Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിട്ടാനുള്ളത് 108 കോടി; കാശുണ്ടായിട്ടും കുടിശികയടയ്ക്കാതെ ആർഭാടജീവിതം നയിക്കുന്ന 31 പേരുടെ വീടിനു മുന്നിൽ സമരത്തിന് ബാങ്ക് ജീവനക്കാർ; കാത്തലിക് സിറിയൻ ബാങ്കുകാർ നടത്തുന്ന സമരത്തിനെതിരേ വ്യാപാരികളും ബാങ്ക് ജീവനക്കാരുടെ സംഘടനയും

കിട്ടാനുള്ളത് 108  കോടി; കാശുണ്ടായിട്ടും കുടിശികയടയ്ക്കാതെ ആർഭാടജീവിതം നയിക്കുന്ന 31 പേരുടെ വീടിനു മുന്നിൽ സമരത്തിന് ബാങ്ക് ജീവനക്കാർ; കാത്തലിക് സിറിയൻ ബാങ്കുകാർ നടത്തുന്ന സമരത്തിനെതിരേ വ്യാപാരികളും ബാങ്ക് ജീവനക്കാരുടെ സംഘടനയും

തൃശൂർ: വായ്പാ കുടിശികക്കാരുടെ സ്ഥാപനങ്ങൾക്കും വീടിനും മുന്നിലുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ സമരത്തിനെതിരെ വ്യാപാരികളും ബെഫിയും രംഗത്ത്. ബാങ്കിന്റെ ഹെഡ്ഡ് ഓഫീസിലേക്കും ചെയർമാന്റെ വീട്ടിലേക്കും മാർച്ച് നടത്തുമെന്ന് വ്യാപാരികൾ. കുടിശിക തിരിച്ചുപിടിക്കണം, പക്ഷേ അതിന്റെ ഉത്തരവാദികൾ ജീവനക്കാരല്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബെഫി. കാത്തലിക് സിറിയൻ ബാങ്കുകാർ നടത്തിയ സമരത്തിനെതിരെ വായപയെടുത്തവർ തൃശൂരിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്.

തൃശൂരിലെ പ്രമുഖ ബാഗ് നിർമ്മാതാക്കളായ കാൻഡിമാൻ ഗ്രൂപ്പും ഇരുചക്രവാഹന ഡീലർമാരായ ശ്രീവരി ഹോണ്ടയുമെല്ലാം കാത്തലിക് സിറിയൻ ബാങ്കിൽ തിരിച്ചടയ്ക്കാനുള്ളത് കോടികളാണ്.  53 കോടിയിലധികം കുടിശ്ശികയുള്ള ഈശ്വരി സ്പിന്നിങ് മിൽ മുതൽ 26 ലക്ഷം രൂപ തിരിച്ചടക്കാനുള്ള പ്രിസ്റ്റീജ് സർജിക്കൽസ് വരെയുണ്ട് കാത്തലിക് സിറിയൻ ബാങ്കിന്റെ കുടിശ്ശിക ലിസ്റ്റിൽ. പണമുണ്ടായിട്ടും വായ്പ തിരിച്ചടക്കാൻ വിസമ്മതിക്കുന്ന 31 പേരുടെ ലിസ്റ്റാണ് റിസർവ് ബാങ്കിന് നൽകിയിരിക്കുന്നത്. 108 കോടിയോളമാണ് ഈയിനത്തിൽ ബാങ്കിന് ലഭിക്കാനുള്ളത്്. ആർഭാടജീവിതം നയിക്കുകയും വായ്പ തിരിച്ചടക്കാതിരിക്കുകയും ചെയ്യുന്നവരുടെ വീടിനും സ്ഥാപനങ്ങൾക്കും മുൻപിൽ സമരം നടത്തുമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിരുന്നത്. രണ്ടുവർഷമായി കാത്തലിക് സിറിയൻ ബാങ്ക് നഷ്ടത്തിലാണ്.

കാൻഡിമാൻ ഗ്രൂപ്പിന്റെ് തൃശൂരിലെ പഴയ ഓഫീസിനു മുന്നിലായിരുന്ന കാത്തലിക് സിറിയൻ ബാങ്ക് ജിവനക്കാരുടെ ആദ്യ സമരപരിപാടി അരങ്ങേറിയത്. അന്നേ ദിവസം തന്നെ ഉടമ രഞ്ജിത്തിന്റെ ഭാര്യയുടെ പുതുക്കാടുള്ള വീടിനുമുന്നിലും സമരക്കാർ പ്ലക്കാർഡുകളുമായെത്തിയതാണ് ഇവരെ ചൊടിപ്പിച്ചത്. ഇതിനെതിരെയാണ് വെസ്റ്റ് പൊലീസ് സ്റ്റേഷനിലും ഈസ്റ്റിലും പുതുക്കാട് സ്റ്റേഷനിലും പരാതി നൽകിയിട്ടുള്ളത്. ഭാര്യയോ വീട്ടുകാരോ ബാങ്കിന്റെ ഒരു രേഖയിലും കക്ഷിയല്ലെന്നും വായപയുമായി ഇവർക്ക് ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. ഭാര്യാമാതാവ് രോഗബാധിതയായി കിടക്കുന്ന അവസ്ഥയിലാണ് ബാങ്കിന്റെ സമരം. കാത്തലിക് സിറിയൻ ബാങ്കിന്റെ ഈ നടപടിക്കെതിരെ വ്യാപാരി വ്യവസായി കോൺഫെഡറേഷൻ ശക്തമായി രംഗത്തിറങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

ബാഗ് നിർമ്മാണത്തിനായി ചൈനയിൽ നിന്നുമെത്തിച്ച അസംസ്‌കൃത ഉത്പന്നം വൻതോതിൽ നശിച്ചുപോയതാണ് കാൻഡിമാൻ ഗ്രൂപ്പിനെ നഷ്ടത്തിലാക്കിയതെന്നാണ് ഇവരുടെ വാദം. വ്യവസായ മേഖലയിലുണ്ടായ പ്രതിസന്ധിയും കാൻഡിമാന്റെ തകർച്ചക്ക് കാരണമായി. ഈ സാഹചര്യത്തിൽ വസ്തുപ്രമാണം ഉൾപ്പടെയുള്ള രേഖകൾ ബാങ്കിന്റെ കൈവശമുണ്ട്. നിയമപരമായി കുടിശ്ശിക തിരിച്ചുപിടിക്കാൻ ശ്രമിക്കാതെ അവഹേളിക്കാനുള്ള നീക്കത്തിനെയാണ് വ്യാപാരി വ്യവസായികളും കാൻഡിമാൻ ഉടമയും പരാതിയിലൂടെ ഉന്നയിക്കുന്നത്. ബാങ്ക് ബ്ലേഡ് മാഫിയയെപോലെ പെരുമാറുന്നത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ബെഫി പോലുള്ള സംഘടനകളും ബാങ്കിന്റെ പുതിയ സമരരീതിയെ ഭാഗികമായി മാത്രമെ അംഗീകരിക്കുന്നുള്ളൂ. കോടികളുടെ ലോൺ അനുവദിക്കുന്നത് ഡയറക്ടർ ബോർഡും ഉന്നതരുമാണ് അതിന് മതിയായ ഈടും നൽകണം. ഇതിൽ വീഴ്ച വരുമ്പോഴാണ് പ്രശ്നങ്ങൾ തെരുവിലെത്തുന്നത്.അപ്പോൾ ജീവനക്കാരെ സമരത്തിന് ഇറക്കുന്നത് ശരിയായ നടപടിയല്ലെന്ന് ബെഫിയുടെ നേതാക്കൾ പറഞ്ഞു. കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള മാർഗത്തെ സംബന്ധിച്ചാണ് അഭിപ്രായ വ്യത്യാസങ്ങളുള്ളത്. കോടികൾ കുടിശ്ശികയുണ്ടെങ്കിലും അതിലും എത്രയോ ഇരട്ടി കോടികളുടെ വസ്തുക്കൾ ഈടായി ബാങ്കിന്റെ പക്കലുണ്ടെന്നാണ് കുടിശ്ശികക്കാരും വ്യാപാരികളും പറയുന്നത്. 

കേരളത്തിലെ ബാങ്കുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ലോണെടുത്തവരുടെ വീടിനുമുന്നിൽ സമരവുമായി ജീവനക്കാര് എത്തുന്നത്. ലോണെടുത്ത് തിരിച്ചടക്കാൻ നിവൃത്തിയില്ലാത്തവരുടെ ആത്മഹത്യയും, വീടും സ്ഥലവും ജ്പതി ചെയ്യുന്നതുമെല്ലാം മലയാളികൾക്ക് സുപരിചിതമാണെങ്കിലും ഇതൊരു വ്യത്യസ്തമായ നീക്കമായിരുന്നു. പണമുണ്ടായിട്ടും കുടിശിക തിരിച്ചടക്കാതെ സമൂഹത്തിൽ മാന്യ•ാരായി വിലസുകയും സുഖലോലുപരായി ജീവിക്കുകയും ചെയ്യുന്നവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുൻപിൽ സമരം നടത്താനാണ് ബാങ്ക് മാനേജ്മെന്റിന്റെ തീരുമാനം.

53 കോടി 18 ലക്ഷം രൂപ കുടിശ്ശികയുള്ള ഈശ്വരി സ്പിന്നിങ് മില്ലിന്റെ പ്രൊപ്രൈറ്റർ പി. ശെന്തിൽകുമറാണ് ഇക്കൂട്ടത്തിൽ വമ്പൻ. 11 കോടി 17 ലക്ഷം രൂപയുടെ കുടിശ്ശികയുള്ള ശ്രീവരി ട്രേഡിങ്സ് കമ്പനി, 5 കോടി 53 ലക്ഷം കുടിശികയുള്ള പത്മിനി ജൂവല്ലേഴ്സ്, 5 കോടി 47 ല്ക്ഷം- സൗണ്ട് ക്രാഫ്ട് ഇൻഡസ്ട്രീസ്, 4 കോടി 96 ലക്ഷം - മലബാർ സൗണ്ട് ആൻഡ് സ്റ്റോൺ, 4കോടി 30 ലക്ഷം- എസ്.ആർ ട്രേഡേഴ്സ്, 3 കോടി 91 ല്ക്ഷം- കെ.എം.സ്റ്റോൺ ക്രഷർ എന്നിവരാണ് തൊട്ടു പുറകെ വരുന്ന കുടിശ്ശികക്കാർ. നിയമത്തിന്റെ കുറുക്കുവഴികൾ ഉപയോഗിച്ച് ഇത്തരക്കാർ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ, സമൂഹത്തിൽ മാന്യന്മാരായ ഇവർ തട്ടിപ്പുകാരാണെന്ന് പരസ്യമായി നാട്ടുകാരോട് വിളിച്ചു പറയുന്നതിലൂടെ, മാനഹാനി ഭയന്ന് കുടിശ്ശിക തിരിച്ചടയ്ക്കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

ശ്രീവരി ട്രേഡിങ്സ് കമ്പനിയുടെ പേരിൽ ഡയറക്ടർമാരായ വിജയബാലസുബ്രഹ്മണ്യൻ, ശോഭന ബാലസുഹ്മണ്യൻ എന്നിവരുടെ പേരിലായി 11.കോടി 17 ലക്ഷം രൂപയാണ് കാത്തലിക് സിറിയൻ ബാങ്കിൽ കുടിശ്ശികയുള്ളത്. തൃശ്ശൂരിലെ പ്രമുഖ ഹോണ്ട ഇരുചക്രവാഹന ഡീലർമാരായ ശ്രീവരി ഹോണ്ടയുടെ ഉടമസ്ഥരാണിവർ. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് കൂടി ലോണെടുത്ത പണം ഒഴുക്കിയതാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമായതെന്നു കരുതുന്നു. ബാങ്ക് നിയമനടപടികൾ സ്വീകരിച്ചാലും എളുപ്പത്തിൽ ലഭിക്കാത്ത കോടികളുടെ കുടിശ്ശികകളാണിവ.

എന്നാൽ ബാങ്ക് ജീവനക്കാർ പ്രത്യക്ഷ സമര പരിപാടികളുമായി കടക്കാരുടെ സ്ഥാപനങ്ങൾക്കും വീടുകൾക്കും മുന്നിലെത്തുമ്പോൾ മാനക്കേടു ഭയന്ന് പണം തിരിച്ചടക്കാൻ ശ്രമിക്കുമെന്ന് സമരരീതി നടപ്പിലാക്കിയവർ കരുതുന്നു. ഈ തന്ത്രം വിജയിക്കുന്നുണ്ടെന്നാണ് മാനേജ്മെന്റ് വാദം. പലതവണ ഒത്തുതീർപ്പ് ചർച്ചകൾക്ക് വിളിച്ചിട്ടും വഴങ്ങാത്തവർ കുടിശ്ശിക തിരിച്ചടക്കാം എന്ന നിലപാടിൽ എത്തിക്കഴിഞ്ഞു. ആദ്യ ഘട്ടമെന്ന നിലയിൽ 50 ലക്ഷത്തിനു മുകളിൽ വായ്പ കുടിശ്ശികയുള്ളവരുടെ വീടിനു മുന്നിലായിരുന്നു സമരം. കോടികൾ തിരിച്ചടക്കാൻ പ്രാപ്തിയുണ്ടായിട്ടും അടയ്ക്കാത്തവരുടെ ലിസ്റ്റുമായാണ് ബാങ്ക് എം.ഡി. രാജേന്ദ്രൻ ജീവനക്കാരെ സമീപിച്ചത്.

ചാർട്ടേഡ് അക്കൗണ്ടന്റ് കൂടിയായ പി.എസ്. അനന്തരാമൻ ചെയർമാനായ കാത്തലിക് സിറിയൻ ബാങ്കിന്റെ എം.ഡി.ആഗ്ര ബാങ്കിൽ മേധാവിയായിരുന്ന വി.ആർ.രാജേന്ദ്രനാണ്. ഇദ്ദേഹത്തിന്റെ നിരന്തരമായ സമ്മർദ്ദത്താലാണ് കോടികളുടെ കുടിശ്ശിക തിരിച്ചടപ്പിക്കുന്നതിനുള്ള സമരത്തിന് ജീവനക്കാർ മുന്നിട്ടിറങ്ങിയത്. പ്യൂൺ മുതൽ ജനറൽ മാനേജർ വരെയുള്ളവർ സമരത്തിന് പ്ലക്കാർഡുകളുമായി കുടിശ്ശികക്കാരായ കോടിശ്വരന്മാരുടെ സ്ഥാപനങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു. ആഗ്ര ബാങ്കിൽ പ്രവർത്തിച്ചിരുന്ന കാലത്ത് പരീക്ഷിച്ച് വിജയം കണ്ട പദ്ധതിയായതിനാലാണ് ഇവിടെയും പ്രാവർത്തികമാക്കിയത്. ജീവനക്കാരുടെ നിലനിൽപ്പിന്റെ പ്രശ്നമായതിനാൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ജീവനക്കാർ പൊരിവെയിലത്തും സമരത്തിനിറങ്ങുകയായിരുന്നു.

കോടികളുടെ ലോണുകൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിൽ പലപ്പോഴും ബാങ്കുകളുടെ ഡയറക്ടർ ബോർഡിനു വലിയ പങ്കുണ്ട്. ഇവരിൽ പലരുടെയും ഒത്താശയും സ്വാധീനവുമാണ് മികച്ചതല്ലാത്ത പദ്ധതികൾക്കും കോടികൾ ലോൺ നൽകാൻ ബാങ്കിനെ പ്രേരിപ്പിക്കുന്നത്. എന്നാൽ ലാഭകരമല്ലാതെ ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കെട്ടുമ്പോൾ പണം നഷ്ടപ്പെടുന്നത് ബാങ്കിന്റേതാണ്. കാത്തലിക് സിറിയൻ ബാങ്കിനു മാത്രമല്ല ഈ അവസ്ഥയുള്ളത്. ഫെഡറൽ ബാങ്ക്, സൗത്തിന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകളും വായ്പ തിരിച്ചടക്കാൻ പണമുണ്ടായിട്ടും അടയ്ക്കാത്തതിനാൽ പ്രതിസന്ധിയിലാണ്. തൃശ്ശൂർ നഗരത്തിൽ അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ സൗത്തിന്ത്യൻ ബാങ്കിനു നൽകാനുള്ളത് 60 കോടിയിലേറെ രൂപയാണെന്ന് പറയുന്നു. പലപ്പോഴും ബാങ്കിന്റെ പ്രിയപ്പെട്ട കസ്റ്റമർമാരായ ഇവരെ പിണക്കാനും ഉദ്യോഗസ്ഥർ ശ്രമിക്കാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP