Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിനെതിരെ ചൈന ഇതുവരെ വികസിപ്പിച്ചത് അഞ്ചു വാക്‌സിനുകൾ; വാക്സിനുകൾ വിപണിയിലെത്തുക ഈ വർഷം അവസാനത്തോടെ; പ്രതിവർഷം 12 കോടി വാക്‌സിനുകൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടുകൾ

കോവിഡിനെതിരെ ചൈന ഇതുവരെ വികസിപ്പിച്ചത് അഞ്ചു വാക്‌സിനുകൾ; വാക്സിനുകൾ വിപണിയിലെത്തുക ഈ വർഷം അവസാനത്തോടെ; പ്രതിവർഷം 12 കോടി വാക്‌സിനുകൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: കോവിഡിനെതിരായ വാക്‌സിൻ ഈ വർഷം അവസാനത്തോടെ വിപണിയിൽ ലഭ്യമാക്കാൻ ചൈന തയ്യാറെടുക്കുന്നു. ബീജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്‌സും ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും ചേർന്ന് കഴിഞ്ഞ ദിവസം നടത്തിയ രണ്ടാം ഘട്ട വാക്‌സിൻ പരീക്ഷണവും വിജയകരമായിരുന്നു. ഈ വർഷത്തിന്റെ അവസാനത്തോടെ വാക്‌സിൻ വിപണിയിൽ ലഭ്യമാക്കാൻ ത്വരിതഗതിയിലാണ് ഇരുസ്ഥാപനങ്ങളിലും പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രതിവർഷം 12 കോടി വാക്‌സിനുകൾ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

ഇതുവരെ അഞ്ചു വാക്‌സിനുകളാണ് ചൈന വികസിപ്പിച്ചെടുത്തത്. ഇതെല്ലാം മനുഷ്യനിൽ പരീക്ഷിക്കുന്ന ഘട്ടത്തിലാണ്. വാക്‌സിൻ പൂർണതോതിൽ വിജയകരമായാൽ, ഇത് ലോകത്തിന് കൈമാറുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. വാക്‌സിൻ വലിയ തോതിൽ ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ പൂർണമായി അണുവിമുക്തമാക്കുന്നതാണ് ആദ്യ പടി. ഇത് ശനിയാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാക്‌സിൻ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ മുൻപിൽ നിരവധി വെല്ലുവിളികളുണ്ട്. വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാംഘട്ടം കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളിലാണ് നടത്തേണ്ടത്. നിലവിൽ ചൈനയിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണ്.

 പരീക്ഷണത്തിലൂടെ മനുഷ്യരിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സാധിച്ചെന്നും വാക്‌സിന്റെ അന്തിമ പരീക്ഷണം ഉടൻ നടത്തുമെന്നും ചൈന വ്യക്തമാക്കി. ചൈനയിലെ വിവിധ ലാബുകളിലായി നിരവധി ഗവേഷകർ ഒന്നിച്ച് നടത്തിയ ഗവേഷണമാണ് ഫലം കണ്ടത്. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള 108 പേരിലാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ പരീക്ഷിച്ചത്. വാക്‌സിൻ നൽകിയ എല്ലാവരിലും രോഗപ്രതിരോധ ശേഷി വർധിച്ചിട്ടുണ്ടെന്നും ചൈന പറയുന്നു. 108 പേരുടെ ശരീരത്തിലും രണ്ടാഴ്ചക്കുള്ളിൽ പ്രതിരോധ കോശമായ 'ടി സെൽ' വികസിച്ചെന്നും 28 ദിവസത്തിന് ശേഷം രോഗപ്രതിരോധത്തിനുള്ള ആന്റിബോഡി രൂപപ്പെട്ടെന്നും വാക്‌സിൻ ഗവേഷകർ അവകാശപ്പെടുന്നു.

അമേരിക്ക, ഇസ്രേയൽ അടക്കമുള്ള രാജ്യങ്ങൾ കോവിഡ് വാക്‌സിൻ വികസിപ്പിച്ചുവെന്ന തരത്തിൽ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ അതിന് അംഗീകാരം നൽകാൻ ലോകാരോഗ്യ സംഘടന തയ്യാറായിരുന്നില്ല. ആദ്യഘട്ട മരുന്ന്‌ പരീക്ഷണം വിജയകരമാണെന്ന് യുഎസ് മരുന്ന് നിർമ്മാതാക്കളായ മൊഡേണയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിൻ വിജയിച്ചെന്ന് ചൈനയും അവകാശപ്പെട്ടത്.

ലോകമൊട്ടാകെ മൂന്നര ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഈ മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വാക്‌സിൻ വികസിപ്പിച്ചെടുക്കാൻ ഇരുകമ്പനികളും തയ്യാറായത്. സമാനമായ രീതിയിൽ വിവിധ രാജ്യങ്ങളിലും വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ അതിവേഗം മുന്നേറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP