Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി.സി. തമ്പിയെ മൂന്ന് ദിവസം എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു; അന്വേഷണ സംഘത്തിനു മുന്നിൽ 16 തവണയും 80 മണിക്കൂറും ഹാജരായെന്ന് വാദിച്ചിട്ടും കസ്റ്റഡി ഒഴിവാക്കാനായില്ല; വിദേശത്ത് വധേര നടത്തിയ വസ്തു ഇടപാടുകളെക്കുറിച്ച് വിവരങ്ങൾ ലഭിക്കാൻ തമ്പിയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് പറഞ്ഞ് ഇഡി; ഗാന്ധി കുടുംബത്തിന്റെ അതിവിശ്വസ്തനെ പൂട്ടി പൗരത്വ പ്രക്ഷോഭത്തിൽ മുന്നിൽ നിൽക്കുന്ന കോൺഗ്രസ് പാർട്ടിയെയും വെട്ടിലാക്കി കേന്ദ്രസർക്കാർ; ഉന്നം പ്രിയങ്ക ഗാന്ധി തന്നെ

സി.സി. തമ്പിയെ മൂന്ന് ദിവസം എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു; അന്വേഷണ സംഘത്തിനു മുന്നിൽ 16 തവണയും 80 മണിക്കൂറും ഹാജരായെന്ന് വാദിച്ചിട്ടും കസ്റ്റഡി ഒഴിവാക്കാനായില്ല; വിദേശത്ത് വധേര നടത്തിയ വസ്തു ഇടപാടുകളെക്കുറിച്ച് വിവരങ്ങൾ ലഭിക്കാൻ തമ്പിയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് പറഞ്ഞ് ഇഡി; ഗാന്ധി കുടുംബത്തിന്റെ അതിവിശ്വസ്തനെ പൂട്ടി പൗരത്വ പ്രക്ഷോഭത്തിൽ മുന്നിൽ നിൽക്കുന്ന കോൺഗ്രസ് പാർട്ടിയെയും വെട്ടിലാക്കി കേന്ദ്രസർക്കാർ; ഉന്നം പ്രിയങ്ക ഗാന്ധി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട് വാധ്ര ഉൾപ്പെട്ട വിദേശവസ്തു ഇടപാടിൽ അറസ്റ്റിലായ പ്രവാസി മലയാളി വ്യവസായി സി. സി. തമ്പിയെ 3 ദിവസത്തേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സിബിഐ ജഡ്ജി അരവിന്ദ് കുമാറിന്റേതാണ് ഉത്തരവിട്ടത്. അന്വേഷണ സംഘത്തിനു മുന്നിൽ 16 തവണയും 80 മണിക്കൂറും ഹാജരായിട്ടുണ്ടെന്നും കസ്റ്റഡിയിൽ വിടരുതെന്നും തമ്പി വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. അഭിഭാഷകർക്കു കസ്റ്റഡിയിൽ തമ്പിയെ സന്ദർശിക്കാൻ കോടതി അനുമതി നൽകി.

17നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വിദേശത്ത് വാധേര നടത്തിയ വസ്തു ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ തമ്പിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി വാദിക്കുകയാിരുന്നു. കേസുമായി ബന്ധപ്പെട്ട് 30,000 പേജുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പേരെ വരും ദിവസങ്ങളിൽ തമ്പിക്കൊപ്പം ചോദ്യം ചെയ്യും. വിവാദ പ്രതിരോധ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരി വഴി 2009 ൽ ലണ്ടനിൽ വാധ്ര കെട്ടിടം വാങ്ങിയതിൽ 288 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും തമ്പിക്കും ഇതിൽ പങ്കുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

അതേസമയം പ്രവാസി വ്യവസായിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ പ്രവാസി മലയാളി വ്യവസായി സി.സി തമ്പിയുടെ അറസ്റ്റിന് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്. പൗരത്വ പ്രക്ഷോഭത്തിനു മുന്നിൽ പ്രതിരോധത്തിലായ കേകന്ദ്രസർക്കാർ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനു നൽകിയ ഷോക്ക് കൂടിയാണ് തമ്പിയുടെ അറസ്റ്റ്. ഇത് പ്രധാനമായും ഉന്നം വെക്കുന്നത് പ്രിയങ്ക ഗാന്ധിയെ ആണ്. ഉത്തർപ്രദേശ് ലക്ഷ്യമാക്കിയാണ് പ്രിയങ്ക ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നത്. ഈ ഇടപെടലുകളെ മെരുക്കുക എന്നതും സിസി തമ്പിയുടെ അറസ്റ്റിലൂടെ നൽകുന്ന രാഷ്ട്രീയ സൂചനയാണ്.

വിവാദ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായും റോബർട്ട് വാദ്രയുമായും ചേർന്ന് ലണ്ടനിൽ നടത്തിയ സ്വത്തിടപാടിലെ അന്വേഷണവും വിദേശ പണവിനിമയ ചട്ടം ലംഘിച്ച് കേരളത്തിൽ 1000 കോടിയുടെ ഭൂമിയിടപാട് നടത്തിയ കേസുമാണ് തമ്പിക്കെതിരെയുള്ളത്. ഈ കേസുകളിൽ 2017 മുതൽ തമ്പി അന്വേഷണം നേരിടുകയാണ്. 2017 മുതൽ അനേകം തവണ തമ്പിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. മൂന്നു വർഷത്തിനു ശേഷം നടന്ന അറസ്റ്റിന് അതുകൊണ്ടു തന്നെ രാഷ്ട്രീയ പ്രാധാന്യം കൈവരികയാണ്.

സോണിയാ കുടുംബത്തിന്റെ വിശ്വസ്തനായ സി.സി തമ്പിക്ക് ബിജെപിയിലും സിപിഎമ്മിലും ഉന്നത ബന്ധങ്ങളുണ്ട്. റോബർട്ട് വാദ്രയെ ലക്ഷ്യമിട്ട് ബിജെപി സർക്കാർ ആരംഭിച്ച അന്വേഷണങ്ങളിൽ തുടക്കം മുതൽ തമ്പിയുടെ പേരും ഉയർന്ന് വന്നിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തമ്പിയുടെ അറസ്റ്റ് സോണിയാ കുടുംബത്തെ പ്രതിരോധത്തിലാക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന നിരീക്ഷണമുണ്ട്. പൗരത്വ പ്രക്ഷോഭത്തിനെതിരെ കോൺഗ്രസിൽ ശക്തമായ നിലപാടുള്ളത് സോണിയാ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമാണ്. വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ച് കൂട്ടിയത് പോലും സോണിയാ ഗാന്ധിയുടെ മുൻകയ്യിലാണ്. കമൽനാഥ്, ജയറാം രമേശ് തുടങ്ങിയ നേതാക്കൾക്ക് പൗരത്വ പ്രക്ഷോഭത്തിൽ കോൺഗ്രസ് സജീവമാകുന്നതിൽ വിയോജിപ്പാണ്.

അതുകൊണ്ട് തന്നെ സോണിയാ കുടുംബം കൂടി ആരോപണ വിധേയരായ കേസിൽ നടന്ന അറസ്റ്റിന് രാഷ്ട്രീയ മാനം കൈവരികയാണ്. പൗരത്വ സമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കാതിരിക്കാനുള്ള സമ്മർദ്ദ തന്ത്രമായാണ് കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖർ ഇതിനെ കാണുന്നത്. തൃശൂർ കുന്നംകുളത്തിനടുത്ത പഴഞ്ഞി കോട്ടോലിലാണ് തമ്പിയുടെ വീട്. യു.എ.ഇയിൽ നിരവധി ബിസിനസ് സംരംഭങ്ങളുള്ള തമ്പിക്ക് കേരളത്തിൽ എഞ്ചിനീയറിങ് കോളജും റിയൽ എസ്റ്റേറ്റ് കമ്പനികളുമുണ്ട്. രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന തമ്പി യു.എ.ഇയിൽ തന്നെയാണ് താമസം. തമ്പിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ ഡിസ്റ്റിലറി ഉൽപ്പാദന സംഭരണ ശേഷി വർധിപ്പിച്ച് പാലക്കാട് കൊഴിഞ്ഞാമ്പാറയിലേക്ക് മാറ്റാൻ 2011ൽ ഇടത് സർക്കാർ അനുമതി നൽകിയത് വിവാദമായിരുന്നു.

അതിനിടെ തമ്പിയെ പൂട്ടാൻ പല വഴിക്കളും നടക്കുന്നുണ്ട്. തമ്പിയുടെ കാസർഗോഡ് ചെമ്പരിക്കയിലെ റിസോർട്ട് കൈയേറ്റഭൂമിയിലെന്നു റവന്യൂ വകുപ്പ് കണ്ടെത്തി. ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി അധികൃർ ഊർജിതമാക്കി. 'ചാത്തംങ്കൈ ഹോളിഡേ' എന്ന പേരിലാണു തമ്പി ചെമ്പരിക്കയിൽ റിസോർട്ട് നിർമ്മാണം തുടങ്ങിയത്. എന്നാൽ, നാട്ടുകാർ എതിർപ്പുയർത്തിയതോടെ നിർമ്മാണം പാതിവഴി നിലച്ചു. ഈ റിസോർട്ട് എൻഫോഴ്സ്മെന്റ് നിരീക്ഷണത്തിലായിരുന്നു. ബി.ആർ.ഡി.സി. വികസനപദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു റിസോർട്ട് നിർമ്മാണം.

1990-1992 കാലത്ത് സെന്റിന് 1500 രൂപ പ്രകാരം 27 ഏക്കറാണു തമ്പി റിസോർട്ടിനായി വാങ്ങിയത്. 14 ഏക്കറോളം റവന്യൂ ഭൂമിയും കൈയേറിയെന്നു വ്യക്തമായതോടെ നാട്ടുകാർ അധികൃതർക്കു പരാതി നൽകി. മാണിചാത്തങ്കൈനോമ്പിൽ പുഴയോരം കൈയേറി മതിൽ കെട്ടിയെന്നും ഇത് അഴിമുഖം വരെ ഏഴു കിലോമീറ്റർ നീളുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP