Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാലാ ഷോറൂമിന് പിന്നാലെ ചങ്ങനാശേരി കരിക്കിനേത്തും അടച്ചുപൂട്ടാൻ നീക്കം; ശമ്പളത്തിൽ നിന്നും പണം പിടിച്ചിട്ടും നഷ്ടപരിഹാരവും ആനുകൂല്യങ്ങളും കിട്ടിയിട്ടില്ലെന്ന് പരാതിപ്പെട്ട് ജീവനക്കാർ; സ്വർണനാണയവും കാറും സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടും ഉപഭോക്താക്കൾക്ക് മൂന്നര വർഷമായി ഒന്നും നൽകിയില്ല

പാലാ ഷോറൂമിന് പിന്നാലെ ചങ്ങനാശേരി കരിക്കിനേത്തും അടച്ചുപൂട്ടാൻ നീക്കം; ശമ്പളത്തിൽ നിന്നും പണം പിടിച്ചിട്ടും നഷ്ടപരിഹാരവും ആനുകൂല്യങ്ങളും കിട്ടിയിട്ടില്ലെന്ന് പരാതിപ്പെട്ട് ജീവനക്കാർ; സ്വർണനാണയവും കാറും സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടും ഉപഭോക്താക്കൾക്ക് മൂന്നര വർഷമായി ഒന്നും നൽകിയില്ല

കോട്ടയം: പാലായ്ക്ക് പിന്നാലെ ചങ്ങനാശേരി കരിക്കിനേത്തും പൂട്ടാനുള്ള നീക്കത്തിൽ. സ്റ്റോക്ക് എടുക്കുന്നതു വൻ തോതിൽ കുറച്ചതും ഉടമ കടയിൽ എത്താതിരിക്കുന്നതുമാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ഇതിനിടയിൽ, പൂട്ടിയ പാലാ കരിക്കിനേത്തിലെ തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും പിടിച്ച വിഹിതങ്ങൾ പോലും അടയ്ക്കാത്തതു മൂലം ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കഴിയാതെ ജീവനക്കാർ ദുരിതത്തിൽ. പാലാ കരിക്കിനേത്ത് സിൽക്‌സിന്റെ വഞ്ചനയിൽ ജീവനക്കാർ മാത്രമല്ല, ഉപഭോക്താവും പെടും. നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് സ്വർണനാണയവും, കാറും നൽകുമെന്ന് മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു.

ഇതിൻപ്രകാരം കൂപ്പൺ വിതരണവും നടന്നു. എന്നാൽ നാളിതുവരെ നറുക്കെടുപ്പ് നടത്താൻ മാനേജ്‌മെന്റ് തയാറായിട്ടില്ല. സ്ഥാപനത്തിൽ നിന്ന് നൽകിയ കൂപ്പണിൽ നറുക്കെടുപ്പ് തീയതി അച്ചടിച്ചിട്ടില്ലെന്ന ന്യായമാണ് മാനേജ്‌മെന്റ് ഇപ്പോൾ നിരത്തുന്നത്. ഇത്തരത്തിൽ വ്യാജ കൂപ്പൺ വിതരണം നടത്തി കഴിഞ്ഞ മൂന്നര കൊല്ലമായി ഉപഭോക്താവിനെ വഞ്ചിക്കുകയായിരുന്നു ഇക്കൂട്ടർ. 2016 ഡിസംബർ 18നാണ് ബങ്ക് കെട്ടിടം പൂട്ടി സീൽ ചെയ്തത്. 2011ൽ തുടങ്ങുമ്പോൾ 565 ജീവനക്കാരായിരുന്നെങ്കിൽ പൂട്ട് വീഴുമ്പോൾ നൂറിനടുത്തായി.

എന്നാൽ ഈ സമയം, നൽകേണ്ട ഗ്രാറ്റുവിറ്റി, നഷ്ടപരിഹാരം എന്നിവയൊന്നും നൽകാൻ മാനേജ്‌മെന്റ് തയാറായിട്ടില്ലെന്നു കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പാലാ കരിക്കിനേത്ത് സിൽക്‌സിലെ തൊഴിലാളി ദ്രോഹങ്ങൾ തൊഴിലാളികൾ വ്യക്തമാക്കിയത്. കരിക്കനേത്ത് കെ.സി വർഗീസിന്റെയും റീന വർഗീസിന്റെയും ഉടമസ്ഥതയിലുള്ള പാലാ, ചങ്ങനാശേരി ഷോറൂമുകളിലെ ജീവനക്കാരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

പി.എഫിന്റെ പേരിൽ ശമ്പളത്തിൽ നിന്ന് തൊഴിലാളി വിഹിതം കട്ട് ചെയ്യുമായിരുന്നെങ്കിലും നാളിതുവരെ തുക ബോർഡിൽ അടയ്ക്കാൻ മാനേജ്‌മെന്റ് തയാറായിട്ടില്ല. പി.എഫ് , ഇ.എസ്.ഐ, ക്ഷേമനിധി എന്നീ വിഭാഗത്തിൽ ഏകദേശം നാലരവർഷത്തെ കുടിശികയാണ് കമ്പനി അടയ്ക്കാനുള്ളത്. ഇക്കാര്യം ബോർഡ് ഉദ്യോഗസ്ഥർ തന്നെ തൊഴിലാളികളോട് വ്യക്തമാക്കി. കൂടാതെ, ക്ഷേമനിധി വിഹിതവും തൊഴിലാളികളിൽനിന്ന് ഈടാക്കിയെങ്കിലും തുക കൃത്യമായി അടച്ചിരുന്നില്ല. ഇക്കാരണത്താൽ ഇവർക്ക് ക്ഷേമനിധിയിൽനിന്ന് ലഭിക്കേണ്ടിയിരുന്ന നിരവധി ആനുകൂല്യങ്ങളും നിഷേധിക്കുന്ന സ്ഥിതിയായിരുന്നു.

ഇത്തരത്തിൽ ആനുകൂല്യവിഹിതം അടയ്ക്കാൻ കുടിശിക വരുത്തിയതോടെ തൊഴിലാളികൾ മറ്റൊരു സ്ഥാപനത്തിൽ ജോലിക്കെത്തിയാൽ നിയമതടസം നേരിടേണ്ടിവരുന്ന അവസ്ഥയാണ്. പാലാ, ചങ്ങനാശേരി ബ്രാഞ്ചുകളിൽ ഉൾപ്പെടെ ഏകദേശം 170 ൽപ്പരം ജീവനക്കാരാണ് ഇത്തരത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ ആരും തയാറായിരുന്നില്ല. ഇ.എസ്.ഐ കാർഡുണ്ടെങ്കിലും ഒന്നും പ്രയോജനകരമല്ലെന്ന് ജീവനക്കാർ പറയുന്നു. പലപ്പോഴും ചികിത്സയ്ക്കായി ആശുപത്രിയെ സമീപിക്കുമ്പോൾ ലഭിക്കുന്ന മറുപടി കാർഡ് എലിജിബിൾ അല്ലെന്ന മറുപടിയാണ്.

ഇത്തരത്തിൽ തൊഴിലാളികൾക്ക് നൽകുന്ന തുച്ഛമായ തുകയിൽനിന്ന് പല ആനുകൂല്യത്തിന്റെയും പേരിൽ വിഹിതം പിടിക്കുകയും അത് കൃത്യസമയത്ത് അടയ്ക്കാതെയും തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയാണ് പാലാ കരിക്കിനേത്ത് സിൽക്‌സ് ഉടമകൾ ചെയ്തിരുന്നത്. ഒൻപത് തവണ അധികൃതരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും വെറും നാലു തവണ മാത്രമാണ് ഉടമ കെ.സി വർഗീസ് പങ്കെടുത്തത്. ജില്ലാ ലേബർ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന ജില്ലാ ലേബർ എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ.എൻ രമേശിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച ഏറെയും.

എന്നാൽ സാമ്പത്തിക പ്രതിന്ധിയുടെ പേരിൽ ചർച്ചയിൽനിന്ന് പിന്മാറുന്ന രീതിയായിരുന്നു ഉടമ സ്വീകരിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടു പറഞ്ഞ് ചർച്ച അലസിപ്പിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. അതേസമയം, തൊഴിലാളികളിൽ നിന്ന് പിടിച്ച വിഹിതമെവിടെയെന്ന ചോദ്യത്തിന് മറുപടിയില്ല. പാലാ കരിക്കിനേത്ത് സിൽക്‌സ് മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹനയത്തിനെതിരെ നാളെ കോട്ടയം കൊമേഴ്‌സൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രത്യക്ഷസമരത്തിനിറങ്ങുകയാണ്.

ഇതിനിടയിൽ ചങ്ങനാശേരിയിലും സ്റ്റോക്ക് എടുക്കുന്നതു കുറച്ചിരിക്കുകയാണ്. ഉപഭോക്താക്കൾ എത്തുമ്പോൾ സാധനം നൽകാൻ കഴിയാത്ത സ്ഥിതി വിശേഷമാണ് ഉള്ളത്. ഈ ഷോറൂമും പൂട്ടാനുള്ള നീക്കമാണെന്നാണ് സംസാരം. ഇവിടെയുള്ള 75ൽ പരം തൊഴിലാളികൾക്ക് ഇപ്പോൾ ശമ്പളം നല്കുന്നത് 1000,500 ഗഡുക്കളായാണ്.ബോണസും രണ്ടു വർഷമായി നല്കിയിട്ടില്ലെന്നും തൊഴിലാളികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP