Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങൾ ഈ നാട്ടുകാരാണ്; അതിഥി തൊഴിലാളികൾക്ക് നൽകുന്നതിന്റെ പകുതി പരിഗണന എങ്കിലും ഞങ്ങൾക്ക് തരൂ: സർക്കാരിനോട് അപേക്ഷയുമായി ചെങ്ങറ സമരഭൂമിയിലെ അന്തേവാസികൾ; സൗജന്യ റേഷൻ വിതരണം പ്രഹസനമായി: കണ്ണിൽ പൊടിയിടാൻ കുറച്ചു പേർക്ക് നൽകിയെന്നും ആരോപണം

ഞങ്ങൾ ഈ നാട്ടുകാരാണ്; അതിഥി തൊഴിലാളികൾക്ക് നൽകുന്നതിന്റെ പകുതി പരിഗണന എങ്കിലും ഞങ്ങൾക്ക് തരൂ: സർക്കാരിനോട് അപേക്ഷയുമായി ചെങ്ങറ സമരഭൂമിയിലെ അന്തേവാസികൾ; സൗജന്യ റേഷൻ വിതരണം പ്രഹസനമായി: കണ്ണിൽ പൊടിയിടാൻ കുറച്ചു പേർക്ക് നൽകിയെന്നും ആരോപണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഭൂരഹിതർക്ക് മിച്ചഭൂമി നൽകാൻ തയാറാകാത്തതിന്റെ പേരിൽ, പാട്ടക്കാലാവധി തീർന്ന ഹാരിസൺസിന്റെ ചെങ്ങറ എസ്റ്റേറ്റിൽ ളാഹ ഗോപാലൻ എന്ന സമരനായകന്റെ നേതൃത്വത്തിൽ അയ്യായിരത്തോളം കുടുംബങ്ങൾ കുടിൽ കെട്ടി സമരം ആരംഭിച്ചിട്ട് ഓഗസ്റ്റ് നാല് ആകുമ്പോൾ 13 വർഷം തികയും. നേതാക്കൾക്കും അവരുടെ നയങ്ങൾക്കും പല തവണ മാറ്റം വന്നു. പക്ഷേ, സമരഭൂമിക്കും അവിടെ താമസിക്കുന്നവർക്കും ഒരു മാറ്റവുമില്ല.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സമരഭൂമിയിലുള്ളവർക്ക് സൗജന്യ റേഷൻ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അത് പ്രഹസനമായതിന്റെ വിഷമത്തിലാണ് സമരഭൂമിയിലുള്ള പട്ടിണിപ്പാവങ്ങൾ. അതിഥി സംസ്ഥാനക്കാർക്ക് നൽകുന്ന പരിഗണന എങ്കിലും ഞങ്ങൾക്ക് തരൂവെന്ന് സമരഭൂമിയിലെ സ്ത്രീകൾ കണ്ണിരോടെ അഭ്യർത്ഥിക്കുന്നു. സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ഇനിയും അവർക്ക് പൂർണമായും കിട്ടിയിട്ടില്ല. വിവരം അറിഞ്ഞ് മാധ്യമങ്ങൾ സമരഭൂമിയിൽ എത്തിയതിന് പിന്നാലെ തിരക്കിട്ട് അരി വിതരണം ചെയ്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തലയൂരി.

തിങ്കളാഴ്ച രാത്രിയാണ് സമരഭൂമിയിലുള്ളവർക്ക് അരി നൽകിയത്. വൈകിട്ട് മൂന്നിന് എംഎൽഎ എത്തി അരി വിതരണം ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇതനുസരിച്ചാണ് മാധ്യമ പ്രവർത്തകർ അവിടെ എത്തിയത്. എന്നാൽ, എംഎൽഎ വന്നില്ല. ഇതോടെയാണ് സമരഭൂമിയിലുള്ളവർ തങ്ങൾ അനുഭവിക്കുന്ന അവഗണനയ്ക്ക് എതിരേ മനസു തുറന്നത്. ലോക്ഡൗണിനെ തുടർന്ന് തൊഴിലും ഭക്ഷണവുമില്ലാതെ നട്ടം തിരിയുകയാണ് ചെങ്ങറ സമരഭൂമിയിലെ അറുനൂറോളം കുടുംബങ്ങൾ.

13 വർഷമായി ചെങ്ങറയിലെ ഹാരിസൺ എസ്റ്റേറ്റിൽ കുടിൽ കെട്ടി താമസിക്കുകയാണ് ഇവർ. ഇതരസംസ്ഥാന തൊഴിലാളികൾക്ക് നൽകുന്ന പരിഗണനയെങ്കിലും ഇന്നാട്ടിൽ ജനിച്ച് വളർന്ന തങ്ങൾക്കും നൽകണമെന്ന് മാത്രമാണ് അധികാരികളോടുള്ള പ്രാർത്ഥന. സമരഭൂമി നിവാസികൾക്ക് ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കുവാൻ സർക്കാർ തയാറായിട്ടില്ലെന്ന് പറയുന്നു.

റേഷൻ കാർഡ്, കുടിവെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ യാതൊരു സൗകര്യങ്ങളും നാളിതു വരെ ഇവർക്ക് നൽകാൻ തയാറാകാതിരുന്ന സർക്കാർ, ലോക്ഡൗൺ കാലത്ത് അറുനൂറോളം കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ പോലും നടപടി സ്വീകരിച്ചിട്ടില്ല. കൂലിപ്പണി ചെയ്ത് അന്നന്നത്തെ അന്നം കണ്ടെത്തുന്ന ചെങ്ങറ സമരഭൂമിയിലെ കുടുംബങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ പട്ടിണിയിലാണ്.

മാധ്യമ വാർത്തകളെ തുടർന്ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് നാമമാത്രമായെങ്കിലും ഇവിടേക്ക് കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ചെങ്ങറയിലെ റേഷൻ കാർഡില്ലാത്ത കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം സൗജന്യറേഷൻ വിതരണം ചെയ്തു തുടങ്ങിയെന്ന് സപ്ലൈ ഓഫീസിൽ നിന്ന് അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ അനിൽകുമാറും റേഷനിങ് ഇൻസ്പെക്ടർമാരും അടങ്ങിയ സംഘമാണ് ചെങ്ങറയിലെ റേഷൻകടയിലൂടെ റേഷൻവിതരണം തുടങ്ങിയത്.

ഇന്നു മുതൽ ജില്ലയിൽ എല്ലായിടത്തും റേഷൻകടകളിലൂടെ സൗജന്യറേഷൻ വിതരണം ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP