Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്യംനിന്നുപോകുന്ന കാസർഗോഡ് കുള്ളൻ പശുക്കളെ സംരക്ഷിച്ചു വ്യാപകമാക്കിയത് ജയിലിനു പശുക്കളെ ദാനം ചെയ്ത ഭാരതി സ്വാമികൾ; ഡിവൈഎഫ്‌ഐയ്ക്ക് അലർജിയായത് ഗോമാതാ കീ ജയ് വിളി; ചീമേനി തുറന്ന ജയിലിലെ ഗോദാനം അനാവശ്യ വിവാദമാകുമ്പോൾ ഡിജിപിയുടെ അന്വേഷണവും അനുമതിയില്ലാതെ സംഭാവന സ്വീകരിക്കുന്നത് ചട്ടലംഘനമെന്ന സർക്കുലറും

അന്യംനിന്നുപോകുന്ന കാസർഗോഡ് കുള്ളൻ പശുക്കളെ സംരക്ഷിച്ചു വ്യാപകമാക്കിയത് ജയിലിനു പശുക്കളെ ദാനം ചെയ്ത ഭാരതി സ്വാമികൾ; ഡിവൈഎഫ്‌ഐയ്ക്ക് അലർജിയായത് ഗോമാതാ കീ ജയ് വിളി; ചീമേനി തുറന്ന ജയിലിലെ ഗോദാനം അനാവശ്യ വിവാദമാകുമ്പോൾ ഡിജിപിയുടെ അന്വേഷണവും അനുമതിയില്ലാതെ സംഭാവന സ്വീകരിക്കുന്നത് ചട്ടലംഘനമെന്ന സർക്കുലറും

രഞ്ജിത് ബാബു

കാസർഗോഡ്: ചീമേനി തുറന്ന ജയിലിലെ ഗോദാനം വിവാദമായിരിക്കയാണ്. ജയിലിലേക്ക് പശുക്കളെ സംഭാവനയായി സ്വീകരിച്ചതും ജയിലിനകത്ത് ഗോമാതാക്കീ ജയ് എന്നു വിളിച്ചതും ഇപ്പോൾ അന്വേഷണത്തിലാണ്. ജയിൽ വകുപ്പിന്റെ അനുമതിയില്ലാതെ സംഭാവനയായി ഒന്നും സ്വീകരിക്കരുതെന്നും അത് ചട്ട ലംഘനമാണെന്നും കാണിച്ച് ഇപ്പോൾ സർക്കുലറും എത്തിയിരിക്കയാണ്. കഴിഞ്ഞ ദിവസം ജയിലിലെ തടവുകാർ നിർമ്മിച്ച ഗോശാലയിൽ കാസർഗോഡ് കുള്ളൻ ഇനത്തിൽ പെട്ട രണ്ട് പശുക്കളെ കർണ്ണാടകത്തിലെ രാഘവേശ്വര ഭാരതി സ്വാമികൾ സംഭാവന ചെയ്തിരുന്നു. നിലവിളക്ക് കൊളുത്തി പശുക്കളെ കൈമാറുന്ന ചടങ്ങിൽ അദ്ദേഹത്തോടൊപ്പം വന്ന ശിഷ്യന്മാർ ഗോമാതാക്കീ ജയ് വിളിച്ചിരുന്നു. അതാണ് ഇപ്പോൾ വിവാദങ്ങൾക്ക് തുടക്കമിട്ടത്. അതോടൊപ്പം പൂജയും നടന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ. പ്രവർത്തകരുടെ ധർണയും അരങ്ങേറി. ജയിൽ ഡി.ഐ. ജി ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളത്തിന്റെ സ്വന്തം ഇനമായ ഒരു പശുവിഭാഗം വംശനാശം നേരിടുമ്പോൾ സംരക്ഷിച്ച് വിപുലമാക്കിയത് ഭാരതി സ്വാമികളുടെ നേതൃത്വത്തിലായിരുന്നു. ജയിലിലെ തടവുകാർക്ക് 20 പശുക്കളെ ദാനം ചെയ്യാമെന്നാണു സ്വാമിജി നയിക്കുന്ന ആശ്രമം വാഗ്ദാനം ചെയ്തത്. ഇതിന്റെ ആദ്യ ചടങ്ങിൽ രണ്ട് പശുക്കളെ നൽകി തുടക്കം കുറിച്ചപ്പോൾ തന്നെ ഇല്ലാത്ത പ്രശ്നത്തിന്റെ പേരിൽ പ്രതിഷേധവും തല പൊക്കി. ജയിലിലെ അന്തേവാസികളിൽ നാനാജാതി തടവുകാരുണ്ട്. പലതരത്തിലുള്ള വിശ്വാസക്കാരും. ചടങ്ങിനെത്തിയ സ്വാമികളെ എഴുന്നേറ്റ് നിന്നുകൊണ്ട് തന്നെയാണ് അവരവരുടെ വിശ്വാസം ഊന്നിക്കൊണ്ട് ആദരിച്ചത്. എന്നാൽ ഈ ചടങ്ങിന്റെ ഭാഗമായി പൂജയൊന്നും നടന്നുമില്ല. വിളക്ക് തെളിയിക്കൽ മാത്രമാണ് അരങ്ങേറിയത്. എന്നാൽ ഗോമാക്കീ ജയ് എന്ന വിളിയാണ് ഡിവൈഎഫ്ഐ. ക്ക് അലർജിയായത്. അതോടെയാണ് അവർ സമരത്തിന് ഇറങ്ങിയത്. ജയിലിനകത്ത് അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന സംഭവങ്ങൾ നടന്നുവെന്നാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്.

കാസർഗോട്ടെ ബദിയടുക്ക,എന്മകജെ, പൈവളിക എന്നിവിടങ്ങളിലാണ് കുള്ളൻ പശുക്കളെ കണ്ടു വരുന്നത്. കറുപ്പ്, ചുവപ്പ്, എന്നീ നിറങ്ങളിലുള്ള ഈ പശുക്കളെ സംരക്ഷിച്ച് വ്യാപകമാക്കിയത് ജയിലിൽ പശുക്കളെ നൽകിയ മഠാധിപതിയാണ്. അന്യം നിന്നു പോകുന്ന ഈ നാടൻ പശു സംരക്ഷണത്തിന് രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റിയ പ്രവർത്തനവും അദ്ദേഹം കാഴ്ച വച്ചിരുന്നു. സ്വാമിയുടെ ആശ്രമത്തെപ്പറ്റി ഈ പശുവിനെ ഞങ്ങൾ വളർത്താം എന്നു പറഞ്ഞാൽ ന്യായമായ വിലക്ക് നൽകുകയും ചെയ്യുന്നുണ്ട്. അതിൽ ഹിന്ദുവെന്നോ മുസ്ലിം എന്നോ ക്രൈസ്തവനെന്നോ പരിഗണനയില്ല. റോട്ടറി പോലുള്ള സംഘടനകളും സ്വാമിയുടെ ഇത്തരം പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുമുണ്ട്. അത് കേവലം മതത്തിന്റെ പേരിലല്ല.

കേരളത്തിൽ തന്നെ മധ്യ തിരുവാതാംകൂറിൽ നിന്നാണ് കാസർഗോഡ് കുള്ളനെ വാങ്ങാൻ ആളുകൾ കർണ്ണാടകത്തിൽ എത്തുന്നത്. കോട്ടയത്തെ വച്ചൂർ പശു കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ പശു കാസർഗോഡ് കുള്ളനാണ്. ഗുണമേന്മയുള്ള പാൽ തരുന്ന, തൊടിയിലെ പുല്ലും കാടിവെള്ളവും പ്രധാന ഭക്ഷണമായ ഈ പശുവിനെ അധിക ചെലവില്ലാതെ സാധാരണക്കാർക്ക് വളർത്താം. സ്വാമി നയിക്കുന്ന മഠത്തിന്റെ പ്രവർത്തന ഫലമായാണ് കാസർഗോട്ടെ സർക്കാർ സഹായത്തോടെ ബ്രീഡ് കൺസർവേഷൻ ട്രസ്റ്റ് പ്രവർത്തിക്കുന്നത്.

സ്വാമിജിയുടെ ആശ്രമത്തിൽ നിന്നും വാങ്ങിയ പശുക്കളെ കോട്ടയത്തെ ഒരു വികാരിയും അദ്ദേഹത്തിന്റെ ഇടവകയിലെ പാവപ്പെട്ടവർക്ക് നൽകിയിരുന്നു. ഇത്രയേറെ പ്രാധാന്യമുള്ള ഒരു പ്രവർത്തനത്തെ മതത്തിന്റേയും ജാതിയുടേയും പേരിൽ അവഗണിക്കുന്നത് ഭൂഷണമല്ല. ജയിലുകളിൽ മത പ്രഭാഷണവും ആഘോഷങ്ങളും ഭക്ഷണ വിതരണവും ഒക്കെ നടക്കാറുണ്ട്. അന്നൊന്നുമില്ലാത്ത നിയന്ത്രണം ഇപ്പോൾ വരുത്തിയത് എന്തിനെന്ന് അന്തേവാസികൾതന്നെ ചോദിക്കുന്നു. തടവറകളിൽ ജാതിയും മതവും ഒരു വിഷയമേ അല്ല. ഏത് ആഘോഷവും നമുക്ക് സന്തോഷകരമാണ്. പരോളിൽ ഇറങ്ങിയ ഒരു തടവുകാരൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP