Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എത്ര ശ്രമിച്ചാലും നമ്മുടെ പൊലീസ് നന്നാകില്ലെന്ന് ഉറപ്പ്! എംഎൽഎ മർദ്ദിച്ചവശനാക്കിയ യുവാവിന്റേയും അമ്മയുടേയും പേരിൽ മാരകായുധങ്ങളുമായി ആക്രമിച്ചെന്ന് പറഞ്ഞ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തപ്പോൾ എംഎൽഎയ്‌ക്കെതിരെ നിസ്സാര വകുപ്പ് മാത്രം ചുമത്തി കേസ്; കേരളാ പൊലീസ് ഗണേശ് കുമാറിന് വേണ്ടി നിയമം വളച്ചൊടിക്കുന്നത് ഇങ്ങനെ

എത്ര ശ്രമിച്ചാലും നമ്മുടെ പൊലീസ് നന്നാകില്ലെന്ന് ഉറപ്പ്! എംഎൽഎ മർദ്ദിച്ചവശനാക്കിയ യുവാവിന്റേയും അമ്മയുടേയും പേരിൽ മാരകായുധങ്ങളുമായി ആക്രമിച്ചെന്ന് പറഞ്ഞ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തപ്പോൾ എംഎൽഎയ്‌ക്കെതിരെ നിസ്സാര വകുപ്പ് മാത്രം ചുമത്തി കേസ്; കേരളാ പൊലീസ് ഗണേശ് കുമാറിന് വേണ്ടി നിയമം വളച്ചൊടിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: രാഷ്ട്രീയക്കാരനാണ് പോരാത്തതിന് സിനിമാക്കാരനും. അതുകൊണ്ട് തന്നെ പൊലീസ് ന്യായത്തിനൊപ്പം നിൽക്കില്ല. എത്ര വിവാദമുണ്ടായാലും എത്ര ഇടപെടലുണ്ടായാലും കാശും സ്വാധീനവുമുള്ളവർക്കൊപ്പമേ പൊലീസ് നിൽക്കൂ. അതിന്റെ പുതിയ ഉദാഹരണമാണ് അമ്മയുടെ മുന്നിലിട്ടു മകനെ കെ.ബി.ഗണേശ്‌കുമാർ എംഎൽഎയും ഡ്രൈവറും ചേർന്നു തല്ലിയ സംഭവത്തിലെ പൊലീസ് ഒത്തുകളി. മർദനമേറ്റ യുവാവ് നൽകിയ പരാതിയിൽ കേസെടുക്കുന്നതിനു മുൻപേ ഗണേശ്‌കുമാറിന്റെയും ഡ്രൈവറുടെയും പരാതിയിൽ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. എംഎൽഎയ്ക്കും ഡ്രൈവർക്കും എതിരെ കേസെടുത്തെങ്കിലും ചുമത്തിയതു ദുർബല വകുപ്പുകളും. അതായത് തല്ലുകൊണ്ടവനെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കും.

മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ അനന്തകൃഷ്ണന് (22) എതിരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പുകളടക്കം ചേർത്തു കേസെടുത്തതോടെ സംഭവത്തിൽ ഉന്നത ഇടപെടലുണ്ടായെന്ന ആക്ഷേപവും ഉയരുന്നു. ബുധൻ ഉച്ചയ്ക്കു രണ്ടു മണിയോടെ മർദനമേറ്റ അനന്തകൃഷ്ണൻ അരമണിക്കൂറിനകം സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ വൈകി. ഗണേശിന്റെയും ഡ്രൈവറുടെയും പരാതിയിൽ അതിനു മുൻപേ കേസെടുക്കുകയും ചെയ്തു. അതായത് എംഎൽഎയ്‌ക്കെതിരായ കേസുമായി മുന്നോട്ട് പോയാൽ കുടുങ്ങുക പാവം കുടുംബമായിരിക്കും. ഈ സന്ദേശമാകും ജനമൈത്രീ പൊലീസ് നൽകുന്നത്. ഗണേശ് കുമാർ ഭരണപക്ഷ പിന്തുണയോടെ ജയിച്ച എംഎൽഎയാണ്. മന്ത്രിയാകാനും സാധ്യതയുണ്ട്. അതിനാൽ മുൻ മന്ത്രിക്കെതിരെ നടപടി എടുക്കാൻ മടിക്കുകയും ഭയക്കുകയുമാണ് പൊലീസ്. എത്ര സർക്കുലർ ഡിജിപി ഇറക്കിയാലും പൊലീസിന് മാറ്റമുണ്ടാകില്ല.

അഗസ്ത്യക്കോട് പ്രദേശത്തെ ഇടുങ്ങിയ റോഡിലാണ് കാറിനു വഴികൊടുത്തില്ലെന്ന് ആരോപിച്ച് എംഎൽഎയും ഡ്രൈവർ ശാന്തനും യുവാവിനെ ആക്രമിച്ചത്. കൈകൊണ്ട് അടിക്കുക (ഐപിസി 323), അപമാനിക്കുന്ന തരത്തിൽ അസഭ്യം പറയുക (294-ബി), ഭീഷണിപ്പെടുത്തൽ (506-1), ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് അക്രമം കാട്ടുക (ഐപിസി 34) എന്നീ കുറ്റങ്ങളാണു ഗണേശിനും ശാന്തനുമെതിരെ ചുമത്തിയത്. ഇവയെല്ലാം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. ഇത് ഉന്നത ഇടപെടലിന്റെ ഭാഗമാണെന്നും സൂചനയുണ്ട്. ഗുരുതരമായ വകുപ്പുകളാണ് പൊലീസ് അടികിട്ടിയ യുവാവിനെതിരെ ചുമത്തിയത്. ഭീഷണിപ്പെടുത്തൽ, ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് അക്രമം എന്നീ കുറ്റങ്ങൾക്കു പുറമെ ആയുധം ഉപയോഗിച്ച് ഉപദ്രവിച്ചു (ഐപിസി 324) എന്ന വകുപ്പും അനന്തകൃഷ്ണനെതിരെ ചുമത്തി. എംഎൽഎയുടെ ഡ്രൈവറെ ജാക്കി ലീവർ ഉപയോഗിച്ച് അടിച്ചു എന്ന പരാതിയിലാണിത്.

ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നു സ്ഥലത്തുള്ളവർ പറയുന്നു. ജാക്കി ലീവർകൊണ്ട് അടിയേറ്റാൽ ഉണ്ടാകുന്ന ക്ഷതങ്ങൾ ഡ്രൈവർക്കില്ലെന്നും സൂചനയുണ്ട്. എന്നാൽ സ്റ്റേഷനിൽനിന്നു ജാമ്യം ലഭിക്കുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളതെന്ന് അഞ്ചൽ എസ്‌ഐ പി.എസ്.രാജേഷ് വ്യക്തമാക്കി. അക്രമം നടക്കുമ്പോൾ അഞ്ചലിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കാഴ്ചക്കാരനായിയെന്നും സൂചനയുണ്ട്. അനന്തകൃഷ്ണനെതിരെ കള്ളക്കേസെടുത്തെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ അഞ്ചൽ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകരും സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎയുടെ പത്തനാപുരത്തെ വീട്ടിലേക്ക് ബിജെപി, കെഎസ്‌യു പ്രവർത്തകരും മാർച്ച് നടത്തി. വാദിയെ പ്രതിയാക്കുന്ന മട്ടിലാണ് കേസെടുത്തതെന്നാണ് ആക്ഷേപം.

അതിനിടെ മകനെതിരെ അഞ്ചൽ പൊലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് അനന്തകൃഷ്ണന്റെ അമ്മ ഷീന പുനലൂർ ഡിവൈഎസ്‌പിക്കു പരാതി നൽകി. തന്നെ അപമാനിക്കുന്ന തരത്തിൽ അസഭ്യം പറയുകയും മകനെ തല്ലുകയും ചെയ്ത എംഎൽഎ തന്റെ കൈയിൽ കടന്നുപിടിക്കുകയും കഴുത്തിൽപിടിച്ചു തള്ളുകയും ചെയ്തതായി ഷീന അഞ്ചൽ സിഐയ്ക്കു നൽകിയ മൊഴിയിൽ പറയുന്നു. എംഎൽഎ പിടിച്ചുതള്ളിയതിനു പിന്നാലെ ഡ്രൈവറും പിടിച്ചുതള്ളി. കയ്യിൽ കടന്നുപിടിച്ചതിനൊപ്പം കേട്ടാൽ അറയ്ക്കുന്ന അസഭ്യവാക്ക് എംഎൽഎ ഉപയോഗിച്ചതായും മൊഴിയിലുണ്ട്. എംഎൽഎയ്ക്ക് എതിരെ ദുർബല വകുപ്പുകൾ ചുമത്തുകയും മകനെതിരെ കേസെടുക്കുകയും ചെയ്തത് അന്വേഷിക്കണമെന്നും ഷീന ആവശ്യപ്പെട്ടു.

ഗണേശ്‌കുമാർ അഗസ്ത്യക്കോട്ട് ഒരു മരണവീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു സംഭവം. അനന്തകൃഷ്ണന്റെ കാർ എംഎ‍ൽഎ.യുടെ വാഹനത്തിനെതിരേ വന്നതിനാൽ കടന്നുപോകാൻ സ്ഥലമില്ലെന്ന പേരിലായിരുന്നു തർക്കം. കാർ അൽപ്പം പിന്നോട്ടെടുത്താൽ ബുദ്ധിമുട്ടുണ്ടാകുമായിരുന്നോ എന്ന് കാറിലുണ്ടായിരുന്ന അനന്തകൃഷ്ണന്റെ അമ്മ ഷീന ചോദിച്ചതിനെത്തുടർന്നായിരുന്നു ആക്രമണം. വാഹനത്തിൽനിന്ന് ഇറങ്ങിവന്ന എംഎ‍ൽഎ.യും മറ്റു ജീവനക്കാരും ചേർന്ന് അനന്തകൃഷ്ണനെ കാറിൽനിന്ന് പിടിച്ചിറക്കി മർദിച്ചതായി ഷീന പറഞ്ഞു. തന്നെ അസഭ്യം പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്‌തെന്നും അവർ പറഞ്ഞു. എംഎ‍ൽഎ.യുടെ ജീവനക്കാരനെ അനന്തകൃഷ്ണൻ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് എംഎ‍ൽഎ.യുടെ പരാതി.

അഞ്ചൽ പൊലീസിൽ ആദ്യം പരാതി നൽകിയത് അനന്തകൃഷ്ണനും അമ്മയുമായിരുന്നു. തങ്ങളെ അനന്തകൃഷ്ണൻ ആക്രമിക്കുകയായിരുന്നെന്ന് എംഎ‍ൽഎ.യുടെ ഡ്രൈവർ നൽകിയ പരാതിയിൽ പറയുന്നു. ഈ പരാതിയിലാണ് പൊലീസ് ആദ്യ നമ്പരായി കേസെടുത്തിരിക്കുന്നത്. എന്നാൽ തല്ലുകിട്ടിയ ആളുടെ പേരിൽ പ്രധാന വകുപ്പുകൾ ചുമത്തി കേസെടുക്കുകയും അക്രമം കാണിച്ച എംഎ‍ൽഎ.യുടെ പേരിൽ ദുർബല വകുപ്പുകൾ ചുമത്തുകയും ചെയ്തതിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകുമെന്ന് അനന്തകൃഷ്ണനും അമ്മയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP