Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഖിലിന്റെ പിതാവിനെ നേരിൽ കണ്ട് ആശുപത്രി അധികൃതരുമായി സംസാരിച്ച് ചിന്ത ജെറോം; സഹപാഠികളോട് സംസാരിച്ച് എല്ലാം ചോദിച്ച് മനസ്സിലാക്കി; യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ച അഖിലിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് യുവജന കമ്മീഷൻ

അഖിലിന്റെ പിതാവിനെ നേരിൽ കണ്ട് ആശുപത്രി അധികൃതരുമായി സംസാരിച്ച് ചിന്ത ജെറോം; സഹപാഠികളോട് സംസാരിച്ച് എല്ലാം ചോദിച്ച് മനസ്സിലാക്കി; യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ച അഖിലിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് യുവജന കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസിനുള്ളിൽ എസ്എഫ്‌ഐ ഗുണ്ടാ സംഘത്തിന്റെ കത്തിക്കുത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഖിലിനെ നേരിൽ സന്ദർശിച്ച് മുൻ എസ്എഫ്‌ഐ നേതാവും സംസ്ഥാന യുവജന കമ്മീഷൻ ചെയർപഴ്‌സണുമായ ചിന്ത ജെറോം. ഇന്നാണ് അവർ അഖിലിനെ സന്ദർശിച്ചത്. ചിന്ത ജെറോമിന് ഒപ്പം സെക്രട്ടറി പി കെ ജയശ്രീ, കമ്മീഷൻ അംഗം ദീപു രാധാകൃഷ്ണൻ എന്നിവരും ആശുപത്രിയിലെത്തി സന്ദർശിച്ചു. അഖിലിന്റെ അച്ഛൻ, ബന്ധുക്കൾ, സഹപാഠികൾ, സുഹൃത്തുക്കൾ എന്നിവരുമായി സംസാരിച്ചു. അഖിലിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞുവെന്നും അവർ മറുനാടനോട് പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകനെ കോളേജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ മർദ്ദിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കുയും ചെയ്തിരുന്നു.സംഭവം ഉണ്ടായ ദിവസം തന്നെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും പൊലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അഖിലിന് തുടർന്ന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ കേരള സംസ്ഥാന യുവജന കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ് എന്നും അവർ പറഞ്ഞു. മുൻ എസ്എഫ്‌ഐ നേതാവുകൂടിയായ ചിന്ത അഖിലിനെ സന്ദർശിക്കാത്തതിൽ നേരത്തെ തന്നെ വിവാദമുയർന്നിരുന്നു.

എസ്എഫ്‌ഐ പ്രവർത്തകനെ നേതൃത്വം തന്നെ മർദ്ദിച്ചതിലും കു്ത്തി പരിക്കേൽപ്പിച്ചതിലും ഉണ്ടായ വിവാദം ഇപ്പോൾ എസ്എഫ്‌ഐ നടത്തുന്ന പരീക്ഷ അട്ടിമറിയിൽ വരെ എത്തി നിൽക്കുകയാണ്. കുത്തേറ്റ അഖിലും കുടുംബവും സിപിഎം അനുഭാവികളാണ്. നേരത്തെ തന്നെ സിപിഎം നേതാക്കൾ അഖിലിന്റെ മാതാപിതാക്കളെയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിലിനേയും സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. എസ്എഫ്‌ഐ രംഗത്ത് നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ സംസ്ഥാന മന്ത്രിമാരും പോളിറ്റ് ബ്യൂറോ അംഗങ്ങളും ഉൾപ്പടെ അഖിലിന് പിന്തുണയുമായി എത്തിയിരുന്നു.

കോളേജിൽ വെള്ളിയാഴ്ച അക്രമം ഉണ്ടായതിന് പിന്നാലെ തന്നെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ച് വിട്ടിരുന്നു. പിന്നീട് കോളേജിലെ യൂണിയൻ റൂമിൽ നടന്ന പരിശോധനയിൽ ആയുധങ്ങളും മദ്യക്കുപ്പിയും ഉൾപ്പടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അഖിലിനെ കുത്തിയ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് യൂണിവേഴ്‌സിറ്റിയുടെ സീലുള്ള ഉത്തരക്കടലാസുകളും കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന് കോളേജ് യൂണിയൻ റൂമിൽ നടത്തിയ പരിശോധനയിലും ഉത്തരക്കടലാസുകളും ഒപ്പം തന്നെ അദ്ധ്യാപകന്റെ സീലും കണ്ടെത്തിയിരുന്നു.

കോളേജ് ജീവനക്കാർ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെത്തിയത്. റോൾ നമ്പർ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തത്. അദ്ധ്യാപകന്റെ സീലും യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന ഓഫീസ് മുറിയിൽ നിന്നാണ് സർവ്വകലാശാല പരീക്ഷക്ക് ഉള്ള ഉത്തരക്കടലാസുകൾ കണ്ടെടുത്തത്. വർഷങ്ങളായി കോളേജ് യൂണിയൻ ഉപയോഗിക്കുന്ന മുറിയിൽ നിന്നാണ് ഉത്തരക്കടലാസുകളും സീലും പിടിച്ചെടുത്തത്. യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായ അക്രമത്തിന്റെയും കത്തിക്കുത്തിന്റെയും പശ്ചാത്തലത്തിലാണ് യൂണിയൻ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP