Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡെങ്കിപ്പനി വന്നുമരിച്ച ഏഴുവയസുകാരിക്ക് 15 ദിവസത്തെ ചികിത്സയ്ക്ക് 18 ലക്ഷം ഈടാക്കി ഫോർട്ടിസ് ആശുപത്രി; ഡെങ്കിപ്പനി വന്ന എട്ടുവയസുകാരന് 16 ലക്ഷം ഈടാക്കി മേദാന്ത; രണ്ടുവർഷം മുമ്പത്തെ സ്വകാര്യ ആശുപത്രികളുടെ ഞെട്ടിക്കുന്ന ബില്ലുകളുടെ വാർത്തകൾ കണ്ടുകണ്ണുതള്ളിയവർക്ക് ഇനി ആശ്വസിക്കാം; ബില്ല് കൊടുക്കാത്തതിന് രോഗിയെ തടഞ്ഞുവയ്ക്കാനും ചികിത്സാരേഖകൾ കൊടുക്കാതെ ജാട കാട്ടാനും തുനിഞ്ഞാൽ ആശുപത്രികൾക്ക് പണി കിട്ടും; രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ കാലം വരവായ്

ഡെങ്കിപ്പനി വന്നുമരിച്ച ഏഴുവയസുകാരിക്ക് 15 ദിവസത്തെ ചികിത്സയ്ക്ക് 18 ലക്ഷം ഈടാക്കി ഫോർട്ടിസ് ആശുപത്രി; ഡെങ്കിപ്പനി വന്ന എട്ടുവയസുകാരന് 16 ലക്ഷം ഈടാക്കി മേദാന്ത; രണ്ടുവർഷം മുമ്പത്തെ സ്വകാര്യ ആശുപത്രികളുടെ ഞെട്ടിക്കുന്ന ബില്ലുകളുടെ വാർത്തകൾ കണ്ടുകണ്ണുതള്ളിയവർക്ക് ഇനി ആശ്വസിക്കാം; ബില്ല് കൊടുക്കാത്തതിന് രോഗിയെ തടഞ്ഞുവയ്ക്കാനും ചികിത്സാരേഖകൾ കൊടുക്കാതെ ജാട കാട്ടാനും തുനിഞ്ഞാൽ ആശുപത്രികൾക്ക് പണി കിട്ടും; രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ കാലം വരവായ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്നത്തെ കാലത്ത് ഒരുപനി വന്നാൽ പോലും പേടിക്കണം. ഒന്നാമത് മാറാപ്പനികളുടെ കാലം. ആശുപത്രികളിൽ പ്രത്യേികിച്ച് സ്വകാര്യആശുപത്രികളിൽ എങ്ങാനുമാണ് കിടക്കുന്നതെങ്കിൽ പിന്നെ പറയുകയും വേണ്ട. ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴുവയസുകാരിയുടെ വീട്ടുകാർക്ക് 15 ദിവസത്തെ ചികിത്സയ്ക്ക് 18 ലക്ഷം രൂപ ബിൽ നൽകിയ സംഭവം ഓർമയില്ലേ? ഹരിയാനയിലെ ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രി അധികൃതരാണ് കുട്ടിയുടെ ബന്ധുക്കളെ കൊള്ളയടിച്ചത്. സംഭവം കഴിഞ്ഞ വർഷമാണ്.

ഡൽഹി ദ്വാരക സ്വദേശിയായ ജയന്തിന്റെ മകൾ ആദ്യ 15 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ ആദ്യ മരണപ്പെടുകയും ചെയ്തു. 2700 ഗ്ലൗസ് ഉപയോഗിച്ചതിന് 17,142 രൂപയാണ് ബിൽ ഈടാക്കിയത്. 18 ലക്ഷത്തിന് പുറമെ രക്തപരിശോധനയ്ക്കും മറ്റുമായി 2.17 ലക്ഷം രൂപ ആദ്യയുടെ പിതാവിൽ നിന്നും ഈടാക്കിയിരുന്നു. 660 സിറിഞ്ചാണ് കുട്ടിക്ക് വേണ്ടി ഉപയോഗിച്ചത് എന്നാണ് ബില്ലിൽ പറഞ്ഞിരുന്നത്. മറ്റൊരു സംഭവത്തിൽ, ഡെങ്കിപ്പനി ബാധിച്ചു മരിച്ച എട്ടുവയസുകാരനെ ചികിത്സിച്ചതിന് ആശുപത്രി ബിൽ വന്നത് 15.88 ലക്ഷം രൂപ. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയാണ് 21 ദിവസം ചികിത്സിച്ചതിന് ഭീമൻ തുക ഈടാക്കിയത്.

സ്വകാര്യആശുപത്രികളിൽ മാത്രമല്ല, സർക്കാർ ആശുപത്രികളിലുമുണ്ട് തട്ടിപ്പും വെട്ടിപ്പും. ഇതൊക്കെ ദേശീയ തലത്തിൽ തന്നെ ചർച്ചയായപ്പോഴാണ് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് കേന്ദ്ര സർക്കാർ ചിന്തിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ തയ്യാറാക്കിയ 'ചാർട്ടർ ഓഫ് പേഷ്യന്റ്സ് റൈറ്റ്സ്' എന്ന അവകാശരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പൊതുഅഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത് ഇതുമനസ്സിൽ കണ്ടാണ്. സംഗതി ജോറാണ്. നടപ്പായാൽ ഗംഭീരം.

രോഗികളുടെ അവകാശങ്ങൾ പിളേളരുകളിയല്ല

എല്ലാ ആശുപത്രികളിലും ഇപ്പോൾ രോഗികൾ കുറവാണ്. എന്താണെന്നറിയില്ല. ഇപ്പോൾ ആളുകൾക്കൊന്നും രോഗമില്ലെന്ന തോന്നുന്നു. ഒരുഡോക്ടർ നഴ്‌സിനോട് നടത്തിയ സംഭാഷണം ഇങ്ങനെ. സംഗതി നിർദ്ദോഷമായ തമാശയാണ്. എന്നാൽ ആശുപത്രി മേധാവികൾ അങ്ങനെ ചിന്തിക്കണമെന്നില്ല. രോഗികൾ വന്നില്ലെങ്കിൽ ആശുപത്രി പൂട്ടിപ്പോവില്ലേ? അപ്പോൾ രോഗികളെ കറവപ്പശുക്കളാക്കുക തന്നെ. പല ആശുപത്രികളും ചികിത്സാവിവരങ്ങളും രോഗസംബന്ധിയായ രേഖകളും രോഗികൾക്കു നൽകാറില്ല. ചോദിച്ചാൽ ഡോക്ടറുടെ ഒപ്പുവേണം എന്നൊക്കെ പറഞ്ഞ് ഒഴിയും. വിവരങ്ങൾ മറച്ചുവച്ച് കാശ് പിടുങ്ങുന്നവരും ഏറെ.
ഇനി ബില്ലിൽ എന്താണ് കേമമായി ഉള്ളത് എന്നുനോക്കാം.

*രാജ്യത്തെ എല്ലാ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പരാതിപരിഹാരസംവിധാനം നിർബന്ധമാക്കണമെന്ന് ആരോഗ്യമന്ത്രാലയം. പരാതി കിട്ടി 24 മണിക്കൂറിനുള്ളിൽ നടപടി തുടങ്ങണം. 15 ദിവസത്തിനകം നടപടിവിവരം രോഗിയെ അറിയിക്കണം. ഇതിൽ രോഗി തൃപ്തനല്ലെങ്കിൽ ജില്ലാ, സംസ്ഥാന തലങ്ങളിലുള്ള അഥോറിറ്റികളെ സമീപിക്കാം. ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ രോഗികളുടെ അവകാശപത്രികയുടെ കരടിലാണ് നിർദ്ദേശമുള്ളത്.

*ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് മന്ത്രാലയത്തിനുവേണ്ടി കരട് തയ്യാറാക്കിയത്. കരടിൽ പറയുന്ന മറ്റുകാര്യങ്ങളിവയാണ്:

* ബില്ലിനെച്ചൊല്ലിയുള്ള തർക്കങ്ങളുടെപേരിൽ രോഗിയെ ആശുപത്രിയിൽ തടഞ്ഞുവെക്കുകയോ മൃതദേഹം വിട്ടുകൊടുക്കാതിരിക്കുകയോ ചെയ്യരുത്.

* വിടുതൽ നൽകി 72 മണിക്കൂറിനുള്ളിൽ ചികിത്സാരേഖകളും റിപ്പോർട്ടുകളും രോഗിക്ക് കൈമാറണം.

*ഏതെങ്കിലും ഫാർമസികളെയോ മരുന്നുകടകളെയോ ഡോക്ടർമാർ ശുപാർശ ചെയ്യരുത്.

* അടിയന്തര മെഡിക്കൽ സേവനം, സ്വകാര്യതയും അന്തസ്സും കാത്തുസൂക്ഷിക്കൽ, ചികിത്സാനിരക്കുകൾ സുതാര്യമാക്കൽ, രണ്ടാമതൊരു അഭിപ്രായം തേടൽ, താത്പര്യമുള്ളിടത്തുനിന്ന് മരുന്നും പരിശോധനയും സ്വീകരിക്കൽ, വിവേചനമില്ലാതെ ചികിത്സ ലഭിക്കൽ എന്നിവ രോഗിയുടെ അവകാശമാണ്.

* മരുന്നുപരീക്ഷണങ്ങൾക്ക് വിധേയരാകുന്നവർക്ക് സംരക്ഷണമേർപ്പെടുത്തണം.

* പരീക്ഷണങ്ങൾമൂലം ബുദ്ധിമുട്ട് നേരിടുന്നവർക്ക് സൗജന്യചികിത്സ ഉറപ്പാക്കണം. മരണം സംഭവിക്കുകയാണെങ്കിൽ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണം.

ബയോ മെഡിക്കൽ ഗവേഷണങ്ങളിൽ ഭാഗമാകുന്നവരുടെ അവകാശങ്ങളും കരടിൽ പറയുന്നുണ്ട്. ഡോക്ടർമാർക്ക് ശരിയായ വിവരങ്ങൾ നൽകുക, പരിശോധനയോടും ചികിത്സയോടും സഹകരിക്കുക, ഡോക്ടറുടെ അന്തസ്സിനെ മാനിക്കുക തുടങ്ങി രോഗികളുടെ ഉത്തരവാദിത്വങ്ങളും കരടിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

ദേശീയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കാത്ത സംസ്ഥാനങ്ങളിൽ പുതിയ അവകാശരേഖ രോഗികൾക്ക് സഹായകമാകുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. കരടിന്റെ അന്തിമരൂപം തയ്യാറായി വരുന്നു.

എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ അവകാശം വേണ്ടേ?

2010 ലെ ദേശീയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് ചില സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. മറ്റുചിലർ ആശുപത്രികളെ നിയന്ത്രിക്കാൻ സ്വന്തം നിയമവും. എല്ലാം സംസ്ഥാനങ്ങൾക്കും ഒരുപോലെ പാലിക്കാവുന്ന ഒരു രോഗി അവകാശ രേഖ. അതാണ് കേന്ദ്ര സർക്കാരിന്റെ രേഖ.
17 അവകാശങ്ങളെ കുറിച്ച് രേഖയിൽ പറയുന്നു. രോഗികളുടെ അവകാശങ്ങൾ ഇതോടെ കൂടുതൽ വ്യക്തമാകും. ചികിത്സാരേഖകൾ നൽകാതിരിക്കുക, അടിയന്തരചികിത്സ നിഷേധിക്കുക, വിവരങ്ങൾ നൽകാതിരിക്കുക, സുതാര്യത ഇല്ലാതാക്കുക, സ്വകാര്യതയും അന്തസ്സും രഹസ്യാത്മകതയും നിലനിർത്താതിരിക്കുക, ഗുണമേന്മ പാലിക്കാതിരിക്കുക, അടിസ്ഥാനസൗകര്യങ്ങൾ നൽകാതിരിക്കുക തുടങ്ങിയ കുഴപ്പങ്ങൾക്കെല്ലാം വലിയൊരളവിൽ പരിഹാരമാകും. സംസ്ഥാനങ്ങൾ ഇതുക്യത്യമായി പാലിക്കണമെന്ന മാത്രം.

വിവേചനം വച്ചുപൊറുപ്പിക്കില്ല

ഓരോ രോഗിയുടെയും രോഗാവസ്ഥ കണക്കിലെടുത്ത് വിവേചനരഹിതമായ ചികിത്സ നൽകാൻ ആശുപത്രികൾ ഇനി ബാധ്യസ്ഥരാകും. മതം, ജാതി, വംശീയത, ലിംഗം എന്നിവയുടെ പേരിലും വിവേചനം അരുത്. ചില രോഗ ചികിത്സകളുടെ കാര്യത്തിൽ രോഗിയുടെ ബന്ധുക്കൾക്ക് എല്ലാം നേരാംവണ്ണമാണോയെന്ന് സംശയം തോന്നാം. അപ്പോൾ സെക്കൻഡ് ഒപ്പീനിയൻ തേടാൻ തോന്നും. അതിന് ചികിത്സിക്കുന്ന ആശുപത്രികളിലെ രേഖകൾ വേണ്ടി വരും. അതുകിട്ടുമോ? സെക്കൻഡ് ഒപ്പീനിയൻ തേടിയെന്ന് അറിഞ്ഞാൽ ഇപ്പോൾ ചികിത്സിക്കുന്ന ആശുപത്രിക്കാർ പിണങ്ങുമോ? പുതിയ അവകാശരേഖ പ്രകാരം, രോഗിക്കും ബന്ധുക്കൾക്കും സെക്കൻഡ് ഒപ്പീനിയൻ തേടാനുള്ള അവകാശമുണ്ട്. ഈ അവകാശത്തെ ആശുപത്രി മാനേജ്‌മെന്റ് അംഗീകരിച്ചേ മതിയാവൂ. ഒരുഅധികച്ചലവോ, താമസമോ കൂടാതെ സെക്കൻഡ് ഒപ്പീനിയൻ തേടാൻ ആശുപത്രികൾ രോഗിയുടെ ബന്ധുക്കൾക്ക് എല്ലാ റെക്കോഡുകൾ കൊടുത്തേ മതിയാവൂ. എന്തെങ്കിലും വിവേചനം കാട്ടിയാൽ അതുമനുഷ്യാവകാശ ലംഘനമായി കണക്കാക്കും.

പരിക്കേറ്റുവരുന്നവരെ നിസ്സാരകാരണം പറഞ്ഞ് ഒഴിവാക്കുന്ന പരിപാടിയും ഇനി നടപ്പില്ല. സർക്കാരായാലും പ്രൈവറ്റായാലും അടിയന്തര വൈദ്യസഹായം നൽകാൻ ആശുപത്രികൾ ബാധ്യസ്ഥരായിരിക്കും. രോഗിയുടെ സാമ്പത്തിക ശേഷി നോക്കാതെ തന്നെ അഡ്വാൻസ് പേയ്‌മെന്റ് ആവശ്യപ്പെടാതെ ചികിത്സ നൽകണം. ഈ അവകാശമാണ് പലപ്പോഴും ആശുപത്രികൾ ലംഘിക്കാറുള്ളത്. ബില്ലിനെ ചൊല്ലിയുള്ള തർക്കം മൂലം ചില ആശുപത്രികൾ രോഗികളെ ഡിസ്ചാർജ് ചെയ്യാതെ തടഞ്ഞുവയ്ക്കാറുണ്ട്. ഇനിമുതൽ ഒരുസാഹചര്യത്തിലും ബിൽ അടയ്ക്കാത്തതിന്റെ പേരിൽ രോഗിയെയോ, മൃതദേഹമോ തടഞ്ഞുവയ്ക്കാൻ ആശുപത്രികളെ അനുവദിക്കില്ല.

സംരക്ഷണം ആവശ്യപ്പെട്ട് ഡോക്ടർമാരും

അതേസമയം, ഡോക്ടർമാർക്ക് സംരക്ഷണം തേടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. മരുന്നും ടെസ്റ്റുകളും എവിടെ നടത്തണമെന്ന് തീരുമാനിക്കാനുള്ള രോഗികളുടെ അവകാശം ഔട്ട് പേഷ്യന്റ്‌സിന് മാത്രമായി പരിമിതപ്പെടുത്തണമെന്നാണ ഫിക്കിയുടെ അഭിപ്രായം. ഇൻപേഷ്യന്റ് സംവിധാനത്തിൽ രോഗി സ്വയം മരുന്നുവാങ്ങലും ടെസ്റ്റ് നടത്തുന്ന സ്ഥലവും നിർണയിക്കുന്നത് ദോഷകരമെന്നാണ് ഡോക്ടർമാർ പറയുന്നത്.

20 രൂപ കൂടുതലായതുകൊണ്ട് ആശുപത്രി ഇന്റൻസീവ് കെയർ യൂണിറ്റിൽ കിടക്കുന്ന രോഗിക്ക് പുറമേ നിന്ന് ഇൻജക്ഷനോ ആന്റിബയോട്ടിക്കോ വേണമെന്ന് ബന്ധു ആവശ്യപ്പെട്ടുവെന്നുകരുതുക. പുറത്തുനിന്ന് വാങ്ങുന്ന മരുന്നിന് പ്രതികൂല പ്രതികരണം ഉണ്ടായാൽ എന്തുചെയ്യും? ബന്ധു മരുന്നുമായി എത്താൻ വൈകുകയും രോഗിയുടെ സ്ഥിതി മോശമാവുകയും ചെയ്താൽ ആർക്കായിരിക്കും ഉത്തരവാദിത്വം? ഇതനുവദിച്ചാൽ ഡോക്ടർക്കും ആശുപത്രിക്കും എതിരെ കേസെടുക്കില്ലെന്ന് ഉറപ്പാക്കണം, ഫിക്കി പറയുന്നു. രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന വിഷയത്തിൽ ബിൽ അടയ്ക്കാനുള്ള രോഗികളുടെ കടമയും ഊന്നിപ്പറയണമെന്ന് ഐഎംഎ പറയുന്നു. ഇക്കാര്യത്തിൽ രോഗിയുടെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാവൂ. ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളിൽ നിന്നും സംശയം വേണം.

ഏതായാലും ഈ വിഷയത്തിൽ തർക്കങ്ങൾ സ്വാഭാവികമാണ്. എന്നാൽ, നിയന്ത്രണങ്ങൾ അത്യാവശ്യമാണ് താനും. അതാണ് ചാർട്ടർ ഓഫ് പേഷ്യന്റ്‌സ്. എത്ര സുന്ദരമായ സ്വപ്‌നമെന്ന് വിധിയെഴുതാൻ വരട്ടെ. ശുഭാപ്തി വിശ്വാസം എപ്പോഴും നല്ലതാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP