Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ നല്ല മാങ്ങയിട്ട അയിലക്കറി സായിപ്പന്മാർക്കും ഇഷ്ട ഭക്ഷണം; ദശലക്ഷക്കണക്കിനു കാഴ്ചക്കാർ ഉള്ള ബി ബി സി യുടെ മാസ്റ്റർ ഷെഫിൽ എത്തി മീൻകറി വച്ച് കയ്യടി നേടി കൊല്ലംകാരൻ; കടൽ സസ്യം ഉപയോഗിച്ച് പച്ചടിയും മല്ലിയില അരച്ചുണ്ടാക്കിയ പച്ച എണ്ണയും മസാലദോശയ്ക്കുള്ള ഉരുളക്കിഴങ്ങ് മിക്‌സ് ഉപയോഗിച്ച് പ്രധാന ഡിഷും ഒക്കെ വിളമ്പി സായിപ്പന്മാരെ കൊതിപ്പിച്ച കഥ പറഞ്ഞ് സുരേഷ് പിള്ള

ഒടുവിൽ നല്ല മാങ്ങയിട്ട അയിലക്കറി സായിപ്പന്മാർക്കും ഇഷ്ട ഭക്ഷണം; ദശലക്ഷക്കണക്കിനു കാഴ്ചക്കാർ ഉള്ള ബി ബി സി യുടെ മാസ്റ്റർ ഷെഫിൽ എത്തി മീൻകറി വച്ച് കയ്യടി നേടി കൊല്ലംകാരൻ; കടൽ സസ്യം ഉപയോഗിച്ച് പച്ചടിയും മല്ലിയില അരച്ചുണ്ടാക്കിയ പച്ച എണ്ണയും മസാലദോശയ്ക്കുള്ള ഉരുളക്കിഴങ്ങ് മിക്‌സ് ഉപയോഗിച്ച് പ്രധാന ഡിഷും ഒക്കെ വിളമ്പി സായിപ്പന്മാരെ കൊതിപ്പിച്ച കഥ പറഞ്ഞ് സുരേഷ് പിള്ള

കെ ആർ ഷൈജുമോൻ

ലണ്ടൻ: നല്ല മാങ്ങയിട്ട അയിലക്കറി എന്നു കേട്ടാൽ തന്നെ നാവിൽ വെള്ളം ഊറാത്തവർ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനു മലയാളിക്കൊപ്പം ഇനി ബ്രിട്ടീഷുകാരും ഉത്തരം നൽകേണ്ടി വരും. ദശലക്ഷക്കണക്കിനു കാഴ്ചക്കാർ ഉള്ള ബിബിസിയുടെ മാസ്റ്റർ ഷെഫിൽ ആദ്യമായി ഒരു കേരളീയ വിഭവം എത്തിച്ചു കൊല്ലം തെക്കുംഭാഗം സ്വദേശിയായ സുരേഷാണ് ഈ അപൂർവ നേട്ടത്തിന് ഉടമയായി മാറിയത്. ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ഇന്ത്യൻ റെസ്റ്റോറന്റുകളിൽ ഒന്നായ ഹോപ്പേഴ്‌സിലെ ഹെഡ് ഷെഫായ സുരേഷ് സഫയർ എന്ന കടൽ സസ്യം ഉപയോഗിച്ച് പച്ചടിയും മസാലദോശയ്ക്കുള്ള ഉരുളക്കിഴങ്ങ് മിക്‌സ് ഉപയോഗിച്ച് പ്രധാന ഡിഷും കൂടെ മാങ്ങയിട്ട അയിലക്കറിയുടെ ചാറും വിളമ്പിയാണ് മത്സരത്തിൽ ശ്രദ്ധ നേടിയത്. മേമ്പൊടിയായി മല്ലിയില അരച്ചുണ്ടാക്കിയ പച്ച എണ്ണയും ചേർന്നപ്പോൾ സംഗതി കിടിലൻ.

ഇതാദ്യമായിട്ടാണ് ലോക ശ്രദ്ധയുള്ള ഈ പരിപാടിയിൽ ഒരു കേരള വിഭവം എത്തുന്നത് എന്നു കരുതപ്പെടുന്നു. എന്തായാലും കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇങ്ങനെ ഒന്നു സംഭവിച്ചതായി പ്രോഗ്രാം സ്ഥിരമായി കാണുന്നവർക്കു ഓർത്തെടുക്കാൻ ആകുന്നില്ല. അപ്പോൾ അതിനു മുൻപ് ഇങ്ങനെ ഒന്നു സംഭവിച്ചിരിക്കാൻ തെല്ലും സാധ്യത ഇല്ലെന്നും ഉറപ്പിക്കാം. ജോലിയുടെ തിരക്കിലും ഭക്ഷണത്തെ പറ്റിയുള്ള നുറുങ്ങുകളും ആയി ഫേസ്‌ബുക്കിൽ ഓടിയെത്തുന്ന സുരേഷിന് ആരാധകരും കുറവല്ല. സോഷ്യൽ മീഡിയ സ്റ്റാറുകളായ യുഎൻ ഉദ്യോഗസ്ഥൻ മുരളി തുമ്മാരുകുടി, ഏതു വിഷയത്തിലും ആധികാരികമായി ഇടപെടുന്ന വിശ്വ പ്രഭ, അനേകം പേരുടെ ആരാധന നേടുന്ന കെ പി സുകുമാരൻ എന്നിങ്ങനെ സോഷ്യൽ മീഡിയ പുലികളുടെ സുഹൃത്തായ സുരേഷിന്റെ നേട്ടം ഇവരിലൂടെ ലോക മലയാളികൾക്കിടയിൽ കഴിഞ്ഞ ചൊവാഴ്ച മുതൽ ചർച്ചയാണ്. ബിബിസി പ്രോഗ്രാമിന്റെ ലിങ്ക് അടക്കമാണ് സോഷ്യൽ മീഡിയ സുരേഷിന്റെ നേട്ടം ആഘോഷമാക്കുന്നത്.

പ്രൊഫഷണലിസം മാറിനിൽക്കുന്ന കൈപ്പുണ്യം
പാചകം ഒരു കലയാണ് എന്ന് പറയുന്നത് സുരേഷിനെ പോലെ ഉളവരെക്കുറിച്ചു കൂടിയാണ്. കുമരകം ലേക് റിസോർട്ടിലും ബാംഗ്ലൂർ ലീലയിലും ഒക്കെ ജോലി ചെയ്തിട്ടുള്ള സുരേഷ് പാചകം പ്രൊഫഷണലായി പഠിച്ചിട്ടില്ല എന്നതാണ് സത്യം. കൊല്ലത്തെ അഷ്ടമുടിക്കായലിലെ ഒരു ദ്വീപിൽ ജനിച്ചു വളർന്ന സുരേഷ് സീ ഫുഡ് വിദഗ്ധനായിട്ടാണ് പേരെടുത്തത്. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ തന്റെ വഴി പാചകമാണെന്നു സുരേഷ് തിരിച്ചറിഞ്ഞിരുന്നു.

പാചകത്തിലെ കൈപ്പുണ്യം കൂടെ ഉണ്ടായതിനാൽ കൊല്ലത്തെ ഏതെങ്കിലും ഹോട്ടലിന്റെ അടുക്കളയിൽ ഒതുങ്ങേണ്ട ജീവിതമാണ് ലണ്ടനിൽ എത്തിയതും ബിബിസി വഴി കേരളത്തിന്റെ രുചി ലോകമെങ്ങും ഉള്ള കൊതിയുടെ ആരാധകരെ തേടിയും എത്തിയിരിക്കുന്നത്. തന്റെ അമ്മ രാധയുടെ രുചിക്കൂട്ടുകൾ തന്നെയാണ് താൻ ഇപ്പോഴും പിന്തുടരുന്നത് എന്ന് ഒരു മടിയും കൂടാതെ സുരേഷ് വെളിപ്പെടുത്തിയത് അത്ഭുതത്തോടെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. ഒരു പക്ഷെ പാചകം പ്രൊഫഷണലായി പഠിക്കാതെ ബിബിസിയിൽ എത്തിയ ആദ്യ ഷെഫും സുരേഷ് ആയിരുന്നിരിക്കണം.

രുചിയുടെ കൈപിടിച്ച് ലണ്ടനിലേക്ക്
മികച്ച സൗത്ത് ഇന്ത്യൻ ഷെഫിനെ തേടി ഹോട്ടൽ ഗ്രൂപ് നടത്തിയ അന്വേഷണം കുമരകത്തു എത്തുകയും അവിടെ സുരേഷിന്റെ രുചി ആസ്വദിക്കാൻ അവസരം ലഭിക്കുകയും ചെയ്ത സന്ദർഭമാണ് ഈ യുവാവിനെ ലണ്ടനിൽ എത്തിക്കുന്നത്. ഇംഗ്ലീഷിൽ പ്രാവീണ്യം ഇല്ലാത്തതു ഒന്നും തടസമായില്ല, നേരെ മുംബയിൽ എത്തിച്ചു നാല് ദിവസം കൊണ്ട് വർക്ക് പെർമിറ്റ് സ്റ്റാമ്പ് ചെയ്തു കയ്യിൽ കൊടുത്തു. ഇതു 2006 ലെ കഥ. ലോകത്തെ തന്നെ ആദ്യ ഇന്ത്യൻ റെസ്റ്റോറന്റ് എന്ന് കരുതപ്പെടുന്ന ലണ്ടൻ വീരസ്വാമി റെസ്റ്റോറന്റിലേക്കാണ് സുരേഷ് എത്തുന്നത്.

ഇന്ത്യൻ ഉടമകൾ ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് 1927 ൽ തുടങ്ങിയ ഈ ഭക്ഷണ വിൽപ്പന ശാല ഇന്നും പേരും പെരുമയും കളയാതെ നിലനിൽക്കുന്നു. ആറു വർഷം അവിടെ ജോലി ചെയ്ത ശേഷമാണ് സുരേഷ് ജിംഖാനയിലും പിന്നീട് ഹെഡ് ഷെഫ് ആയി ഹൊപ്പേഴ്‌സിലും എത്തുന്നത്. ലണ്ടൻ ഹെൻസ്ലോവിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ഒപ്പം പത്‌നി രമ്യയും മക്കളായ ഐശ്വര്യയും ശ്രീഹരിയും കൂട്ടിനുണ്ട്.

എന്തിനായിരുന്നു മാങ്ങാക്കറി
ഇത്തരം പരിപാടികൾക്ക് ഒരു പൊതു സ്വഭാവം ആണുള്ളത്. ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള രുചിക്കൂട്ടുകൾ കൂടുതൽ പുതുമകളോടെ അവതരിപ്പിക്കുകയാണ് സാധാരണ ചെയ്യുക. തനതായ ചില പരീക്ഷണങ്ങൾ സംഭവിക്കുമെങ്കിലും അടിസ്ഥാന ചേരുവകൾ എല്ലായ്‌പ്പോഴും ഒന്നായിരിക്കും. അവിടെയാണ് ലോകത്തിന്റെ ഒരു കോണിൽ ഏതാനും ആളുകൾ മാത്രം കഴിക്കുന്ന മാങ്ങയിട്ട മീൻ കറിയെ സുരേഷ് ബിബിസിയിലെ തീന്മേശയിൽ എത്തിച്ചത്. സ്വാഭാവികമായും തീരെ അപരിചിതമായ ഈ രുചിക്കൂട്ടിനു ഒരു പരിധി വരെ മുന്നോട്ടു പോകാൻ കഴിയൂ എന്നും സുരേഷിന് അറിയാമായിരുന്നു.

പക്ഷെ മലയാളികളുടെ രുചിക്കൂട്ടിനെ ലോക ശ്രദ്ധയിൽ എത്തിക്കുക എന്നതായിരുന്നു തനിക്കു വ്യക്തിപരമായി നേട്ടമുണ്ടാക്കാൻ ഉള്ളതിനേക്കാൾ സുരേഷ് നൽകിയ മുൻതൂക്കം. ഇന്നേവരെ ആരും പരീക്ഷിക്കാത്ത കാര്യം ഇപ്പോൾ താൻ ചെയ്തത് വഴി ഭാവിയിലും ആർക്കെങ്കിലും ചെയ്യാൻ ധൈര്യം ഉണ്ടാകും എന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെ നമ്മുടെ രുചികൾ കൂടുതലായി ലോകം അറിയട്ടെ എന്നാണ് അദ്ദേഹം മാങ്ങാക്കറിയെ തിരഞ്ഞെടുക്കാൻ കാരണം. ഹോപ്പസ്‌സിൽ സീ ഫുഡ് വിഭവങ്ങൾ ആണ് സുരേഷിന്റെ കൈപ്പുണ്യത്തിൽ കൂടുതലായി ഭക്ഷണ പ്രിയരേ തേടി എത്തുന്നത്.

രുചിയറിയാൻ ഹൊപ്പെസ്‌സിൽ പോകണം
ബ്രിട്ടീഷുകാരുടെ അപ്പമാണ് ഹൊപ്പേഴ്‌സ്. നമ്മുടെ അപ്പത്തിൽ നിന്നും ഏറെ വ്യത്യസ്തം. ലണ്ടൻ ഹോപ്പസ്‌സിൽ ഏറ്റവും ചിലവുള്ളതു ശ്രീലങ്കൻ അപ്പമാണ്. ഇതിനു ഏകദേശം ഒരു വലിയ കപ്പിന്റെ ആകൃതിയാണ്. കൂടെ പോത്തിന്റെ എല്ലിൽ നിന്നും എടുക്കുന്ന മജ്ജ വറുത്തരച്ച കറിയും ചേരുമ്പോൾ രുചിയുടെ മാസ്മരികതയാണ് പ്ലേറ്റിൽ എത്തുക. ഇതോടൊപ്പം കുടംപുളി അരച്ച ശ്രീലങ്കൻ പോർക്ക് കറിയും ഇവിടെ പ്രശസ്തമാണ്. മസാലക്കൂട്ടുകൾ കരിച്ചു വറുത്തരയ്ക്കുന്ന ഈ കറുത്ത കറി ഉൾപ്പെടെ 20 ഓളം തനതു നാടൻ രുചിക്കൂട്ടുകൾ ആണ് ഇവിടെ വിളമ്പുന്നത്.

യുകെ റെസ്റ്റോറന്റുകളിൽ ബ്രിട്ടീഷുകാർക്കായി എരിവ് കുറച്ചു ഉണ്ടാക്കുന്ന കറികൾക്ക് പകരം നാട്ടിലെ രുചി എന്താണോ അത് തന്നെയാണ് ഹൊപ്പേഴ്‌സും വിളമ്പുക എന്ന് സുരേഷ് പറയുന്നു. നല്ല എരിവ് ഉള്ള കറികൾ കഴിക്കാൻ എവിടെ എത്തുന്ന ഭക്ഷണ പ്രിയരിൽ ഭൂരിഭാഗവും ബ്രിട്ടീഷുകാർ തന്നെയാണ് എന്നതാണ് സത്യവും. രുചി ലോകത്തെ ഓസ്‌കർ എന്ന് വിശേഷിപ്പിക്കപെപ്പടുന്ന മിച്ചലിൻ സ്റ്റാർ പദവിയുള്ള രണ്ടു റെസ്റ്റോറന്റുകളായ ജിംഖാനയും തൃഷ്ണയും ചേർന്ന എട്ടു റെസ്റ്റോറന്റുകളുടെ ഹോട്ടൽ ശ്യംഖലയുടെ ഭാഗമാണ് സുരേഷ് ജോലി ചെയ്യുന്ന ഹൊപ്പേഴ്‌സ്. ഇതേ പേരിൽ രണ്ടു റെസ്റ്റോറന്റുകളാണ് ഗ്രൂപ്പിൽ ഉള്ളത്. ഇതിൽ ലണ്ടൻ സോഹോ റോഡ് റെസ്റ്റോറന്റിലാണ് സുരേഷിന്റെ കൈപ്പുണ്യം രുചിക്കാൻ അവസരം ലഭിക്കുക.

മാസ്റ്റർ ഷെഫ് ചെറിയ നെത്തോലിയല്ല
ഓ വെറും ഒരു തട്ടിക്കൂട്ട് ടിവി പ്രോഗ്രാം ആയിരിക്കും മാസ്റ്റേഴ്‌സ് ഷെഫ് എന്ന് കരുതണ്ട. ലോകം മുഴുവൻ ആരാധകർ ഉള്ള ഒരു പരിപാടിയാണിത്. മത്സരിക്കാൻ പരിഗണന ലഭിക്കുന്നത് തന്നെ വലിയൊരു അംഗീകാരം ആയി മാറുകയാണ്. ഓരോ വർഷവും മത്സരിക്കാൻ നൂറുകണക്കിന് അപേക്ഷകളാണ് ബിബിസിയെ തേടി എത്തുന്നത്. സ്‌ക്രീനിങ് കടമ്പ കടക്കാൻ തന്നെ നല്ല വൈഭവം വേണം. മനക്കരുത്തു ഉൾപ്പെടെ പരീക്ഷണ വിധേയമാക്കിയാണ് ഒടുവിൽ ക്യാമറക്കു മുൻപിൽ എത്തിക്കുക. പ്രധാനമായും സെലിബ്രിറ്റി, പ്രൊഫഷണൽ, അമേച്ചർ എന്നീ മൂന്നു വിഭാഗങ്ങളിൽ ആണ് മത്സരം.

സുരേഷ് മത്സരിച്ച വിഭാഗത്തിൽ അപേക്ഷിക്കാൻ തന്നെ അഞ്ചു മുതൽ പത്തു വർഷത്തെ പരിചയം നിർബന്ധം. ടിവി കണ്ടാൽ തന്നെ ആള് പുലിയാണ് എന്ന് തോന്നണം. സ്വയം സൃഷ്ടിച്ച മൂന്നു മെനുവാണ് ആദ്യ കടമ്പ കടക്കാൻ ഉള്ള യോഗ്യത. ഇതിൽ എത്രമാത്രം ക്രിയേറ്റിവിറ്റി ഉണ്ട് എന്ന് പരിശോധിക്കലാണ് പ്രധാനം. തുടർന്ന് സമ്മർദം സൃഷ്ടിച്ചു ഇതുവരെ ചെയ്തു പരിചയം ഇല്ലാത്ത ഒരു വിഭവം തയ്യാറാകാൻ നിർദ്ദേശം ലഭിക്കും. ചുറ്റിലും 45 ഓളം ക്യാമറകളും അതിനൊപ്പം ജീവനക്കാരും ഉള്ള ഒരു യുദ്ധമുറിയാകും പാചകപ്പുര. അവിടെ കൂടി മികവ് കാട്ടിയാലേ ഒടുവിൽ ടിവി സ്‌ക്രീനിൽ മുഖം കാണിക്കാൻ അവസരം ലഭിക്കൂ. അതായതു നെത്തോലിയല്ല മാസ്റ്റർ ഷെഫ്, കൊമ്പൻ സ്രാവ് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP