Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനയിലും ഇന്തോനേഷ്യയിലും ഹോട്ടലുകൾ; തായ്‌ലൻഡിലും സിംഗപ്പുരിലും ജൂവലറികൾ; ആഫ്രിക്കയിൽ ഡയമണ്ട് കച്ചവടം; പിടിയിലായ ഛോട്ടാരാജന് കുറഞ്ഞത് 4000 കോടിയുടെ സ്വത്തുക്കൾ

ചൈനയിലും ഇന്തോനേഷ്യയിലും ഹോട്ടലുകൾ; തായ്‌ലൻഡിലും സിംഗപ്പുരിലും ജൂവലറികൾ; ആഫ്രിക്കയിൽ ഡയമണ്ട് കച്ചവടം; പിടിയിലായ ഛോട്ടാരാജന് കുറഞ്ഞത് 4000 കോടിയുടെ സ്വത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്തോനേഷ്യയിൽ അറസ്റ്റിലായ അധോലോക നായകൻ ഛോട്ട രാജന് 4000 മുതൽ 5000 കോടി രൂപവരെ ആസ്തിയുണ്ടെന്ന് മുംബൈ പൊലീസ്. ഇതിൽ അമ്പത് ശതമാനത്തോളം നിക്ഷേപമേ ഇന്ത്യയിലുള്ളൂ.ബാക്കിയെല്ലാം വിദേശത്താണ്. ചൈനയിലും ഇന്തോനേഷ്യയിലും ഹോട്ടലുകളും സിംഗപ്പുരിലും തായ്‌ലൻഡിലും ജൂവലറി ഷോപ്പുകളും ജക്കാർത്തയിൽ ഹോട്ടലുമുണ്ട്. സിംബാബ്‌വെ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ഡയമണ്ട് ബിസിനസിലും ഛോട്ടാ രാജന് മുതൽമുടക്കുണ്ട്.

പൊലീസിന് കീഴടങ്ങി ഇന്ത്യയിലേക്ക് വരികയെന്നത് ഛോട്ടാ രാജന്റെ അവസാന രക്ഷാമാർഗമായിരുന്നു എന്നുവേണം കരുതാൻ. സിംബാബ്‌വെയിൽ അഭയം തേടാൻ ശ്രമിച്ചിരുന്നതായി മുംബൈ പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. രാജനെ വധിക്കാൻ ഛോട്ടാ ഷക്കീൽ പദ്ധതിയിട്ടിരുന്നുവെന്നും അതറിഞ്ഞതുകൊണ്ടാണ് ഇന്തോനേഷ്യയിലേക്ക് വരുത്തി അറസ്റ്റ് ചെയ്യിച്ചതെന്നും റിപ്പോർട്ടുണ്ട്. സിംബാബ്‌വെയിൽ അഭയം ചോദിച്ചിരുന്നെങ്കിലും, ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന കുറ്റവാളിക്ക് അഭയം നൽകാൻ സിംബാബ്‌വെ തയ്യാറായിരുന്നില്ല. വി.വി.ഐ.പികൾക്ക് ലഭിക്കുന്ന സുരക്ഷയും ഛോട്ടാ രാജൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുനൽകാൻ സിംബാബ്‌വെ സർക്കാർ തയ്യാറായില്ല.

മികച്ച ചികിത്സയും സുരക്ഷയും അധികൃതർ വാഗ്ദാനം ചെയ്തു. എന്നാൽ, ദാവൂദ് ഇബ്രാഹിമിന്റെ ആളുകൾ തന്നെ കണ്ടെത്താൻ സാധ്യതയുണ്ടെന്ന് ആശങ്കപ്പെട്ട ഛോട്ടാ രാജൻ അതിൽനിന്ന് പിന്മാറുകയായിരുന്നു. വൃക്കകൾ തകരാറിലായതിനെത്തുടർന്ന് ഡയാലിസിസിന് വിധേയനാവുകയാണ് രാജനിപ്പോൾ. അതിനിടെ താൻ പൊലീസിനു മുന്നിൽ കീഴടങ്ങിയെന്ന വാർത്ത തെറ്റാണെന്ന് ഛോട്ടാരാജൻ വ്യക്തമാക്കിയിട്ടുണ്ട്. താൻ ഒരിക്കലും കീഴടങ്ങാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയിൽ താമസിക്കുന്നതിനു മുമ്പ് സിംബാബ്‌വേയിലായിരുന്നു താമസമെന്നും തനിക്ക് അങ്ങോട്ട് പോകണമെന്നും രാജൻ പൊലീസിനോട് ആവശ്യപ്പെട്ടതായി വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ തനിക്ക് സിംബാവ്‌വേയിലേക്ക് പോകേണ്ടെന്നും ഇന്ത്യയിലെത്താനാണ് താത്പര്യമെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

സിംബാബ്‌വെയിലേക്ക് രക്ഷപ്പെടാൻ ഛോട്ടാ രാജൻ പദ്ധതിയിട്ടിരുന്നതായി ഇന്തോനേഷ്യൻ പൊലീസും സ്ഥിരീകരിച്ചു. ഇന്തോനേഷ്യൻ പൊലീസിൽനിന്ന് മോചനം ആവശ്യപ്പെട്ട രാജൻ, സിംബാവെയിലേക്ക് പോകണമെന്ന് പറഞ്ഞതായി പൊലീസ് കമ്മീഷണർ റെയ്‌നാർഡ് നയ്ൻഗൊലാൻ പറഞ്ഞു. അതിനിടെ, രാജനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ മുംബൈ പൊലീസ് ഊർജിതമാക്കി. 75 കേസ്സുകളിൽ രാജനെതിരെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചുകഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക നിയമമായ മക്കോക്ക അനുസരിച്ചുള്ളതാണ്. ഈ കേസുകളുടെ ബാഹുല്യവും അതിന്റെ ഗൗരവവും കണക്കിലെടുക്കുമ്പോൾ മൂന്നുവർഷമെങ്കിലും രാജനെ തടവിലാക്കാൻ കഴിയുമെന്ന് പൊലീസ് കരുതുന്നു. അതിനിടെ ഛോട്ടാ രാജനെതിരെയുള്ള കേസുകളുടെ വിവരങ്ങൾ തയ്യാറാക്കി വയ്ക്കാൻ സിബിഐ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികൾക്കായി സിബിഐ യുടെ പുതിയ അന്വേഷണസംഘം ഉടൻ ഇന്തോനേഷ്യയിലേക്ക് തിരിക്കും.

20 കൊലപാതകക്കേസുകളടക്കം 68 കേസുകളാണ് മുംബൈയിൽമാത്രം ഛോട്ടാ രാജനെതിരെ നിലവിലുള്ളത്. മക്കോക, പോട്ട, ആയുധനിയമം തുടങ്ങി ശക്തമായ നിയമങ്ങൾചുമത്തിയ കേസുകളാണ് ഇവയിലധികവും. ദാവൂദ് ഇബ്രാഹിമുമായി പിരിയാൻ കാരണമായ 1993 ലെ സ്‌ഫോടനക്കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ രാജനിൽനിന്നും ലഭിച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം, ദാവൂദ് ഇബ്രാഹിമിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജനെ ഇന്ത്യയിലെത്തിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാപദ്ധതികളെക്കുറിച്ച് കേന്ദ്രം പദ്ധതി തയ്യാറാക്കുന്നുണ്ട്. ഡി കമ്പനിയുടെ ഭീഷണികാരണം ദക്ഷിണാഫ്രിക്ക, സിംബാവേ, ഇറാൻഎന്നീ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിൽമാത്രം ആറിടങ്ങളിലും ഛോട്ടാ രാജൻ ആൾമാറി താമസിച്ചിരുന്നുവെന്ന് സൂചന ലഭിച്ചു.

ഓസ്‌ട്രേലിയയിൽവച്ച് സെപ്്റ്റംബറിലാണ് വിരലടയാളസാമ്യം മനസിലാക്കി ഛോട്ടാരാജന് സൗത്ത് വെയിൽസിൽ താമസിക്കുന്നുണ്ടെന്ന് ഇന്റർപോൾ മനസിലാക്കിയത്. തുടർന്ന് ഇന്ത്യൻ അധികൃതർ ഓസ്‌ട്രേലിയയിൽ എത്തിയിരുന്നതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP