Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് രാജ്യാന്തര സംഘടനകളുടെ സഹായം വേണ്ടെന്ന് കേന്ദ്രസർക്കാർ; സഹായം വാഗ്ദാനം ചെയ്ത ഐക്യരാഷ്ട്ര സഭയോടും റെഡ് ക്രോസിനോടും നോ പറഞ്ഞ് മോദി സർക്കാർ; ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് കഴിയുമെന്നും മറുപടി; നിലവിൽ കേന്ദ്രം നൽകിയ അടിയന്തര സഹായം കുറവെന്ന് പരാതി പറയുന്ന കേരളത്തിന് തിരിച്ചടിയായി സഹായം നിരസിക്കൽ

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് രാജ്യാന്തര സംഘടനകളുടെ സഹായം വേണ്ടെന്ന് കേന്ദ്രസർക്കാർ; സഹായം വാഗ്ദാനം ചെയ്ത ഐക്യരാഷ്ട്ര സഭയോടും റെഡ് ക്രോസിനോടും നോ പറഞ്ഞ് മോദി സർക്കാർ; ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് കഴിയുമെന്നും മറുപടി; നിലവിൽ കേന്ദ്രം നൽകിയ അടിയന്തര സഹായം കുറവെന്ന് പരാതി പറയുന്ന കേരളത്തിന് തിരിച്ചടിയായി സഹായം നിരസിക്കൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കേന്ദ്രം നൽകിയ ധനസഹായം പോരെന്ന് പരാതി ശക്തമായി നിലനിൽക്കുകയാണ്. ഇതിനിടെയാണ് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന സഹായധനം മുടക്കി കൊണ്ടും കേന്ദ്രസർക്കാർ തീരുമാനം. പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭ അടക്കമുള്ള ആഗോള ഏജൻസികളുടെ സഹായം വേണ്ടെന്ന കേന്ദ്രതീരുമാനമാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. കേരളത്തെ പുനർനിർമ്മിക്കാൻ വിവിധ കോണുകളിൽ നിന്നും സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾക്കിടെയാണ് ഈ തീരുമാനം.

കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്ന ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തരസംഘടനകളോടാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയദുരന്തനിവാരണ അഥോറിറ്റി വൃത്തങ്ങൾ നൽകുന്ന സൂചന അനുസരിച്ച് ആഗോളഏജൻസികളുടെ സഹായം വേണ്ടെന്ന് ഡൽഹി കേന്ദ്രീകരിച്ചു നടന്ന ആശയവിനിമയത്തിനൊടുവിൽ കേന്ദ്രസർക്കാർ അറിയിച്ചതായാണ് സൂചന. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളാണെന്നും ഇവ നടപ്പാക്കാൻ വേണ്ട പിന്തുണ കേരളത്തിന് കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്നുമാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

എന്നാൽ ദുരന്തപ്രതിരോധപ്രവർത്തനങ്ങളുടെ മൂന്നാംഘട്ടത്തിൽ അതായത് പുനർനിർമ്മാണം നടത്തുന്ന സന്ദർഭത്തിൽ ആഗോളഏജൻസികളുടെ സഹായം വേണമെങ്കിൽ അതാവാം എന്നാണ് കേന്ദ്രസർക്കാരിന്റെ നയം. കേരളത്തിൽ നടപ്പാക്കേണ്ട എന്തെങ്കിലും പദ്ധതി മാതൃകകൾ ഏജൻസികൾ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കാം എന്നും സർക്കാർ അറിയിച്ചതായാണ് സൂചന. ഐക്യരാഷ്ട്രസഭയടക്കം ഏത് ആഗോള ഏജൻസികൾക്കും രാജ്യത്തിനകത്ത് പ്രവർത്തിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്.

അതേസമയം കേരളത്തെ ആകെ ദുരിതക്കയത്തിലാക്കിയ പ്രളയത്തിൽ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. അടിയന്തിര സഹായമായി 500 കോടിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതിന് പുറമെ അരിയും ഗോതമ്പും മണ്ണെണ്ണയുമടക്കമുള്ള സഹായങ്ങളും കേന്ദ്രസർക്കാര് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സഹായങ്ങളൊന്നും തന്നെ പര്യാപ്തമല്ലാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെ കേന്ദ്രത്തോട് കൂടുതൽ തുക ആവശ്യപ്പെടും.

നിരവധി വീടുകൾ പുനർനിർമ്മാണം നടത്തേണ്ടതുണ്ട്. റോഡുകൾ ഗതാഗത യോഗ്യമാക്കണം. വീടും സ്ഥലവും നഷ്ടപ്പെട്ടവരുണ്ട്. വരുമാനമാർഗമില്ലാതായവരുണ്ട്. വൈദ്യുതി, ടെലിഫോൺ തുടങ്ങി എല്ലാ സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. നിലവിൽ 10 ലക്ഷത്തി ഇരുപത്തിയെട്ടായരത്തി എഴുപത്തി മൂന്ന് പേരാണ് ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്. ഇവരുടെയെല്ലാം പുനരധിവാസടക്കം വലിയ വെല്ലുവിളിയാണ് കേരളത്തിന് മുന്നിലുള്ളത്. വിദേശത്തു നിന്നടക്കം പലയിടത്തുനിന്നും സഹായങ്ങൾ എത്തുന്നതിനിടയിലും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. അതിന് നിയമപരമായ തടസങ്ങളുണ്ടെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ സഹായമടക്കമുള്ള കാര്യങ്ങളും കേന്ദ്രത്തിന്റെ പരിഗണനയിലേക്കെത്തുന്നത്.

അതിനിടെ കേരളത്തിന് 700 കോടിയുടെ സഹായം യു.എ.ഇ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അറിയിച്ചിരുന്നു.
ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ മേധാവി എം.എ യൂസുഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ കണ്ടപ്പോഴാണ് അവർ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡർ ഓഫ് യു.എ.ഇ ആംഡ് ഫോഴ്സസുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ സഹായിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മലയാളികളും ഗൾഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനിൽക്കുന്നുണ്ട്. മലയാളികൾക്ക് ഗൾഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് എന്തു സഹായത്തിനും യു.എ.ഇ സർക്കാർ ഒരുക്കമാണെന്ന് കാബിനറ്റ്-ഭാവി കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി കഴിഞ്ഞദിവസം അറിയിച്ചതായി എം.എ യൂസുഫലി വ്യക്തമാക്കിയിരുന്നു.

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ, വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ എന്നിവരുടെ നിർദ്ദേശാനുസരണം രൂപവത്കരിച്ച സമിതി കർമ്മപദ്ധതികൾ തയാറാക്കുന്നുണ്ട്. യു.എ.ഇ പ്രസിഡന്റിന്റെ നാമധേയത്തിലുള്ള ഖലീഫ ഫണ്ടിൽ കേരളത്തിനായുള്ള ധനസമാഹരണം ഏറെ പ്രതീക്ഷാപൂർണമായി മുന്നേറുന്നുണ്ട്. ഫണ്ട് സമാഹരണം പൂർത്തിയായ ശേഷം കേന്ദ്രസർക്കാറുമായി ആശയവിനിമയം നടത്തി കേരളത്തിന് കൈമാറാനാണ് നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP