Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രക്ഷോഭത്തിൽ നിന്ന് പിന്മാറിയാൽ മാത്രം ശമ്പളം എന്ന് പറഞ്ഞപ്പോൾ സമരം നിർത്തി; മൂന്നു മാസമായി ലഭിക്കാത്ത ശമ്പളം നൽകാതെ വഞ്ചന തുടർന്ന് മാനേജ്മെന്റ്; മറുപടിയായി ലഭിച്ചത് യൂണിയൻ പ്രവർത്തനം നിരോധിച്ചുകൊണ്ടുള്ള കത്തും; പിരിഞ്ഞ് പോയവർക്ക് നൽകിയത് വണ്ടിച്ചെക്ക്; പത്രം നഷ്ടത്തിലായതിന് കാരണം മിഡിൽ മാനേജ്മെന്റിന്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമെന്ന് മാധ്യമപ്രവർത്തകർ; ശമ്പളം നൽകണമെങ്കിൽ പത്രത്തിനെതിരെ നൽകിയ കേസുകൾ പിൻവലിക്കണമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദും

പ്രക്ഷോഭത്തിൽ നിന്ന് പിന്മാറിയാൽ മാത്രം ശമ്പളം എന്ന് പറഞ്ഞപ്പോൾ സമരം നിർത്തി; മൂന്നു മാസമായി ലഭിക്കാത്ത ശമ്പളം നൽകാതെ വഞ്ചന തുടർന്ന് മാനേജ്മെന്റ്; മറുപടിയായി ലഭിച്ചത് യൂണിയൻ പ്രവർത്തനം നിരോധിച്ചുകൊണ്ടുള്ള കത്തും; പിരിഞ്ഞ് പോയവർക്ക് നൽകിയത് വണ്ടിച്ചെക്ക്; പത്രം നഷ്ടത്തിലായതിന് കാരണം മിഡിൽ മാനേജ്മെന്റിന്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമെന്ന് മാധ്യമപ്രവർത്തകർ; ശമ്പളം നൽകണമെങ്കിൽ പത്രത്തിനെതിരെ നൽകിയ കേസുകൾ പിൻവലിക്കണമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെരുന്നാൾ ദിനത്തിലും ശമ്പളമില്ലാതെ ലീഗ് മുഖപത്രം ചന്ദ്രികയിലെ മാധ്യമ പ്രവർത്തകർ. സാക്ഷാൽ പാണക്കാട് തങ്ങൾ മാനേജിങ് ഡയറക്ടറായ ചന്ദ്രിക പത്രത്തിലാണ് ഇത്തരം ഒരവസ്ഥ. മൂന്ന് മാസമായി ചന്ദ്രികയിൽ ശമ്പളം നൽകിയിട്ട്. ഓഗസ്റ്റ് 13 ന് ലീഗ് ഹൗസിൽ യോഗം വിളിച്ചു ചേർത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ലീഗ് നേതാക്കളായ ഇ.ടി.മുഹമ്മദ് ബഷീറും കെ.പി.എ മജീദും ചന്ദ്രികയിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പാടില്ലെന്ന് പറഞ്ഞതായാണ് വിവരം. മജീദിയ വേജ് ബോർഡ് നടപ്പാക്കിയതിലെ അപാകത ചൂണ്ടിക്കാട്ടിയ പത്രേതര ജീവനക്കാരുടെ ആവശ്യം വർഷങ്ങളോളം ലീഗ് നേതൃത്വം ചെവിക്കൊണ്ടില്ല.ഇത് മനസ്സിലാക്കി ജീവനക്കാർ പിന്നീട് നിയമത്തിന്റെ വഴിതേടി. മാനേജ്മെന്റിനെതിരെ കേസ് ഫയൽ ചെയ്തു.ഈ കേസ് അന്തിമഘട്ടത്തിൽ എത്തി നിൽക്കേയാണ് കേസ് പിൻവലിച്ചാലേ ശമ്പളം തരൂ എന്ന നിബന്ധന ലീഗ് നേതൃത്വം മുന്നോട്ട് വെച്ചത്.

ഇക്കാര്യം ചന്ദ്രികയുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. വിവിധ കേസുകൾ ജീവനക്കാർ ചന്ദ്രികയ്ക്ക് എതിരെ നൽകിയിട്ടുണ്ട്. ഈ കേസുകൾ പിൻവലിക്കാൻ തൊഴിലാളി സംഘടനകളോട് ചന്ദ്രിക മെോജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസുകൾ പിൻവലിച്ചാൽ ജീവനക്കാർക്ക് ശമ്പളം നൽകും-മജീദ് പറയുന്നു. എന്നാൽ പെട്ടെന്ന് ഈ കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്നാണ് യൂണിയൻ നേതാക്കളുടെ നിലപാട്. അതുകൊണ്ട് തന്നെ ചന്ദ്രികയിലെ ജീവനക്കാർക്ക് ശമ്പളം കിട്ടാക്കനിയാവുകയാണ്. അതേസമയം ഈ കേസ് നിലനിൽക്കുമ്പോൾ ചന്ദ്രിക നിലനിൽക്കുന്ന 56 സെന്റ് സ്ഥലം വിൽക്കാൻ കഴിയില്ല. പി.എഫ് ഇനത്തിൽ അടക്കാൻ ബാധ്യതപ്പെട്ട മൂന്ന് കോടി രൂപ അടക്കാതെയും സ്ഥലം വിൽപന നടക്കില്ല. തൊഴിലാളികളുടെ പി.എഫും ഇ എസ് ഐതുകയും അടയ്ക്കാതെയും ശമ്പള കുടിശ്ശിക വരുത്തിയും കമ്പനിയെ പാപ്പരീകരിക്കാൻ നീക്കം നടത്തുകയാണ് ഫിനാൻസ് ഡയറക്ടർ .ചന്ദ്രികയുടെ സ്ഥലം ചുളുവില നൽകി കൈക്കലാക്കാൻ തക്കം പാർക്കുന്നവർക്ക് ഒത്താശ ചെയ്യുന്നവരാണ് ഇപ്പോഴത്തെ മാനേജ്മെന്റ് എന്നും ആക്ഷേപമുണ്ട്. അവർ തൊഴിലാളികളെ സമ്മർദ്ദത്തിലാക്കി വിൽപ്പനയ്ക്ക് കളമൊരുക്കിക്കഴിഞ്ഞതായാണ് പുറത്തു വരുന്ന വിവരം. ചന്ദ്രികയിലെ ജീവനക്കാരാണ് പ്രതിസന്ധിക്ക് കാരണമെന്ന് ലീഗ് അണികളെയും ചില നേതാക്കളെയും വിശ്വസിപ്പിക്കാനും ശ്രമമുണ്ട്. മിഡിൽ മാനേജ്മെന്റിൽ ഇതിന് ചരട് വലിക്കുന്നവർക്ക് വൻതുകയാണ് കമ്മീഷനായി ഓഫർ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ എഡിറ്റർക്ക് നേരെയും ചിലർ വിരൽ ചൂണ്ടുന്നു. മുമ്പ് ചന്ദ്രികയുടെ സ്വന്തം സ്ഥലം കെ ടിസിക്ക് മറിച്ചു കൊടുത്ത് കമ്മീഷൻ കൈപ്പറ്റിയ രഹസ്യം ഇപ്പോൾ ചന്ദ്രികയിൽ പരസ്യമാണ്. സമാന അവസ്ഥയാണിപ്പോഴുമെന്ന് ജീവനക്കാർ പറയുന്നു.

പെരുന്നാൾ പട്ടിണി; ജനറൽ സെക്രട്ടറി ഹാരിസ് മടവൂർ രാജി വെച്ചു

ചന്ദ്രികയിലെ കൊള്ളരുതായ്മകൾ ചൂണ്ടിക്കാട്ടി വെച്ച ബോർഡുകൾ എടുത്തു മാറ്റി പ്രക്ഷോഭപാതയിൽ നിന്ന് പിൻതിരിഞ്ഞാൽ മാത്രം ശമ്പളം എന്ന് ലീഗ് നേതൃത്വം പറഞ്ഞപ്പോൾ ജീവനക്കാർ ബോർഡ് എടുത്തു മാറ്റി സമരപരിപാടി നിർത്തിവെച്ചു. എന്നാൽ ലീഗ് നേതൃത്വം വഞ്ചിച്ചു. ശമ്പളം നൽകിയില്ല. പെരുന്നാളിന് പട്ടിണി കിടന്ന് അനുഭവിക്കട്ടെ അവർ എന്ന നിലപാടാണ് ലീഗ് നേതൃത്വം കൈക്കൊണ്ടത്.ഇതിൽ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യുജെ.ചന്ദ്രിക സെൽ ജനറൽ സെക്രട്ടറിയും മടവൂരിലെ ലീഗ് നേതാവുമായ ഹാരിസ് മടവൂർ ഇന്നലെ രാജിവെച്ചു. ഇതോടെ വിഷയം ലീഗ് അണികളിലേക്കെത്തി. പാണക്കാട് തങ്ങൾ നേതൃത്വം നൽകുന്ന പത്രത്തിൽ പെരുന്നാൾ പട്ടിണിയെന്ന അത്യപൂർവ സംഭവം ലീഗിലെ ഉന്നതർക്കെതിരെ തിരിയുമോ എന്ന ഭയം ചിലർക്കുണ്ട്.തങ്ങളെ ചന്ദ്രികയിലെ യഥാർത്ഥ പ്രശ്നങ്ങൾ അറിയിക്കുന്നതിൽ നിന്ന് വിലക്കുന്ന ഒരു ലോബി നിലവിലുണ്ട്.അവരാണ് തങ്ങളെ വെച്ച് ജീവനക്കാർക്കെതിരെ തിരിയുന്നത്. കാലങ്ങളായി കളവും ക്രമക്കേടും നടത്തിയ മാനേജ്മെന്റിന് കീഴിൽ ഇനി ഇതേപോലെ ജോലി ചെയ്യാനാവില്ലെന്നാണ് ജീവനക്കാർ പറയുന്നത്. വർഷങ്ങൾ ജോലി ചെയ്ത് പിരിഞ്ഞവർക്ക് പോലും ആനുകൂല്യം കൊടുക്കാതെ വണ്ടിച്ചെക്ക് നൽകി. അതുവഴി പാണക്കാട് കുടുംബത്തിന് ഹാനി വരുത്തി അറസ്റ്റ് ചെയ്യിക്കാനും ചിലർ ശ്രമിച്ചിരുന്നു. ചെക്ക് കേസ് കോടതിയിൽ നടക്കുകയാണ്.

യൂണിയൻ പ്രവർത്തനം നിരോധിച്ചു

ഓഗസ്റ്റ് 13 ന് കോഴിക്കോട്ടെ ലീഗ് ഹൗസിൽ കേരളത്തിലെ മുഴുവൻ ചന്ദ്രിക ജീവനക്കാരുടെയും യോഗം സംസ്ഥാന ലീഗ് നേതൃത്വം വിളിച്ചുകൂട്ടിയതോടെയാണ് സ്ഥാപനത്തിലെ പ്രശ്നങ്ങൾക്ക് പുതിയ വഴിത്തിരിവുണ്ടായത്. മാസങ്ങളായി ശമ്പളമില്ലാത്ത ജീവനക്കാർ കരുതിയത് പ്രതിസന്ധി തീർക്കാൻ പരിഹാര നിർദ്ദേശങ്ങളായിരിക്കും യോഗത്തിന്റെ അജണ്ട എന്നാണ്. പക്ഷേ സംഭവിച്ചത് മറിച്ചാണ്. ഉമ്മർ പാണ്ടികശാലയുടെ സ്വാഗതഭാഷണത്തിന് ശേഷം സംസാരിച്ച ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയാണ് സംസാരിച്ചത് എന്നാണ് ജീവനക്കാർ പറയുന്നത്. ഫിനാൻസ് ഡയറക്ടർ ഷമീറിന്റെ കൊള്ളരുതായ്മകൾ അക്കമിട്ട് നിരത്തി ചന്ദ്രികയുടെ പ്രവേശന കവാടത്തിൽ വെച്ച ബോർഡുകൾ എടുത്തു മാറ്റിയാൽ മാത്രം ചർച്ച, അരിയർ കേസ് പിൻവലിച്ചേ തീരൂ, സോഷ്യൽ മീഡിയ പ്രചാരണം പാടില്ല,ശമ്പളം ആറ് മാസത്തേക്ക് ഗഡുക്കളായേ തരൂ തുടങ്ങി തൊഴിലാളി വിരുദ്ധഭാഷണം തൊഴിലാളി സംഘടന നയിച്ച ഒരാളിൽ നിന്ന് കേട്ട് ജീവനക്കാർ തരിച്ചിരുന്നു പോയി. എന്നാൽ തൊഴിലാളികളുടെ പിഎഫ് ഇനത്തിൽ 3 കോടി രൂപ അടക്കാത്ത കാര്യത്തെപ്പറ്റി ഇ.ടി മിണ്ടിയതേയില്ല. കാലാകാലമായി ചന്ദ്രികയുടെ പേരിൽ പണപ്പിരിവ് നടത്തിയവരെക്കുറിച്ച് ജീവനക്കാർ ഉന്നയിച്ച പരാതിയിലെ കാര്യങ്ങൾക്കും മറുപടിയുണ്ടായില്ല. ചന്ദ്രികയിൽ നിന്നും പിരിഞ്ഞു പോയവരുടെ ഗ്രാറ്റിവിറ്റി നൽകാതെ വണ്ടിച്ചെക്ക് നൽകി പാണക്കാട്ട് കുടുംബത്തെ അപമാനിച്ചവർക്കെതിരെയും നടപടി എന്തു കൊണ്ടില്ല എന്ന ജീവനക്കാരുടെ മാസങ്ങളായ ചോദ്യത്തിനും ഇ.ടി. മറുപടി പറഞ്ഞില്ല. ചന്ദ്രികയുടെ സെൻട്രലൈസിംഗിന് നൽകിയ 26 ലക്ഷം രൂപ ആരുടെ പോക്കറ്റിലാണ് എന്ന ചോദ്യത്തിനും നേതൃത്വത്തിന് ഉത്തരമില്ല. നോട്ടു നിരോധന കാലത്ത് കണക്കിലില്ലാത്ത ഫണ്ട് ചന്ദ്രിക അക്കൗണ്ടിൽ നിക്ഷേപിച്ചതിനെത്തുടർന്ന് ആദായ നികുതി വകുപ്പ് ചന്ദ്രികയിൽ റെയ്ഡ് നടത്തിയതിനെക്കുറിച്ചും കോടികൾ പിഴ കെട്ടിയതും ചോദ്യങ്ങളായി തന്നെ നിന്നു. പകരം ജീവനക്കാരെ പ്രതികളാക്കി പീഡിപ്പിക്കാനാണ് നേതൃത്വം യോഗത്തിൽ വ്യഗ്രത പൂണ്ടത്.

ജീവനക്കാരെ മറയാക്കി അഴിമതിയിൽ നിന്നും തലയൂരാൻ ശ്രമം

ചന്ദ്രികയിൽ യൂണിയൻ നേതാവായ ലീഗ് പ്രവർത്തകൻ ഹാരിസ് മടവൂരിനെ തുടർന്ന് സംസാരിച്ച കെ.പി.എ മജീദ് കടന്നാക്രമിച്ചു. 'നീ ലീഗ് ഹൗസിന് മുന്നിൽ ബോർഡ് വെക്കും അല്ലെടോ..' എന്നായിരുന്നു രോഷാകുലനായി മജീദ് ചോദിച്ചത്. ചന്ദ്രിക നഷ്ടത്തിലായതിന് കാരണം മിഡിൽ മാനേജ്മെന്റിന്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമാണ്. യഥാർത്ഥത്തിൽ ചന്ദ്രികയുടെ ശാപം അതാണ്.എന്നാൽ ലീഗ് നേതൃത്വം ഇത് ഒരിക്കലും ചെവിക്കൊള്ളുന്നില്ല. പകരം അവർ ജീവനക്കാരെ ബലി നൽകുകയാണെന്നാണ് പത്രപ്രവർത്തകർ പറയുന്നത്.

ചന്ദ്രികയിൽ ജീവനക്കാർ അധികമാണെന്നാണ് ലീഗ് നേതൃത്വം വിശ്വസിക്കുന്നത്. എന്നാൽ സ്ഥിതി മറിച്ചാണ്. പത്രം ഇറക്കുന്നതു പോലും വിരലിൽ എണ്ണാവുന്നവരെ വച്ചാണ്. കഴിഞ്ഞ കാലങ്ങളിൽ പത്തിലധികം എഡിറ്റോറിയൽ സ്റ്റാഫ് അംഗങ്ങൾ വിരമിച്ചിട്ടുണ്ട്. കുറേപ്പേർരാജി വെച്ച് വിവിധ പത്രങ്ങളിലേക്ക് പോയിട്ടുമുണ്ട്. എന്നാൽ അവർക്ക് പകരം ഒരാളെപ്പോലും മാനേജ്മെന്റ് നിയമിച്ചിട്ടില്ല. അതിന് പകരം ഫിനാൻസ് ഡയറക്ടറുടെ ആജ്ഞാനുവർത്തികളെ വലിയ ശമ്പളം നൽകി ഓഫീസുകളിൽ നിയമിച്ചത് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, വല്ലപ്പോഴും വന്നു കയറുന്ന എഡിറ്റർക്കും ഡിജിഎമ്മിനും താമസിക്കാൻ നഗരത്തിൽ രണ്ട് ഫ്ലാറ്റുണ്ട്. ഒരു മാസം വാടകയിനത്തി ൽ മാത്രം ലക്ഷത്തിനോടടുത്ത തുക ഇതിന് വേണം .തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാത്ത സ്ഥാപനത്തിന് എന്തിന് ഇത്ര ധൂർത്തെന്നാണ് ജീവനക്കാർ ചോദിക്കുന്നത്. മിഡിൽ മാനേജ്മെന്റിന്റെ പിടിപ്പുകേടും ധൂർത്തും അഴിമതിയുമാണ് ചന്ദ്രികയുടെ നഷ്ടത്തിന് യഥാർത്ഥ കാരണം.എന്നാൽ ലീഗണികളെ ജീവനക്കാർക്കെതിരാക്കി അഴിമതിക്ക് മറയിടാനാണ് നേതൃത്വത്തിന്റെ തന്ത്രം. അതു കൊണ്ടാണ് യാഥാർത്ഥ്യം സോഷ്യൽ മീഡിയയിൽവരുന്നത് ലീഗ് നേതൃത്വം ഭയപ്പെടുന്നതും വിലക്കുന്നതും. പത്രത്തിന്റെ ചുമതല പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിന് കൈമാറി. അതിന് ശേഷം അദ്ദേഹം രണ്ടു ദിവസം ചന്ദ്രികയിൽ മിന്നൽ സന്ദർശനം നടത്തി. അതിനെത്തുടർന്നാണ് ചന്ദ്രികയിൽ യൂണിയൻ പ്രവർത്തനം നിരോധിച്ച കത്ത് ജീവനക്കാർക്ക് ലഭിച്ചത്.

ഇതിൽ ഒപ്പുവെച്ച കെ.പി .എ മജീദ് ചന്ദ്രികയുടെ ഡയറക്ടർ ആയിരുന്നില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. കെ യുഡബ്ല്യുജെയും കെ.എൻ എഫ് ഇ യും സംയുക്തമായാണ് യൂണിയൻ പ്രവർത്തനം സംഘടിപ്പിക്കാറ്.കെ.യു.ഡബ്ല്യുജെ സംസ്ഥാന പ്രസിഡണ്ട് കമാൽ വരദൂർ ചന്ദ്രികയിലെ സീനിയിൽ ജേർണലിസ്റ്റാണ്. സംസ്ഥാന പ്രസിഡന്റിന്റെ യൂണിറ്റിൽ തന്നെ യൂണിയൻ പ്രവർത്തനം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കത്ത് മുഖേന നിരോധിച്ചത് ചന്ദ്രിക പത്രം പൂട്ടി പുതിയ കമ്പനി രൂപീകരിച്ച് പത്രം വേറെ തുടങ്ങുന്നതിന് ചില ലീഗ് നേതാക്കൾ ചരടുവലി തുടങ്ങിയിട്ടുണ്ട്. അത് ലീഗ് ഹൗസിലെ യോഗത്തിൽ ഇ.ടി.യും മജീദും സൂചിപ്പിച്ചിട്ടുണ്ട്. 'നിങ്ങൾ സഹകരിക്കുന്നില്ലെങ്കിൽ പാർട്ടി വേറെ കമ്പനി രൂപീകരിച്ച് കുറച്ചാളുകളെ വെച്ച് പത്രം വേറെ തുടങ്ങും. അപ്പോൾ വഴിയാധാരമാകുന്നത് നിങ്ങളായിരിക്കും' എന്ന ഭീഷണി നേതൃത്വം നടത്തിയത് ജീവനക്കാരിൽ രോഷം ഇരട്ടിയാക്കി.ലീഗ് അണികളോട് വസ്തുതകൾ അക്കമിട്ട് നിരത്തിപ്പറയാനുള്ള തയ്യാറെടുപ്പിലാണ് ഒരു വിഭാഗം ജീവനക്കാർ. ചന്ദ്രികയുടെ പേരിൽ 50 കോടി രൂപ പിരിച്ചെടുക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇത് ചിലരുടെ പോക്കറ്റിലായിരിക്കും ചെന്നു ചേരുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.ഇതിന് തെളിവായി അവർ മുൻകാലത്ത് ചന്ദ്രികയ്ക്കായി പിരിച്ച കോടികളുടെ കഥയാണ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP