Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനത്തെ കുറിച്ച് തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് മാർ ആലഞ്ചേരി; കന്യാസ്ത്രീ കണ്ടു പറഞ്ഞത് മഠത്തിലെ പ്രശ്‌നങ്ങളെ കുറിച്ച്; ജലന്ധർ മെത്രാനെതിരെ നടപടി എടുക്കാൻ തനിക്ക് യാതൊരു അധികാരവുമില്ല; കന്യാസ്ത്രീയുടെ പരാതി മുക്കിയെന്ന ആരോപണം സജീവമായതോടെ നിലപാട് വ്യക്തമാക്കി മാർ ആലഞ്ചേരി

പീഡനത്തെ കുറിച്ച് തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് മാർ ആലഞ്ചേരി; കന്യാസ്ത്രീ കണ്ടു പറഞ്ഞത് മഠത്തിലെ പ്രശ്‌നങ്ങളെ കുറിച്ച്; ജലന്ധർ മെത്രാനെതിരെ നടപടി എടുക്കാൻ തനിക്ക് യാതൊരു അധികാരവുമില്ല; കന്യാസ്ത്രീയുടെ പരാതി മുക്കിയെന്ന ആരോപണം സജീവമായതോടെ നിലപാട് വ്യക്തമാക്കി മാർ ആലഞ്ചേരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജലന്ധർ മെത്രാൻ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന് കാണിച്ച് കന്യാസ്ത്രീ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പരാതി നൽകിയെന്ന ആരോപണം തെറ്റ്. ഈ ആരോപണം തെറ്റാണെന്ന് മാർ ആലഞ്ചേരി വ്യക്തമാക്കി. തനിക്ക് പീഡനത്തെ കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും കന്യാസ്ത്രീ തന്നെ വന്നു കണ്ട് പറഞ്ഞത് മഠത്തിലെ പ്രശ്‌നങ്ങളെ കുറിച്ചാണെണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ജലന്ധർ ബിഷപ്പിനെതിരെ നടപടി എടുക്കാൻ തനിക്ക് അധികാരമില്ലെന്നും കർദിനാൾ വ്യക്തമാക്കി.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന് കാണിച്ച് കന്യാസ്ത്രീ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നൽകിയ പരാതിയിൽ നടപടിയെടുത്തില്ലെന്നും സംഭവം മറച്ചുവെച്ചെന്നും ആരോപിച്ച് കർദിനാളിനെതിരേ വിശ്വാസികളുടെ സംഘടന പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കഴമ്പില്ലെന്ന് ആവർത്തിക്കുകയാണ് അദ്ദേഹം.

സഭയുടെ വക്താവ് സ്ഥാനത്ത് നിന്ന് നേരത്തെ പോൾ തേലക്കാടിനെ ആലഞ്ചേരി മാറ്റിയതിന് പിന്നാലെ തേലക്കാട്ടാണ് പിതാവിനെതിരെ രംഗത്തുവന്നത്. വിശ്വാസികളുടെ സംഘടനയായ ആർച്ച്ഡയോഷ്യൻ മൂവ്‌മെന്റ് ഫോർ ട്രാൻസ്‌പെരൻസി (എ.എം ടി.) കൺവീനർ ജോൺ ജേക്കബാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാക്കറെയ്ക്ക് പരാതി നൽകിയത്. ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് കന്യാസ്ത്രീ നൽകിയ പരാതി നിയമനടപടി സ്വീകരിക്കാതെ മറച്ചുവെച്ചു എന്നതാണ് പ്രധാന ആക്ഷേപം.

ജലന്ധർ രൂപതയ്ക്കും സീറോ മലബാർ സഭയുമായി യാതൊരു ബന്ധവുമില്ല. ലത്തീൻ സഭയ്ക്ക് കീഴിലാണ് ജലന്ധർ രൂപത. അതുകൊണ്ട് തന്നെ ആലഞ്ചേരിക്ക് ഈ ബിഷപ്പിനെതിരെ നടപടിയെടുക്കാനാവില്ല. ആകെ ചെയ്യാവുന്നത് വത്തിക്കാനും ലത്തീൻ സഭയ്ക്കും പരാതി കൈമാറാമെന്നത് മാത്രമാണ്. കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കാൻ ഡൽഹിയിലെ ലത്തീൻ കർദിനാളിന് പരാതി കൊടുക്കുകയും ചെയ്യാം. ഇതെല്ലാം നന്നായി അറിയാവുന്ന കന്യാസ്ത്രീ കർദിനാളിന് പരാതി കൊടുത്തുവെന്ന് പറയുന്നത് അസ്വാഭാവികമാണെന്ന് ഒരു കൂട്ടം വിശ്വാസികളും പറയുന്നു.

ജലന്ധർ ബിഷപ്പ് തന്നെ പീഡനത്തിനിരയാക്കിയെന്ന് കാണിച്ച് കന്യാസ്ത്രീ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പരാതി നൽകിയിരുന്നുവെന്ന് പൊലീസിനും മൊഴി കിട്ടിയിട്ടുണ്ട്. ആലഞ്ചേരിക്ക് ലഭിച്ച പരാതിയിൽ നടപടിയെടുക്കുകയോ പൊലീസിനെയോ വനിതാ കമ്മിഷനെയോ അറിയിക്കുകയോ ചെയ്തില്ലെന്നു പരാതിയിൽ പറയുന്നു. ഗുരുതരമായ സ്ഥിതിവിശേഷം മാർപാപ്പയെയും ഇതറിയിച്ചില്ല എന്നതാണ് ആരോപണം. കർദിനാൾ പ്രതിയെ സംരക്ഷിക്കുകയും ഭീഷണിപ്പെടുത്തി പരാതി പിൻവലിക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുകയും ചെയ്തുവെന്നുമാണ് എറണാകുളം രൂപതയിലെ കർദിനാൾ വിരുദ്ധരുടെ പരാതി. എ.എം ടി. പരാതി നൽകുമ്പോഴും കന്യാസ്ത്രീ കർദിനാളിന് പരാതി നൽകിയിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

കുറവിലങ്ങാട്ടെ മഠവും ലത്തീൻ സഭയ്ക്ക് കീഴിലെ ജലന്ധർ രൂപതയുടെ അധീനതയിലാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ കന്യാസ്ത്രീയും കർദിനാളിന് പരാതി കൊടുക്കേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് കർദിനാളിന് കന്യാസ്ത്രീ പരാതി കൊടുത്തതെന്നത് വ്യക്തമല്ല. അതിനിടെ കർദിനാളിനെതിരെ ഐ.ജിക്ക് ലഭിച്ച പരാതി തുടർ നടപടികൾക്കായി വൈക്കം ഡിവൈ.എസ്‌പി.ക്ക് കൈമാറി.

ജലന്ധർ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയിൽ ഉറച്ചുനിൽക്കുന്നതായി കന്യാസ്ത്രീയുടെ മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്‌പി എസ്. സുഭാഷ് കന്യാസ്ത്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തെളിവുകൾ ശേഖരിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യും. 2014 മുതൽ 2016 വരെ 13 തവണ പീഡിപ്പിച്ചെന്നാണ് മദർ സുപ്പീരിയർ ആയിരുന്ന കന്യാസ്ത്രീയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായുള്ള പുതിയ പരാതിയും കന്യാസ്ത്രീ വൈക്കം ഡിവൈഎസ്‌പിക്ക് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP