Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിരുദ പഠനത്തിനൊപ്പം മെഡിസിനും ചേർന്ന ശ്രേയ മുത്തുവിന് പ്രായം വെറും പതിനഞ്ച്; പാതി മലയാളിയായ ഈ പെൺകുട്ടി വിസ്മയിപ്പിക്കുന്ന നേട്ടം കരസ്ഥമാക്കിയത് ആറാം ഗ്രേഡ് മുതൽ ഡബിൾ പ്രമോഷൻ നേടി; ഉയരങ്ങളിലേക്ക് കുതിക്കുന്ന മകൾക്ക് പ്രചോദനം നൽകി ഡോക്ടർ ദമ്പതികളും

ബിരുദ പഠനത്തിനൊപ്പം മെഡിസിനും ചേർന്ന ശ്രേയ മുത്തുവിന് പ്രായം വെറും പതിനഞ്ച്; പാതി മലയാളിയായ ഈ പെൺകുട്ടി വിസ്മയിപ്പിക്കുന്ന നേട്ടം കരസ്ഥമാക്കിയത് ആറാം ഗ്രേഡ് മുതൽ ഡബിൾ പ്രമോഷൻ നേടി; ഉയരങ്ങളിലേക്ക് കുതിക്കുന്ന മകൾക്ക് പ്രചോദനം നൽകി ഡോക്ടർ ദമ്പതികളും

മറുനാടൻ മലയാളി ബ്യൂറോ

കാസാ ഗ്രാൻഡേ: പതിനഞ്ചുകാരിയായ പാതിമലയാളി പഠിക്കുന്നത് ബിരുദ ക്ലാസുകളിൽ. ബിരുദത്തിനൊപ്പം മെഡിക്കൽ വിദ്യാഭ്യാസം കൂടി നേടി അത്ഭുതം സൃഷ്ടിക്കുന്നതുകൊല്ലം കിടങ്ങൽ സ്വദേശി ഡോ. കവിത ജഗദീശന്റെയും തമിഴ്‌നാട് ചെന്നെ സ്വദേശി ഡോ. ജെറാൾഡ് മുത്തുവിന്റെയും മകൾ ശ്രേയ മുത്തു എന്ന പതിനഞ്ചുകാരിയാണ്. പഠനത്തിൽ മിടുക്കിയായ ഈ പെൺകുട്ടി ആറാം ഗ്രേഡ് മുതൽ ഡബിൾ പ്രെമോഷൻ നേടിയാണ് ചെറുപ്രായത്തിൽ തന്നെ ഇവിടെവരെ എത്തിയത്.

ഉയരങ്ങളിലേക്ക് കുതിക്കുന്ന ശ്രേയയുടെ മാതൃക തന്റെ രക്ഷിതാക്കൾ തന്നെയാണ്. കൊല്ലം കിടങ്ങൽ സ്വദേശി ഡോ. കവിത ജഗദീശനാണ് മാതാവ്. പിതാവ് ഡോ. ജെറാൾഡ് മുത്തു തമിഴ്‌നാട് ചെന്നെ സ്വദേശിയും. വർഷങ്ങളായി ഇരുവരും കാസാ ഗ്രാൻഡേയിൽ പ്രാക്ടീസ് ചെയ്യുന്നു. രക്ഷിതാക്കളെ കണ്ടു വളർന്ന ശ്രേയയുടെ എക്കാലത്തെയും ലക്ഷ്യം ഡോക്ടർ ആവുകതന്നെയായിരുന്നു. ശ്രേയയുടെ സഹോദരനും ഡോക്ടർ സ്വപ്നവുമായി മുന്നോട്ടു പോകുന്നു. കഴിഞ്ഞ വർഷം രക്ഷിതാക്കൾ പ്രാക്ടീസ് ചെയ്യുന്ന ഒയാസിസ് ഹെൽത്ത് സെന്ററിൽ ശ്രേയയും പോയിരുന്നു. അവിടെ വച്ച് രോഗികളുമായി ഇടപെടുകയും ചെറിയ സഹായങ്ങൾ ചെയ്യുകയും ചെയ്തു. 'ഡോക്ടർമാരുടെ ഓഫീസിലാണ് ഞാൻ വളർന്നത്, രോഗികളുമായുള്ള ഇടപെടൽ പണ്ടുമുതലേ ശീലമാണ്. ഡോക്ടറാകുമ്പോൾ ഇക്കാര്യങ്ങൾ എന്നെ വലിയ രീതിയിൽ സഹായിക്കുമെന്നാണ് കരുതുന്നത്' ശ്രേയ പറഞ്ഞു.

ഓഗസ്റ്റിൽ ഗ്രാൻഡ് കാനിയൻ യൂണിവേഴ്‌സിറ്റിയിലാണ് ശ്രേയയുടെ ക്ലാസുകൾ ആരംഭിക്കുന്നത്. മൂന്നു വർഷത്തെ ബിരുദ പഠനം കഴിഞ്ഞാൽ മെഡിക്കൽ സ്‌കൂളിൽ ഇപ്പോഴെ ഒരു സീറ്റ് ഉറപ്പിച്ചാണ് പാതിമലയാളിയായ ശ്രേയ മുന്നേറുന്നത്. കാസാ ഗ്രാൻഡേയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രെപ്രേറ്ററി അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്നു ശ്രേയ.

അപേക്ഷിച്ചതിനെല്ലാം അഡ്‌മിഷൻ

മെഡിസിന് നേരത്തെ ചേരുന്നതിനായി നിരവധി കോഴ്‌സുകൾക്ക് ശ്രേയ അപേക്ഷ നൽകിയിരുന്നു. ഡിഗ്രിക്ക് ശേഷം വേഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസം ലഭിക്കുന്നതിനായിരുന്നു ശ്രമം. എട്ടെണ്ണത്തിൽ അപേക്ഷ നൽകിയ വിദ്യാർത്ഥിനിക്ക് ഏഴെണ്ണത്തിലും അഡ്‌മിഷൻ ലഭിച്ചു. ഇപ്പോൾ ഡിഗ്രിയോടൊപ്പം മെഡിസിനും പഠിക്കാൻ സാധിക്കുന്ന കോഴ്‌സാണ് തിരഞ്ഞെടുത്തത്. നിരവധി കാരണങ്ങൾ കൊണ്ട് ജിസിയുവിന്റെ കോഴ്‌സാണ് ശ്രേയ തിരഞ്ഞെടുത്തത്. വരുന്ന ഓഗസ്റ്റിൽ 16 വയസ്സാകുന്ന ഈ വിദ്യാർത്ഥിനി തുടർപഠനത്തിനായി തിരിക്കും. ജിസിയുവിലെ ശ്രേയയുടെ പ്രവേശനം പൂർണമായും മാർക്ക് അടിസ്ഥാനത്തിൽ ആയിരുന്നു. കൂടാതെ, 1000 ഡോളറിന്റെ സ്‌കോളർഷിപ്പും ഈ മിടുക്കിക്ക് ലഭിച്ചു. വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള നിരവധി സ്‌കോളർഷിപ്പുകളും ശ്രേയയെ തേടിയെത്തി.

ജിസിയുവിൽ നിന്നും മൂന്നു വർഷത്തെ ഡിഗ്രിയും തുടർന്ന് ലേക്ക് എറിക് കോളജ് ഓഫ് ഓസ്റ്റോപതിക് മെഡിസിനിൽ നാലുവർഷത്തെ പഠനവുമാണ് ഉദ്ദേശിക്കുന്നത്. കണക്കിൽ മിടുക്കിയായ ശ്രേയയ്ക്ക് ഈ വിഭാഗത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പഠനത്തിനു പുറമേയുള്ള കാര്യങ്ങളിലും ശ്രേയ തന്റെ കഴിവുതെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രൊജക്ടിന്റെ ഭാഗമായി മിത്ര റീഹാബിലെറ്റേഷൻ ഫണ്ട് എന്ന പേരിൽ സാമൂഹ്യ പ്രവർത്തനം സംഘടിപ്പിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിത്ര റീഹാബിലെറ്റേഷൻ സെന്ററുമായി ചേർന്ന് 7000 ഡോളറാണ് ശ്രേയ സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള ആളുകളെ സഹായിക്കുന്നതായിരുന്നു ഈ പരിപാടി.

വേരുകൾ മറക്കാത്ത പെൺകുട്ടി

പുതിയ കോളജിലേക്ക് പോകുന്നതിന്റെ ആവേശത്തിലാണ് ശ്രേയ. എന്നാൽ, ചെറിയ പ്രായത്തിൽ തന്നെ കോളജിൽ എത്തുന്നതിനാൽ ചെറിയ പേടിയും ഉണ്ട്. പക്ഷേ, ഡോക്ടർ ആവുകയെന്നത് വലിയ ആഗ്രഹമായതിനാൽ എല്ലാകാര്യങ്ങളെയും പോസറ്റീവ് ആയിട്ടാണ് കാണുന്നത്. ഇത്രയും വേഗം പഠനം ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷവും പങ്കുവെച്ചു. ജിസിയുവിലെ ചില അദ്ധ്യാപകരുമായി ഇപ്പോൾ തന്നെ ബന്ധപ്പെട്ട് വരികയാണ് ഈ കൊച്ചുമിടുക്കി. ഭാവിയിൽ ഒരു സർജനോ, ത്വക്ക് രോഗ വിദഗ്ധയോ ആകാനാണ് ആഗ്രഹം. എവിടെയെല്ലാം പഠിച്ചാലും ഒടുവിൽ കാസാ ഗ്രാൻഡേയിൽ തന്നെ തിരികെ വന്ന് ജനങ്ങളെ സേവിക്കണമെന്നാണ് വിചാരിക്കുന്നതെന്നും ഈ മിടുക്കി വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP