Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിങ്കൽ ഖനനത്തിന് ലൈസൻസ് നൽകാൻ വഴിവിട്ട നീക്കവുമായി സർക്കാർ: മണ്ണെണ്ണയുമായി പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി സമരക്കാരുടെ ആത്മഹത്യാശ്രമം; ഡെൽറ്റ കമ്പനിക്ക് സർക്കാർ വഴങ്ങിയാൽ രാജിവയ്ക്കുമെന്ന് സിപിഎം ഭരണസമിതി; അനിശ്ചിതകാല സമരവുമായി ആക്ഷൻ കൗൺസിലും ഡിവൈഎഫ്‌ഐയും; ചെങ്ങോടുമല ഖനനവിരുദ്ധസമരം വീണ്ടും ചൂടുപിടിക്കുന്നു

കരിങ്കൽ ഖനനത്തിന് ലൈസൻസ് നൽകാൻ വഴിവിട്ട നീക്കവുമായി സർക്കാർ: മണ്ണെണ്ണയുമായി പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി സമരക്കാരുടെ ആത്മഹത്യാശ്രമം; ഡെൽറ്റ കമ്പനിക്ക് സർക്കാർ വഴങ്ങിയാൽ രാജിവയ്ക്കുമെന്ന് സിപിഎം ഭരണസമിതി; അനിശ്ചിതകാല സമരവുമായി ആക്ഷൻ കൗൺസിലും ഡിവൈഎഫ്‌ഐയും; ചെങ്ങോടുമല ഖനനവിരുദ്ധസമരം വീണ്ടും ചൂടുപിടിക്കുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: കുറച്ചുകാലത്തിന് ശേഷം ബാലുശ്ശേരിക്കടുത്ത് കോട്ടൂർ ചെങ്ങോടുമല വിഷയം വീണ്ടും ചൂടുപിടിക്കുന്നു. മലയിൽ ഖനനം നടത്താനുള്ള ഡെൽറ്റാ കമ്പനിയുടെ ശ്രമങ്ങളെ പ്രദേശവാസികൾ ചെറുത്തു നിൽക്കുന്നതിനിടയിലാണ് കോട്ടൂർ ഗ്രാമപഞ്ചായത്ത് നൽകേണ്ട ഡി ആൻഡ് ഒ ലൈസൻസ് എത്രയും പെട്ടെന്ന് നൽകണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി കോഴിക്കോട് ജില്ലാ കലക്ടർക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകിയത്.

കരിങ്കൽ ഖനനത്തിന് ഡി ആൻഡ് ഒ ലൈസൻസ് നൽകാനള്ള സർക്കാർ നീക്കത്തിനെതിരെ പ്രദേശത്ത് ഉപരോധസമരവും ആരംഭിച്ചു. സമരത്തിനിടയിലാണ് സമരക്കാർ ആത്മഹത്യാശ്രമം നടത്തിയത്. കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്ന പ്രവർത്തകരെ അറസ്റ്റു ചെയ്ത് നീക്കാനുള്ള ശ്രമം നടക്കുന്നതിനിടെ നാല് സമര സമിതി പ്രവർത്തകർ മണ്ണെണ്ണയും തീപ്പെട്ടിയുമായിപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുകളിൽ കയറുകയായിരുന്നു. ഇതോടെ മറ്റ് വഴികളില്ലാതെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചു. ഫയർഫോഴ്സ് എത്തിയെങ്കിലും സമരക്കാർ ഇവരെ ഓഫീസിന് മുന്നിലേക്ക് കടത്തിവിട്ടില്ല. ജില്ലാ കലക്ടർ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ച് നിന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് കലക്ടറുമായി ബന്ധപ്പെട്ടു. വെള്ളിയാഴ്ച കലക്ടർ എത്തി സമരക്കാരുമായി ചർച്ച നടത്തുമെന്നുള്ള ഉറപ്പ് ലഭിച്ചതോടെ ആത്മഹത്യാഭീഷണി മുഴക്കിയ ലിനീഷ് നരയംകുളം, പുവ്വലത്ത് മുരളി, ബിനീഷ് നരയംകുളം, ടി പി സുധീഷ് എന്നിവർ താഴെയിറങ്ങി.

ഡെൽറ്റാ കമ്പനി ജില്ലാ ഏകജാലക ബോർഡ് മുഖേന നേരത്തെ നൽകിയ അപേക്ഷ മതിയായ രേഖകൾ ഇല്ലാത്തതിനാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തിരിച്ചയച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കമ്പനി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. എന്നാൽ ഈ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെ കമ്പനി കേസ് പിൻവലിക്കുകയും തെറ്റുകൾ തിരുത്തി പുതിയ അപേക്ഷ സമർപ്പിക്കുമെന്നും കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിന് വിപരീതമായി കമ്പനി അതേ അപേക്ഷ സംസ്ഥാന ഏകജാലക ബോർഡിൽ സമർപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത ഹിയറിംഗിലാണ് ഡെൽറ്റ കമ്പനിയെ സഹായിക്കുന്ന നീക്കമുണ്ടായത്.

ചെങ്ങോട്ടുമലയിൽ ഖനനത്തിന് ലൈസൻസ് നൽകണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശത്തിന്റെ പേരിൽ സി പി എം ഭരിക്കുന്ന പഞ്ചായത്ത് തന്നെ സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഡെൽറ്റാ ഗ്രൂപ്പിന് ലൈസൻസ് നൽകുകയാണങ്കിൽ രാജിവയ്ക്കുമെന്ന് സി പി എം ഭരിക്കുന്ന കോട്ടൂർ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾ അറിയിച്ചത് പ്രാദേശിക ജനവികാരം തിരിച്ചറിഞ്ഞാണ്. ഡെൽറ്റാ ഗ്രൂപ്പിന് ലൈസൻസ് നൽകുകയാണങ്കിൽ രാജിവയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മുഴുവൻ സി പി എം മെമ്പർമാരും പാർട്ടിയെ അറിയിച്ചു. 19 അംഗ കോട്ടൂർ പഞ്ചായത്തിൽ 14 പേരാണ് സി പി എമ്മിനുള്ളത്. എല്ലാവരും പാർട്ടി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചു. ഇതേത്തുടർന്ന് കോട്ടൂർ ലോക്കൽ കമ്മിറ്റിയുടെ അടിയന്തര യോഗം ബുധനാഴ്ച രാത്രി ചേർന്നിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റ് വഴികളില്ലാതെ ഡി വൈ എഫ് ഐയും ഇപ്പോൾ സമരത്തിൽ അണി ചേർന്നിരിക്കുകയാണ്. ഖനനത്തിന് അനധികൃതമായി ഡി ആൻഡ് ഒ ലൈസൻസ് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഖനന വിരുദ്ധ ആക്ഷൻ കൗൺസിലും ഡി വൈ എഫ് ഐയും കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം ആരംഭിച്ചിരിക്കുകയാണ്. പഞ്ചായത്തോഫിസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കോട്ടൂർ കൃഷി ഭവൻ, മൃഗാശുപത്രി, അംഗൻവാടി എന്നിവയുടെ പ്രവർത്തനവും മുടങ്ങിയനിലയിലാണ്.

ക്വാറിക്ക് നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നടക്കുന്ന കേസ് തീർപ്പാക്കുന്നതുവരെ ഡി ആൻഡ് ഒ ലൈസൻസിന്റെ അപേക്ഷ പരിഗണിക്കരുതെന്നാവശ്യപ്പെട്ടാണ് ഉപരോധസമരം നടക്കുന്നത്. ലൈസൻസ് നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടർക്കും കോട്ടൂർ പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാത്തിൽ ഈ മാസം 17 ന് ജില്ലാ ഏകജാലക ബോർഡ് യോഗം ചേരുന്നുണ്ട്. ഇത് റദ്ദാക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ആക്ഷൻ കമ്മിറ്റിയുടെ ഉപരോധ സമരം സി പി എം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ടാണ് ഉദ്ഘാടനം ചെയ്തത്. ഡി വൈ എഫ് ഐ സമരവും ഉദ്ഘാടനം ചെയ്തത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് തന്നെയാണ്.

ബാലുശ്ശേരിക്കടുത്ത് കോട്ടൂർ പഞ്ചായത്തിലാണ് ചെങ്ങോട്ടുമല. പത്തനംതിട്ട ആസ്ഥാനമായ ഡെൽറ്റ ഗ്രൂപ്പാണ് മലയുടെ നൂറേക്കറോളം സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞൾ കൃഷിയും വെർജിൻ കോക്കനട്ട് ഓയിൽ യൂനിറ്റും തുടങ്ങുമെന്നാണ് ആദ്യം നാട്ടുകാരെ വിശ്വസിപ്പിച്ചത്. കരിങ്കൽ ക്വാറിക്ക് അനുമതി തേടിയത് പിന്നീടാണ് പ്രദേശവാസികൾ അറിഞ്ഞത്. ചെങ്ങോട്ടുമല സംരക്ഷണ വേദി രൂപീകരിച്ച് ഒന്നര വർഷത്തോളമായി സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു വരികയാണ്. തുടക്കത്തിൽ സി പി എം പ്രാദേശിക നേതൃത്വം സമരത്തിന് എതിരായിരുന്നുവെങ്കിലും ജനവികാരം ശക്തമായതിനെത്തുടർന്ന് സമര പാതയിൽ അണി നിരക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗമുൾപ്പെടെ നാല് സി പി എം ബ്രാഞ്ച് അംഗങ്ങളെ ക്വാറി മുതലാളിയിൽ നിന്ന് പണം വാങ്ങിയതിന്റെ പേരിൽ സി പി എമ്മിന് പുറത്താക്കേണ്ടിയും വന്നിട്ടുണ്ട്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ ചെങ്ങോടുമലയെ തകർക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ജനങ്ങളുടെ സമരം ശക്തമായി മുന്നോട്ട് പോവുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP