Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടവപ്പാതി എത്താറായിട്ടും കഴിഞ്ഞ പ്രളയത്തിന്റെ ഷോക്കിൽ നിന്ന് കരകയറാതെ ചെറുതോണി; വാഹനങ്ങളുടെ ആക്‌സിൽ ഒടിക്കുന്ന റോഡുകളും പൊളിച്ച് പണിയാൻ തീരുമാനിച്ചിട്ടും നടപടിയില്ലാതെ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്ന പാലവും; നാട്ടുകാർക്ക് ആകെ ആശ്വാസം ബസ്സ്റ്റാൻഡ് മാറ്റാനുള്ള തീരുമാനം മാത്രം: പ്രളയം തകർത്ത ചെറുതോണി പട്ടണത്തിലെ കാഴ്ചകൾ

ഇടവപ്പാതി എത്താറായിട്ടും കഴിഞ്ഞ പ്രളയത്തിന്റെ ഷോക്കിൽ നിന്ന് കരകയറാതെ ചെറുതോണി; വാഹനങ്ങളുടെ ആക്‌സിൽ ഒടിക്കുന്ന റോഡുകളും പൊളിച്ച് പണിയാൻ തീരുമാനിച്ചിട്ടും നടപടിയില്ലാതെ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്ന  പാലവും; നാട്ടുകാർക്ക് ആകെ ആശ്വാസം ബസ്സ്റ്റാൻഡ് മാറ്റാനുള്ള തീരുമാനം മാത്രം: പ്രളയം തകർത്ത ചെറുതോണി പട്ടണത്തിലെ കാഴ്ചകൾ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: പ്രളയം ആർത്തിരമ്പി വന്നപ്പോൾ ചെറുതോണിക്കും പിടിച്ചുനിൽക്കാനായില്ല. പ്രളയക്കെടുതികളിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല ഇടുക്കിയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ ചെറുതോണി. ഇടിഞ്ഞ് പൊളിഞ്ഞ് അൽപാൽപമായി അടർന്നു വീണ് നശിച്ചുകൊണ്ടിരിക്കുന്ന റോഡുകൾ. താഴെ ഒഴുകിയെത്തിയ പാറക്കല്ലുകളുടെ കുമ്പാരം. പൊളിച്ചു നീക്കാൻ സർക്കാർ വിധിയെഴുതിയ പാലത്തിലൂടെ വാഹനങ്ങൾ പോകുന്നത് ഒച്ചിഴയും വേഗത്തിൽ. പരിസരമാകെ പൊടി മൂടി ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം. ചുറ്റുമുള്ള കാഴ്ചകളിലും നിറഞ്ഞ് നിൽക്കുന്നത് നാടിനെ ഭീതിയിലാഴ്തിയ പ്രളയത്തിന്റെ അവശേഷിപ്പുകൾ. പ്രളയം മൂലം ഏറെ നാശനഷ്ടം നേരിട്ട ഇടുക്കിയിലെ പ്രധാന പട്ടണങ്ങളിലൊന്നായ ചെറുതോണിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങിനെ.

വീണ്ടുമൊരുവർഷകാലം കൂടി പടിവാതിലിലെത്തി നിൽക്കുമ്പോൾ ഇവിടെ നിലനിൽക്കുന്ന സാഹചര്യം ഏറെ ഭീതിജനകമാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. തകർന്ന റോഡും കാലപ്പഴക്കമേറിയ പാലവും പുനർനിർമ്മിക്കുന്നതിന് സർക്കാർ തലത്തിൽ നീക്കം പുരോഗമിക്കുന്നുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. എന്നാൽ ഇക്കാര്യത്തിൽ പ്രത്യക്ഷത്തിൽ ഇതുവരെ കാര്യമായ നീക്കങ്ങളൊന്നും നടന്നിട്ടില്ല. ഇത് എന്ന് ഫലപ്രാതിയിലെത്തുമെന്ന കാര്യം കണ്ടറിയമെന്നതാണ് നിലവിലെ സ്ഥിതി. റോഡുകളുടെ കാര്യമാണ് ഏറെ പരിതാപകരം. ഉറച്ചൊരു മഴപെയ്താൽ പാലത്തിലൂടെ ഗതാഗതം സാധ്യാമാവാത്ത വിധം റോഡ് ഇടിയുന്നതിന് സാധ്യതയുണ്ട്.

കഴിഞ്ഞ പ്രളയകാലത്ത് ജലപ്രവാഹം നിയന്താണാതീതമായതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഉയർത്തിയിരുന്നു.ഇതെത്തുടർന്നുള്ള ജലപ്രവാഹം മൂലം ഈ മലയോരപട്ടണത്തിനുണ്ടായ നഷ്ടം ചെറുതല്ല .ജലപ്രവാഹത്തിൽ പാലം മുങ്ങി. സമീപത്തെ ബസ്സ സ്റ്റാന്റ് വെള്ളം കൊണ്ടുപോയി. ചെറുതോണിപ്പാലം കവിഞ്ഞൊഴുകിയതിനെതുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധി്ക്കേണ്ടി വന്നു. വെള്ളമൊഴുക്ക് കാണാൻ ചെറുതോണിയിലേയ്ക്ക് ജനക്കൂട്ടം ഒഴുകിയെത്തി. അപകടസാധ്യതയുള്ള മരങ്ങൾ പുഴയുടെ തീരത്തുനിന്ന് നേരത്തെ മുറിച്ചുമാറ്റിയിരുന്നെങ്കിലും ആർത്തലച്ചെത്തിയ വെള്ളപ്പാച്ചിലിൽ സമീപത്തുണ്ടായിരുന്ന നിരവധി തെങ്ങുകളും മരങ്ങും കടപുഴകി. ഇവ ഒഴുകിയെത്തി പാലത്തിലിടിച്ച് നിൽക്കുന്ന ഭീതിജനകമായ കാഴ്ച ദൃശ്യമാധ്യമങ്ങളിൽ ഒട്ടുമിക്കതും തൽസമയം നൽകുന്നുണ്ടായിരുന്നു.

കാഴ്ചക്കാർ പെരുകിയതോടെ വെള്ളമൊഴുകിയെത്തിയ ദിവസങ്ങളിൽ ചെറുതോണി ടൗണിൽ മിക്കസമയങ്ങളും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.അപകട ഭീഷിണി ഒഴിവാക്കാൻ ജനങ്ങൾ സുരക്ഷ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം മൈക്ക് അനൗൺസുമെന്റ് നടത്തുമ്പോൾ ടൗൺവിട്ടുള്ള ചിലഭാഗങ്ങളിൽ നാട്ടുകാർ ഒഴുക്കുവെള്ളത്തിനൊപ്പമെത്തിയിരുന്ന വലിപ്പമുള്ള മത്സ്യങ്ങളെ കൈപ്പിടിയിൽ ഒതുക്കുന്നതിന്റെയും  സെൽഫിയെടുക്കുന്നതിന്റെയും തിരക്കിലായിരുന്നു.

ഹൈറേഞ്ചിലേയ്ക്കുള്ള പ്രധാന യാത്രമാർഗമായ തൊടുപുഴ പുളിയന്മല സംസ്ഥാനപാത കടന്നുപോകുന്നത് ചെറുതോണി പാലത്തിലൂടെയായിരുന്നു. ഇടുക്കി പദ്ധതിയുടെ നിർമ്മാണ കാലത്ത് പണിതതാണ് ഈ ചെറുതോണി പാലം. 70വർഷത്തെ പഴക്കമുള്ള പാലത്തിന് ജലപ്രവാഹം മൂലം കാര്യമായ ബലക്ഷയമൊന്നും സംഭവിച്ചിട്ടില്ലന്ന് പൊതുമരാമത്ത് വകുപ്പ് അവകാശപ്പെടുമ്പോഴും ഇക്കാര്യം തങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ലന്നാണ് നാട്ടുകാരുടെ നിലപാട്. ഇവിടെ പുതിയ പാലം പണിയാൻ പൊതുമരാമത്തു വകുപ്പ് പദ്ധതി തയാറാക്കിയിരുന്നു. ചിത്രശലഭ മാതൃകയിലായിരുന്നു ഡിസൈൻ. എന്നാൽ ഇത് ഇപ്പോഴും യാഥാർത്ഥ്യമായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ വരുന്ന വർഷകാലം കൂടി പിന്നിട്ടേക്കും.

തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയുടെ ഭാഗമായ ചെറുതോണി പാലം, കട്ടപ്പന, തൊടുപുഴ മേഖലകളെ ബന്ധിപ്പിക്കുന്നതാണ്.പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടാൽ പാലത്തിന് അക്കരെ താമസിക്കുന്നവർക്ക് ചെറുതോണി ടൗണിലെത്താൻ കിലോമീറ്ററുകൾ താണ്ടണമെന്നതാണ് നിലവിലെ സ്ഥിതി. ഇടതകർന്ന ബസ്സ്റ്റാന്റ് മാറ്റി നിർമ്മിക്കാൻ നീക്കങ്ങൾ നടന്നുവരുന്നു എന്നത് മാത്രമാണ് പ്രളയത്തിന് ശേഷം ഇവിടെ നാട്ടുകാർക്ക് അൽപമെങ്കിലും ആശ്വാസം പകരുന്ന വാർത്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP