Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാലാഖമാരുടെ പ്രതിഷേധത്തിന് വിശ്വാസികളുടെ പിന്തുണ വർദ്ധിക്കുമ്പോൾ നയം മാറ്റി കത്തോലിക്കാ സഭ; നഴ്സുമാർക്ക് അർഹമായ വേതനം ഉറപ്പാക്കണമെന്ന് കർദിനാൾ മാർ ആലഞ്ചേരി; സർക്കാർ ഉത്തരവുണ്ടാകുമ്പോൾ കത്തോലിക്കാ ആശുപത്രി മാനേജ്‌മെന്റുകളും ശമ്പള സ്‌കെയിൽ പരിഷ്‌കരിക്കും

മാലാഖമാരുടെ പ്രതിഷേധത്തിന് വിശ്വാസികളുടെ പിന്തുണ വർദ്ധിക്കുമ്പോൾ നയം മാറ്റി കത്തോലിക്കാ സഭ; നഴ്സുമാർക്ക് അർഹമായ വേതനം ഉറപ്പാക്കണമെന്ന് കർദിനാൾ മാർ ആലഞ്ചേരി; സർക്കാർ ഉത്തരവുണ്ടാകുമ്പോൾ കത്തോലിക്കാ ആശുപത്രി മാനേജ്‌മെന്റുകളും ശമ്പള സ്‌കെയിൽ പരിഷ്‌കരിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ജീവിത സമരത്തിനെതിരെ മുഖംതിരിച്ചു നിൽക്കുന്ന കത്തോലിക്കാ ആശുപത്രി മാനേജ്‌മെന്റുകൾക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. വിശ്വാസികൾക്കിടയിൽ നിന്നു തന്നെയാണ് പ്രതിഷേധം ഉയരുന്നത്. ഇതോടെ കത്തോലിക്കാ സഭയും നിലപാട് മാറ്റിത്തുടങ്ങി. ഇതുവരെ കടുംപിടുത്തം തുടർന്നു പോന്ന കത്തോലക്കാ സഭാ മേധാവി തന്നെ സർക്കാർ നിശ്ചയിച്ച ശമ്പളം കൊടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.

സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന വേതനം ഉറപ്പാക്കണമെന്നു സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർദ്ദേശിച്ചു. നഴ്സുമാർക്ക് അർഹമായ വേതനം നൽകാതെ കത്തോലിക്കാ ആശുപത്രികൾ കാരുണ്യപ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കുന്നതു പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നഴ്സുമാർക്കു ന്യായമായ വേതനം നൽകുന്നുണ്ടെന്നാണു കരുതുന്നത്. എന്നാൽ ന്യായമായ വേതനം നൽകാത്ത സ്ഥാപനങ്ങളുമുണ്ടെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറയേണ്ടിവരുന്നത്. ഈ മേഖലയിൽ ഇപ്പോഴുള്ള സമരാഹ്വാനത്തിലൂടെ നഴ്സുമാർ ഉയർത്തുന്ന ആവശ്യങ്ങളെല്ലാം ശരിയാണോ എന്നു പരിശോധിക്കുന്നില്ല. എന്നാൽ സമൂഹത്തിലെ പ്രധാനപ്പെട്ട ശുശ്രൂഷ ചെയ്യുന്ന നഴ്സുമാർക്കു ജീവിതത്തിനാവശ്യമായ ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതിയുടെ വിഷയമായി കാണണം.

വേതനവർധനവിൽ ബന്ധപ്പെട്ട സമിതി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവുണ്ടാകുമ്പോൾ ശമ്പള സ്‌കെയിൽ പരിഷ്‌കരിക്കാമെന്നു കത്തോലിക്കാ ആശുപത്രി മാനേജ്മെന്റുകൾ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ മറ്റ് സ്വകാര്യആശുപത്രി മാനേജ്മെന്റുകളും ഇതേ നിലപാടു സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഴ്സുമാരുടെ ശമ്പളം സംബന്ധിച്ചു സർക്കാരിന്റെ തീരുമാനം വേഗമുണ്ടാവണം. ചെറിയ ആശുപത്രികളുടെ നടത്തിപ്പു സംബന്ധിച്ചു സർക്കാർ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചു പരിഹാരം കാണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അതേസമയം സമരം ചെയ്യുന്ന നഴ്സുമാരുടെ സംഘടനകളുമായി തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ നാളെ ചർച്ച നടത്തും. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐഎൻഎ), യൂണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) എന്നീ സംഘടനകളുമായിട്ടാണ് ചർച്ച നടത്തുക. രാവിലെ 11 മണിക്ക് ഐഎൻഎയുമായും വൈകിട്ട് നാലിന് യുഎൻഎയുമായിട്ടാകും ചർച്ച നടത്തുക.

ശമ്പള പരിഷ്‌കരണം ചർച്ച ചെയ്യാൻ അടുത്ത തിങ്കളാഴ്‌ച്ച വ്യവസായ ബന്ധ സമിതി ചേരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. സർക്കാർ നേഴ്സുമാർക്ക് ഒപ്പമാണ്. സമരം അവസാനിപ്പിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ശമ്പള വർധന ആവശ്യപ്പെട്ടുകൊണ്ടുള്ള നഴ്‌സുമാരുടെ അനിശ്ചിതകാല സമരം തുടരുകയാണ്. ജൂൺ 11 ന് പണിമുടക്കുമെന്ന് യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. അന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. സ്വകാര്യ ആശുപത്രികളിലെ മൂന്നിലൊന്ന് ജീവനക്കാർ മാത്രമേ അന്ന് ജോലിക്കെത്തുകയുള്ളൂവെന്നും 20 ന് ശേഷം തീരുമാനമായില്ലെങ്കിൽ ആശുപത്രികൾ സ്തംഭിപ്പിച്ച് സമരം നടത്തുമെന്നും യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണമെന്നും വേതനം 50 ശതമാനം വർധിപ്പിക്കണമെന്നുമാണ് സഴ്‌സുമാരുടെ ആവശ്യം. അടിസ്ഥാന ശബളം 50 ശതമാനം കൂട്ടാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ. സുപ്രീംകോടതിയുടെയും സർക്കാർ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിർദേശമുണ്ടായിട്ടും ശമ്പള വർധന നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി നിലപാടിനെതിരെയാണ് നഴ്സുമാർ സമരം പ്രഖ്യാപിച്ചത്. സുപ്രീംകോടതി മാർഗ നിർദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയർത്തണമെന്നാണ് നഴ്സുമാരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP