ളക്കുട്ടി ആഭ്യന്തരമന്ത്രിയക്ക് പരാതി നൽകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അബ്ദുള്ളക്കുട്ടിയെ സ്വാധീനിച്ച് കേസ് നൽകാതിരിക്കാനുള്ള നീക്കം എ ഗ്രൂപ്പ് തുടങ്ങി. കണ്ണൂർ രാഷ്ട്രീയത്തിൽ എ ഗ്രൂപ്പിന്റെ പ്രധാനിയായി അബ്ദുള്ളക്കുട്ടിയെ മാറ്റാമെന്നാണ് വാഗ്ദാനം.

കണ്ണൂരിലെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ കെ സുധാകരനൊപ്പമായിരുന്നു അബ്ദുള്ളക്കുട്ടി. എന്നാൽ ഐ ഗ്രൂപ്പിൽ നിന്ന് അകലം പാലിക്കുകയും സുധാകരനുമായി തെറ്റുകയും ചെയ്യുന്നതിനിടെയാണ് അബ്ദുള്ളക്കുട്ടിക്ക് എതിരെ സരിത ആരോപണം ഉന്നയിച്ചത്. കേസിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും കണ്ണൂർ രാഷ്ട്രീയത്തിൽ അബ്ദുള്ളക്കുട്ടി ഒറ്റപ്പെട്ടു. പാർട്ടി പരിപാടികളിലൊന്നും പങ്കെടുപ്പിക്കാതെയായി. ഇതിനിടെയാണ് തമ്പാനൂർ രവിയാണ് അബ്ദുള്ള കുട്ടിക്ക് എതിരെ പരാതി കൊടുപ്പിച്ചതെന്ന ആക്ഷേപം എത്തിയത്. പീഡനം സരിത നിഷേധിച്ചിട്ടില്ലെങ്കിലും പരാതിയിലെ ഗൂഢാലോചന അബ്ദുള്ളക്കുട്ടിക്ക് തുണയാണ്. തമ്പാനൂർ രവിക്ക് എതിരെ കോൺഗ്രസ് എംഎൽഎ പരാതി നൽകിയാൽ കേസ് എടുക്കേണ്ടിയും വരും. ഈ സാഹചര്യമൊഴിവാക്കാനാണ് അബ്ദുള്ളക്കുട്ടിക്ക് വാഗ്ദാനമെത്തുന്നത്. കണ്ണൂർ നിയമസഭാ സീറ്റിൽ വീണ്ടും മത്സരിക്കാൻ അവസരമൊരുക്കാമെന്നാണ് എ ഗ്രൂപ്പിന്റെ വാഗ്ദാനം.

ഇതേ ആരോപണങ്ങൾ ബെന്നി ബെഹന്നാനെതിരെയും സരിത ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ബെന്നിയെ നേരിട്ട് പ്രതിസ്ഥാനത്താക്കുന്ന തെളിവൊന്നും സരിത നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ബെന്നിക്ക് എതിരെ കേസ് എടുക്കേണ്ട സാഹചര്യം പ്രതിപക്ഷം ഉയർത്തില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതീക്ഷ. മൊഴിമാറ്റുന്നതിന് സരിതയെ പ്രേരിപ്പിക്കുന്ന തരത്തിൽ തമ്പാനൂർ രവി മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നാണ് എ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇതോടൊപ്പമാണ് പ്രതിപക്ഷ നേതാവ് നൽകിയ പരാതിയിൽ തമ്പാനൂർ രവിക്ക് എതിരെ കേസ് എടുക്കാതിരിക്കാൻ കള്ളകളികളും സജീവമായി. ഇതിന്റെ ഭാഗമായാണ് നിയമോപേശം തേടിയത്.

ഈ കേസിൽ ശബ്ദരേഖ തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്നാണ് നിയമോപദേശം നൽകിയിരിക്കുന്നത്. പൊതുപ്രവർത്തകനായ പി.കെ രാജീവ് എന്നയാളാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. ഡി.ജി.പി അത് തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറി. അദ്ദേഹമാണ് പബ്ലിക് പ്രോസിക്യൂട്ടറോട് നിയമോപദേശം തേടിയത്. തമ്പാനൂർ രവി അനുകൂലമായി മൊഴി നൽകാൻ സരിതയെ സ്വാധീനിക്കാൻ ശ്രമിച്ചതായാണ് പരാതി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിൽ നിയമോപദേശ നൽകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നൽകിയിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിൽ നിയമോപദേശം നൽകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇഥിലും സമാനമായ നിയമോപദേശം മാത്രമേ ലഭിക്കാൻ ഇടയുള്ളൂ. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് കോടതിയിൽ സ്വകാര്യ അന്യായം നൽകാനും സാധ്യതയുണ്ട്. ഇത് കോൺഗ്രസിലെ എ വിഭാഗത്തെ വെട്ടിലാക്കിയിട്ടുണ്ട്. ഇത്തരമൊരു സ്വകാര്യ അന്യായം കോടതി അംഗീകരിച്ചാൽ പൊലീസിനെതിരെ വിമർശനവും ഉയരും. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തമ്പാനൂർ രവിയെ കുടുക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. തമ്പാനൂർ രവിക്ക് എതിരെ കേസെടുത്താൽ അദ്ദേഹത്തെ പൊലീസിന് ചോദ്യം ചെയ്യേണ്ടി വരും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പോലും പ്രതിസ്ഥാനത്ത് എത്താൻ സാധ്യതയുണ്ട്.

സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് കോൺഗ്രസ് നേതാവായ തമ്പാനൂർ രവി സരിതയോട് ആവശ്യപ്പെടുന്ന ടെലിഫോൺ സംഭാഷണം മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയെ മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളുവെന്ന്? പറയണമെന്ന് സരിതയോട് തമ്പാനൂർ രവി സംഭാഷണത്തിൽ ആവശ്യപ്പെടുന്നുണ്ട്. രണ്ട് തവണ ഓഫിസിൽ വച്ചും ഒരു തവണ പുറത്തു വച്ചും മാത്രമേ കണ്ടിട്ടുള്ളൂവെന്ന് പറയണം. പത്രങ്ങൾ വായിച്ച് മുഖ്യമന്ത്രിയുടെ മൊഴി മുഴുവൻ പഠിക്കണം. സേഫായി മൊഴി നൽകണമെന്നും ചോദ്യങ്ങൾക്ക് നന്നായി ഉത്തരം പറയണമെന്നും തമ്പാനൂർ രവി പറയുന്നുണ്ട്. ഈ മൊഴി പുറത്തുവന്നപ്പോൾ ടെലിഫോൺ സംഭാഷണം തമ്പാനൂർ രവി നിഷേധിച്ചില്ല. മറിച്ച് സരിതയാണ് വിളിച്ചെന്നാണ് മറുപടി നൽകിയത്.

എന്നാൽ തമ്പാനൂർ രവിയുടെ മിസ്ഡ് കോളുകളുടെ ഫലമായാണ് താൻ വിളിച്ചതെന്നാണ് സരിത പറയുന്നത്. ഇക്കാര്യത്തിലെ സ്ത്യം കോൾ ഡീറ്റയിലുകളിലൂടെ തെളിയിക്കാനും പറ്റും. ഈ സാഹചര്യത്തിലാണ് നിയമോപദേശത്തിലൂടെ കേസ് ഇല്ലായ്മ ചെയ്യാൻ എ ഗ്രൂപ്പ് ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP