Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഭയപ്പെടുത്തിയതാര്? മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും വാനോളം പുകഴ്‌ത്തി പ്രയാറും അജയ് തറയിലും: ശബരിമല തീർത്ഥാടന കാലം കഴിയും വരെ 'വെടിനിർത്ത'ലെന്നു വിശദീകരണം

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഭയപ്പെടുത്തിയതാര്? മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും വാനോളം പുകഴ്‌ത്തി പ്രയാറും അജയ് തറയിലും: ശബരിമല തീർത്ഥാടന കാലം കഴിയും വരെ 'വെടിനിർത്ത'ലെന്നു വിശദീകരണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള ശീതസമരം പരിഹരിച്ചുവോ? സർക്കാർ സ്വീകരിച്ചത് ഭീഷണിയുടെ മാർഗമോ, അതോ അനുനയമോ?

ഇന്നലെ അബാൻ ടവറിൽ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിനു ശേഷം മാദ്ധ്യമപ്രവർത്തകർ പരസ്പരം ചോദിച്ച ചോദ്യമിതാണ്. പരസ്പരം കടിച്ചു കീറാൻ വെമ്പി നിൽക്കുകയായിരുന്നു സർക്കാരും ദേവസ്വം ബോർഡും കഴിഞ്ഞയാഴ്ച വരെ. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും വാനോളം പുകഴ്‌ത്തുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും ചെയ്തത്.

സർക്കാരും ദേവസ്വം ബോർഡും തമ്മിലുള്ള ഭിന്നതയെ കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾ ശബരിമല തീർത്ഥാടനകാലം കഴിയുന്നതുവരെ ഒന്നും മിണ്ടില്ലെന്നും വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണെന്നുമാണ് പ്രയാർ പറഞ്ഞത്. ശബരിമല സ്ത്രീ പ്രവേശനം, സർക്കാരും ബോർഡുമായുള്ള അഭിപ്രായഭിന്നത, ശബരിമലയിലെ പൂർത്തിയാകാത്ത മുന്നൊരുക്കം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള പ്രയാറിന്റെ പ്രതികരണമായിരുന്നു ഇത്. തീർത്ഥാടന കാലത്ത് എന്തെങ്കിലും വിവാദം ഉണ്ടായാലും മറുപടി മകരവിളക്ക് കഴിഞ്ഞതിന് ശേഷമേ ഉണ്ടാവുകയുള്ളോ എന്ന ചോദ്യത്തിന് അളമുട്ടിയാൽ ചേരയും കടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല മുന്നൊരുക്കത്തിന്റെ ഭാഗമായി പമ്പയിൽ നടന്ന അവലോകന യോഗത്തിൽ പിണറായിയും പ്രയാറും തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞയാഴ്ച പത്തനംതിട്ട കലക്ടറേറ്റിലും ശബരിമലയിലും നടന്ന അവലോകന യോഗങ്ങളിൽ ദേവസ്വം മന്ത്രി രൂക്ഷമായി ബോർഡിനെ വിമർശിച്ചിരുന്നു. ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കില്ലെന്നാണ് പ്രയാർ പറഞ്ഞത്. വിവാദമായേക്കാവുന്ന ചോദ്യങ്ങൾ വന്നപ്പോൾ പ്രയാർ മറുപടി പറയാൻ തുനിഞ്ഞെങ്കിലും അജയ് തറയിൽ പിടിച്ചിരുത്തുന്നത് കാണാമായിരുന്നു.

14 ന് ദേവസ്വം ബോർഡിന്റെ ശബരിമല മുന്നൊരുക്കങ്ങൾ പൂർത്തിയാകും. 40 ലക്ഷം വീതം അപ്പവും അരവണയും സ്റ്റോക്കുണ്ടാകും. ആവശ്യം വരികയാണെങ്കിൽ സന്നിധാനം മുതൽ പമ്പ വരെ വഴിപാട് വിതരണത്തിന് പ്രത്യേകം കൗണ്ടർ തുറക്കും. തീർത്ഥാടകർക്ക് വന്നിറങ്ങുന്നതിനും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും നിലയ്ക്കലിൽ ഹെലിപാഡ് ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് ഹെലികോപ്ടർ ടേക്ക് ഓഫ് ചെയ്യണമെങ്കിൽ 20,000 രൂപ ബോർഡിൽ കെട്ടിവയ്‌ക്കേണ്ടി വരും. സർക്കാരിന്റെ ഭാഗത്തു നിന്ന് ബോർഡിന് എല്ലാ സഹായവും ലഭ്യമാകുന്നുണ്ട്.

ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും ബോർഡിന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളെ അവർ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി ഏഴിന് നടത്തുന്ന പമ്പാസംഗമത്തിൽ മുഖ്യമന്ത്രി പിണറായി പങ്കെടുത്തേക്കുമെന്ന് കരുതുന്നു. ശബരിമല സന്ദർശിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. സോപാനത്ത്‌നിന്ന് ദർശനം നടത്തുന്നവരെ നിയന്ത്രിക്കണമെന്നാണ് ആഗ്രഹം. അതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് വിജയിക്കണമെങ്കിൽ മാദ്ധ്യമങ്ങൾ കൂടി സഹകരിക്കണമെന്ന് പ്രയാർ പറഞ്ഞു.

സന്നിധാനത്ത് ഒരേ സമയം 2000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന അന്നദാനമണ്ഡപം ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയും. ട്രോളിയിൽ ഭക്ഷണസാധനങ്ങൾ അടുത്തെത്തിച്ച് വിളമ്പി നൽകും. പമ്പയിൽ ആയിരം പേർക്ക് സദ്യ കഴിക്കാവുന്ന അന്നദാന മണ്ഡപത്തിന്റെ പണി പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം ഒരു ലക്ഷം പേർക്ക് അന്നദാനത്തിനുള്ള ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളത്. മൂന്നു മണിക്കൂർ ശുചീകരണത്തിനൊഴിച്ച് ബാക്കി മുഴുവൻ സമയവും അന്നദാനമണ്ഡപം പ്രവർത്തിക്കും. വൃശ്ചികം ഒന്ന് ദേവസ്വം ബോർഡ് ദിവ്യദിനമായി ആചരിക്കും. ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പ്രാർത്ഥനയുണ്ടാകും. മകരവിളക്ക് ദിവസം എല്ലാ ക്ഷേത്രങ്ങളിലും ദീപോത്സവം ആചരിക്കും. 500, 1000 നോട്ടുകളുമായി വരുന്ന അയ്യപ്പഭക്തന്മാർക്ക് സഹായം നൽകുന്നതിന് ക്ഷേത്രങ്ങളോട് ചേർന്ന് ഉപദേശക സമിതി കൗണ്ടർ ആരംഭിക്കും.

ഉപദേശകസമിതി ഭാരവാഹികളുടെ പേരും ഫോൺ നമ്പരും എഴുതിയ ബോർഡുകളും എല്ലാ ക്ഷേത്രങ്ങൾക്ക് മുന്നിലും സ്ഥാപിക്കും. ശബരിമലയിലെ വാർത്താ വിതരണത്തിനായി പ്രത്യേക ഏജൻസിയെ നിയോഗിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പി.ആർ.ഡി ഡയറക്ടറോട് ഇതു സംബന്ധിച്ച് ഒരു പ്രൊജക്ട് ആവശ്യപ്പെട്ടിട്ട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ തവണ നാലുലക്ഷം രൂപയാണ് പി.ആർ.ഡിക്ക് ശബരിമല സേവനത്തിന് പ്രതിഫലമായി നൽകിയത്. കോടിക്കണക്കിന് വരുമാനം നേടിത്തരുന്ന ക്ഷേത്രത്തിന് വേണ്ടി കാര്യങ്ങൾ ചെയ്യാൻ പി.ആർ.ഡിയെ പ്രത്യേകം ചുമതലപ്പെടുത്തേണ്ട കാര്യമുണ്ടോയെന്ന് ബോർഡംഗം അജയ് തറയിൽ ചോദിച്ചു. എല്ലാ ദിവസവും രാവിലെ 11 മുതൽ 10 മിനിട്ട് നേരം നെയ്‌ത്തോണിയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്യും. നെയ്യഭിഷേകത്തിന് കാത്തു നിൽക്കാതെ മടങ്ങുന്ന ഭക്തരാണ് തേങ്ങ പൊട്ടിച്ച് നെയ്‌ത്തോണിയിൽ ഒഴിക്കുന്നത്. അവരെക്കൂടി കണക്കിലെടുത്താണ് ഇങ്ങനെ അഭിഷേകം നടത്തുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.

അയ്യപ്പന്മാർക്ക് സുഗമമായി ദർശനം നടത്താൻ കഴിയാതിരിക്കുമ്പോൾ ചിലർ മാത്രം സോപാനത്ത് കയറി തൊഴുത് മടങ്ങുന്നുണ്ട്. ശ്രീകോവിലിന്റെ തെക്ക് കിഴക്ക് ഭാഗത്തായുള്ള ബലിക്കല്ല് ചവിട്ടിയാണ് പല ഭക്തരും ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറുന്നത്. ഇതു കടുത്ത ആചാരലംഘനമാണെന്ന തന്ത്രിയുടെ അഭിപ്രായം മാനിച്ച് സോപാനത്തു കയറിയുള്ള ദർശനത്തിന് ബോർഡ് നിയന്ത്രണം ഏർപ്പെടുത്തും. എന്നാൽ, ഇത് എത്രമാത്രം വിജയിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. പ്രോട്ടോക്കോൾ അനുസരിച്ചുള്ള വി.ഐ.പികൾക്കും ദേവസ്വം ബോർഡ് മുൻപ്രസിഡന്റുമാർ, മെമ്പർമാർ, ഭാരവാഹികൾ, സ്‌പോൺസർമാർ, നിശ്ചിത പൂജകൾക്കായി ശീട്ട് എടുത്തിട്ടുള്ളവർ എന്നിവർക്ക് മാത്രമായി പ്രവേശനം നൽകും. പ്രത്യേക പരിഗണന അർഹിക്കുന്ന എല്ലാ ഭക്തർക്കും എക്‌സിക്യൂട്ടീവ് ഓഫീസർ നൽകുന്ന പാസ് ഉപയോഗിച്ച് ദർശനം നടത്താൻ സൗകര്യം ലഭിക്കും.

ഭക്തർക്ക് നെയ്യഭിഷേകത്തിന് കാത്തു നിൽക്കാതെ തന്നെ തങ്ങളുടെ നെയ്‌ത്തേങ്ങ ഉടച്ച് നെയ്‌ത്തോണിയിൽ ഒഴിച്ച് മലയിറങ്ങാനുള്ള അവസരം ലഭിക്കും. ഇത് സന്നിധാനത്തെ തിരക്ക് കുറയ്ക്കാൻ സഹായിക്കും. ഈ നെയ്യ് പിന്നീട് അഭിഷേകവും നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP