Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് തൊഴിൽ മന്ത്രാലയം; വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലെന്ന് മന്ത്രാലയത്തിന്റെ വിശദീകരണം; കേസ് പരിഗണിക്കുക വർഷാവസാന അവധിക്ക് കോടതി പിരിയും മുമ്പെന്നും സൂചന

ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് തൊഴിൽ മന്ത്രാലയം; വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലെന്ന് മന്ത്രാലയത്തിന്റെ വിശദീകരണം; കേസ് പരിഗണിക്കുക വർഷാവസാന അവധിക്ക് കോടതി പിരിയും മുമ്പെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കാനാകില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്റിൽ വിഷയം ഉന്നയിച്ചപ്പോൾ തൊഴിൽ മന്ത്രിയുടെയും മറുപടി ഇതായിരുന്നു. നേരത്തെ പെൻഷൻ വ്യവസ്ഥകളിൽ 2014 സെപ്റ്റംബർ ഒന്നിന് ഇപിഎഫ്ഒ വരുത്തിയ ഭേദഗതികൾ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. പെൻഷൻ വിഹിതം കണക്കാക്കുന്നതിനുള്ള ശമ്പള പരിധി 15,000 രൂപയാക്കി നിശ്ചയിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പുറത്തിറക്കിയ (ഇപിഎഫ്ഒ) വിജ്ഞാപനം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

പിഎഫ് നിയമഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ്ഒ അപ്പീൽ നൽകിയിരുന്നു. ഇത് സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതോടെ യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിഹിതമടച്ചവർക്ക് ആനുപാതിക പെൻഷന് അർഹതയുണ്ട്. ഇപ്പോൾ സർവീസിലുള്ളവർക്ക് യഥാർഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിഹിതമടയ്ക്കാനും അവസരമുണ്ടാകും. മുൻ സർക്കാരിന്റെ കാലത്ത് പെൻഷൻ പരിഷ്‌കരണവുമായി രൂപവൽക്കരിച്ച സമിതി പെൻഷൻകാർക്ക് അനുകൂലമായ ഒട്ടേറെ ശുപാർശകൾ സമർപ്പിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.

തങ്ങളുടെ അപ്പീൽ തള്ളിയതിനെതിരെ ഇപിഎഫ്ഒ പുനഃപരിശോധനാ ഹർജി നൽകി. ഇതോടൊപ്പം തൊഴിൽ മന്ത്രാലയവും പ്രത്യേകാനുമതി ഹർജി നൽകി. ഇതു രണ്ടും ചേർന്നാണ് പരിഗണിക്കുന്നത്. ഒരു തവണ ചേംബറിൽ ഈ കേസ് പരിഗണനയ്ക്കു വന്നപ്പോൾ ഹർജി സുപ്രീം കോടതി അനുകൂലിച്ചിരുന്നില്ല. ഉയർന്ന പെൻഷൻ നടപ്പാക്കുന്നത് 10 ലക്ഷം കോടിയുടെ അധികബാധ്യതയുണ്ടാക്കുമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇപിഎഫ്ഒയുടെ പുനഃപരിശോധനാ ഹർജിയും തൊഴിൽ മന്ത്രാലയത്തിന്റേതും ചേർന്നു പരിഗണിക്കാമെന്നു പറഞ്ഞത്. അപ്പീൽ നൽകിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ഉയർന്ന പെൻഷൻ നൽകാൻ ഇപിഎഫ്ഒയും കേന്ദ്രവും തടസ്സം നിൽക്കുന്നത്.

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലായിരുന്നു ഈ കേസ്. അയോധ്യ കേസുകളുടെ പരസ്യവിചാരണ തുടങ്ങിയപ്പോൾ ഈ കേസ് പിന്നീടു പരിഗണിക്കാൻ മാറ്റിവയ്ക്കുകയായിരുന്നു. ഗൊഗോയ് വിരമിക്കുന്നതിനു മുൻപ് കേസ് ലിസ്റ്റ് ചെയ്തതുമില്ല. ഡിസംബറിൽ വർഷാവസാന അവധിക്കു പിരിയും മുൻപേ ഈ കേസ് പരിഗണിച്ചേക്കുമെന്നാണ് സൂചന. രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ഇനി പുതിയ ബെഞ്ച് രൂപീകരിച്ച ശേഷമായിരിക്കും കേസെടുക്കുന്നത്.

അതേസമയം, ഇപിഎഫ് പെൻഷൻകാർ ഈ മാസം 30നകം ലൈഫ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ഇപിഎഫ്ഒ വ്യക്തമാക്കി. പെൻഷൻ ലഭിക്കുന്ന ബാങ്ക് മുഖേനയാണ് ഇതു നൽകേണ്ടത്. സർക്കാർ പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നേരത്തേ തന്നെ നിയമമുണ്ട്. ആധാർ കാർഡ് നമ്പർ, പെൻഷൻ പേയ്‌മെന്റ് ഓർഡർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവയാണ് ആവശ്യമുള്ളത്. ജനസേവന കേന്ദ്രങ്ങൾ, പെൻഷൻ ലഭിക്കുന്ന ബാങ്കുകൾ, പോസ്റ്റ് ഓഫിസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്ന് ഇപിഎഫ്ഒയുടെ അറിയിപ്പിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP