Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹനൻ വൈദ്യർക്കെതിരെ ആരോഗ്യ മന്ത്രാലയത്തിന്റെ അന്വേഷണം; നടപടി മോഹനൻ വൈദ്യർ നടത്തുന്ന നിയമവിരുദ്ധ ചികിത്സ കൊണ്ടുണ്ടാകുന്നത് വിപരീത ഫലങ്ങളെന്ന ക്യാപ്‌സൂൾ കേരളയുടെ പരാതിയെ തുടർന്ന്; പിത്താശയ കല്ലിന് ഒറ്റമൂലി ചികിത്സയിലൂടെ രംഗത്തെത്തിയ നാട്ടുവൈദ്യന് വിനയാകുന്നത് ചികിത്സിച്ച രോഗികളുടെ വെളിപ്പെടുത്തലുകളും

മോഹനൻ വൈദ്യർക്കെതിരെ ആരോഗ്യ മന്ത്രാലയത്തിന്റെ അന്വേഷണം; നടപടി മോഹനൻ വൈദ്യർ നടത്തുന്ന നിയമവിരുദ്ധ ചികിത്സ കൊണ്ടുണ്ടാകുന്നത് വിപരീത ഫലങ്ങളെന്ന ക്യാപ്‌സൂൾ കേരളയുടെ പരാതിയെ തുടർന്ന്; പിത്താശയ കല്ലിന് ഒറ്റമൂലി ചികിത്സയിലൂടെ രംഗത്തെത്തിയ നാട്ടുവൈദ്യന് വിനയാകുന്നത് ചികിത്സിച്ച രോഗികളുടെ വെളിപ്പെടുത്തലുകളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്കെതിരെ അന്വേഷണവുമായി ആരോഗ്യമന്ത്രാലയം. ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മോഹനൻ വൈദ്യരുടെ ചികിത്സ നിയമവിരുദ്ധമാണെന്നും ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നതെന്നും കാണിച്ച് ക്യാപ്‌സൂൾ കേരള നൽകിയ പരാതിയിലാണ് അന്വേഷണം. ചികിത്സിച്ച രോഗികൾ തന്നെ മോഹനൻ നായർക്കെതിരെ രംഗത്തെത്തിയിരുന്നു. ആ വെളിപ്പെടുത്തലുകൾ കൂടി ഉൾപ്പെടുത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷ വർധന് പരാതി നൽകിയത്.

2018 ഏപ്രിൽ 13 ലെ സുപ്രീംകോടതി വിധി പ്രകാരം, നിയമപ്രകാരം ഉള്ള യാതൊരു യോഗ്യതയും ഇല്ലാതെ മോഹനൻ നായർ നടത്തുന്ന ചികിത്സ നിയമ വിരുദ്ധം ആണെന്ന് കാപ്സ്യൂൾ കേരളയുടെ പരാതിയിൽ പറയുന്നു. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ഉള്ളവർക്ക് മാത്രമേ ചികിത്സിക്കാൻ അനുവാദമുള്ളു.

ജനകീയ നാട്ടു വൈദ്യശാല എന്ന പേരിലുള്ള മോഹനൻ നായരുടെ സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തി ലൈസൻസ് നൽകാതിരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴയിലെ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. അംഗീകാരമുള്ള രണ്ട് ഡോക്ടർമാരാണ് ചികിത്സിക്കുന്നതെന്ന് കാണിച്ചാണ് ഹൈക്കോടതിയിൽ നിന്നും നേരത്തെ അനുകൂല ഉത്തരവ് നേടിയതെന്ന് കാപ്സ്യൂൾ കേരള ആരോപിക്കുന്നു. താനാണ് ചികിത്സിക്കുന്നതെന്നും പിന്നീട് മോഹനൻ നായർ വെളിപ്പെടുത്തിയതും പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു. രോഗികളെ പരിശോധിക്കുന്നതിനോ രോഗനിർണ്ണയം നടത്താനോ അനുവാദമില്ലാത്തതിനാൽ ജനസുരക്ഷയുടെ പേരിൽ നടപടിയെടുക്കണമെന്നാണ് പഞ്ചായത്തിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.

പിത്താശയ കല്ലിന് ഒറ്റമൂലി ചികിത്സയാണ് മോഹനൻ വൈദ്യർക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തത്. യൂറോപ്പിൽനിന്നുപോലും ഇതിയായി കേരളത്തിലെത്തി ചികിൽസയെടുത്ത് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടവരെ കാണാം. ആയൂർവേദ ഒറ്റമൂലി എന്നാണ് ഇതിനെ മോഹനൻ വൈദ്യർ തന്നെ പറയുന്നത്. നല്ലെണ്ണയും നാരങ്ങാനീരും പിന്നെ രഹസ്യമായ ഒരു പൊടിക്കയ്യും ചേർത്താണ് ഔഷധം നിർമ്മിക്കുന്നത് എന്നാണ് വൈദ്യർ വ്യക്തമാക്കുന്നു. ഇന്ന് ഇന്ത്യയിൽ ഈ ചികിത്സാ രീതി വശമുള്ള ഓരേയൊരാൾ താനാണ് എന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.

പക്ഷേ സോപ്പ് നിർമ്മാണത്തിന്റെ അതേ രാസപ്രവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും ഇത് ലളിതമായ ടെക്ക്‌നിക്ക് മാത്രമാണെന്നുമാണ് ഡോ. വിശ്വനാഥൻ ചാത്തോത്തിയെപ്പോലുള്ള സ്വതന്ത്ര ചിന്തകർ അഭിപ്രായപ്പെടുന്നത്. പിത്താശയ കല്ലിന് ആധുനിക ശാസ്ത്രം പറയുന്നത് മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ചികിത്സയെ വേണ്ടെന്നാണ്. എണ്ണയും നാരാങ്ങാനീരും പിന്നൊരു പൊടിക്കയ്യും ചേർത്ത് പിത്താശയക്കല്ലിനെ മുഴുവൻ വെളിയിലെത്തിക്കുന്ന ഒറ്റമൂലി പരിപാടി സോപ്പ് ഫോർമമേഷൻ എന്ന സിമ്പിൾ ടെക്ക്‌നിക്കാണ്. മറ്റ് രാജ്യങ്ങളിൽ നല്ലെണ്ണക്കു പകരം ഒലീവ് എണ്ണ ഉപയോഗിക്കുന്നു എന്നു മാത്രം. എപ്സം സോൾട്ട് ഒലീവ് ഓയിൽ നാരാങ്ങ നീര് എന്നിവ കഴിച്ചാൽ മലശോധന വളരെ കൂടുതലാകും. ഇത് കഴുകി കല്ലുകൾ പെറുക്കിയെടുത്താൽ നൂറുകണക്കിന് വരും എന്നാണ് അനുഭവസ്ഥർ പറയുന്നത്. തട്ടിപ്പാണെങ്കിൽ പിന്നെ കല്ല് എവിടെനിന്നു വന്നു എന്ന ചോദ്യത്തിനുള്ള വിശദീകരണം കൂടിയായാലേ മോഹനന്റ ഒറ്റമൂലിയുടെ ടെക്നിക് പിടികിട്ടു.

ഇത്തരത്തിൽ ലഭിക്കുന്ന കല്ല് പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ അതിൽ സാധാരണ കാണുന്ന കൊളസ്ട്രോൾ, ബിലിറുബിൻ, കാൽസ്യം തുടങ്ങി ഒരു ഘടകങ്ങളും കണ്ടെത്താനാകില്ല. 75 ശതമാനം ഫാറ്റി ആസിഡും. തുടർന്നു നടത്തിയ പരീക്ഷണങ്ങളിൽ ഇവ സോപ്പ് സ്റ്റോൺ ആണെന്ന് ശാസ്ത്രം കണ്ടെത്തുകയായിരുന്നു. പൊട്ടാസ്യം കാർബോക്സിലേറ്റ്സുകളാണ് ഇവ. എല്ലാ എണ്ണകളിലും ഒരു ഗ്ലിസറോളും മൂന്നു ഫാറ്റി ആസിഡുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇത് വയറ്റിലെത്തുമ്പോൾ പാൻക്രിയാസിലെ ലൈറ്റ് പേയസ് എന്ന എൻസൈമുകൾ ഇതിനെ ബ്രേക്ക് ചെയ്യുന്നു. അതോടെ ഫാറ്റി ആസിഡുകൾ ഫ്രീയാകുന്നു. വയറ്റിലെത്തുന്ന നാരങ്ങാനീരിലെ പൊട്ടാസ്യം കാർബോക്സിലേറ്റുകളായി മാറുന്നു. സോപ്പ് നിർമ്മാണത്തിന്റെ അതേ രാസപ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. തികച്ചും ശാസ്ത്രീയമായ അടിത്തറയുള്ള ഒരു രാസപ്രവർത്തനത്തെ തെളിവു നൽകുന്ന ഒറ്റമൂലിപ്രയോഗമായി വ്യാജ ചികിത്സകർ ലോക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഇന്ത്യൻ പതിപ്പല്ല, വെറും പ്രാദേശിക പതിപ്പ് മാത്രമാണ് സ്വയം പ്രഖ്യാപിത വൈദ്യരായ മോഹനനെന്ന് ഡോ. വിശ്വനാഥൻ ചത്തോത്ത് പറയുന്നു. അതായത് പാൻക്രിയാസിൽ കല്ലുണ്ടെന്ന് പറഞ്ഞ് വ്രുന്ന രോഗിയുടെ കല്ല് അവിടെ തന്നെ കിടക്കുകയാണ്. പുറത്തുപോകുന്നത് സോപ്പായി രൂപം കൊണ്ട കൃത്രിമ കല്ലുകൾ മാത്രമാണ്.

മോഹനൻ വൈദ്യർ പങ്കുവെച്ചിട്ടുള്ള വിവരക്കേടുകളെ പലവുരു സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരുന്നു. മഞ്ഞപിത്തവും ഹൈപ്പറ്റീറ്റിസും ഇല്ലെന്ന് സ്ഥാപിക്കാനുള്ള മോഹനന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അൻപതോളം ആളുകൾ പങ്കെടുത്ത ഒരു പരിപാടിയിൽ ആണ് വൈദ്യർ മഞ്ഞപ്പിത്തമുള്ള രോഗിയെന്ന് അവകാശപ്പെടുന്ന ആളുടെ കയ്യിലെ രക്തം കുത്തിയെടുത്ത് കുടിച്ചത്. ഗൾഫിൽ പോകാൻ നേരത്തെ പരിശോധിച്ചപ്പോൾ ആണ് മഞ്ഞപ്പിത്തമാണെന്ന് മനസ്സിലായത് എന്ന് വീഡിയോയിൽ പറയുന്നു. ശേഷം കാണികളിൽ ഒരാളുടെ കയ്യിൽ നിന്ന് സേഫ്റ്റി പിൻ വാങ്ങി രോഗിയുടെ കയ്യിൽ നിന്ന് രക്തം കുത്തിയെടുത്ത് കുടിക്കുകയാണ് മോഹനൻ ചെയ്തത്. ശേഷം തന്റെ കയ്യിലും മുറിവുണ്ടാക്കി രോഗിയുടെ കയ്യിലെ മുറിവിൽ കലർത്തി. ഇതോടെ മഞ്ഞപ്പിത്തം ഇല്ലെന്ന് മനസ്സിലായല്ലോ എന്നാണ് ഇയാൾ ചോദിക്കുന്നത്.

നിപ്പബാധയിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ വൈറസ് ഇല്ലെന്ന് തെളിയിക്കാനുള്ള മോഹനൻ വൈദ്യരുടെ ശ്രമങ്ങൾ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. വവ്വാലുകളിൽ നിന്നാണ് ഈ വൈറസ് പകരുന്നതെന്ന വിലയിരുത്തലാണ് പൊതുവേ പുറത്തുവന്നത്. വവ്വാലുകളിൽ നിന്നാണ് വൈറസ് പടർന്നതെന്ന നിഗമനത്തിൽ ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. വവ്വാൽ ഭക്ഷിച്ച പഴങ്ങൾ കഴിക്കരുതെന്നായിരുന്നു ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനിടെ മോഹൻ ഒരു വീഡിയോയുമായി രംഗത്തെത്തി. വവ്വാൽ ചപ്പിയ മാമ്പഴം കഴിക്കുന്ന വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തുകൊണ്ടാണ് മോഹൻ രംഗത്തെത്തിയത്. സൈബർ ലോകത്ത് ഭൂരിപക്ഷം പേരും പൊങ്കാലയുമായി രംഗത്തെത്തി. നിപ്പ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മോഹനൻ വൈദ്യർ ചെയ്യുന്നതെന്ന വിമർശനമാണ് കൂടുതലുമുണ്ടായത്.

വൈദ്യരുടെ വാദം ഇങ്ങനെയാണ്

അലോപ്പതിയിൽ ഒരു മരുന്നും രോഗത്തെ തടയുകയോ പൂർണമായി ഭേദമാക്കുകയോ ചെയ്യുന്നില്ല. എന്നാണ് മോഹനൻ വാദിക്കുന്നത്. നേരത്തെ നിർണ്ണയിക്കുന്ന രോഗങ്ങൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. പണ്ടു കാലത്തെ വിദ്രഹി, മഹോദരം, ഗ്രന്ഥിവീക്കം, മുഴ എന്നീ രോഗങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ കാൻസർ ആയി മാറിയത്. കുറുംതോട്ടി, കീഴാർനെല്ലി, നാല്പാമരം, വേപ്പ്, കറ്റാർവാഴ തുടങ്ങിയ പച്ചമരുന്നുകളാണ് ഈ രോഗങ്ങളുടെ ചികിത്സക്കായി ഉപയോഗിച്ചിരുന്നത്. പുതിയ രീതിയിലെ ആഹാരക്രമമാണ് രോഗങ്ങൾക്ക് പ്രധാന കാരണം. ജീവിതശൈലി മാറ്റുന്നതോടെ ഏറെക്കുറെ രോഗങ്ങളെ നിയന്ത്രിക്കാനാകും.

പ്രതിരോധ കുത്തിവെപ്പുകൾ കുട്ടികൾക്ക് പോലും നിർബന്ധമല്ലെന്ന് ആരോഗ്യ വകുപ്പ് തന്നെ പറയുന്നു എന്ന് മോഹനൻ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പോളിയോ തുള്ളിമരുന്ന് നിയമം മൂലം നിർബന്ധമാക്കിയിട്ടില്ല എന്നാണ് ഇയാൾ അതിന് പറയുന്ന ന്യായം. എന്നാൽ ഇതെല്ലാം ശുദ്ധ അസംബന്ധങ്ങൾ മാത്രമാണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്.

ക്യാപ്‌സുൾ കേരള

അശാസ്ത്രീയ ചികിത്സയ്‌ക്കെതിരേ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കൂട്ടായ്മയാണ് ക്യാപ്‌സുൾ കേരള. ക്യാപ്സൂൾ (കാമ്പയിൻ എഗനിസ്റ്റ് സ്യൂഡോ സയൻസ് യൂസിങ് ലോ ആൻഡ് എത്തിക്സ്) എന്നുപേരിട്ടിരിക്കുന്ന കൂട്ടായ്മ ഐ.എം.എ., കെ.എസ്.ജി.എ.എം.ഒ.എ., കെ.ജി.എ.എം.ഒ.എഫ്., ഇൻഫോക്ലിനിക്, മാജിക് അക്കാദമി, ഹീമോഫീലിയ സൊസൈറ്റി ഓഫ് കേരള, കെ.എം.എസ്.ആർ.എ., എ.എച്ച്.എം.എ., എ.കെ.ജി.എ.സി.എ.എസ്. എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്.

വ്യാജ ചികിത്സകളുടെ പരസ്യം, നിയമവിരുദ്ധമായ ചികിത്സ എന്നിവയ്‌ക്കെതിരേയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ഇവയ്‌ക്കെതിരായ നിയമങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തുക, വ്യാജ ചികിത്സയുടെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കുക എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP