Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദായനികുതി അഞ്ചുലക്ഷമാക്കി ഉയർത്തി മോദി സർക്കാർ; ഒറ്റയടിക്ക് പരിധി ഇരട്ടിയാക്കിയതോടെ ഗുണംചെയ്യുക മാസവരുമാനം 55,000 രൂപ ഉള്ളവർക്ക്; കർഷകർക്ക് പ്രതിവർഷം 6000 രൂപ അക്കൗണ്ടിൽ ഇട്ടുകൊടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കിസാൻ പദ്ധതി;റെക്കോഡിട്ട് മൂന്നുലക്ഷം കോടിയുടെ പ്രതിരോധ ബജറ്റ്; ഗ്വാറ്റ്‌വിറ്റി പരിധി 10 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി ഉയർത്തി; 60 വയസ്സായാൽ പ്രതിമാസം 3000 രൂപ പെൻഷൻ; ജനപ്രിയ ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങളുമായി പീയൂഷ് ഗോയൽ

ആദായനികുതി അഞ്ചുലക്ഷമാക്കി ഉയർത്തി മോദി സർക്കാർ; ഒറ്റയടിക്ക് പരിധി ഇരട്ടിയാക്കിയതോടെ ഗുണംചെയ്യുക മാസവരുമാനം 55,000 രൂപ ഉള്ളവർക്ക്; കർഷകർക്ക് പ്രതിവർഷം 6000 രൂപ അക്കൗണ്ടിൽ ഇട്ടുകൊടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കിസാൻ പദ്ധതി;റെക്കോഡിട്ട് മൂന്നുലക്ഷം കോടിയുടെ പ്രതിരോധ ബജറ്റ്; ഗ്വാറ്റ്‌വിറ്റി പരിധി 10 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി ഉയർത്തി; 60 വയസ്സായാൽ പ്രതിമാസം 3000 രൂപ പെൻഷൻ; ജനപ്രിയ ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങളുമായി പീയൂഷ് ഗോയൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആദായനികുതി പരിധി അഞ്ചുലക്ഷമാക്കി ഉയർത്തി കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റ്. രണ്ടരലക്ഷത്തിൽ നിന്നാണ് ഒറ്റയടിക്ക് അഞ്ചുലക്ഷമാക്കി ഉയർത്തി. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങൾ കൂടി പരിഗണിച്ചാൽ പ്രതിവർഷം ആറര ലക്ഷം വരെ ഉള്ളവർക്ക് നികുതി അടയ്‌ക്കേണ്ടിവരില്ല. അതായത് മാസം 55,000 രൂപ വരുമാനം ഉള്ളവർക്ക് വരെ ഇളവ് ലഭിക്കും. ഈവർഷം നിലവിലെ സ്ഥിതി തുടരുമെന്നും വ്യക്തമാക്കുന്ന പ്രഖ്യാപനമാണ് ബജറ്റിൽ ഉണ്ടായത്.

അസംഘടിത തൊഴിലാളി പെൻഷൻ പദ്ധതിയും പ്രധാനമന്ത്രി കിസാൻ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ അവസാന വർഷത്തെ ഇടക്കാല ബജറ്റ് ആണ് അവതരിപ്പിക്കുന്നത്. കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ അഞ്ചുവർഷക്കാലത്ത് ചെയ്ത നേട്ടങ്ങൾ ഒന്നൊന്നായി എടുത്തുപറഞ്ഞാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ബജറ്റ് അവതരണം തുടങ്ങിയത്. ഇതോടൊപ്പം ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ മൂന്നു ലക്ഷം കോടി രൂപ പ്രതിരോധ വിഹിതമായി നീക്കിവച്ചിട്ടുണ്ട്. കർഷകർക്ക് ആറായിരം രൂപ അക്കൗണ്ടിൽ നേരിട്ടുനൽകുന്ന കിസാൻ പദ്ധതിയും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 60 വയസ്സ് പൂർത്തിയാകുമ്പോൾ 3000 രൂപ ലഭിക്കുന്ന പെൻഷൻ പദ്ധതിയും പ്രഖ്യാപിച്ചു. 

മോദി സർക്കാർ രാജ്യത്തിന്റെ ആത്മാഭിമാനം തിരിച്ചുനൽകിയെന്നും രാജ്യത്തിന്റെ ധനക്കമ്മി പകുതിയാക്കി കുറച്ചെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പാർലമെന്റിൽ വ്യക്തമാക്കി. 2022ൽ രാജ്യം സമഗ്ര പുരോഗതി കൈവരിക്കും. സുസ്ഥിര അഴിമതി രഹിത ഭരണം മോദി സർക്കാരിന് കാഴ്ചവയ്ക്കാൻ സാധിച്ചു. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റം പിടിച്ചുനിർത്താനും നിയന്ത്രിക്കാനുമായി. - മന്ത്രി പറഞ്ഞു. അവതരണത്തിന്റെ തുടക്കത്തിൽ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു.

അതിനിടെ ബജറ്റ് ചോർന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. പൊതു ബജറ്റ് ചോർന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ് വക്താവ് മനീഷ് തിവാരിയാണ് ആരോപണമുന്നയിച്ചത്. ബജറ്റിലെ സുപ്രധാന തീരുമാനങ്ങൾ ട്വിറ്ററിലൂടെ മനീഷ് പുറത്തുവിട്ടു. സർക്കാർ വൃത്തങ്ങളിൽനിന്നാണ് സൂചനകൾ ലഭിച്ചതെന്നും മാധ്യമപ്രവർത്തകർക്കിടയിൽ ഇതു പ്രചരിക്കുന്നുണ്ടെന്നും മനീഷ് ട്വിറ്ററിൽ കുറിച്ചു. പതിനൊന്നു സൂചനകളാണ് മനീഷിന്റെ ട്വീറ്റിൽ ഉള്ളത്.കാർഷിക വായ്പ, ഭവനവായ്പ തുടങ്ങിയവയ്ക്കു നൽകാനുദ്ദേശിക്കുന്ന ഇളവുകളെക്കുറിച്ചുള്ള സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യങ്ങൾ ബജറ്റിലുണ്ടെങ്കിൽ, ബജറ്റ് ചോർന്നതായി കരുതേണ്ടിവരുമെന്നും മനീഷ് തിവാരി പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത് മൂന്നു ലക്ഷം കോടിയോളം രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചെന്ന് ഗോയൽ അവകാശപ്പെട്ടു. ശുചിത്വ ഭാരത് പദ്ധതി വൻ വിജയമായി. ഏഴുവർഷം കൊണ്ട് ധനക്കമ്മി പകുതിയാക്കി കുറച്ചു. കർഷകർക്ക് ആറായിരം രൂപ പ്രതിവർഷം നൽകുന്ന പ്രധാനമന്ത്രി കിസാൻ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. സമ്പദ് ഘടനയിൽ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കി. പാവപ്പെട്ട എല്ലാവർക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ നയം. യുപിഎ സർക്കാരിന്റെ കാലത്തെ കിട്ടാക്കടം എൻഡിഎ സർക്കാർ കണ്ടെത്തി. - ഗോയൽ അവകാശപ്പെട്ടു.

അഞ്ചു വർഷത്തിനുള്ളിൽ 239 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കാൻ ഇന്ത്യക്കു കഴിഞ്ഞു. ജിഎസ്ടി ഉൾപ്പെടെയുള്ള ശക്തമായ നടപടികളിലൂടെ വളർച്ചാനിരക്ക് ഉയർത്തി. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചു. 2018 ഡിസംബറിൽ നാണ്യപ്പെരുപ്പം 2.1 ശതമാനം മാത്രമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്തെ കിട്ടാക്കടം എൻഡിഎ സർക്കാർ തിരിച്ചുപിടിച്ചു. മൂന്നു ലക്ഷം കോടി രൂപയോളം ഇത്തരത്തിൽ വീണ്ടെടുക്കാൻ കഴിഞ്ഞു. വായ്പകൾ തിരിച്ചടയ്ക്കാത്ത വൻകിടക്കാരെയും വെറുതെവിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടു ലക്ഷം അധിക സീറ്റുകൾ ഉറപ്പാക്കും. പാവപ്പെട്ട എല്ലാവർക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കലാണ് സർക്കാരിന്റെ നയമെന്നു മന്ത്രി പറഞ്ഞു.

അസംഘടിത തൊഴിലാളികൾക്ക് പെൻഷൻ

പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയ ബജറ്റാണ് അവതരിപ്പിക്കുന്നത്. ഓരോ വിഭാഗത്തെയും കയ്യിലെടുക്കാൻ വൻ പ്രഖ്യാപനങ്ങൾ. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി മെഗാ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം 3000 രൂപ വരെ പെൻഷൻ കിട്ടുന്ന പദ്ധതിയാണിത്. 15000 രൂപ വരെ മാസവരുമാനമുള്ളവർക്കു ഗുണം ലഭിക്കും. ഈ സാമ്പത്തിക വർഷം തന്നെ ഇതു പ്രാബല്യത്തിൽ കൊണ്ടു വരും. പ്രതിമാസം 100 രൂപ വിഹിതമായി അടയ്ക്കുമ്പോൾ ഇത്രയും തുക തന്നെ കേന്ദ്രസർക്കാരും നിക്ഷേപിക്കുമെന്നു ധനമന്ത്രി പറഞ്ഞു.

കർഷകർക്ക് വർഷം ആറായിരം അക്കൗണ്ടിൽ

കർഷകർക്ക് പ്രതിവർഷം 6000 രൂപ അക്കൗണ്ടിൽ നേരിട്ടു നൽകുന്ന പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രഖ്യാപിച്ചു. നൂറുശതമാനം ബാധ്യതയും കേന്ദ്ര സർക്കാർ വഹിക്കും. രണ്ടു ഹെക്ടർ വരെ ഭൂമിയുള്ള കർഷകർക്കാണ് സഹായം നൽകുന്നത്. 2018 ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി ബജറ്റിൽ 75,000 കോടി രൂപ വകയിരുത്തി. 12 കോടി കർഷകകുടുംബങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. കർഷകർക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവർക്കു 3 ശതമാനം പലിശയിളവു നൽകും.

പ്രതിരോധ മേഖലയ്ക്ക് റെക്കോഡ് വിഹിതം

ചരിത്രത്തിൽ ആദ്യമായി പ്രതിരോധ മേഖലയ്ക്ക് വൻ ബജറ്റ് വിഹിതം മാറ്റിവെച്ചിട്ടുണ്ട്. മൂന്ന് ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി വകയിരുത്തിയത്. പട്ടാളക്കാർ നമ്മുടെ അന്തസ്സും അഭിമാനവുമാണ്. വൺറാങ്ക് വൺ പെൻഷൻ പദ്ധതി പ്രകാരം ഇതുവരെ 35,000 കോടി വിതരണം ചെയ്ത് കഴിഞ്ഞൂവെന്നും സൈന്യത്തിൽ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. മോദി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് 40 വർഷത്തോളമായി വൺ റാങ്ക് വൺ പെൻഷൻ നിലച്ചിരിക്കുകയായിരുന്നു എന്നും സർക്കാർ അധികാരത്തിലെത്തിയതോടെ ഇത് വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞൂവെന്നും പീയൂഷ് ഗോയൽ പറഞ്ഞു. 

ആയുഷ്മാൻ ഭാരത് അമ്പതു കോടി പേർക്ക് ഗുണംചെയ്തു

പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി വഴി 50 കോടി ജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ബജറ്റിൽ ധനമന്തി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരത് കഴിഞ്ഞവർഷം സെപ്റ്റംബർ 25-ന് ആണ് നടപ്പായത്. പത്ത് കോടിയോളം പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി പ്രഖ്യാപിച്ചതെങ്കിലും കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ പദ്ധതി നടപ്പാക്കിയിരുന്നില്ല.

ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കും മരുന്നുകൾക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാക്കുക. സർജറി, മരുന്നുകൾ, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചെലവുകൾ പദ്ധതിയുടെ ഭാഗമാണ്. എന്നാൽ മോദിയുടെ ആയുഷ്മാൻ പദ്ധതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും വൻ തട്ടിപ്പാണെന്നും ധനമന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തിയിരുന്നു. കേരളം, തെലങ്കാന, ഓഡീഷ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ ആയുഷ്മാൻ പദ്ധതിയുമായി സഹകരിക്കാത്തത്.

പശുരക്ഷയ്ക്ക് രാഷ്ട്രീയ കാമധേനു യോജന

പശു സംരക്ഷണത്തിന് ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു. രാഷ്ട്രീയ കാമധേനു യോജന എന്നാണ് പേര്. 'ഗോ മാത' സംരക്ഷണത്തിൽ നിന്ന് സർക്കാർ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. കന്നുകാലി വളർത്തലിന് രണ്ട് ശതമാനം പലിശയിൽ സർക്കാർ ധനസഹായം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മൃഗസംരക്ഷണത്തിനായുള്ള രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതി വിഹിതം 750 കോടി രൂപയാക്കി ഉയർത്തി. ഫിഷറീസിന് പ്രത്യേക മന്ത്രാലയവും പ്രഖ്യാപിച്ചു.

ഭാവി ഇന്ത്യയ്ക്ക് പത്തിന പരിപാടി പ്രഖ്യാപനം

1. ഭൗതിക, സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം,
2. ഡിജിറ്റൽ സമ്പദ് ഘടന സമ്പൂർണമാക്കൽ,
3. മലിനീകരണമില്ലാത്ത രാജ്യം, ഇലക്ട്രിക് വാഹനങ്ങൾ സാർവത്രികമാക്കും
4. വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും
5. നദികൾ ശുദ്ധീകരിക്കും സുരക്ഷിതമായ കുടിവെള്ളം ഉറ്പ്പാക്കും
6. തീരദേശ വികസനവും പരിപാലനവും ഊർജിതമാക്കും
7. ബഹിരാകാശ രംഗത്ത് വൻ മുന്നേറ്റം. ഇതിനായി ഗഗൻ യാൻ പദ്ധതി
8. ഭക്ഷ്യ സ്വയം പര്യാപ്തതയും സമ്പൂർണ ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കും
9. സമഗ്ര ആരോഗ്യ പരിരക്ഷ, ഇതിൽ ആയുഷ്മാൻ പദ്ധതി പ്രധാനം
10. വികസനം ഒരുമിച്ച്; ടീം ഇന്ത്യ എന്ന നിലയിൽ രാജ്യം മുന്നോട്ട് നീങ്ങാൻ നടപടി 

റെയിൽവേയ്ക്ക് 64,587 കോടി

ബജറ്റിൽ റെയിൽവേയ്ക്ക് മാത്രമായി 64,587 കോടി രൂപ അനുവദിച്ചു. റെയിൽവെയുടെ മൂലധന ചെലവായി 1.6 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഇത് 1.48 ലക്ഷം കോടിയായിരുന്നു.

ഹൈസ്പീഡ് ട്രെയിനുകൾ, ആധുനികവത്കരണം, യാത്രക്കാരുടെ സുരക്ഷ എന്നിവക്കാണ് അടുത്ത വർഷം മുൻഗണന നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി. കാവൽക്കാരില്ലാത്ത റെയിൽവേ ക്രോസുകൾ രാജ്യത്തില്ലാതായെന്നും മന്ത്രി പിയൂഷ് പറഞ്ഞു. വടക്കു കിഴക്കൻ മേഖലകളിലേക്ക് റെയിൽവേ ചരക്ക് ഗതാഗതം ആരംഭിച്ചു. മേഘാലയയും ത്രിപുരയും റെയിൽവേ മാപ്പിൽ വന്നു. സർവീസ് നടത്തുന്ന 100 വിമാനത്താവളങ്ങൾ രാജ്യത്തുണ്ട്. റെയിൽവേയ്ക്ക് അപകട രഹിതമായ കാലമാണ് കടന്നു പോയത്. രാജ്യത്ത് ഓരോ ദിവസവും 27 കിലോമീറ്റർ റോഡ് നിർമ്മിക്കപ്പെടുന്നുണ്ട്. - മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി

മറ്റു പ്രഖ്യാപനങ്ങൾ

  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടുലക്ഷംഅധിക സീറ്റുകൾ ഉറപ്പാക്കും.
  • 89 ശതമാനം ഗ്രാമങ്ങളിലും ശുചീകരണ പദ്ധതി നടപ്പാക്കി
  • 5,45,000 ഗ്രാമങ്ങൾ ശുചിയായി
  • ആയുഷ്മാൻ ഇൻഷുറൻസ് പദ്ധതി വഴി 3000 കോടിയുടെ സഹായം നൽകി
  • ഗ്വാറ്റ്‌വിറ്റി പരിധി 15 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി ഉയർത്തി
  • ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് 3 ലക്ഷം കോടി രൂപ കവിഞ്ഞു.
  • വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്കു 35000 കോടി.
  • എട്ടു കോടി സൗജന്യ എൽപിജി കണക്ഷൻ നൽകും.
  • അടുത്ത 5 വർഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും
  • നികുതി റിട്ടേൺ മുഴുവൻ ഓൺലൈൻ ആക്കും.
  • റിട്ടേണുകൾ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കും. റീഫണ്ടും ഉടൻ.
  • ആശാ വർക്കർമാരുടെ വേതനം 50 ശതമാനം വർധിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP