Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിച്ച മുൻ യൂത്ത് കോൺഗ്രസ് നേതാവിനെ രാഷ്ട്രീയത്തിൽ തളച്ചിടാൻ കേസിൽ കുടുക്കി; കോൺഗ്രസിന്റെ ജില്ലാ സപ്ലൈ ഓഫീസ് ഉപരോധസമരത്തിന്റെ പേരിൽ സമൻസ്; സ്ഥലത്തില്ലാതിരുന്ന തന്റെ പേരിൽ ആരോ പേരും മേൽവിലാസവും നൽകിയെന്ന് യുവജനക്ഷേമബോർഡ് കോ ഓർഡിനേറ്റർ അർജുൻ

രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിച്ച മുൻ യൂത്ത് കോൺഗ്രസ് നേതാവിനെ രാഷ്ട്രീയത്തിൽ തളച്ചിടാൻ കേസിൽ കുടുക്കി; കോൺഗ്രസിന്റെ ജില്ലാ സപ്ലൈ ഓഫീസ് ഉപരോധസമരത്തിന്റെ പേരിൽ സമൻസ്; സ്ഥലത്തില്ലാതിരുന്ന തന്റെ പേരിൽ ആരോ പേരും മേൽവിലാസവും നൽകിയെന്ന്  യുവജനക്ഷേമബോർഡ് കോ ഓർഡിനേറ്റർ അർജുൻ

രഞ്ജിത് ബാബു

കണ്ണൂർ: രാഷ്ട്രീയപ്രവർത്തനത്തിൽനിന്നും വിരമിക്കുന്നവരെ പിടിച്ചു നിർത്താൻ കണ്ണൂർ രാഷ്ട്രീയത്തിൽ ചില തന്ത്രങ്ങളുണ്ട്. പാർട്ടി നടത്തുന്ന സമരങ്ങളുമായി ബന്ധപ്പെടുത്തി നിർജീവമാകുന്ന പ്രവർത്തകരെ കേസുകളിൽ കുടുക്കിയിടും. പൊതുമുതൽ നശിപ്പിച്ചതോ പൊലീസിനെ കല്ലെറിഞ്ഞ സംഭവമോ ഒക്കെ ആകാം ഇത്തരം കേസുകൾ.

സമരത്തിൽ പോയിട്ട് പാർട്ടി പരിപാടികളിൽ പോലും മുഖം കാണിക്കാത്ത ഇത്തരക്കാരെ വീണ്ടും പ്രസ്ഥാനങ്ങളിൽ തളച്ചിടാനുള്ള ഉപാധിയാണ് ഇത്തരം കേസും കോടതിയും. പങ്കെടുക്കാത്ത സമരത്തിന്റെ പേരിൽ സമൻസ് ലഭിക്കുന്നതോടെയാണ് ഇത്തരക്കാർ കാര്യങ്ങൾ അറിയുന്നത്. അതോടെ കേസിനും വക്കാണത്തിനും വഴിയില്ലാതെ നേരത്തെ പ്രവർത്തിച്ച പാർട്ടിയിൽ അഭയം തേടേണ്ടി വരികയും ചെയ്യുന്നു. രാഷ്ട്രീയസമരങ്ങളുടെ കേസുകൾ വർഷങ്ങളോളം നീണ്ടു നിൽക്കുന്നതിനാൽ പിന്നീട് ആ പാർട്ടിയുടെ അനുസരണയുള്ള കുഞ്ഞാടുകളായി ശിഷ്ടകാലം കഴിയേണ്ടിയും വരും.

കണ്ണൂർ രാഷ്ട്രീയത്തിൽ ഇത്തരമൊരു ശൈലി സിപിഐ(എം). ആണ് നടപ്പാക്കിയതെന്നാണ് ആരോപണം. എന്നാൽ അതിന്റെ ചുവടുപിടിച്ച് കോൺഗ്രസ്സും ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടതായി മുൻ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ അർജ്ജുൻ തന്നെ പറയുന്നു. കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിനു മുന്നിൽ യുത്ത് കോൺഗ്രസ് നടത്തിയ ഉപരോധസമരത്തിൽ പങ്കെടുത്തതായി കോടതിയിൽ നിന്നും സമൻസ് ലഭിച്ചതോടെയാണ് മുൻ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ പാലയാട്ടെ കെ.അർജ്ജുൻ ഞെട്ടിയത്. സംസ്ഥാന യുവജനക്ഷേമബോർഡ് മുൻ ജില്ലാ കോഓഡിനേറ്ററായ താൻ മാസങ്ങളായി രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചതായിരുന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബർ 19 ന് റേഷൻ സ്തംഭനത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്സ് നടത്തിയ സപ്ലൈ ഓഫീസ് ഉപരോധത്തിൽ അർജ്ജുൻ പങ്കെടുത്തെന്നായിരുന്നു കേസ്. ഇത് ആൾമാറാട്ടമാണെന്ന് അർജ്ജുൻ ആരോപിക്കുന്നു.

ഉപരോധസമരദിവസം സ്ഥലത്ത് പോലുമില്ലാത്ത തന്റെ പേരും മേൽവിലാസവും നൽകി ആരോ ഒരാൾ തന്നെ കേസിൽ കുടുക്കാൻ വേണ്ടി ആൾമാറാട്ടം നടത്തുകയായിരുന്നുവെന്ന് അർജ്ജുൻ പറയുന്നു. അതിനാൽ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ താനിപ്പോൾ പ്രതിപ്പട്ടികയിലാണ്. സമരം നടക്കുമ്പോൾ യുവജനക്ഷേമ ബോർഡിന്റെ ജില്ലാ ഓഫീസിൽ ജോലി ചെയ്യുകയാണെന്നും സമരം സംപ്രേഷണം ചെയ്ത ടി.വി. ദൃശ്യങ്ങളും പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോയപ്പോൾ സ്റ്റേഷനിലെ സി.സി. ടി.വി ദൃശ്യങ്ങളും പരിശോധിച്ചാൽ തന്റെ നിരപരാധിത്വം തെളിയുമെന്ന് അർജ്ജുൻ പറയുന്നു.

ജില്ലാ നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ആൾമാറാട്ടം നടത്തി തന്നെ പ്രതിയാക്കി മാറ്റിയതെന്നും അർജ്ജുൻ ആരോപിക്കുന്നു. സമരത്തിൽ പങ്കെടുക്കാത്ത തന്നെ കേസിൽ പെടുത്തി പ്രതിയാക്കിയതിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും ടൗൺ പൊലീസിലും പരാതി നൽകിയിരിക്കയാണ് അർജ്ജുൻ. അർജ്ജുന്റെ പരാതി പുറത്തായതോടെ ജില്ലാ പ്രാദേശിക കോൺഗ്രസ്സ് നേതാക്കൾ അങ്കലാപ്പിലായിരിക്കയാണ്. കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമവുമായി നേതാക്കൾ അർജ്ജുനെ സമീപിക്കാനൊരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP