Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചിറ്റാറിലെ കാർണിവലിന് പിന്നിൽ സിപിഐ-എം നേതാക്കൾ? ആകാശഊഞ്ഞാൽ കുരുന്നു ജീവനെടുത്തതോടെ ഈവെന്റ് മാനേജ്‌മെന്റിനെതിരേ തിരിഞ്ഞ് മുഖംരക്ഷിക്കാൻ നേതാക്കളുടെ ശ്രമം; പഞ്ചായത്ത് വിനോദനികുതി ഇനത്തിൽ കൈപ്പറ്റിയത് 20,000 രൂപ

ചിറ്റാറിലെ കാർണിവലിന് പിന്നിൽ സിപിഐ-എം നേതാക്കൾ? ആകാശഊഞ്ഞാൽ കുരുന്നു ജീവനെടുത്തതോടെ ഈവെന്റ് മാനേജ്‌മെന്റിനെതിരേ തിരിഞ്ഞ് മുഖംരക്ഷിക്കാൻ നേതാക്കളുടെ ശ്രമം; പഞ്ചായത്ത് വിനോദനികുതി ഇനത്തിൽ കൈപ്പറ്റിയത് 20,000 രൂപ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചിറ്റാറിൽ ഒരു കുരുന്നിന്റെ ജീവനെടുത്ത കാർണിവലിന് പിന്നിൽ സിപിഐ-എമ്മിന്റെ പ്രാദേശിക നേതാക്കൾ. ഈവെന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിൽ നിന്ന് കമ്മിഷൻ കൈപ്പറ്റി കാർണിവലിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ഇവർ ദുരന്തമുണ്ടായതോടെ ഗ്രൂപ്പിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. മാത്രവുമല്ല, തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാൻ അണികളെ ഉപയോഗിച്ച് കാർണിവലുകാരുടെ വസ്തുവകകൾ അടിച്ചു നശിപ്പിക്കുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ചിറ്റാർ ഡെൽറ്റാ ഗ്രൗണ്ടിൽ നടക്കുന്ന ഓണോത്സവം പരിപാടിയുടെ ഭാഗമായുള്ള കാർണിവലിന്റെ ജയന്റ് വീലിൽ നിന്ന് വീണ് കുളത്തുങ്കൽ സജി-ബിന്ദു ദമ്പതികളുടെ ഇളയമകൻ അലൻ (5) മരിച്ചത്. മൂത്ത സഹോദരി പ്രിയങ്കയ്ക്ക് (15) ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. 30 അടി ഉയരത്തിൽ നിന്നാണ് അലൻ വീണത്. ഊഞ്ഞാലിന്റെ ഒരു തൊട്ടിക്കുള്ളിലായിരുന്നു അലനും പ്രിയങ്കയും. സാവധാനം കറങ്ങിത്തുടങ്ങിയ വീൽ വേഗമാർജിച്ചതോടെ അലൻ തെറിച്ചു പോയി. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രിയങ്കയും വീണു പോവുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കൊച്ചുകുട്ടിയെ ഒറ്റയ്ക്ക് ജയന്റ് വീലിൽ കയറ്റി വിട്ട മാതാപിതാക്കളുടെ നടപടിയും വിമർശിക്കപ്പെടുന്നു.

ദുരന്തത്തിന് തൊട്ടുമുൻപ് വരെ കാർണിവലുകാരോട് ഒട്ടി നിന്ന സിപിഐ-എം പ്രാദേശിക നേതാക്കളുടെ മുഖം അതോടെ മാറി. കാർണിവൽ ഗ്രൂപ്പുകാരുടെ കാർ തല്ലിത്തകർത്തു. മേളയിലെ ഉപകരണങ്ങൾക്കും സാധനസാമഗ്രികൾക്കും കേടു വരുത്തി. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല എബിയാണ് ഓണോത്സവം പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രാദേശിക നേതാക്കളായ എം.എസ്. രാജേന്ദ്രൻ, വി.കെ. മുരളീധരൻ എന്നിവരും മുഖ്യാതിഥികളായിരുന്നു. ഇതേ പ്രസിഡന്റ് തന്നെയാണ് ഇപ്പോൾ പഞ്ചായത്ത് മേളയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് പറയുന്നത്.

അതേസമയം, വിനോദ നികുതി ഇനത്തിൽ 20,000 രൂപ വാങ്ങിയിട്ടുമുണ്ട്. കെഎസ്ഇബി, പൊലീസ്, ഫയർഫോഴ്‌സ്, പൊതുമരാമത്ത് മെക്കാനിക്കൽ വിഭാഗം എന്നിവരുടെ അനുമതിയും വാങ്ങിയിട്ടില്ല. ഇതിൽ നിന്നെല്ലാം മനസിലാകുന്നത് പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയാണ് മേള നടന്നത് എന്നാണ്. ഇതു കുഴപ്പത്തിലായതോടെ സിപിഐ-എം നേതാക്കളും അവരുടെ തന്നെ പാർട്ടിയിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റും കാലുമാറി. കുറ്റം കാർണിവലുകാർക്ക് ചാർത്തി കൊടുക്കുകയും ചെയ്തു.

പണം മുടക്കി പാസ് എടുത്ത് നടത്തുന്ന പരിപാടി എന്ന നിലയിലാണ് വിനോദ നികുതി വാങ്ങിയതെന്നും അടുത്ത ദിവസം ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി പത്രം നൽകിയെങ്കിൽ മാത്രമേ മേള നടത്താൻ അനുവദിക്കൂവെന്ന് അറിയിച്ചിരുന്നുവെന്ന് പ്രസിഡന്റ് പറയുന്നു. അഞ്ചിനാണ് മേള തുടങ്ങിയത്. അപകടമുണ്ടായത് എട്ടിനും. ഒരു അനുമതി പത്രവും നൽകാതിരുന്നിട്ടും ഇത്രയും ദിവസം മേള നടന്നത് എങ്ങനെ എന്ന ചോദ്യത്തിന് പഞ്ചായത്ത് അധികൃതർക്ക് മറുപടിയില്ല. ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിൽ നിന്ന് പ്രാദേശിക നേതാക്കൾ പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. ഇതു കാരണം കാർണിവലുകാർ ഒരു അനുമതിയും തേടിയിരുന്നുമില്ല.

കഴിഞ്ഞ വർഷവും ഇതേ പോലെ സിപിഐ-എം സ്‌പോൺസേർഡ് കാർണിവൽ ചിറ്റാറിൽ അരങ്ങേറി. അവിടെ പണം വച്ച് ചീട്ടുകളിയും കിലുക്കികുത്തും നടന്നത് തടഞ്ഞ എസ്‌ഐയെ സിപിഐ-എം പ്രവർത്തകർ ആക്രമിക്കുകയും തൊപ്പി തെറിപ്പിക്കുകയും ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാരെയും മർദിച്ചു. അന്ന് മേളയ്ക്ക് ഒത്താശ ചെയ്ത അതേ സിപിഐ-എം നേതാക്കൾ തന്നെയാണ് ഇത്തവണയും ഇത് സംഘടിപ്പിച്ചത്. നേതാക്കൾക്ക് കമ്മിഷൻ അടിസ്ഥാനത്തിലാണ് പണം നൽകിയിരുന്നത് എന്നും പറയുന്നു.

മുണ്ടക്കയം സ്വദേശി ഷെമീർ, പായിപ്പാട് സ്വദേശി റഷീദ് എന്നിവരാണ് മേളയുടെ സംഘാടകർ. കാർണിവൽ നടത്തുന്നത് തമിഴ്‌നാട് സ്വദേശി രമേശാണ്. സിപിഐ-എം നേതാക്കൾ കൈവിട്ട സ്ഥിതിക്ക് കുറ്റം മുഴുവൻ ഇവരുടെ തലയിൽ ചാർത്തി കൊടുക്കാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP