Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാ തീയറ്ററുകളിലെ ഫുഡ്‌കോർട്ടുകളിൽ അമിതവില ഈടാക്കുന്നത് സർക്കാറിനെ നോക്കുകുത്തിയാക്കി; കൊള്ള നടത്തുന്ന അഞ്ച് തീയറ്ററുകൾക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രി തിലോത്തമൻ; കേസ് എടുത്തവയിൽ കോഴിക്കോട് ക്രൗൺ തീയറ്ററും രവി പിള്ള മാളിലെ പിവി എസ് ഫിലിംസിറ്റിയും

സിനിമാ തീയറ്ററുകളിലെ ഫുഡ്‌കോർട്ടുകളിൽ അമിതവില ഈടാക്കുന്നത് സർക്കാറിനെ നോക്കുകുത്തിയാക്കി; കൊള്ള നടത്തുന്ന അഞ്ച് തീയറ്ററുകൾക്കെതിരെ നടപടി സ്വീകരിച്ചതായി മന്ത്രി തിലോത്തമൻ; കേസ് എടുത്തവയിൽ കോഴിക്കോട് ക്രൗൺ തീയറ്ററും രവി പിള്ള മാളിലെ പിവി എസ് ഫിലിംസിറ്റിയും

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും പ്രവർത്തിക്കുന്ന ഫുഡ് കോർട്ടുകളിൽ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നത് യാതൊരു അനുമതിയുമില്ലാതെ. വൻ തോതിലുള്ള കൊള്ള ലാഭത്തിനാണ് ഇത്തരം ഫുഡ്‌കോർട്ടുകളിലും സ്‌നാക്‌സ് ബാറുകളിലും കഫറ്റേരിയകളിലും ഭക്ഷണത്തിന് അമിത വില ഈടാക്കിയിരുന്നത്. 30 ശതമാനം മുതൽ 50 ശതമാനം വരെ അധിക വില ഈടാക്കിയാണ് മിക്ക സ്ഥലങ്ങളിലും ഭക്ഷണം വിൽക്കുന്നത്. കാലങ്ങലായി മിക്ക സ്ഥലങ്ങളിലും ഈ കൊല്ല നടന്നു വരികയുമാണ്. ആരു തന്നെ ഇതിനെതിരെ ശബ്ദമുയർത്തിയിരുന്നുമില്ല. പിന്നീട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അങ്ങിങ്ങായി ചില പ്രതിഷേധങ്ങളുണ്ടായത് മാത്രമാണ് മിച്ചം.

സംസ്ഥാനത്തെ സിനിമാ തീയറ്റർ കോമ്പൗണ്ടുകളിൽ പ്രവർത്തിച്ചുവരുന്ന ഇത്തരം ഫുഡ് കോർട്ടുകളിൽ മൊത്തം ചില്ലറവിൽപ്പന വിലയെക്കാൾ കൂടുതൽ വില വാങ്ങുന്നുവെന്ന പരാതി ഇപ്പോൾ നിയമസഭയിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏറനാട് എംഎൽഎ പികെ ബഷീർ നിയമസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടി നൽകികൊണ്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമനാണ് ഇക്കാര്യം സഭയെ അറിയിച്ചത്. അമിതവില ഈടാക്കുന്നതിന് ആർക്കും തന്നെ പ്രത്യേക അനുമതി നൽകിയിട്ടില്ലെന്നും മന്ത്രിസഭയിൽ അറിയിച്ചു.

സംസ്ഥാനത്ത് നിലവിൽ അമിത വില ഈടാക്കുന്നതിന്റെ പേരിൽ അഞ്ച് തീയറ്ററുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ മലബാർ മേഖലയിലെ തീയറ്ററുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ക്രൗൺ തീയറ്റർ പിവി എസ് ഫിലിംസിറ്റി, മലപ്പുറം പത്മം തീയറ്റർ, വിസ്മയ തീയറ്റർ പെരിന്തൽമണ്ണ, കാസർഗോഡ് കാഞ്ഞങ്ങാട് വിനായക തിയറ്റർ കോംപ്ലക്‌സ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്തെ ഭൂരിഭാഗം തിയറ്ററുകളും അമിതവിലയീടാക്കി തന്നെയാണ് ഭക്ഷണ പദാർഥങ്ങൾ വിൽപ്പന നടത്തുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തിയറ്ററുകളിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെയാണ് ഈ തീവെട്ടിക്കൊള്ള നടക്കുന്നത്. ഒരു പ്രത്യേക മേഖലയിൽ മാത്രം പരിശോധന നടത്തിയിട്ടോ നടപടിയെടുത്തതുകൊണ്ടോ ഇത്തരം പകൽകൊള്ളകൾ അവസാനിക്കാനും പോകുന്നമില്ല. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും പ്രവർത്തിക്കുന്ന തീയറ്ററുകളിലും ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തിയിരുന്നെങ്കിലും നിലവിൽ ഇവിടങ്ങളിലെ ഒരു സ്ഥാപനങ്ങൾക്കെതിരെയും നടപടികളെടുത്തിട്ടുമില്ല.

സംസ്ഥാനത്തെ മൾട്ടിപ്ലക്‌സ് തീയറ്ററുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ റെയ്ഡ് കഴിഞ്ഞ ഓഗസ്റ്റ് മാസം നടത്തിയിരുന്നു. ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് മിന്നൽ പരിശോധന. ഭക്ഷണ സാമഗ്രികളിൽ കൃത്രിമം കാട്ടിയ തീയറ്ററുകൾക്കെതിരെ കേസെടുത്തു. ഒരു ഗ്ലാസ് കോളയ്ക്കും പോപ്‌കോണിനും 150 രൂപ വീതമാണ് ഇവർ ഈടാക്കിയിരുന്നത്. ഒരു ലിറ്ററിന്റെ കുടിവെള്ളത്തിനു 50 രൂപയും. വൻകിടമാളുകളിലെ പി.വി.ആർ, സിനിപോളീസ്, ക്യൂസിനിമാസ് തുടങ്ങിയ മൾട്ടിപ്ലക്‌സുകൾ കേന്ദ്രീകരിച്ചായിരുന്നു അന്ന് കൊച്ചിയിൽ റെയ്ഡ നടത്തിയത്. ഭക്ഷണസാമഗ്രികളിൽ ക്രമക്കേട് നടത്തിയ തീയറ്ററുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ലീഗൽ മെട്രോളജി അസി കൺട്രോളർ അന്ന് വ്യക്തമാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP