Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൗലവിയുടെ കൊലപാതകത്തിന് കാൽനൂറ്റാണ്ട് തികയുമ്പോൾ നിലപാടുകളെച്ചൊല്ലി സംഘടന പിളർന്നു; ചേകനൂർ അനുസ്മരണവുമായി ഇരു സംഘടനകളും; മതത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടിയ പണ്ഡിതൻ ആരംഭിച്ച സംഘടന മതാചാരങ്ങളുടെ പേരിൽ തന്നെ തകർന്നു

മൗലവിയുടെ കൊലപാതകത്തിന് കാൽനൂറ്റാണ്ട് തികയുമ്പോൾ നിലപാടുകളെച്ചൊല്ലി സംഘടന പിളർന്നു; ചേകനൂർ അനുസ്മരണവുമായി ഇരു സംഘടനകളും; മതത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടിയ പണ്ഡിതൻ ആരംഭിച്ച സംഘടന മതാചാരങ്ങളുടെ പേരിൽ തന്നെ തകർന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: പ്രമുഖ ഖുർ ആൻ പണ്ഡിതനും വാഗ്മിയും ഗ്രന്ഥകാരനുമായിരുന്ന മുഹമ്മദ് അബുൽ ഹസൻ ബാഖവി എന്ന ചേകനൂർ മൗലവിയെ മതഭീകരവാദികൾ ചതിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയിട്ട് ജൂലൈ 29 ന് 24 വർഷം തികയുന്നു. എന്നാൽ നിലപാടുകളെച്ചൊല്ലിയുള്ള തർക്കം കാരണം ചേകനൂർ മൗലവി സ്ഥാപിച്ച ഖുർ ആൻ സുന്നത്ത് സൊസൈറ്റി പിള്ൾപ്പും പൂർത്തിയായരിക്കയാണ്. മൗലവിയുടെ ബന്ധുവായ സാലിം ഹാജിയുടെ നേതൃത്വത്തിലുള്ള സംഘടനയെ തള്ളിയാണ് ഇതേ പേരിൽ മലപ്പുറം വണ്ടൂർ ആസ്ഥാനമായി മറ്റൊരു സംഘടന പ്രവർത്തിക്കുന്നത്. ഇരുസംഘടനകളും കോഴിക്കോട്ട് മൗലവി അനുസ്മരണവും സംഘടിപ്പിക്കുന്നുണ്ട്.

മൗലവിയുടെ ആശയങ്ങളെ പിൻപറ്റി ശക്തമായ നിലപാടുകളുമായാണ് സാലിം ഹാജിയുടെ നേതൃത്വത്തിലുള്ള ഖുർ ആൻ സുന്നത്ത് സൊസൈറ്റി മുന്നോട്ട് പോയിരുന്നത്. മുത്തലാഖ് ഉൾപ്പെടെയുള്ളവയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത് പോയ സംഘടന നോമ്പിനും നിസ്‌ക്കാരത്തിനുമെതിരെയെല്ലാം രംഗത്തെത്തിയതോടെയാണ് ഒരു വിഭാഗം സംഘടനയ്ക്ക് പുറത്ത് പോയത്. അഞ്ച് നേര നമസ്‌ക്കാരത്തിന് ഖുർ ആനിൽ യാതൊരു തെളിവും ഇല്ലെന്ന് മാത്രമല്ല, ഇത് സാമൂഹ്യ പുരോഗതിക്കും വളർച്ചയ്ക്കും തടസ്സമാണെന്നായിരുന്നു സംഘടനയുടെ വാദം. മതപരിവർത്തനം, ചേലാകർമ്മം, യാതൊരു പ്രയോജനവവും വ്യക്തിക്കോ സമൂഹത്തിനോ ഇല്ലാത്ത ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവക്കൊക്കെ സംഘടന എതിരായിത്തുടങ്ങിയതോടെ വിമത ശബ്ദവും ഉയർന്നു.

ചേകനൂരിന്റെ പേരിൽ മതനിഷേധമാണ് സംഘടന നടത്തുന്നതെന്നാരോപിച്ചാണ് ഒരു വിഭാഗം സംഘടന വിട്ടിരിക്കുന്നത്. വിശുദ്ധ ഖുർ ആനിലെയും ഇസ്ലാമിലെയും ചില പദങ്ങളെയും മറ്റും ഇഷ്ടം പോലെ വ്യാഖ്യാനിക്കുകയാണ് എന്നെല്ലാം ആരോപിച്ച് ഖുർ ആൻ സുന്നത്ത് സൊസൈറ്റി കേരള എന്നൊരു സംഘടനയും ഇവർ രൂപീകരിച്ചു. ഡോ: അബ്ദുറഹിമാൻ മാഹിയാണ് ഈ വിഭാഗത്തിന്റെ പ്രസിഡന്റ്. മുൻ മുജാഹിദ് പ്രർത്തകയായ ജാമിദ ടീച്ചറാണ് ഇവരുടെ ആശയവിശദീകരണം ഉൾപ്പെടെ നടത്തുന്നത്.

എന്നാൽ ഇവരുടെ വാദങ്ങളെ സാലിം ഹാജിയുടെ നേതൃത്വത്തിലുള്ള സംഘടന തള്ളിക്കളയുന്നു. ഖുർ ആനുൾപ്പെടെ ഒരു വേദഗ്രന്ഥവും ഒരു മതത്തെക്കുറിച്ചും പരാമർശിക്കുന്നില്ല. മതങ്ങൾ പുരോഹിത സൃഷ്ടിയാണ്. പുരോഹിതർക്ക് അവരുടെ നിലനിൽപ്പും മേൽക്കോയ്മയ്ക്കും മാത്രമെ മതം ഉപകരിക്കുന്നുള്ളു. സാധാരണക്കാരെ ഭയപ്പെടുത്തി നിരന്തരം ചൂഷണം ചെയ്ത് വളരുന്ന മതക്കച്ചവടത്തെ നിയന്ത്രിക്കാൻ ഭരണാധികാരികളും ഭയക്കുന്ന ദയനീയ സാഹചര്യമാണ് കേരളത്തിൽ വരെ നിലനിൽക്കുന്നതെന്ന് കെ കെ സാലിം ഹാജി, ഡോ: അബ്ദുൾ ജലീൽ പുറ്റെക്കാട്, എം എസ് റഷീദ് എന്നിവർ പറയുന്നു. തങ്ങളുന്നയിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയാതെ, സ്വാർത്ഥ താത്പര്യം കാത്തു സൂക്ഷിക്കുന്ന ചിലരാണ് പുതിയ സംഘടനയുമായി രംഗത്തെത്തിയിട്ടുള്ളതെന്നും ഇവർ വ്യക്തമാക്കുന്നു.

നേരത്തെ ഖുർ ആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: അബ്ദുൽ ജലീൽ പുറ്റെക്കാട് രചിച്ച 'നോമ്പിന്റെ യാഥാർത്ഥ്യം' എന്ന പുസ്തകം ഏറെ വിവാദം ആയിരുന്നു. പ്രവാചകൻ ഒരു മാസക്കാലം ഇങ്ങനെ പട്ടിണി നോമ്പ് അനുഷ്ഠിച്ചുവെന്ന് ഖുർ ആനിൽ പറഞ്ഞിട്ടില്ല. ഇതര അനുഷ്ഠാനങ്ങളെപ്പോലെ വ്രതവും പിൽക്കാല പുരോഹിത സൃഷ്ടി മാത്രമാണ്. പകൽ പട്ടിണി കിടക്കുകയും രാത്രി അതിന്റെ നാലിരട്ടി ഭക്ഷിക്കുകയും ചെയ്യുന്നത് വഴി ആരും ഒന്നും നേടുന്നില്ല എന്നതാണ് പരമാർത്ഥം. റംസാൻ പുണ്യങ്ങളുടെ പൂക്കാലമല്ല മറിച്ച ഖുർ ആൻ വിരുദ്ധമായ അനാചാരണങ്ങളുടെ പെരുമഴക്കാലമായാണ് കൊണ്ടാടപ്പെടുന്നതെന്നും ഈ ഗ്രന്ഥത്തിൽ വിശദീകരിച്ചിരുന്നു. ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുടെ സംസ്ഥാന കമ്മിറ്റിയായിരുന്നു ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. മതത്തിൽ അടിയുറച്ച് നിന്ന് മൗലവി സ്ഥാപിച്ച സംഘടനയെ മതനിഷേധത്തിന് ഉപയോഗിക്കുകയാണ് നേതാക്കൾ ചെയ്യുന്നതെന്ന് ആരോപിച്ചാണ് ഒരു വിഭാഗം സംഘടനയിൽ നിന്ന് പുറത്ത് പോയത്.

വിമത പക്ഷം നടത്തുന്ന ചേകനൂർ അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നത് പ്രൊഫ: ഹമീദ് ചേന്നമംഗല്ലൂർ ആണ്. ഇതേ സമയം സാലിം ഹാജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘടന ചേകനൂർ മൗലവിയുടെ പ്രഭാഷണങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 25 പ്രഭാഷണങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ വെബ് സൈറ്റ് ' ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ചേകനൂരിനെ അനുസ്മരിക്കുന്നത്. ഡോ: എം എൻ കാരശ്ശേരിയാണ് വെബ് സൈറ്റ് ഉദ്ഘാടനം നിർവ്വഹിക്കുക.

മുസ്ലിം സമുദായം ആചരിച്ചുവരുന്ന അഞ്ച് നേര നമസ്‌ക്കാരത്തിലെ മുപ്പതിൽ പരം ഖുർ ആൻ വിരുദ്ധ കാര്യങ്ങൾ തെളിവുകൾ സഹിതം വെബ് സൈറ്റിൽ വ്യക്തമാക്കുന്നുണ്ടെന്ന് ഔദ്യോഗിക വിഭാഗം വ്യക്തമാക്കുന്നു. ബാങ്ക് വിളിയിലെ ഏഴിൽ പരം തെറ്റുകളും ഇതിൽ വ്യക്തമാക്കുമെന്നും ഇവർ പറയുന്നു.

24 വർഷം മുമ്പ് മതപ്രഭാഷണത്തിനെന്ന പേരിൽ ചിലർ ചേകനൂരിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു.പിന്നീട് മൗലവി കൊലചെയ്യപ്പെട്ടുവെന്ന് വ്യക്തമായി. കേസിൽ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ പ്രതി ചേർത്തെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. മൗലവി വധത്തിൽ നേരിട്ട് പങ്കാളിത്തം വഹിച്ച ആൾ അകത്തായെങ്കിലും സൂത്രധാരൻ ഇപ്പോഴും പുറത്ത് തന്നെയാണെന്ന് ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുടെ ഇരുവിഭാഗവും വ്യക്തമാക്കുന്നു.

ഏതായാലും മതത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടിയ പണ്ഡിതൻ ആരംഭിച്ച സംഘടന മതാചാരങ്ങളുടെ പേരിൽ തന്നെ തകർന്നിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP