Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറുപുഴ ഇൻഫ്രാ സ്ട്രക്ച്ചേഴ്സ് ആൻഡ് ഡവലപ്പേഴ്സ് ഇപ്പോൾ സ്വീകരിക്കുന്ന സമീപനം രണ്ടാഴ്ച മുമ്പ് എടുത്തിരുന്നുവെങ്കിൽ ജോസഫിന് ജീവനൊടുക്കേണ്ടി വരില്ലായിരുന്നു; ജോസഫിന് പണം നൽകാനുണ്ടെന്ന് സമ്മതിച്ച് ഭരണസമിതി അംഗങ്ങൾ; ഇത്രയും കാലമായിട്ടും കുടിശ്ശിക നൽകാത്തത് എന്തേയെന്ന പൊലീസിന്റെ ചോദ്യത്തിന് ഉത്തരം മുട്ടി; ആശുപത്രി നിർമ്മിച്ച വകയിലുള്ള ആദ്യ ഗഡു ഇന്നലെ തന്നെ കുടുംബത്തിന് കൈമാറി കോൺഗ്രസ് നേതാക്കൾ

ചെറുപുഴ ഇൻഫ്രാ സ്ട്രക്ച്ചേഴ്സ് ആൻഡ് ഡവലപ്പേഴ്സ് ഇപ്പോൾ സ്വീകരിക്കുന്ന സമീപനം രണ്ടാഴ്ച മുമ്പ് എടുത്തിരുന്നുവെങ്കിൽ ജോസഫിന് ജീവനൊടുക്കേണ്ടി വരില്ലായിരുന്നു; ജോസഫിന് പണം നൽകാനുണ്ടെന്ന് സമ്മതിച്ച് ഭരണസമിതി അംഗങ്ങൾ; ഇത്രയും കാലമായിട്ടും കുടിശ്ശിക നൽകാത്തത് എന്തേയെന്ന പൊലീസിന്റെ ചോദ്യത്തിന് ഉത്തരം മുട്ടി; ആശുപത്രി നിർമ്മിച്ച വകയിലുള്ള ആദ്യ ഗഡു ഇന്നലെ തന്നെ കുടുംബത്തിന് കൈമാറി കോൺഗ്രസ് നേതാക്കൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിനോട് ഇപ്പോഴുള്ള സമീപനം രണ്ടാഴ്ച മുമ്പ് എടുത്തിരുന്നുവെങ്കിൽ അദ്ദേഹത്തിന് ജീവൻ വെടിയേണ്ടി വരികയില്ലായിരുന്നു. കെ. കരുണാകരൻ ട്രസ്റ്റിന് വേണ്ടി ആശുപത്രി കെട്ടിടവും ഫ്ളാറ്റും നിർമ്മിച്ച വകയിൽ നൽകാനുള്ള പണത്തിന് പത്തിലേറെ തവണ ഈ വർഷം മാത്രം ജോസഫിനെ ചർച്ചക്ക് വിളിച്ചു വരുത്തിയിരുന്നു. എന്നാൽ അപ്പോഴെല്ലാം ചെറുപുഴ ഇൻഫ്രാ സ്ട്രക്ച്ചേഴ്സ് ആൻഡ് ഡവലപ്പേഴ്സിന്റെ ഏറ്റവും വലിയ ഓഹരിഉടമയും മുസ്ലിം ലീഗുകാരനുമായ വ്യക്തി അനുരഞ്ജന ചർച്ചയിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. കോൺഗ്രസ്സ് നിയന്ത്രണത്തിലാണെന്ന് അവകാശപ്പെടുന്ന ട്രസ്റ്റിന്റെ എല്ലാ കാര്യത്തിനും ്അപ്രമാധിത്യം വഹിക്കുന്നതും ഇതേ വ്യക്തിയാണ്.

ഇന്നലെ ചെറുപുഴ പൊലീസ് ഇയാൾ അടക്കം ഭരണ സമിതിയിലെ എട്ട് പേരേയും ചോദ്യം ചെയ്തു. ജോസഫിന് പണം നൽകാനുണ്ടെന്ന് അംഗങ്ങൾ സമ്മതിച്ചു. എന്നാൽ അദ്ദേഹത്തിന് 65 ലക്ഷം രൂപയാണ് നൽകാനുള്ളതെന്നും 32 ലക്ഷം രൂപയുടെ ഫ്ളാറ്റ് ജോസഫിന് നൽകാൻ നേരത്തെ തീരുമാനിച്ചതായും പൊലീസിനോട് പറഞ്ഞതായാണ് വിവരം. ട്രസ്റ്റിന്റേയും ചെറുപുഴ ഡവലപ്പേഴ്സിന്റേയും ഭാരവാഹികളും ഡയരക്ടർമാരുമായ കെ.കുഞ്ഞികൃഷ്ണൻ നായർ, റോഷി ജോസ്, മുസ്ലിം ലീഗ് നേതാവ് അബ്ദുൾ സലിം, പി.എസ്. സോമൻ തുടങ്ങിയ എട്ട് പേരെയാണ് സിഐ എം. ഇ രാജഗോപാലിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ വെച്ച് ചോദ്യം ചെയ്തത്. 20 ാം തീയ്യതി വീണ്ടും ഹാജരാവണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസും നൽകി.

ജോസഫിന് നിർമ്മാണം നടത്തിയ ഇനത്തിൽ ഇപ്പോഴുള്ള നയം ഭരണ സമിതി നേരത്തെ എടുത്തിരുന്നുവെങ്കിൽ അദ്ദേഹത്തിനും കുടുംബത്തിനും ഇങ്ങിനെയൊരു ദുർഗതി വരില്ലായിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ജോസഫിന്റെ കുടുംബം അവകാശപ്പെടുന്നതുപോലെ ഒരു കോടി 34 ലക്ഷം രൂപ നൽകാനില്ലെന്നാണ് പൊലീസിനോട് ഭരണസമിതി അംഗങ്ങൾ പറയുന്നത്. കെട്ടിട നിർമ്മാണം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ഇത്രയും കാലം കുടിശ്ശിക നൽകാതിരുന്നതിന് വ്യക്തമായ വിശദീകരണം ഭരണസമിതി അംഗങ്ങളിൽ നിന്നും ഉണ്ടായിട്ടില്ല. നിർമ്മിച്ച വകയിലുള്ള ആദ്യ ഗഡു ഇന്നലെ തന്നെ കോൺഗ്രസ്സ് നേതാക്കൾ കുടുംബത്തിന് കൈമാറി. ശേഷിക്കുന്ന തുക കൈമാറുന്നത് സംബന്ധിച്ച് കുടുംബവുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു. പാർട്ടി നടത്തുന്ന അന്വേഷണത്തിൽ ഏതെങ്കിലും നേതാക്കൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പാർട്ടി നടപടി സ്വീകരിക്കുമെന്നും നിയമപരമായ ഏതന്വേഷണത്തിനും കോൺഗ്രസ്സ് പിൻതുണ നൽകുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

ചെറുപുഴ ഡവലപ്പേഴ്സുമായി ബന്ധപ്പെട്ട ഭരണ സമിതിയുടെ കൈവശമുള്ള രേഖകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ജോസഫിന്റെ മരണത്തിന് കാരണമായത് 1.4 കോടി രൂപ കുടിശ്ശിക നൽകാത്തതിനെ തുടർന്നാണെന്ന് സഹോദരൻ മാർട്ടിൻ ചെറുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കോൺഗ്രസ്സ് നേതാക്കളടക്കമുള്ള ഭാരവാഹികളെ പൊലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ 5 ാം തീയ്യതി രാവിലെയാണ് കരാറുകാരൻ ജോസഫ് ചെറുപുഴ കരുണാകരൻ സ്മാരക ആശുപത്രി കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിൽ നിന്നും തലേദിവസം രേഖകളുമായി ഇറങ്ങിയ ജോസഫ് പോകുമ്പോൾ ആശുപത്രി നിർമ്മാണം നടത്തിയ ഇനത്തിൽ കുടുശ്ശിക സംബന്ധിച്ച ചർച്ച നടത്താനാണ് പോകുന്നതെന്നും ഭാര്യയോട് പറഞ്ഞിരുന്നു.

വൈകീട്ട് ഏഴ് മണിയോടെ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ സമയം കഴിഞ്ഞിട്ടും ജോസഫ് തിരിച്ചെത്താതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തി. അപ്പോഴൊന്നും ജോസഫിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 5 ന് രാവിലെ ആശുപത്രിയുടെ ടെറസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരു കൈകളിലേയും കാലിലേയും ഞരമ്പുകൾ മുറിച്ച് രക്തം വാർന്ന് മരണമടയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ജോസഫ് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ ഉറച്ച് വിശ്വസിക്കുന്നു. ഇക്കാര്യത്തിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ ഉന്നത തലത്തിലുള്ള അന്വേഷണം ആവശ്യപ്പെടനും ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP