Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതും നവകേരളം റാഞ്ചി..! പ്രധാനമന്ത്രി മോദിയുടെ പേരു പോലും പറയാതെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് ജീവൻ നൽകി വേഗതയിൽ പൂർത്തിയാക്കാനായത് നേട്ടമെന്ന് അവകാശവാദം; 46 പിയറുകളിൽ 37 എണ്ണവും പണിതത് ഈ സർക്കാരിന്റെ കാലത്തെന്നും മുഖ്യമന്ത്രി; മോദി എത്തും മുമ്പേ ബൈപ്പാസിൽ വണ്ടികൾ ചീറിപ്പായുന്നു

അതും നവകേരളം റാഞ്ചി..! പ്രധാനമന്ത്രി മോദിയുടെ പേരു പോലും പറയാതെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് ജീവൻ നൽകി വേഗതയിൽ പൂർത്തിയാക്കാനായത് നേട്ടമെന്ന് അവകാശവാദം;  46 പിയറുകളിൽ 37 എണ്ണവും പണിതത് ഈ സർക്കാരിന്റെ കാലത്തെന്നും മുഖ്യമന്ത്രി; മോദി എത്തും മുമ്പേ ബൈപ്പാസിൽ വണ്ടികൾ ചീറിപ്പായുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണം തുടങ്ങിയ കാര്യത്തിൽ അടക്കം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുള്ള പങ്ക് ആരും മറക്കില്ല. എങ്കിലും ഉടുവിൽ വിമാനത്താവളം പ്രവർത്തന സജ്ജമാക്കി ഉദ്ഘാടനത്തിന് തുറന്നു കൊടുത്തത് ഇടതു സർക്കാറായി. ഉമ്മൻ ചാണ്ടിയെ ക്ഷണിക്കുക പോലും ചെയ്തുമില്ല. ഇതിനിടെ ഉദ്ഘാടന വിഷയവുമായി ബന്ധപ്പെട്ട് വിവാദത്തിൽ ചാടിയതായിരുന്നു കൊല്ലം ബൈപ്പാസ്. ബിജെപിയുടെ ക്രെഡിറ്റിലാക്കാൻ അവർ നടത്തിയ ശ്രമവും കൂടാതെ തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇടതു സർക്കാറും അല്ല ഞങ്ങളുടെ പദ്ധതിയാണെന്ന് യുഡിഎഫും അവകാശപ്പെട്ട ബൈപ്പാസ് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.

തർക്കങ്ങൾക്ക് ഒടുവിലാണ് പദ്ധതിയുടെ ഉദ്ഘാടനം എത്തിയത്. എന്തായാലും കൊല്ലത്തുകാരുടെ ചിലകാര അഭിലാഷമായ പദ്ധതിയുടെ ക്രെഡിറ്റ് വിട്ടുകൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറല്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത് പദ്ധതിയുടെ ഉദ്ഘാടനത്തെ കുറിച്ചാണ്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതി ആയിട്ടും അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

പദ്ധതിയുടെ ചെലവ് സഹിതമാണ് പോസ്റ്റ്. നവകേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. വീഡിയോയും ഒപ്പം പോസ്റ്റു ചെയ്യുന്നുണ്ട്. ഇഴഞ്ഞു നീങ്ങിയിരുന്ന ഒരു പദ്ധതിക്ക് ജീവൻ നൽകി വേഗതയിൽ പൂർത്തിയാക്കാനായി എന്നാണ് ഇവർ അവകാശപ്പെടുന്നത്. വൻ പ്രളയത്തിനിടയിലാണ് ഈ പ്രവൃത്തികൾ മാന്ദ്യമേതുമില്ലാതെ പൂർത്തീകരിച്ചതെന്ന കാര്യമും മുഖ്യമന്ത്രി എടുത്തു പറുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കൊല്ലം ജനതയുടെ ചിരകാല അഭിലാഷം പൂവണിയുന്നു. കൊല്ലം ബൈപാസ് ചൊവ്വാഴ്ച നാടിന് സമർപ്പിക്കുന്നു. കൊല്ലം ബൈപാസ് പൂർത്തിയാക്കുമെന്ന വാഗ്ദാനമാണ് സർക്കാർ ആയിരം ദിനം പൂർത്തിയാകുന്ന ഘട്ടത്തിൽ പാലിക്കുന്നത്. ഇഴഞ്ഞു നീങ്ങിയിരുന്ന ഒരു പദ്ധതിക്ക് ജീവൻ നൽകി വേഗതയിൽ പൂർത്തിയാക്കാനായി എന്ന അഭിമാനത്തോടെയാണ് സർക്കാരും പൊതുമരാമത്ത് വകുപ്പും കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിലേക്ക് കടക്കുന്നത്. 2016 മെയ് 31 വരെ 23.52 ശതമാനം ജോലിയാണ് പൂർത്തിയാക്കിയിരുന്നത്. രണ്ടര വർഷത്തിനകം 76 ശതമാനം ജോലികളും പൂർത്തിയാക്കാനായി. ഫൗണ്ടേഷനുകളിലായിരുന്ന 3 പാലങ്ങളും ആയിരം ദിവസത്തിനുള്ളിൽ പൂർണ്ണ സജ്ജമാക്കി. 46 പിയറുകളിൽ 37 എണ്ണവും പണിതത് ഈ സർക്കാരിന്റെ കാലത്താണ്. വൻ പ്രളയത്തിനിടയിലാണ് ഈ പ്രവൃത്തികൾ മാന്ദ്യമേതുമില്ലാതെ പൂർത്തീകരിച്ചത്.

352 കോടി രൂപ ചെലവ് പ്രതീക്ഷിച്ച ബൈപാസിന് 176 കോടി രൂപ വീതം കേന്ദ്രവും സംസ്ഥാനവും നൽകണം. ഫണ്ട് അനുവദിക്കുന്നതിലും കാലതാമസമില്ലാതെ സർക്കാർ തീരുമാനമെടുത്തു. 2016 മെയ് 31 വരെ 34 കോടി രൂപയാണ് പദ്ധതിക്കു വേണ്ടി സംസ്ഥാനം ചെലവഴിച്ചിരുന്നത്. അതിനു ശേഷം സർക്കാർ ഇതുവരെ 80 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള തുക അന്തിമ ബില്ലിനൊപ്പം നൽകും.
കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും ദീർഘദൂര യാത്രക്കാർക്ക് തടസങ്ങളില്ലാതെ യാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് കൊല്ലം ബൈപാസ് . 13 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസ് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ കൂടി ശക്തിപ്പെടുത്തും.

അതേസമയം ബൈപ്പാസ് ആര് ഉദ്ഘാടനം ചെയ്യണമെന്ന തർക്കങ്ങൾ ഉണ്ടെങ്കിലും പാതയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിയും മുമ്പ് തന്നെ വാഹനഗതാഗതത്തിനായി പദ്ധതി തുറന്നു കൊടുത്തിട്ടുണ്ട്. നാളെയാണ് പദ്ധതി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിന് മുമ്പ് കൊല്ലം ബൈപ്പാസിലൂടെ ജനങ്ങൾ വണ്ടിയോടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. ഒറ്റവരി പാതയും ടോൾ ബൂത്തുമൊക്കെയുള്ള പാതയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ടോൾ ബൂത്ത് കടന്ന് നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും ചിത്രത്തിൽ കാണാൻ സാധിക്കും.

മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനിരുന്ന പദ്ധതിയിലേക്ക് പ്രധാനമന്ത്രി വലിഞ്ഞുകയറിയെന്ന ആക്ഷേപം ശക്തമാണ്. നാളെ വൈകിട്ട് 5.30നാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. തെരുവു വിളക്കുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ലെന്ന് പറഞ്ഞ് ഉദ്ഘാടനം വൈകിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ജനകീയ ഉദ്ഘാടനം നടത്തുമെന്ന് കോൺഗ്രസ് വെല്ലുവിളിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി വരുന്നതിന് മുമ്പ് അനൗദ്യോഗികമായി തന്നെ ജനകീയ ഉദ്ഘാടനം നടന്നിരിക്കുകയാണ്.

മുമ്പ് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്ന് വന്നപ്പോൾ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രത്യേക വിമാനം ഇവിടെയിറക്കി അനൗദ്യോഗിക ഉദ്ഘാടനം ബിജെപി നടത്തിയിരുന്നു. സമാനമായ വിധത്തിലാണ് കൊല്ലം ബൈപ്പാസിനെ സംബന്ധിച്ചുള്ള കാര്യങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP