Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശൂരിൽ വിൽപ്പനയ്‌ക്കെത്തിച്ച ചോക്ക് മിഠായിയിൽ കാൻസർ വരുത്തുന്ന മാരക രാസവസ്തു; നിറം ലഭിക്കാൻ റോഡമിൻ ബി എന്ന മാരക രാസവസ്തു ചേർത്ത 30 കിലോ മിഠായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു; റോഡമിന്റെ നിരന്തര ഉപയോഗം കാൻസറിനു കാരണമാകുമെന്നു ശാസ്ത്രീയ പഠനങ്ങൾ; പിടിച്ചെടുത്തത് ചേലക്കരയിൽ ഉൽസവപ്പറമ്പിൽ നിന്ന്; വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന പലതും വിഷമയം

തൃശൂരിൽ വിൽപ്പനയ്‌ക്കെത്തിച്ച ചോക്ക് മിഠായിയിൽ കാൻസർ വരുത്തുന്ന മാരക രാസവസ്തു; നിറം ലഭിക്കാൻ റോഡമിൻ ബി എന്ന മാരക രാസവസ്തു ചേർത്ത 30 കിലോ മിഠായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു; റോഡമിന്റെ നിരന്തര ഉപയോഗം കാൻസറിനു കാരണമാകുമെന്നു ശാസ്ത്രീയ പഠനങ്ങൾ; പിടിച്ചെടുത്തത് ചേലക്കരയിൽ ഉൽസവപ്പറമ്പിൽ നിന്ന്; വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന പലതും വിഷമയം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ ; ചേലക്കരയിൽ ഉൽസവപ്പറമ്പിൽ വിൽപനയ്‌ക്കെത്തിച്ച ചോക്കുമിഠായിയിൽ കാൻസറിനു കാരണമാകുന്ന മാരക രാസവസ്തുവിന്റെ സാന്നിധ്യം. ജില്ലയിലെ പല ഉത്സവപെരുന്നാൾ സ്ഥലങ്ങളിലും വഴിയോരത്തൊരുക്കുന്ന താൽക്കാലിക സ്റ്റാളുകളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മിഠായിയാണിത്. മതിയായ പരിശോധനകളില്ലാതെ വിൽപ്പനയ്‌ക്കെത്തിച്ച 30 കിലോ മിഠായി പല കടകളിൽ നിന്നായി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു.

കൃത്രിമ നിറം ലഭിക്കാൻ റോഡമിൻ ബി എന്ന മാരക രാസവസ്തുവാണ് മിഠായിൽ ചേർത്തിരിക്കുന്നത്. റോഡമിൻ ബിയുടെ നിരന്തര ഉപയോഗം കാൻസറിനു കാരണമാകുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.ഭക്ഷണ സാധനങ്ങളിൽ കൃത്രിമ നിറങ്ങൾ ചേർക്കാൻ പാടില്ലെന്നു കൃത്യമായ നിർദ്ദേശമുണ്ട്. റോഡമിൻ ബിയുടെ ഉപയോഗം സർക്കാർ നിരോധിച്ചിട്ടുള്ളതുമാണ്. എന്നാൽ, ചോക്ക് മിഠായിക്ക് മഞ്ഞ, ഓറഞ്ച്, പിങ്ക് നിറങ്ങൾ ലഭിക്കാൻ റോഡമിൻ ബി ചേർത്തിരുന്നതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തൽ. ഇതിന്റെ നിരന്തരമായ ഉപയോഗം കുട്ടികളിൽ കാൻസറിനുള്ള സാധ്യത വർധിപ്പിക്കും.

ഉൽസവപ്പറമ്പുകളിലും മറ്റും ഒരുക്കിയ സ്റ്റാളുകളിൽ 'സിപ് അപ്പ്' വിൽക്കുന്നതു കൃത്യമായ ലേബലോ നിർമ്മാണ വിവരങ്ങളോ ഇല്ലാതെ. നീണ്ട പ്ലാസ്റ്റിക് കൂടുകളിലാക്കി വലിച്ചു കുടിക്കാവുന്ന വിധത്തിൽ പായ്ക്ക് ചെയ്ത് എത്തിക്കുന്ന ഐസ് പായ്ക്കറ്റുകളാണ് സിപ് അപ്പ്. ഇവ എവിടെ നിർമ്മിച്ചതാണെന്നോ ഏതു തീയതിയിൽ നിർമ്മിച്ചതാണെന്നോ എത്രദിവസം കേടാകാതെ നിൽക്കുമെന്നോ ഉള്ള വിവരങ്ങളൊന്നും പ്രാദേശികമായി നിർമ്മിക്കുന്ന സിപ് അപ്പ് പായ്ക്കറ്റുകളിൽ കാണാറില്ല. ഇത്തരം പായ്ക്കറ്റുകൾ ശേഖിരച്ചു സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഹൽവ, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ പായ്ക്കറ്റുകളുടെ ഉൾവശത്തു ലേബൽ പതിക്കാൻ പാടില്ല. പുറത്താണ് പതിക്കേണ്ടത്. ഉൾഭാഗത്തു നിലവാരം കുറഞ്ഞ കടലാസിൽ പതിക്കുന്ന ലേബലുകളിൽ നിന്നു രാസവസ്തുക്കൾ ഭക്ഷണ സാധനങ്ങളിൽ കലരാൻ ഇടയാകും. ഇതു ഭക്ഷ്യവിഷബാധയ്ക്കും ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കാം.

ലേബൽ ഇല്ലെങ്കിൽ പിഴ

കൃത്യമായ ലേബൽ പതിക്കാതെ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയാൽ 3 ലക്ഷം രൂപ വരെ പിഴയീടാക്കാം. ഗുണനിലവാരം കുറഞ്ഞ സാധനങ്ങളാണ് വിൽക്കുന്നതെങ്കിൽ 5 ലക്ഷം രൂപ വരെ പിഴയീടാക്കാം. ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുക്കൾ ഭക്ഷണത്തിൽ കണ്ടെത്തിയാൽ 6 മാസം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം.

പലതും ഭക്ഷ്യസുരക്ഷാ റജിസ്‌ട്രേഷൻ ഇല്ല

ഉൽസവ പെരുനാൾ പറമ്പുകളിൽ മിഠായി അടക്കം ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്റ്റാളുകളിൽ പലതും ഭക്ഷ്യസുരക്ഷാ റജിസ്‌ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. ഇത്തരം 34 കടകൾക്കു നോട്ടീസ് നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ജില്ലാ അസി. കമ്മിഷണർ ജി. ജയശ്രീ, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ വി.കെ. പ്രദീപ് കുമാർ, ഡോ. എസ്. ലിജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഭക്ഷ്യസുരക്ഷാ നിയമം കർശനമാക്കിയതിനു ശേഷം ആരാധനാലയങ്ങളിൽ നടക്കുന്ന പ്രസാദമൂട്ടിനും നേർച്ചയ്ക്കുമെല്ലാം ഭക്ഷ്യസുരക്ഷാ റജിസ്‌ട്രേഷനും ലൈസൻസും സർക്കാർ നിർബന്ധമാക്കിയിരുന്നു. പാലിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP