Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യക്ക് വേണ്ടി അമേരിക്ക കളത്തിൽ ഇറങ്ങിയപ്പോൾ പാക്കിസ്ഥാനെ സഹായിക്കാൻ ചൈന രംഗത്ത്; പാക്ക് അതിർത്തിയിൽ ആളില്ലാ വിമാനങ്ങൾ വിന്യസിക്കാൻ ചൈനീസ് സഹായം; ഉറി, പൂഞ്ച്, നൗഷേര പ്രദേശങ്ങളിൽ വിന്യസിച്ച ഡ്രോണുകൾക്ക് ആയുധം പ്രയോഗിക്കാനും ശേഷി; അതിർത്തി ലംഘിക്കാൻ ശ്രമിച്ച ഡ്രോണുകൾ വെടിവെച്ച് വീഴ്‌ത്തി ഇന്ത്യൻ സേനയുടെ മറുപടിയും; പാക് പ്രതിരോധ സംവിധാനത്തിൽ ചൈനീസ് റഡാറുകളും

ഇന്ത്യക്ക് വേണ്ടി അമേരിക്ക കളത്തിൽ ഇറങ്ങിയപ്പോൾ പാക്കിസ്ഥാനെ സഹായിക്കാൻ ചൈന രംഗത്ത്; പാക്ക് അതിർത്തിയിൽ ആളില്ലാ വിമാനങ്ങൾ വിന്യസിക്കാൻ ചൈനീസ് സഹായം; ഉറി, പൂഞ്ച്, നൗഷേര പ്രദേശങ്ങളിൽ വിന്യസിച്ച ഡ്രോണുകൾക്ക് ആയുധം പ്രയോഗിക്കാനും ശേഷി; അതിർത്തി ലംഘിക്കാൻ ശ്രമിച്ച ഡ്രോണുകൾ വെടിവെച്ച് വീഴ്‌ത്തി ഇന്ത്യൻ സേനയുടെ മറുപടിയും; പാക് പ്രതിരോധ സംവിധാനത്തിൽ ചൈനീസ് റഡാറുകളും

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ഇന്ത്യയിൽ ഇനിയൊരു ഭീകരാക്രമണമുണ്ടായാൽ പ്രശ്‌നങ്ങൾ സങ്കീർണമാകുമെന്നും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പാക്കിസ്ഥാന് അമേരിക്ക മുന്നറിയിപ്പു നല്കിയത് കഴിഞ്ഞ ദിവസമാണ്. പാക്കിസ്ഥാന്റെ മണ്ണിൽ പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ പോലുള്ള ഭീകരസംഘടനകൾക്കെതിരെ ഉറച്ചതും കാര്യക്ഷമവുമായ നടപടി ഉറപ്പു വരുത്തണമെന്ന് വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. വീണ്ടുമൊരു സംഘർഷം ഉണ്ടാകാതിരിക്കാനുള്ള നടപടി എന്ന നിലയിലാണ് ഈ മുന്നറിയിപ്പ് അമേരിക്ക നൽകിയത്.

വീണ്ടും സംഘർഷമുണ്ടാകാതിരിക്കാൻ ഇത് ആവശ്യമാണ്. അഥവാ പാക്കിസ്ഥാനെ സംബന്ധിച്ച് സ്ഥിതി വഷളാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. കഴിഞ്ഞ മാസം 14ന് കശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പാക്കിസ്ഥാനിലെ ബാലാക്കോട്ട് ഭീകരപരിശീലന കേന്ദ്രത്തിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. അതേസമയം ഇന്ത്യൻ സേനയുടെ വ്യോമാക്രമണത്തിന് ശേഷം പാക്കിസ്ഥാൻ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന് അവർക്ക് ചൈനീസ് സഹായവും ലഭിച്ചു.

കഴിഞ്ഞ മൂന്നാഴ്ചയായി അതിർത്തിയിൽ വൻ സൈനിക ക്രമീകരണങ്ങളും കൈവശമുള്ള പ്രതിരോധ ടെക്‌നോളജിയുമാണ് അതിർത്തിയില് പാക് സൈന്യം വിന്യസിച്ചിരിക്കുന്നത്. ചൈനയിൽ ഇറക്കുമതി ചെയ്ത ആയുധം വഹിക്കാൻ ശേഷിയുള്ള ആളില്ലാ വിമാനങ്ങൾ പാക്ക് സേന വിന്യസിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉറി, പൂഞ്ച്, നൗഷേര, സുന്ദർബനി, രജൗരി എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ഡ്രോണുകൾ നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്. ഈ ഡ്രോണുകൾക്കെല്ലാം ആയുധം പ്രയോഗിക്കാൻ ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്. അതിർത്തി ലംഘിക്കാൻ ശ്രമിച്ച ഡ്രോണുകൾ ഇന്ത്യൻ സേന വെടിവെച്ചു വീഴ്‌ത്തുന്നുണ്ട്. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ നിരവധി ഡ്രോണുകളാണ് അതിർത്തി കടന്നെത്തിയത്. ഇതിൽ ചിലത് വെടിവെച്ചിട്ടിരുന്നു. എന്നാൽ ചില ഡ്രോണുകൾ തിരിച്ചുപോകുകയും ചെയ്തിരുന്നു.

പാക്ക് വ്യോമസേന അതിർത്തി നിരീക്ഷണത്തിനായി ചൈനയുടെ സഹായം തേടിയിരിക്കുകയാണ്. ചൈനയിൽ നിന്നു ഇറക്കുമതി ചെയ്ത ഡ്രോണുകളും റഡാർ സംവിധാനങ്ങളുമാണ് പാക്കിസ്ഥാൻ ഉപയോഗിക്കുന്നത്. അതിർത്തിയിൽ നിരവധി കേന്ദ്രങ്ങളിൽ പാക്കിസ്ഥാന്റെ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് ബിഎസ്എഫ് വൃത്തങ്ങൾ വ്യക്തമാക്കിയത്. ചൈനീസ് നിർമ്മിത ഇത്തരം ഡ്രോണുകൾ വ്യോമനിരീക്ഷണത്തിനാണ് ഉപയോഗിക്കുന്നതെങ്കിലും വേണ്ടിവന്നാൽ ആക്രമിക്കാനും സാധിക്കും. ചെറിയ മിസൈലുകളും ലേസർ ബോംബുകൾ ഇത്തരം ഡ്രോണുകളിൽ പിടിപ്പിക്കാൻ സാധിക്കും. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനയിൽ നിന്ന് 48 വിങ് ലൂങ് ഡ്രോണുകളാണ് പാക്കിസ്ഥാൻ വ്യോമസേന വാങ്ങിയിരിക്കുന്നത്. ഈ ഡ്രോണുകളാണ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്.

2016 ചൈനീസ് എയർഷോയിലാണ് വിങ് ലൂങ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. ചെങ്ഡു എയർക്രാഫ്റ്റ് കോർപ്പറേഷനാണ് വിങ് ലൂങ് നിർമ്മിക്കുന്നത്. അമേരിക്കയും മറ്റു ചില രാജ്യങ്ങളും പാക്കിസ്ഥാനു നൽകിയിരുന്ന ആയുധ സഹായം വെട്ടികുറച്ചതോടെയാണ് ചൈനീസ് സഹായം തേടിയിരിക്കുന്നത്. നേരത്തെ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭാ പ്രമേയം വീറ്റോ ചെയ്തതിൽ ചൈനയ്ക്കെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു.

യുഎസ്, ഫ്രാൻസ്, ബ്രിട്ടൺ എന്നിവർ ചേർന്നാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം രക്ഷാസമിതിയിൽ അവതരിപ്പിച്ചത്. സ്ഥിരാംഗമായ ചൈന വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെടുകകാണ് ഉണ്ടായത്. ഇതിനു മുൻപും മസൂദിനെതിരായ പ്രമേയം പാക്കിസ്ഥാനു വേണ്ടി ചൈന വീറ്റോ ചെയ്തിരുന്നു. ചൈനയുടെ നീക്കം നിരാശാജനകമെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നും ഇന്ത്യയും വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP