Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴ കനിഞ്ഞിട്ട് ഇരുന്നൂറോളം ദിവസങ്ങൾ; ഒരിറ്റ് ദാഹജലത്തിനായി കേഴ്ന്ന് ചെന്നൈ; ജലവിതരണത്തിനായി പുതിയ പദ്ധതികൾ സ്ഥാപിക്കാത്തതും ഉള്ളവ സംരക്ഷിക്കാത്തതും ക്ഷാമം രൂക്ഷമാക്കി; പലായനത്തിനൊരുങ്ങി ജനങ്ങൾ; ദിവസങ്ങൾ തള്ളി നീക്കുന്നത് കുടിവെള്ള ടാങ്കറുകള ആശ്രയിച്ച്; ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നു; പ്രവർത്തനം മതിയാക്കാനൊരുങ്ങി ഹോട്ടലുകളും കമ്പനികളും സ്‌കൂളുകളും; നിർമ്മാണ പ്രവർത്തനങ്ങളും മതിയാക്കുന്നു; അടുത്ത രണ്ട് ദിവസങ്ങളിൽ താപനില ആറ് ഡിഗ്രി ഉയരുമെന്ന് പ്രവചനം

മഴ കനിഞ്ഞിട്ട് ഇരുന്നൂറോളം ദിവസങ്ങൾ; ഒരിറ്റ് ദാഹജലത്തിനായി കേഴ്ന്ന് ചെന്നൈ; ജലവിതരണത്തിനായി പുതിയ പദ്ധതികൾ സ്ഥാപിക്കാത്തതും ഉള്ളവ സംരക്ഷിക്കാത്തതും ക്ഷാമം രൂക്ഷമാക്കി; പലായനത്തിനൊരുങ്ങി ജനങ്ങൾ; ദിവസങ്ങൾ തള്ളി നീക്കുന്നത് കുടിവെള്ള ടാങ്കറുകള ആശ്രയിച്ച്; ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നു; പ്രവർത്തനം മതിയാക്കാനൊരുങ്ങി ഹോട്ടലുകളും കമ്പനികളും സ്‌കൂളുകളും; നിർമ്മാണ പ്രവർത്തനങ്ങളും മതിയാക്കുന്നു; അടുത്ത രണ്ട് ദിവസങ്ങളിൽ താപനില ആറ് ഡിഗ്രി ഉയരുമെന്ന് പ്രവചനം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ചരിത്രത്തിലെ തന്നെ വലിയ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ് ചെന്നൈയും പരിസരജില്ലകളും. സ്‌കൂളുകൾ, ഹോട്ടലുകൾ, വനിതാഹോസ്റ്റലുകൾ, ഐ.ടി.സ്ഥാപനങ്ങൾ, ചായക്കടകൾ, നിർമ്മാണമേഖല എന്നിവയുടെ പ്രവർത്തനം ഏതുനിമിഷവും നിലയ്ക്കാവുന്ന നിലയിലാണ്.50 ശതമാനവും ഭാഗികമായി പ്രവർത്തനം അവസാനിപ്പിച്ചു. ചെറുകിട കർഷകരും വലിയ ദുരിതത്തിൽ.

നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വെള്ളം ലഭിക്കണമെങ്കിൽ ദിവസേന 12,000 ദശലക്ഷം ലിറ്റർ വിതരണംചെയ്യണമെന്നാണ് 2011-ലെ കണക്ക്. മഴകുറഞ്ഞതിനോെടാപ്പം 2011-നുശേഷം നഗരത്തിൽ ജലവിതരണത്തിനായി പുതിയ പദ്ധതികൾ സ്ഥാപിക്കാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാകാൻകാരണമായി. അതേസമയം, കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന വാദം തെറ്റാണെന്നാണ് ജലവിഭവമന്ത്രി എസ്‌പി. വേലുമണി പറയുന്നത്. സമീപജില്ലകളിൽ കാർഷികാവശ്യത്തിനായി കുഴിച്ച കിണറുകളിൽനിന്നു വെള്ളം കൊണ്ടുവരുമെന്നാണു സർക്കാർവാഗ്ദാനം.

പല സ്‌കൂളുകളും വെള്ളമില്ലാത്തതിനാൽ പൂട്ടലിന്റെ വക്കിലാണ്. ചെന്നൈയിലെയും പരിസരങ്ങളിലെയും 50 വനിതാഹോസ്റ്റലുകൾ പൂട്ടി. തമിഴ്‌നാട്ടിൽ നിർമ്മാണപ്രവർത്തനങ്ങൾ ഭൂരിഭാഗവും മുടങ്ങി. ഫ്‌ളാറ്റുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണപ്രവർത്തനങ്ങൾ പാതിവഴിലാണ്. മെട്രോ റെയിലിന്റെ പണിയും ഇഴഞ്ഞുനീങ്ങുന്നു. കടുത്ത വരൾച്ച തുടരുന്ന തമിഴ്‌നാട്ടിൽ ഒരാഴ്‌ച്ചയ്ക്കുള്ളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണം അറിയിച്ചു. ജലക്ഷാമം രൂക്ഷമായതിനാൽ ചെന്നൈയിലെ നിരവധി ഹോട്ടലുകളും ഐടി കമ്പനികളും പൂട്ടിയെന്ന റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. കുടിവെള്ള ക്ഷാമം നേരിടാൻ മേഖലകൾ തിരിച്ച് ജലവിതരണം കാര്യക്ഷമാക്കാനും സർക്കാർ തീരുമാനിച്ച്. ജലക്ഷാമം സംബന്ധിച്ച് തെറ്റായ റിപ്പോർട്ടുകൾ പരക്കുന്നുണ്ട്. ഐടി ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചെന്ന വാർത്തകൾ തെറ്റാണ് - മന്ത്രി എസ്‌പി.വേലുമണി പറഞ്ഞു.

നഗരമധ്യത്തിലാണ് ജലക്ഷാമം എറ്റവും കൂടുതൽ. രാവിലെമുതൽ വൈകീട്ടുവരെ കന്നാസുകൾ, കുടങ്ങൾ എന്നിവയുമായി നഗരവാസികൾ വെള്ളത്തിനായി ബൈക്കുകളിലും സൈക്കിളുകളിലും ചീറിപ്പായുന്ന അവസ്ഥ. കുഴൽക്കിണറുകൾക്കുമുന്നിൽ നീണ്ടനിര. ടാങ്കർ ലോറിയിൽ വെള്ളമെത്തിയാൽ ഉന്തുംതള്ളും. സ്വകാര്യ ടാങ്കർലോറികളിലെത്തുന്ന വെള്ളത്തിനു 'ബുക്ക്' ചെയ്താൽ കിട്ടാൻ 16 മുതൽ 20 വരെ ദിവസം കാത്തിരിക്കണം. 'മെട്രോ വാട്ടറി'ന്റെ ടാങ്കർ ലോറികൾവഴി 'ബുക്ക്' ചെയ്താൽ 40 ദിവസംകഴിഞ്ഞു തരാമെന്നാണു കോർപ്പറേഷൻ അധികൃതർ പറയുന്നത്. പ്രളയകാലത്ത് ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കു നീങ്ങിയതുപോലെ ഇപ്പോൾ എല്ലാവരും വെള്ളത്തിനായി റോഡുകളിലാണ്. ഒരുകുടം വെള്ളത്തിനായി എത്രദൂരം സഞ്ചരിക്കാനും എല്ലാവരും തയ്യാർ.

ചെന്നൈയിലെ പ്രധാന ജലസ്രോതസ്സുകളായ പുഴൽ, പൂണ്ടി, ചെമ്പരമ്പാക്കം, ചോഴവാരം എന്നീ തടാകങ്ങൾ വറ്റിവരണ്ടിട്ട് രണ്ടാഴ്ചയോളമായി. നെമ്മേലി, മിഞ്ചൂർ എന്നിവിടങ്ങളിലെ കടൽവെള്ളശുദ്ധീകരണകേന്ദ്രങ്ങളിൽനിന്നുള്ള 200 ദശലക്ഷം ലിറ്റർ വെള്ളവും കടലൂർ ജില്ലയിലെ വീരാനം തടാകത്തിൽനിന്നുള്ള 150 ദശലക്ഷം ലിറ്റർ വെള്ളവുമാണു നഗരത്തിൽ ഒന്നിടവിട്ടദിവസങ്ങളിൽ വിതരണംചെയ്യുന്നത്. 580 ദശലക്ഷം ലിറ്റർ വെള്ളം വിതരണംചെയ്യുമെന്നാണു സർക്കാരിന്റെ അവകാശവാദം.

ജലക്ഷാമം ബാധിച്ച് തുടങ്ങിയെങ്കിലും നഗരത്തിലെ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട സാഹചര്യമില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. കുടിവെള്ള ടാങ്കറുകളാണ് വെള്ളത്തിന് ആശ്രയം. ചില സ്വകാര്യ ടാങ്കറുകൾ വില കൂട്ടിയത് ചെറുകിട സംരംഭങ്ങളെ ബാധിക്കുന്നുണ്ട്. ചില ചെറുകിടഹോട്ടലുകൾ പ്രവർത്തന സമയം വെട്ടിക്കുറച്ചു. ഇതോടെ സ്വകാര്യ ടാങ്കറുകൾ അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.

ഐടി കമ്പനികളിൽ ഉൾപ്പടെ ജലക്ഷാമം നേരിടുന്നുവെങ്കിലും പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. മേഖലകൾ തിരിച്ച് ജലവിതരണം ഉറപ്പ് വരുത്തുന്നുണ്ട്. ഒരാഴ്‌ച്ചയ്ക്കുള്ളിൽ കിഴക്കുപടിഞ്ഞാറൻ മൺസൂൺ ചെന്നൈയിലേക്ക് എത്തുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തിലാണ് എല്ലാവരുടേയും പ്രതീക്ഷ.

തൊഴിൽ നഷ്ടപ്പെട്ട് നിരവധി പേർ ചെന്നൈയിൽ നിന്ന് മടങ്ങിയെന്ന റിപ്പോർട്ടുകൾ തമിഴ്‌നാട് സർക്കാർ തള്ളി. അതേസമയം അടുത്ത രണ്ട് ദിവസങ്ങളിൽ ചെന്നൈയിൽ താപനില ആറ് ഡിഗ്രി സെൽഷ്യസ് ഉയരുമെന്നാണ് പ്രവചനം. വടക്കൻ തമിഴ്‌നാട്ടിൽ ഉഷ്ണക്കാറ്റിനും സാധ്യതയുണ്ട്.രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുജനങ്ങൾ അമിതതാപത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും സർക്കാർ നിർദ്ദേശിച്ചു.

മഴ കനിഞ്ഞിട്ട് 200ഓളം ദിവസങ്ങൾ

വീടുകൾ മുതൽ ഓഫിസുകൾവരെയും ഹോട്ടലുകളിൽ തുടങ്ങി സ്‌കൂളുകൾ വരെയും വെള്ളമാണു ചർച്ചാ വിഷയം. ഭൂഗർഭ ജലത്തിന്റെ അളവ് കുറയുന്നതു തുടരുന്നതിനിടെ, ഇനിയും മഴ നീണ്ടുപോയാൽ സ്ഥിതി എവിടെയെത്തി നിൽക്കുമെന്ന ആശങ്കയിലാണു അധികൃതർ. ഇന്നലെ ആകാശം മേഘാവൃതമായതും ഒരാഴ്ചയ്ക്കുള്ളിൽ മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിലുമാണ് ഇനി പ്രതീക്ഷ.

കുടിവെള്ള ക്ഷാമം നഗരത്തിലെ ഹോട്ടലുകളുടെ ബാധിച്ചു തുടങ്ങി. ചെറുകിട-ഇടത്തരം ഹോട്ടലുകളിൽ പലതും തൽക്കാലത്തേയ്ക്കു പൂട്ടിയിടാനുള്ള ഒരുക്കത്തിലാണ്. നുങ്കമ്പാക്കത്തു പ്രശസ്തമായ തെന്നകം ഹോട്ടൽ ഇതിനകം അടച്ചുപൂട്ടി. ജലക്ഷാമം പരിഹരിക്കുന്നതുവരെ ഹോട്ടൽ തുറന്നുപ്രവർത്തിക്കില്ലെന്ന നോട്ടിസ് ഹോട്ടലിനു പുറത്തു തൂക്കിയിട്ടുണ്ട്.

നഗരത്തിൽ പതിനായിരത്തോളം ഇടത്തരം, ചെറുകിട ഹോട്ടലുകളുണ്ടെന്നാണു കണക്ക്. ജലക്ഷാമം രൂക്ഷമായതിനാൽ സ്വകാര്യ ടാങ്കറുകൾ വൻതോതിൽ വില കൂട്ടിയതാണു ഇവരെ പ്രതിസന്ധിയിലാക്കുന്നത്. നേരത്തെ നൽകിയതിന്റെ അഞ്ചിരട്ടി വരെയാണ് ഇപ്പോൾ വെള്ളത്തിനായി നൽകേണ്ടിവരുന്നത്. ഇതു നഷ്ടത്തിനു കാരണമാകുന്നു. ഇത്രയും വില നൽകി വെള്ളം വാങ്ങുന്നതിനേക്കാൾ ഭേദം ഹോട്ടലുകൾ അടച്ചിടുന്നതാണെന്നു ഹോട്ടൽ ഉടമകൾ പറയുന്നു.

നേരത്തെ ചെറുകിട ഹോട്ടലുകാർ വെള്ളത്തിനായി മാസം 20,000 രൂപവരെയാണു ചെലവാക്കിയിരുന്നത്. ഇപ്പോൾ 10 ദിവസത്തേക്കു തന്നെ ഇത്രയും പണം നൽകേണ്ടിവരുന്നു. ഇടത്തരം ഹോട്ടലുകളിൽ വെള്ളത്തിനു മാത്രം ലക്ഷത്തിലേറെ രൂപയാണു ചെലവാകുന്നത്. വൻകിട ഹോട്ടലുകൾക്കും പ്രശ്‌നമുണ്ടെങ്കിലും പ്രവർത്തനം ബാധിച്ചു തുടങ്ങിയിട്ടില്ല.

ജലക്ഷാമം രൂക്ഷമായതോടെ വെള്ളം സംരക്ഷിക്കാൻ ഹോട്ടലുകൾ പല മാർഗങ്ങളും പയറ്റുന്നു. പല ഹോട്ടലുകളും ശുചിമുറികൾ അടച്ചിട്ടു. കൈ കഴുകാനായി വാഷ് ബേസിനുകൾക്കു പകരം പല ഹോട്ടലുകളും ചെറിയ പാത്രത്തിലാണു വെള്ളം നൽകുന്നത്. പാഴാകുന്ന വെള്ളത്തിന്റെ അളവ് കുറക്കാൻ ഇതു സഹായിക്കുമെന്നു ഹോട്ടലുകാർ പറയുന്നു.

ഭൂഗർഭ ജലത്തിന്റെ കാര്യത്തിലും ആശങ്ക

കഴിഞ്ഞ ഒരു മാസത്തിനിടെ, തിരുനൽവേലിയിൽ 0.83 മീറ്ററും തൂത്തുക്കുടിയിൽ 0.45 മീറ്ററും കടലൂരിൽ 0.43 മീറ്ററുമാണു ഭൂഗർഭ ജലത്തിന്റെ തോത് കുറഞ്ഞത്.കഴിഞ്ഞ വർഷം ജനുവരിക്കു ശേഷം ആദ്യമായാണു തിരുനൽവേലി, തൂത്തൂക്കുടി ജില്ലകളിൽ ഭൂഗർഭ ജലത്തിന്റെ നിരപ്പ് കുറയുന്നത്. മഴയുടെ കുറവാണു കാരണം. നിലവിലെ കണക്കുപ്രകാരം സംസ്ഥാനത്തെ 9 ജില്ലകളിലാണ് ഭൂഗർഭ ജലത്തിന്റെ അളവ് വർധിച്ചത്. മധുര, ഈറോഡ്, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ ഉൾപ്പെടെ ഇത്തവണ ഭേദപ്പെട്ട മഴ ലഭിച്ച ജില്ലകളിലാണു ജലനിരപ്പ് ഉയർന്നത്.

ചെന്നൈയിലെ പരിസര ജില്ലകളിലും വൻ തോതിലുള്ള ഇടിവാണു ജലനിരപ്പിലുണ്ടായത്. കാഞ്ചീപൂരം, തിരുവള്ളൂർ, വെല്ലൂർ, തിരുവണ്ണാമല ജില്ലകളിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഭൂഗർഭ ജലനിരപ്പ് വൻ തോതിൽ താഴ്ന്നു. ചെന്നൈയിലേക്കു ജലം വിതരണം ചെയ്യുന്നതിനായി സ്വകാര്യ ടാങ്കറുകൾ വൻ തോതിൽ ജലം ഊറ്റിയതാണു ഇതിനു കാരണമെന്നാണു നിഗമനം. ജില്ലകളിൽ പെരുമ്പല്ലൂരിലും തിരുവണ്ണാമലയിലുമാണു ഏറ്റവും കൂടുതൽ ജലനിരപ്പ് താഴ്ന്നത്. ഒരു വർഷത്തിനിടെ രണ്ടു ജില്ലകളിലും 4.5 മീറ്ററിലധികമാണു ഭൂഗർഭ ജലനിരപ്പ് താഴ്ന്നത്.

രണ്ടു ദിവസം കൂടി ഈ മഴയില്ലായ്മ നീണ്ടു നിന്നാൽ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴയില്ലാത്ത വർഷമായി ഇതു മാറും. ചെന്നൈയിൽ മഹാപ്രളയം സംഭവിച്ച 2015നു മുൻപ് ഇതേ രീതിയിൽ മഴയില്ലായ്മ നഗരത്തെ വീർപ്പുമുട്ടിച്ചിരുന്നു. അന്ന് മഴയില്ലാത്ത തുടർച്ചയായ 193 ദിവസങ്ങൾക്കു ശേഷമാണു നിർത്താതെ മഴ പെയ്തത്. തെലങ്കാനയിൽ മഴക്കാലമെത്തുന്ന 19നു ശേഷം ചെന്നൈ ഉൾപ്പെടെ വടക്കൻ തമിഴ്‌നാട്ടിൽ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP