Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഞ്ഞിപ്പുഴ മഠത്തിന്റെ കൈവശമായിരുന്ന ഭൂമി സ്വാതന്ത്ര്യം നേടുന്ന സമയത്ത് സർക്കാർ പണംകൊടുത്ത് സ്വന്തമാക്കിയത്; നിശ്ചിത വർഷത്തേക്ക് ഹാരിസണിന് പാട്ടത്തിന് കൊടുത്ത ഭൂമി എന്തിന് പണം നൽകി വീണ്ടും ഏറ്റെടുക്കണം? ചെറുവള്ളി എസ്റ്റേറ്റ് സിവിൽ കേസ് കൊടുത്ത് ഭൂമി പിടിച്ചെടുക്കാൻ റവന്യൂവകുപ്പ്; അട്ടിമറിക്കാൻ ശ്രമിക്കുന്നത് മന്ത്രിസഭാ യോഗ തീരുമാനത്തെ; ചെറുവള്ളിയിൽ പിണറായിയെ വെല്ലുവിളിച്ച് ചന്ദ്രശേഖരൻ; ശബരിമല വിമാനത്താവളത്തിലും സിപിഎം-സിപിഐ പോര്

വഞ്ഞിപ്പുഴ മഠത്തിന്റെ കൈവശമായിരുന്ന ഭൂമി സ്വാതന്ത്ര്യം നേടുന്ന സമയത്ത് സർക്കാർ പണംകൊടുത്ത് സ്വന്തമാക്കിയത്; നിശ്ചിത വർഷത്തേക്ക് ഹാരിസണിന് പാട്ടത്തിന് കൊടുത്ത ഭൂമി എന്തിന് പണം നൽകി വീണ്ടും ഏറ്റെടുക്കണം? ചെറുവള്ളി എസ്റ്റേറ്റ് സിവിൽ കേസ് കൊടുത്ത് ഭൂമി പിടിച്ചെടുക്കാൻ റവന്യൂവകുപ്പ്; അട്ടിമറിക്കാൻ ശ്രമിക്കുന്നത് മന്ത്രിസഭാ യോഗ തീരുമാനത്തെ; ചെറുവള്ളിയിൽ പിണറായിയെ വെല്ലുവിളിച്ച് ചന്ദ്രശേഖരൻ; ശബരിമല വിമാനത്താവളത്തിലും സിപിഎം-സിപിഐ പോര്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. കോടതിയിൽ പണം കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഇടതുപക്ഷത്ത് തന്നെ വിരുദ്ധാഭിപ്രയാം. റവന്യൂവകുപ്പ് കൈവശമുള്ള സിപിഐ.ക്കുതന്നെ ഇക്കാര്യത്തിൽ എതിർപ്പുണ്ട്. സ്വന്തം ഭൂമിയേറ്റെടുക്കാൻ എന്തിനാണ് സർക്കാർ പണം കെട്ടിവെക്കുന്നതെന്നാണ് സിപിഐ ഉയർത്തുന്ന ചോദ്യം. ഉടമാവകാശം ബിലീവേഴ്‌സ് ചർച്ചിനാണെന്ന് കോടതി പറഞ്ഞാൽ കെട്ടിവെക്കുന്ന പണം അവർക്കുനൽകി മാത്രമേ ഭൂമിയേറ്റെടുക്കാൻ കഴിയൂ. ചെറുവള്ളിയടക്കമുള്ള ഹാരിസൺ ഭൂമികൾ ആരുടേതെന്ന് സുപ്രീംകോടതി വിധിച്ചിരുന്നില്ല. ഐ.എ.എസ്. ഓഫീസർ ഭൂമിയേറ്റെടുത്തത് ചട്ടവിരുദ്ധമാണെന്നും സിവിൽ കേസ് വഴി സ്ഥലമേറ്റെടുക്കണമെന്നുമാണ് കോടതി നിരീക്ഷിച്ചത്. സിവിൽ കേസ് കൊടുക്കാതെയുള്ള ഏറ്റെടുക്കൽ മാത്രമാണ് പ്രശനം. ഇതിൽ അതിവേഗ ഇടപെടൽ റവന്യൂവകുപ്പ് നടത്തും.

ഭൂമിയുടെ ഉടമാവകാശം സുപ്രീംകോടതി നിശ്ചയിക്കാത്ത സാഹചര്യത്തിൽ സർക്കാർ സ്വന്തം ഭൂമിയുടെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചതിനെ പരിസ്ഥിതിപ്രവർത്തകരും എതിർക്കുന്നു. വഞ്ഞിപ്പുഴ മഠത്തിന്റെ കൈവശമായിരുന്ന ചെറുവള്ളി ഭൂമി സ്വാതന്ത്ര്യം നേടുന്ന സമയത്ത് സർക്കാർ പണംകൊടുത്ത് സ്വന്തമാക്കിയതാണ്. അതേ സ്ഥലം വീണ്ടും പണംകൊടുത്ത് ഏറ്റെടുക്കേണ്ടത് വിചിത്രമാണെന്നാണ് ഉയരുന്ന അഭിപ്രായം. വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടുനീങ്ങുമ്പോൾ ഭൂമിക്കേസുമായി മുന്നോട്ടുപോകാനുറച്ചിരിക്കുകയാണ് റവന്യൂവകുപ്പ്. കോട്ടയം കളക്ടറേറ്റിൽ കേസിനുള്ള ഭൂമിവിവരങ്ങളും രേഖകളും തയ്യാറാക്കിവെച്ചിരിക്കുകയായിരുന്നു. റവന്യൂമേധാവികൾ നിർദ്ദേശം നൽകിയതോടെ ഇതിന്റെ ഫയൽ നിയമവകുപ്പിനു കൈമാറിയിട്ടുണ്ട്. ചെറുവള്ളിയടക്കം എല്ലാ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും ഏറ്റെടുക്കാനുള്ള കേസുകൾ ഉടൻ ഫയൽചെയ്യും. ചെറുവള്ളി ഏറ്റെടുക്കലിന് പണം കെട്ടിവയ്ക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഈ തീരുമാനത്തെയാണ് ചന്ദ്രശേഖരനും റവന്യൂവകുപ്പും വെല്ലുവിളിക്കുന്നത്.

തോട്ടങ്ങൾ ആരുടെയും ജന്മാവകാശമല്ല. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം സർക്കാരിന്റെതു തന്നെയാണ്. സുപ്രീംകോടതി നിർദ്ദേശപ്രകാരം സിവിൽ കോടതികളിൽ ഉടമാകാശം സ്ഥാപിക്കാൻ പോവുകയാണ്. എല്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകി. തർക്കമുള്ള ഭൂമി ഏറ്റെടുക്കാനും ഒരു തടസ്സവുമില്ലെന്നാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പറയുന്നു. പണം കോടതിയിൽ കെട്ടിവെക്കുമെന്നു പറയുന്നതിലൂടെ ഭൂമി തർക്കമുള്ളതാണെന്നു സർക്കാർ തന്നെ വരുത്തുകയാണെന്ന് ഈ കേസിൽ മുമ്പ് ഹാജരായ അഭിഭാഷക സുശീലാ ഭട്ട് പറയുന്നു. ഇതു സർക്കാർ ഭൂമിയാണെന്ന കാര്യത്തിൽ തർക്കമില്ല. ചെറുവള്ളിയിൽ ഭൂമിയേറ്റെടുക്കേണ്ട കാര്യം തന്നെയില്ല. സ്വന്തം ഭൂമി എന്തിനാണ് സർക്കാർ ഏറ്റെടുക്കുന്നത് എന്ന ചോദ്യമാണ് സുശീലാ ഭട്ട് മുന്നോട്ട് വയ്ക്കുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നു ശുപാർശ ചെയ്തതിനു പിന്നാലെ ഭൂമിയുടെ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കുന്നതിനു റവന്യു വകുപ്പ് നിയമ നടപടികൾ ആരംഭിച്ചത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത തിരിച്ചെടുക്കുന്നതിനായി കോട്ടയം മുൻസിഫ് കോടതിയിൽ കേസ് നൽകാൻ റവന്യു വകുപ്പ് നിർദ്ദേശം നൽകി.

ചെറുവള്ളി എസ്റ്റേറ്റ് അടക്കം ജില്ലയിലെ മറ്റു തോട്ടങ്ങൾ സംബന്ധിച്ച കേസുകളിലും ഇതോടനുബന്ധിച്ചു നിയമനടപടികൾ ആരംഭിക്കും. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസ് നൽകുന്നതു സംബന്ധിച്ചു ജില്ലാ കലക്ടർ പി.കെ.സുധീർ ബാബുവും ജില്ലാ ഗവ. പ്ലീഡർ സജി കൊടുവത്തും ചർച്ച നടത്തി. തോട്ടങ്ങൾ സംബന്ധിച്ച കേസുകളുടെ രേഖകളും കൈമാറി. വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടെ ഇതുസംബന്ധിച്ച സിവിൽ കേസ് നടത്തുന്നതിൽ അപാകതയില്ലെന്നാണു റവന്യു വകുപ്പിന്റെ നിലപാട്. എന്നാൽ തോട്ടങ്ങളുടെ ഉടമസ്ഥത സംബന്ധിച്ചു സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതയാണ് ഇതിലൂടെ ചർച്ചയാകുന്നത്.

ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള എരുമേലിയിലെ 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയാണു ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയത്. എന്നാൽ രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തോട്ടങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച തർക്കമാണു വിവാദങ്ങൾക്ക് കാരണം. തോട്ടങ്ങൾ സർക്കാരിന്റേതാണെന്നും കരാർ കാലാവധി കഴിഞ്ഞാൽ സർക്കാർ തിരിച്ചെടുക്കണമെന്നുമാണു രാജമാണിക്യം റിപ്പോർട്ട്. രാജമാണിക്യം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോട്ടങ്ങൾ ഏറ്റെടുത്ത നടപടി നിയമപ്രകാരമല്ലെന്നു കോടതി കണ്ടെത്തിയിരുന്നു. ഓരോ തോട്ടവും ബന്ധപ്പെട്ട മുൻസിഫ് കോടതികളിൽ കേസ് നടത്തി അനുകൂല വിധി സമ്പാദിച്ച ശേഷം ഏറ്റെടുക്കാൻ സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ കേസ് നടത്താൻ ഇതുവരെ റവന്യു വകുപ്പ് നടപടി ആരംഭിച്ചിരുന്നില്ല. തോട്ടങ്ങൾ സർക്കാരിന്റേതാണെന്നാണു റവന്യു വകുപ്പിന്റെയും സിപിഐയുടെയും നിലപാട്. അതിനിടെയാണു ശബരിമല വിമാനത്താവള പദ്ധതി വീണ്ടും സജീവമായത്. ശബരിമലയുടെ പേരിൽ വിമാനത്താവളം നിർമ്മിക്കുമെന്ന് അവകാശപ്പെട്ട് സർക്കാർ നടത്തുന്ന നീക്കം തനി വസ്തു കച്ചവടമാണെന്ന ആരോപണം ശക്തമാണ്. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എസ്റ്റേറ്റ് ആരുടേതെന്ന കാര്യത്തിൽ തർക്കമുള്ളതിനാൽ പണം കോടതിയിൽ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ്, സംസ്ഥാന സർക്കാരിന്റെ വകയായിരുന്നു. ഹാരിസൺ മലയാളത്തിന് അത് നിശ്ചിത വർഷത്തേക്ക് പാട്ടത്തിന് കൊടുത്തു. പാട്ടഭൂമി കൈമാറ്റംചെയ്യരുത് എന്ന വ്യവസ്ഥ ലംഘിച്ച് വസ്തു അവർ ബിലിവേഴ്സ് ചർച്ചിന് വിറ്റു. തികച്ചും നിയമവിരുദ്ധമായ നടപടി, കോടതിയും കയറി. ബിലിവേഴ്സ് ചർച്ചിനെ സഹായിക്കാൻ മാറിമാറിവന്ന ഇടത്, വലത് സർക്കാരുകൾ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നഗ്‌നമായ നിയമലംഘനം ആയതിനാൽ കേസ്, നീട്ടിക്കൊണ്ടു പോകുകയെന്ന തന്ത്രം മാത്രമേ, വിജയത്തിലെത്തിക്കാനായുള്ളൂ. ഇതിനിടയിൽ വനംവകുപ്പ് സ്പെഷ്യൽ ഓഫീസറായിരുന്ന എം.ജി. രാജമാണിക്യം മുൻകൈയെടുത്ത് 2015ൽ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തു.

ബിലിവേഴ്സിന് വിറ്റ 2,264 ഏക്കർ ഉൾപ്പെടെ 38,171 ഏക്കറാണ് ഏറ്റെടുത്തത്. ഇതിൽ ബിലിവേഴ്സിന് പുറമേ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സ്ഥലം കൈവശപ്പെടുത്തിയിരുന്നു. സർക്കാർ ഭൂമി ഏറ്റെടുത്ത നടപടിക്കെതിരെ കൈവശം വച്ചിരിക്കുന്നവർ കോടതിയെ സമീപിച്ചു. കോടതിയിൽ സർക്കാർ അഭിഭാഷകർ അലംഭാവം കാണിച്ചെങ്കിലും കൈവശക്കാർക്ക് അനുകൂലവിധി വരാൻ സാധ്യതകുറവാണ്. അത് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വളഞ്ഞവഴിയിലൂടെ ബിലിവേഴ്സ് ചർച്ച് ഉൾപ്പെടെയുള്ള അനധികൃത ഉടമകളെ സഹായിക്കാൻ നീക്കം നടത്തുന്നതെന്നാണ് ആരോപണം. ആറന്മുളയിൽ വിമാനത്താവളം നിർമ്മിക്കുക എന്നതായിരുന്നില്ല അന്ന് പിന്നിൽ പ്രവർത്തിച്ചിരുന്നവരുടെ ലക്ഷ്യമെന്ന് പിന്നീട് വ്യക്തമായിരുന്നു. വിമാനത്താവളത്തിന്റെ പേര് പറഞ്ഞ് 2000ത്തോളം ഏക്കർ വയൽ നികത്തി കരഭൂമിയാക്കുക, അത് വലിയവിലയ്ക്ക് വിറ്റ് കോടികൾ സമ്പാദിക്കുക എന്നതായിരുന്നു ആറന്മുള വിമാനത്താവളത്തിനു പിന്നിൽ. സമാന നീക്കമാണ് ഇപ്പോൾ ശബരിമല വിമാനത്താവളത്തിന്റെ പേരിലും നടക്കുന്നതെന്നാണ് ഉയരുന്ന ആരോപം.

വിമാനത്താവളം യാഥാർഥ്യമാകണമെങ്കിൽ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. പരിസ്ഥിതി, വനം, വ്യോമയാനം, പ്രതിരോധം തുടങ്ങി വിവിധ വകുപ്പുകളുടെ അംഗീകാരം ലഭിക്കണം. ആറന്മുളയുടെ കാര്യത്തിൽ അന്നത്തെ കോൺഗ്രസ് സർക്കാർ പ്രത്യേക താത്പര്യം കാണിച്ച് അംഗീകാരം നൽകിയിരുന്നു. ഇതെല്ലാം പിന്നീട് റദ്ദായി. ഇതോടെയാണ് ചെറുവള്ളിയിലേക്ക് ചർച്ച എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP