Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെഎസ്ആർടിസി ജീവനക്കാരുടെ ഹുങ്കിന് കരണത്തടി കൊടുത്തത് ഉപഭോക്തൃ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പാലയിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ; സമരം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ശരിവെച്ച് ഹൈക്കോടതിയും; ആവശ്യ സർവീസ് നിയമപ്രകാരമാണ് കെഎസ്ആർടിസി സർവീസെന്നും കോടികളുടെ ബാധ്യത വരുത്തുമെന്നും കോടതിയിൽ അടിവരയിട്ടു: സ്വന്തം കഞ്ഞിയിൽ മണ്ണുവാരിയിടാൻ തുനിഞ്ഞ തൊഴിലാളികൾക്ക് പണി കിട്ടിയത് ഇങ്ങനെ

കെഎസ്ആർടിസി ജീവനക്കാരുടെ ഹുങ്കിന് കരണത്തടി കൊടുത്തത് ഉപഭോക്തൃ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പാലയിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ; സമരം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ശരിവെച്ച് ഹൈക്കോടതിയും; ആവശ്യ സർവീസ് നിയമപ്രകാരമാണ് കെഎസ്ആർടിസി സർവീസെന്നും കോടികളുടെ ബാധ്യത വരുത്തുമെന്നും കോടതിയിൽ അടിവരയിട്ടു: സ്വന്തം കഞ്ഞിയിൽ മണ്ണുവാരിയിടാൻ തുനിഞ്ഞ തൊഴിലാളികൾക്ക് പണി കിട്ടിയത് ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി എന്നത് തങ്ങൾക്ക് അന്നം തരുന്ന സ്ഥാപനമാണെന്ന് പോലും മറന്നുകൊണ്ടാണ് സംയുക്ത തൊഴിലാളി യൂണിയൻ ഇന്ന് അർദ്ധരാത്രി മുതൽ സമരം പ്രഖ്യാപിച്ചത്. ഈ സമരം ഒരാഴ്‌ച്ച പിന്നിട്ടു പോയെങ്കിൽ കോർപ്പറേഷൻ മൊത്തത്തിൽ പ്രതിസന്ധിയിലാകുന്ന അവസ്ഥ വരുമായിരുന്നു. കോടികളുടെ നഷ്ടം ഉണ്ടാകുമെന്ന് കരുതിയിടത്തു നിന്നുമാണ് ഇപ്പോൾ താൽക്കാലികമായെങ്കിലും കോടതി ഇടപെടലിൽ രക്ഷപെട്ടിരിക്കുന്നത്. ചുരുക്കം പറഞ്ഞാൽ പണി മുടക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത് ജീവനക്കാരുടെ ഹുങ്കിനേറ്റ തിരിച്ചടി കൂടിയാണ്. ഈ വിഷയത്തിൽ കോടികൾ നഷ്ടമാകുന്ന അവസ്ഥയിൽ നിന്നും ആനവണ്ടിയെ രക്ഷിച്ചത് പാലയിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ എന്ന ഉപഭോക്തൃ അനുകൂല പ്രസ്ഥാനമാണ്.

ജീവനക്കാരുടെ അനാവശ്യ സമരത്തിനെതിരെ കോടതിയെ സമീപിച്ചത് ജെയിംസ് വടക്കൻ നേതൃത്വം കൊടുക്കുന്ന സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനായിരുന്നു. കോടതിയിൽ വിഷയം എത്തിയപ്പോൾ മുതൽ ശക്തമായ പ്രതികരണങ്ങൾ ആണ് ജസ്റ്റിസുമാർ നടത്തിയത്. കെഎസ്ആർടിസിയുടെ കഥ കഴിക്കുന്ന സമരം തന്നെയാണ് നടക്കാൻ പോകുന്നത് എന്ന രീതിയിൽ തന്നെയാണ് ഹൈക്കോടതി പ്രതികരണങ്ങൾ നടത്തിയത്. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻന്റെ ശക്തമായ വാദമുഖങ്ങൾ പരിഗണിച്ച് തന്നെയാണ് സമരം നിയമവിരുദ്ധമെന്ന്‌ഹൈക്കോടതി പറഞ്ഞത്. ഹർജിയിൽ ശക്തമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ഈ വിമർശനത്തിന് ഒടുവിലാണ് പണിമുടക്ക് പാടില്ലെന്ന കോടതി വിധിയും പുറപ്പെടുവിച്ചത്.

നിയമവിരുദ്ധമായ കെഎസ്ആർടിസിയിലെ സമരം പൂർണമായും തെറ്റാണ് എന്നാണ് ഹൈക്കോടതി പറഞ്ഞത്. സമരം നിയമപരമായ നടപടിയല്ല. നേരത്തെ നോട്ടീസ് നൽകി എന്നത് പണിമുടക്കാനുള്ള അനുമതിയല്ല. നാട്ടുകാരെ കാണിക്കാൻ സമരം നടത്തണോ? ഹൈക്കോടതി ചോദിച്ചു. ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ പണിമുടക്ക് നീട്ടിവച്ചുകൂടെ എന്ന് ഹൈക്കോടതിആരാഞ്ഞിരുന്നു.

1994 ലെ എസ്സൻഷ്യൽ സർവീസസ് മെയിന്റനൻസ് ആക്ട് പ്രകാരം സമരത്തിന് ന്യായീകരണമില്ലെന്നാണ് സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഹർജിയിൽ വടക്കൻ വ്യക്തമാക്കിയത്. സമരം നിയമവിരുദ്ധമാണ്. സമരം തടഞ്ഞുകൊണ്ട് ഇടക്കാല വിധി വേണം എന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് യൂണിയനുകൾ സമരം വഴി തടയുന്നത്. ആവശ്യസർവീസ് നിയമപ്രകാരമാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. സമരം കാരണം ആവശ്യസർവീസ് തന്നെയാണ് തടസപ്പെടുന്നത്. കോടികളുടെ ബാധ്യത നിലനിൽക്കവെയാണ് യൂണിയനുകൾ അത് മറന്നു സമരത്തിൽ ഏർപ്പെടുന്നത്. ഈ വാദങ്ങൾ പരിഗണിച്ചാണ് സമരം നിയമവിരുദ്ധമെന്ന് ഹൈക്കോടതി പറഞ്ഞത്.

നഷ്ടത്തിലേക്ക് കുതിക്കുന്ന കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തുന്നതാണ് നിലവിലെ സമരം. യൂണിയന്റെ ആവശ്യങ്ങൾ കെഎസ്ആർടിസിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. സമരം തുടങ്ങിക്കഴിഞ്ഞാൽ കെഎസ്ആർടിസി പൂർണമായും നിശ്ചലമാകും. കേരളത്തിലെ കെഎസ്ആർടിസി സർവീസിനെ ആശ്രയിക്കുന്ന മുഴുവൻ ജനങ്ങളൂം സമരത്തോടെ പ്രതിസന്ധിയിൽ ആകും. പല റൂട്ടുകളും കെഎസ്ആർടിസിക്ക് സർവീസ് നടത്താൻ വേണ്ടി നൽകിയതാണ്. ഇവിടെമെല്ലാം ജനജീവിതം സ്തംഭിക്കും. ഹർജിയിൽ പറയുന്നു. ഇൻഡസ്ട്രിയിൽ ഡിസ്പ്യൂട്ട് ആക്ട് പ്രകാരം കെഎസ്ആർടിസി സമരം നിയമവിരുദ്ധമാണ്-ഹർജിയിൽ പറയുന്നു.

സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ മാനേജിങ് ട്രസ്റ്റിയായ ജെയിംസ് വടക്കൻ ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായ ഇടപെടൽ നടത്തുന്ന, ഏറ്റവും സജീവമായ ഉപഭോക്തൃ സംഘടനകളിൽ ഒന്നാണ് സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ. തിരുവിതാംകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സൊസൈറ്റിയാണിത്. പാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർ കഴിഞ്ഞ 25 വര്ഷമായി ഇവർ ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് വേണ്ടി രംഗത്തുണ്ട്, 1997-ലെ സ്വകാര്യ ബസ് പണിമുടക്കിനെതിരെയും ഇവർ ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയിരുന്നു. അതേസമയം എംഡിയുമായി നടത്തിയ ചർച്ച പരാജയമാണെന്നും സമരം പിൻവലിക്കില്ലെന്നും സമരസമിതി വ്യക്തമാക്കി. ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് ഇവർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഒക്ടോബർ രണ്ടു മുതൽ സംയുക്ത ട്രേഡ് യൂണിയൻ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒത്തുതീർപ്പ് ചർച്ചകളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഡ്യൂട്ടി പരിഷ്‌കരണ കാര്യത്തിൽ ഗതാഗത സെക്രട്ടറി നൽകിയ ശുപാർശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചർച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇപ്പോൾ ജീവനക്കാർ സമരം നടത്തുന്നത്. പണിമുടക്കിൽ നിന്ന് യൂണിയനുകൾ പിന്മാറണമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടെങ്കിലും ഇതിന് വഴങ്ങാതെയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ടു പോകുന്നത്.

കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധിയും, പ്രശ്നങ്ങളും നിലനിൽക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാർഗ്ഗങ്ങൾ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകൾ ഉൾപ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാനേജ്മെന്റ് തലത്തിലുള്ള ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ മാത്രമേ സർക്കാർ ഇടപെടുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബറിൽ ഒരു ഗഡു കുടിശിക ക്ഷാമബത്ത നൽകാമെന്ന വാക്ക് പാലിക്കാഞ്ഞതോടെയാണ് യൂണിയനുകൾ ഇടഞ്ഞത്. എന്നാൽ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ സർക്കാർ നാലുകോടി രൂപ അനുവദിച്ചു.

പക്ഷെ അതുകൊണ്ടുമാത്രം പ്രശ്നം തീർന്നില്ലെന്ന് നേതാക്കൾ പറയുന്നു. ശമ്പളപരിഷ്‌കരണത്തിലും പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിലും ഡിസംബറിൽ ഗതാഗതമന്ത്രിയും തൊഴിൽമന്ത്രിയും നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. എന്നാൽ എം.ഡിയുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടതോടെ മന്ത്രിതലത്തിൽ ഇടപെടൽ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തുടർച്ചയായ ഹർത്താലിനും പണിമുടക്കിനും പിന്നാലെ ബസ് സമരം കൂടി വരുന്നത് ജനജീവിതം ദുസഹമാക്കും. കോർപ്പറേഷന്റെ വരുമാനത്തെയും കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് സർക്കാരും കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ പണിമുടക്കിനെ അഭിമുഖീകരിക്കാനുള്ള ശേഷിയും കെ.എസ്.ആർ.ടി.സിക്കുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP