Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുന്ദർ മേനോന്റെ പത്മശ്രീ പട്ടം രാഷ്ട്രപതി റാം നാഥ് കോവിന്ദ് തിരിച്ചെടുക്കുമോ? വ്യാജ പാസ്‌പ്പോർട്ട് കരസ്ഥമാക്കിയെന്ന് മുതൽ പത്മ അവാർഡ് നിർണ്ണയ കമ്മറ്റിയെ തെറ്റിദ്ധരിപ്പിച്ചത് അടക്കം 18 ആരോപണങ്ങൾ നിരത്തി പൊതുപ്രവർത്തകൻ കോടതിയിൽ; പേരിലെ തിരിമറിയും സ്ത്രീകളെ ആക്രമിച്ചതും കേസുകളുടെ പട്ടികയിൽ; കാർ രജിസ്റ്റർ ചെയ്ത ദിവസം ഞായറാഴ്‌ച്ച ആണെന്നു പോലും ആക്ഷേപം

സുന്ദർ മേനോന്റെ പത്മശ്രീ പട്ടം രാഷ്ട്രപതി റാം നാഥ് കോവിന്ദ് തിരിച്ചെടുക്കുമോ? വ്യാജ പാസ്‌പ്പോർട്ട് കരസ്ഥമാക്കിയെന്ന് മുതൽ പത്മ അവാർഡ് നിർണ്ണയ കമ്മറ്റിയെ തെറ്റിദ്ധരിപ്പിച്ചത് അടക്കം 18 ആരോപണങ്ങൾ നിരത്തി പൊതുപ്രവർത്തകൻ കോടതിയിൽ; പേരിലെ തിരിമറിയും സ്ത്രീകളെ ആക്രമിച്ചതും കേസുകളുടെ പട്ടികയിൽ; കാർ രജിസ്റ്റർ ചെയ്ത ദിവസം ഞായറാഴ്‌ച്ച ആണെന്നു പോലും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പണമെറിഞ്ഞ് പത്മശ്രീ പുരസ്‌ക്കാരം നേടുന്ന പ്രവണത കഴിഞ്ഞ യുപിഎ സർക്കാറിന്റെ കാലത്ത് വ്യാപകമായി നടന്നിരുന്നു. ഈ സമയത്താണ് തൃശ്ശൂരിലെ സാംസ്കാരിക പ്രമുഖനും സർവോപരി പ്രവാസി വ്യവസായിയുമായ സുന്ദർമേനോന് പത്മശ്രീ ലഭിക്കുന്നത്. മുൻ പ്രസിഡന്റ് പ്രണാബ് കുമാർ മൂഖർജിയുെ കൈയിൽ നിന്നം അദ്ദേഹം പത്മശ്രീ നേടുകയും ചെയ്തു. എന്നാൽ, ഡോ.സുന്ദർ മേനോന് സമ്മാനിച്ച പത്മശ്രീ പുരസ്‌ക്കാരം പുതിയ പ്രസിഡന്റ് റാം നാഥ് കോവിന്ദ് തിരിച്ചെടുക്കുമോ? എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

2016- ലാണ് ഡോ. സുന്ദർ മേനോന് കേന്ദ്ര സർക്കാർ പത്മശ്രി പട്ടം അണിഞ്ഞത്. സുന്ദർ മേനോൻ കാലങ്ങളോളം കാത്തിരുന്ന സ്വപ്നമായിരുന്നു പത്മശ്രി. കുറഞ്ഞത് ആറുവർഷമെങ്കിലും പഴക്കമുണ്ടത്രേ സുന്ദർ മേനോന്റെ സ്വപ്നത്തിന്. സ്വപ്നം പൂവണിഞ്ഞത് 2016-ൽ. കേരള സർക്കാരിന്റെ ഉപസമിതിയുടെ ശുപാർശയില്ലാതെ എന്നാൽ ഗോവയടക്കം മറ്റുസംസ്ഥാനങ്ങളുടെ ശുപാർശയിന്മേലാണ് പ്രവാസിയായ സുന്ദർ മേനോന് പത്മശ്രി നറുക്ക് വീണതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. കേരളത്തിലെ പല സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെയും അനുഗ്രഹീത തലപ്പത്ത് കുടികൊള്ളുന്ന ഡോ. സുന്ദർ മേനോന്റെ സേവനങ്ങൾ പക്ഷെ ഗോവയടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ നമുക്ക് കാണാനാവുന്നില്ല. സുന്ദർ മേനോന്റെ സ്വന്തം വെബ്‌സൈറ്റിലും ഇത്തരം വിവരങ്ങൾ വളരെ ശുഷ്‌കം.

പ്രവാസിയായ മേനോന്റെ സാമൂഹ്യ സേവനങ്ങളെ കണക്കിലെടുത്തായിരുന്നു 2016-ൽ കേന്ദ്ര സർക്കാർ പത്മശ്രി ചാർത്തിയത്. എന്നാൽ പത്മശ്രി പട്ടാഭിഷേകം മേനോന് തുടക്കം മുതലേ ഒരു വല്ലാത്ത ബാധ്യതയാവുകയായിരുന്നു. ഏതു നിമിഷവും തന്റെ പത്മശ്രി കേന്ദ്രം കവർന്നെടുക്കുമോ എന്ന കടുത്ത ആശങ്കയിൽ മേനോൻ തനിക്കുകിട്ടിയ പത്മശ്രിയുടെ കാവലാൾ ആവുകയായിരുന്നു.

പ്രാഞ്ചിയേട്ടന്മാരുടെ പൂര നഗരം മേനോന്റെ പത്മശ്രീപട്ടം അഴിച്ചുമാറ്റാൻ ഏറെ ബദ്ധപ്പെടുകയാണ്. മേനോന് എതിരെ ക്രിമിനൽ സ്വഭാവമുള്ള 18 ആരോപണങ്ങളുമായി തൃശൂരിലെ ഒരു പൊതുപ്രവർത്തകനായ ഡോ.ബാലസുബ്രഹ്മണ്യൻ രംഗത്തെത്തിയിരിക്കുന്നത് വിവാദങ്ങളെ കൊഴുപ്പിക്കുന്നു. ഉയർന്നുവന്ന ആരോപണങ്ങൾക്ക് പിൻബലം കൊടുക്കുന്ന വളരെ പ്രധാനപ്പെട്ട 18 രേഖകളുമായാണ് ബാലസുബ്രഹ്മണ്യൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഈയ്യിടെ ബാലസുബ്രഹ്മണ്യൻ തൃശൂരിൽ നടത്തിയ പത്ര സമ്മേളനത്തിൽ മേൽപ്പറഞ്ഞ 18 രേഖകളും പുറത്തുവിടുകയായിരുന്നു.

വ്യാജ പാസ്‌പ്പോർട്ട് കരസ്ഥമാക്കിയതു മുതൽ പത്മശ്രി അവാർഡ് നിർണ്ണയ കമ്മറ്റിയെ വരെ തെറ്റിദ്ധരിപ്പിച്ചതടക്കം കടുത്ത ആരോപണങ്ങളാണ് മേനോന് എതിരെ ബാലസുബ്രഹ്മണ്യൻ നിരത്തുന്നത്. സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിലും സുന്ദർ അടിയാട്ട് മേനോൻ എന്ന പേരിലും സുന്ദർ മേനോൻ കൊച്ചി പാസ്‌പ്പോർട്ട് ഓഫീസിൽനിന്നു പാസ്‌പ്പോർട്ട് സംഘടിപ്പിച്ചതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഖത്തറിലെ ബിസിനസ് രേഖകളിലെല്ലാം തെക്കേ അടിയാട്ട് സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിലാണ് സുന്ദർ മേനോൻ അറിയപ്പെടുന്നത്.

സുന്ദർ മേനോന്റെ പേരിലുള്ള വിദേശനിർമ്മിതമായ ആഡംബര കാറുകളുടെ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ കാണുന്നത് വീണ്ടും വ്യത്യസ്ഥമായ പേരുകളാണെന്ന ആരോപണവും നിലനിൽക്കുന്നു. അവധി ദിവസമായ ഞായറാഴ്ചയാണ് സുന്ദർ മേനോന്റെ ഒരു കാർ രജിസ്റ്റർ ചെയ്തതെന്നതും വിവാദമായിട്ടുണ്ട്. വാഹന റജിസ്‌ട്രേഷൻ പ്രമാണങ്ങളിൽ സുന്ദർ മേനോൻ, സുന്ദർ അടിയാട്ട് സുന്ദർ മേനോൻ, സുന്ദര സുബ്രഹ്മണ്യൻ എന്നീ പേരുകളുള്ളതായും രേഖകൾ പറയുന്നു. റവന്യു രേഖകളിലും സുന്ദർ മേനോൻ പല പേരുകളിൽ ക്രയവിക്രയം നടത്തിയതായി കാണുന്നു.

സുന്ദർ മേനോന്റെ പേരുവിവരങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മേനോന് പത്മശ്രി കൊടുത്ത രേഖകളിൽ 111 എന്ന് നമ്പറിട്ടിടത്ത് എഴുതപ്പെട്ടിരിക്കുന്നത് ഡോ.സുന്ദർ ആദിത്യ മേനോൻ (Dr. Sundar Aditya Menon) എന്നാണെന്ന വസ്തുത പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. അപ്പോൾ പേരിലെ തിരിമറി പത്മശ്രി അവാർഡ് നിർണ്ണയ കമ്മറ്റി വരെ എത്തിയതായി ആരോപിക്കപ്പെടുന്നു. അതേസമയം സുന്ദർ മേനോന്റെ സ്വന്തം വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതും സുന്ദർ മേനോൻ എന്നാണ്.

സുന്ദർ മേനോനെതിരേയുള്ള ആരോപണങ്ങൾ കേവലം പേരിന്റെ തിരിമറികളിൽ അവസാനിക്കുന്നില്ല. ഭവനഭേദനം, സ്ത്രീകളോടുള്ള അപമര്യാദയോടെയുള്ള പെരുമാറ്റം, കള്ളക്കടത്ത്, വന്യമൃഗങ്ങളോടുള്ള ക്രൂരത തുടങ്ങിയ അനവധി ആരോപണങ്ങൾ വേറെയുമുണ്ട്. എല്ലാ ആരോപണങ്ങളും കോടതിയുടെ പരിഗണനകളിൽ ഇരിക്കുകയാണ്.

അതേസമയം പത്മശ്രീ അവാർഡ് ദാനവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും വിശദീകരിക്കുന്നിടത്ത് കേന്ദ്ര സർക്കാർ പത്താം ഖണ്ഡികയിൽ പറയുന്നത് പ്രസിഡന്റിനു വേണമെങ്കിൽ പത്മശ്രി തിരിച്ചെടുക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിമുള്ള അധികാരമുണ്ടെന്നാണ്. അങ്ങനെയെങ്കിൽ അതീവഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഡോ.സുന്ദർ ആദിത്യ മേനോൻ (Dr. Sundar Aditya Menon) എന്ന സുന്ദർ മേനോന്റെ പത്മശ്രി പട്ടം പ്രസിഡന്റ് റാം നാഥ് കോവിന്ദ് തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് അന്തർദേശീയ പ്രസക്തിയുണ്ട്. ആരോപണങ്ങൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ നാലാം സ്ഥാനത്തു നിൽക്കുന്ന ഈ വിശിഷ്ട ബഹുമതി പ്രസിഡന്റ് തിരിച്ചെടുക്കേണ്ടതല്ലേ എന്നാണ് തൃശ്ശൂരുകാർ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP