Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടനിലേക്ക് നഴ്‌സാകാൻ ആഗ്രഹിക്കുന്നവർക്കുള്ള സിബിടി ടെസ്റ്റ് വിജയകരം; ആദ്യം എഴുതിയവരിൽ 79 ശതമാനവും വീണ്ടും എഴുതിയവരിൽ 93 ശതമാനവും വിജയം; ഐഇഎൽടിഎസ് 7 ഉള്ളവർ ഉടൻ പരീക്ഷ എഴുതുക

ബ്രിട്ടനിലേക്ക് നഴ്‌സാകാൻ ആഗ്രഹിക്കുന്നവർക്കുള്ള സിബിടി ടെസ്റ്റ് വിജയകരം; ആദ്യം എഴുതിയവരിൽ 79 ശതമാനവും വീണ്ടും എഴുതിയവരിൽ 93 ശതമാനവും വിജയം; ഐഇഎൽടിഎസ് 7 ഉള്ളവർ ഉടൻ പരീക്ഷ എഴുതുക

മേരിക്കൻ സ്റ്റൈലിലുള്ള കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ ഏർപ്പെടുത്തി ബ്രിട്ടണിൽ ജോലി ചെയ്യാനുള്ള നഴ്‌സുമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം എന്തു സംഭവിച്ചു എന്നറിയാൻ ആഗ്രഹിക്കുന്നവർ ഇതറിയുക. ആദ്യ തവണയോ രണ്ടാം തവണയോ ആയി പരീക്ഷ എഴുതിയ 93 ശതമാനം പേരും വിജയിച്ചിരിക്കുന്നു എന്ന് എൻഎംസിയുടെ ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. ഐഇഎൽടിഎസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും ഏഴു നേടിയവർ ഇപ്പോൾ പരീക്ഷ എഴുതിയാൽ അനായാസം വിജയിക്കാം എന്നാണ് ഈ രേഖകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടണിലേക്ക് നഴ്‌സാകാൻ ആഗ്രഹിക്കുന്നവർ ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വീഴാതെ ഉടൻ തന്നെ ഈ പരീക്ഷ എഴുതാൻ ശ്രമിക്കുക.

ടെസ്റ്റ് എഴുതിയ 2373 ഉദ്യോഗാർഥികളിൽ 2198 പേരും (93 ശതമാനം) പാസായതായി എൻഎംസി രേഖകൾ വെളിവാക്കുന്നു. ഓൾ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി പാത്ത് വേസിൽ 2768 പേരാണ് സിബിടി പരീക്ഷയിൽ പങ്കെടുത്തത്. ആദ്യ തവണ 1843 പേരും രണ്ടാം തവണ 355 പേരും പാസായതായാണ് കണക്ക്. ഓവറോൾ പാസ് റേറ്റ് 79 ശതമാനമാണ് ഇതിൽ രേഖപ്പെടുത്തിയത്. അഡൾട്ട് നഴ്‌സിങ് പാത്ത് വേയിൽ 2693 പേരാണ് സിബിടി പരീക്ഷയ്ക്ക് തയാറായത്. ഇതിൽ ആദ്യ തവണ 1834 പേർ (79 ശതമാനം) പാസായപ്പോൾ രണ്ടാം തവണ 349 പേർ കൂടി (93 ശതമാനം) പാസായി.

ഫിലിപ്പീൻസ് കഴിഞ്ഞാൽ സിബിടി പാസായവരിൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിൽ നിന്നാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 1105 പേർ ഫിലിപ്പീൻസിൽ നിന്നു പാസായപ്പോൾ ഇതുവരെ ഇന്ത്യയിൽ നിന്ന് 352 പേർ സിബിടി വിജയിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിൽ നിന്ന് 258 പേരും യുഎസിൽ നിന്ന് 195 പേരും കാനഡയിൽ നിന്ന് 80 പേരും ന്യൂസിലാൻഡിൽ നിന്ന് 62 പേരും നൈജീരിയയിൽ നിന്ന് 29 പേരുമാണ് സിബിടി നിലവിൽ പാസായിട്ടുള്ളത്.

മൾട്ടിപ്പിൾ ചോയ്‌സുകൾ മാത്രം അടങ്ങിയ സിബിടി പരീക്ഷയ്ക്ക് 120 ചോദ്യങ്ങളാണ് ആകെയുള്ളത്. പരീക്ഷ എഴുതുന്നതിന് നാലു മണിക്കൂർ സമയവും. പാസാകാൻ ഓവറോൾ സ്‌കോൾ 60 ശതമാനം വേണമെന്നുണ്ട്. അതേസമയം ക്രിട്ടിക്കൽ ചോദ്യങ്ങളിൽ 90 ശതമാനവും വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടവയാണ്. ഇവ രോഗിയുടെ സുരക്ഷയെ സംബന്ധിച്ചുള്ളവ ആയിരിക്കും. ഒരു തവണ തോറ്റാൽ രണ്ടാമതൊരു തവണ കൂടി പരീക്ഷയ്ക്ക് ഇരിക്കാം.യുകെയിൽ നഴ്‌സാകാൻ ഐഎൽടിഎസ് മാത്രം പോര എന്ന നിയമം കുറച്ചു കാലം മുമ്പു മാത്രമാണ് നിലവിൽ വന്നത്. ഐഎൽടിഎസിനു പുറമേ ക്ലിനിക്കൽ ടെസ്റ്റും പാസാകണം. ഐഎൽടിഎസ് ക്ലിയർ ചെയ്ത് നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കൗൺസിലിൽ അപേക്ഷ നൽകി ഡിസിഷൻ ലെറ്റർ കൈപ്പറ്റിയവർക്കേ ഈ പരീക്ഷ എഴുതാൻ സാധിക്കൂ. രണ്ടു ഘട്ടമായാണ് ഈ പരീക്ഷ. ആദ്യ ഘട്ടമാണ് സിബിടി. അത് നാട്ടിൽ ഇരുന്നുകൊണ്ടു തന്നെ എഴുതാം. സിബിടി പരീക്ഷ എഴുതി പാസായാൻ രണ്ടാം ഘട്ടമായ ഒഎസ്സിഇ പരീക്ഷ യുകെയിൽ എത്തിയ ശേഷം എഴുതിയാൽ മതിയാകും.

സിബിടി പാസായവർക്ക് യുകെയിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാം. സിബിടി പാസായവർക്ക് വിസ നിരസിക്കാനുള്ള സാധ്യത തീരെ കുറവാണ്. വിസ ലഭിച്ച ശേഷം മാത്രമേ പ്രാക്ടിക്കൽ പരീക്ഷയായ ഒഎസ്സിക്ക് വേണ്ടി രജിസ്റ്റർ ചെയ്യാവൂ. ഈ പരീക്ഷയ്ക്ക് ഡേറ്റ് ലഭിച്ച് കഴിഞ്ഞാൽ വിസ എടുത്ത ശേഷം യുകെയിലേക്ക് വിമാനം കയറാം. ഈ പരീക്ഷാ തീയതിയുടെ പത്താഴ്ച മുമ്പ് യുകെയിൽ എത്തി ജോലി ആരംഭിക്കാം. യുകെയിൽ എത്തി ജോലി ചെയ്യുന്ന ദിവസം മുതൽ ശമ്പളം കിട്ടുകയും ചെയ്യും. എന്നാൽ പരീക്ഷ പാസായാൽ മാത്രം നഴ്‌സായി രജിസ്‌ട്രേഷൻ ലഭിക്കുകയും നഴ്‌സായി ജോലി ചെയ്യാൻ കഴിയുകയുള്ളൂ. അതുവരെ ജോലി സ്ഥലത്തെ സീനിയർ നഴ്‌സുമാരുടെ കീഴിൽ ട്രെയ്‌നി നഴ്‌സായി വേണം ജോലി ചെയ്യാൻ.

എൻഎംസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പരീക്ഷകൾ നടക്കുന്നതെന്നതിനാൽ ഏജന്റുമാരുടെ വാഗ്ദാനങ്ങളിലും ചതിക്കുഴികളിലും മറ്റും വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പല മോഹനവാദ്ഗാനങ്ങളും നൽകി നിങ്ങളെ ഏജന്റുമാർ വല വീശിപ്പിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ ഇന്റർനെറ്റു വഴി നേരിട്ട് സിബിടി പരീക്ഷ എഴുതാം എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ഇതു സംബന്ധിച്ച പരിശീലന കോഴ്‌സുകൾ ഒന്നും ഇല്ലാതിരുന്നിട്ടു കൂടി സിബിടി പരീക്ഷയിൽ മെച്ചപ്പെട്ട റിസൾട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്. പരീക്ഷ അത്ര കടുകട്ടിയല്ല എന്നതാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. ശ്രദ്ധിച്ച് ചെയ്താൽ ആർക്കും മെച്ചപ്പെട്ട സ്‌കോർ നേടാവുന്നതാണ് ഇതെന്നാണ് ഇപ്പോൾ വെളിവായിരിക്കുന്നത്. എന്നാൽ സിബിടി പരീക്ഷയുടെ നടപടി ക്രമങ്ങളെപ്പറ്റി നഴ്‌സുമാർക്കിടയിൽ ബോധവത്ക്കരണം ഇല്ലാത്തതാണ് ഇതു സംബന്ധിച്ച് തെറ്റിദ്ധാരണകൾ നിലനിൽക്കാൻ കാരണം. ഐഎൽടിഎസ് പാസായ ആർക്കും മധ്യസ്ഥർ കൂടാതെ യുകെയിൽ നഴ്‌സാകാൻ സാധിക്കുന്ന തരത്തിലുള്ള ഈ നിയമം മാറും മുമ്പു തന്നെ പരീക്ഷ എഴുതാൻ ശ്രമിക്കുക. സിബിടി പരീക്ഷയ്ക്ക് കൊച്ചിയിലും കേന്ദ്രമുണ്ട് എന്നതും മലയാളികൾക്ക് ആശ്വാസകരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP