Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൻ ഔഷധിയിലെ അഴിമതി ബിപിപിഐ മുൻ സിഇഒയുമായി ചേർന്ന്; പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ മരുന്നുകൾ എത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ കോടികളുണ്ടാക്കിയവർ കുടുങ്ങും; ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ അന്വേഷണം തുടങ്ങി; സിബിഐ നടപടി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം

ജൻ ഔഷധിയിലെ അഴിമതി ബിപിപിഐ മുൻ സിഇഒയുമായി ചേർന്ന്; പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ മരുന്നുകൾ എത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ കോടികളുണ്ടാക്കിയവർ കുടുങ്ങും; ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ അന്വേഷണം തുടങ്ങി; സിബിഐ നടപടി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം

അർജുൻ സി വനജ്

കൊച്ചി: ബിജെപി ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനെതിരെയുള്ള ജൻ ഔഷധി ഫർണിഷിങ് അഴിമതി സംബന്ധിച്ച പരാതി സിബിഐ ഫയലിൽ സ്വീകരിച്ചു. ബിപിപിഐ മുൻ സിഇഒ യുമായി ചേർന്ന് ജൻ ഔഷധി പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതി നടത്തിയെന്ന മറുനാടൻ മലയാളി വാർത്തയെത്തുടർന്നാണ് നടപടി. എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗം അഡ്വ ദിലീഷ് ജോണാണ് സിബിഐ എറണാകുളം യൂണിറ്റിൽ നേരിട്ടെത്തി സൂപ്രണ്ടന്റിന് പരാതി നൽകിയത്.

പ്രാഥമിക അന്വേഷണത്തിനായി പരാതി കൈമാറിയെന്ന് സൂപ്രണ്ടന്റ് അറിയിച്ചു. വിഷയത്തെക്കുറിച്ച് സിബിഐ ഉദ്യോഗസ്ഥർക്ക് നേരത്തെതന്നെ അറിവുള്ള നിലയിലായിരുന്നു അവരുടെ പെരുമാറ്റം. മാധ്യമങ്ങൾക്ക് നൽകാൻ തയ്യാറല്ലയെന്ന് അപേക്ഷകർ പറഞ്ഞ തെളിവുകൾ, അവരിൽ നിന്ന് ഉടൻ ശേഖരിക്കുമെന്നും സൂപ്രണ്ടന്റ് അറിയിച്ചതായി അഡ്വ ദിലീഷ് ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ മരുന്നുകൾ എത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തതെന്ന് സൂചനയുണ്ട്.

സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ(സൈൻ) ന്റെ പണമിടപാടുകളെക്കുറിച്ചാണ് ദേശീയ ഏജൻസി അന്വേഷണം ആരംഭിച്ചത്. മധ്യകേരളത്തിലെ പ്രമുഖ ഡോക്ടർ എഎൻ രാധാകൃഷ്ണൻ ചെയർമാനായ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ എന്ന സംഘടനയ്ക്ക് ഒരു ലക്ഷത്തി പതിനേഴായിരം രൂപ നൽകിയെന്ന് പറയുന്ന ശബ്ദരേഖയടക്കമുള്ള തെളിവുകൾ കഴിഞ്ഞ ദിവസം മറുനാടൻ മലയാളി പുറത്ത് വിട്ടിരുന്നു. ജൻ ഔഷധി സ്റ്റേറിന്റെ നടത്തിപ്പുകാരൻ എന്ന നിലയിൽ വിളിച്ചപ്പോളായിരുന്നു സ്വകാര്യ സംഭാഷണത്തിൽ പണം നൽകിയ വിവരം അപേക്ഷകയായ ഡോക്ടർ വെളിപ്പെടുത്തിയത്. ഗവൺമെന്റ് അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് gov jan aushadhi എന്ന ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരിക്കുന്നതെന്നും ഡോക്ടർ ശബ്ദരേഖയിൽ വിശദീകരിക്കുന്നുണ്ട്.

അതേസമയം ജൻ ഔഷധി പദ്ധതിയുടെ പേരിൽ കേരളത്തിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ജൂലൈ അവസാനത്തെ ആഴ്ച ഉത്തരവിട്ടിരുന്നു. ഫാർമസ്യൂട്ടിക്കൽ സെക്രട്ടറിയോടാണ് ഒരു മാസത്തിനകം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് നൽകാൻ പിഎംഒ ഉത്തരവിട്ടിരിക്കുന്നത്. ജൻ ഔഷധി സ്റ്റോറുകൾ തുടങ്ങുന്നതിനായി ഫർണിഷിങ് ചാർജ്ജ് വാങ്ങുന്ന രണ്ട് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇടപ്പള്ളിയിലെ 16860200002284 എന്ന ഫെഡറൽ ബാങ്ക് അക്കൗണ്ട്, gov jan aushadhi ( സർക്കാർ അക്കൗണ്ടാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി ഉണ്ടാക്കിയതാണിത്. എന്നാൽ ഏത് ബാങ്ക് അക്കൗണ്ടാണെന്നോ, അക്കൗണ്ട് നമ്പറോ അന്വേഷണത്തിൽ ലഭിച്ചില്ല) എന്ന മറ്റൊരു അക്കൗണ്ടിനെക്കുറിച്ചുമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ജൻ ഔഷധിയുടെ മറവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുരളീധരൻ നായരും ചേർന്ന് നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ ബിജെപി അനുഭാവികൾ രണ്ട് മാസങ്ങൾക്ക് മുന്നേ അറിയിച്ചിരുന്നു. ഇത് പ്രകാരം വകുപ്പ് മന്ത്രി എച്ച് എൻ അനന്ദകുമാറിന് കുമ്മനം രാജശേഖരൻ കത്ത് നൽകിയെങ്കിലും എഎൻ രാധാകൃഷ്ണൻ നേരിട്ട് ഇടപെട്ട് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ബിജെപിയിലെ ഒരു പറ്റം നേതാക്കൾ നൽകുന്ന വിവരം. ജൻ ഔഷധി പദ്ധതിയെ തകർക്കാൻ സ്വകാര്യ മരുന്ന് ലോബി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് എഎൻആർ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതോടെയാണ് രണ്ട് മാസങ്ങൾക്ക് മുന്നേ അരംഭിക്കേണ്ടിയിരുന്ന അന്വേഷണം പ്രഖ്യാപിക്കാതെ പോയത്.

BPPI/06/KER/1183/2016/JAS എന്ന നമ്പറിലുള്ള കത്തിലൂടെയാണ് 108 ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കുന്നതിനുള്ള അനുമതി എ.എൻ രാധാകൃഷ്ണൻ , ചെയർമാൻ ഓഫ് സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നാഷൻ, കൊച്ചി എന്ന അഡ്രസിൽ നൽകിയത്. പിന്നീട് ഇടപ്പള്ളിയിലെ 28/446, പാലാഴി, ഫസ്റ്റ് ഫ്ലോർ,ഗിരിനഗർ ക്ലബ്ബ് റോഡ് , കടവന്ത്ര, കൊച്ചി, കേരള, 682020 എന്ന അഡ്രസ്സിൽ വെച്ച് ബിപിപിഐ സിഇഒയുമായി കരാർ ഒപ്പുവെച്ചു. (നിലവിൽ ഈ അഡ്രസ്സിൽ ഓഫീസ് പ്രവർത്തിക്കുന്നില്ല, ഇടപ്പള്ളിയിലാണ് സൈൻ ഓഫീസ്) ഇതോടെയാണ് തട്ടിപ്പിനുള്ള വിശാലമായ കളം ഒരുങ്ങിയത്. കേന്ദ്ര സർക്കാർ പദ്ധതിയെക്കുറിച്ച് അറിവില്ലാത്തവരെയായിരുന്നു, എ.എൻ രാധാകൃഷ്ണൻ ചെയർമാനും ബിജെപി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുരളീധരൻ നായർ ജനറൽ സെക്രട്ടറിയുമായ സൈൻ ലക്ഷ്യം വെച്ചിരുന്നത്. അപേക്ഷകരിൽ നിന്ന് 2000 രൂപ രജിസ്ട്രേഷൻ ചാർജ്ജ് വാങ്ങുകയാണ് ആദ്യപടി. (പദ്ധതി അനുവദിച്ച് കിട്ടുന്നതിനുള്ള നിലവിലെ ചാർജ്ജ് നൂറു രൂപയാണ്. പദ്ധതിക്കായി നേരിട്ട് ആർക്കും അപേക്ഷിക്കാം)

പിന്നാലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ഫർണിഷിംങ് (അലമാരികളും മറ്റും നിർമ്മിക്കുന്നത് സംബന്ധിച്ച്) ജോലികൾ സംബന്ധിച്ച് ബിപിപിഐയുടെ കണ്ടീഷൻസ് ഉണ്ടെന്ന് അപേക്ഷകനെ തെറ്റിദ്ധരിപ്പിക്കുകയാണ് അടുത്തപടി. ഇതിൽ വീഴുന്ന അപേക്ഷനിൽ നിന്ന് ഒരു ലക്ഷത്തി പതിനയ്യായിരം മുതൽ മൂന്നര ലക്ഷം രൂപ വരെ ഫർണിഷിങ് ചാർജ്ജ് വാങ്ങിയാണ് ഇവർ അപേക്ഷകരെ തട്ടിപ്പിനിരയാക്കുന്നത്. ഇത്തരത്തിൽ പണം നൽകിയിട്ടും ജൻ ഔഷധി സ്റ്റോർ ആരംഭിക്കാൻ കഴിയാത്ത മധ്യകേരളത്തിലെ പ്രമുഖ ഡോക്ടറുമായി മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോൾ പണം പോയ കാര്യം അവർ സ്ഥിരീകരിച്ചു. പക്ഷെ വാർത്തയിൽ പേര് നൽകരുതെന്നും വിജിലൻസ് പോലുള്ള അന്വേഷണ സംഘങ്ങൾ വന്നാൽ വിവരങ്ങൾ കൈമാറമെന്നും അവർ ഉറപ്പ് നൽകി.

അപേക്ഷ നൽകിയ എറണാകുളത്തെ ഒരു സംഘടന നേതാവുമായും ഞങ്ങൾ ബന്ധപ്പെട്ടു. അവർ പ്രാഥമികമായി നൽകേണ്ട 200 രൂപ മാത്രമാണ് നൽകിയിരുന്നത്. യൂണിഫോമൽ ഫർണിഷിംഗിനായി ഒരു ലക്ഷത്തി പതിനയ്യായിരം രൂപയാണ് ഇവരോടും എ എൻ രാധാകൃഷ്ണൻ നേരിട്ട് ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP