Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഥേൽ സുലൂക്കോ പള്ളിയിലും ഓർത്തഡോക്‌സ് അവകാശം അംഗീകരിച്ച് പെരുമ്പാവൂർ കോടതി; കുർബാന അർപ്പിക്കാൻ നാളെ എത്തുമെന്ന് പ്രഖ്യാപിച്ച് തോമസ് പോൾ റമ്പാൻ; ചെറിയ പള്ളി മാതൃകയിൽ പ്രതിരോധം തീർത്ത് യാക്കോബയക്കാർ പ്രാർത്ഥനാ യജ്ഞം തുടങ്ങി; വീണ്ടും സഭാ തർക്കത്തിൽ സംഘർഷഭരിതമാകാൻ പെരുമ്പാവൂർ; സംഘർഷമൊഴിവാക്കാൻ തന്ത്രങ്ങളുമായി പൊലീസ്

ബഥേൽ സുലൂക്കോ പള്ളിയിലും ഓർത്തഡോക്‌സ് അവകാശം അംഗീകരിച്ച് പെരുമ്പാവൂർ കോടതി; കുർബാന അർപ്പിക്കാൻ നാളെ എത്തുമെന്ന് പ്രഖ്യാപിച്ച് തോമസ് പോൾ റമ്പാൻ; ചെറിയ പള്ളി മാതൃകയിൽ പ്രതിരോധം തീർത്ത് യാക്കോബയക്കാർ പ്രാർത്ഥനാ യജ്ഞം തുടങ്ങി; വീണ്ടും സഭാ തർക്കത്തിൽ സംഘർഷഭരിതമാകാൻ പെരുമ്പാവൂർ; സംഘർഷമൊഴിവാക്കാൻ തന്ത്രങ്ങളുമായി പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ; എതിർ വിഭാഗത്തിന് അനുകൂലമായ കോടതിവിധി പുറത്തുവന്നതിനെത്തുടർന്ന് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ബഥേൽ സുലൂക്കോ പള്ളിയിൽ യാക്കോബായ വിഭാഗം പ്രാർത്ഥന യജ്ഞം ആരംഭിച്ചു. ഇന്നലെയാണ് ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ നിന്നും വിധിയുണ്ടായത്.

കോതമംഗലം മാർത്തോമ ചെറിയപള്ളി വിഷയത്തിൽ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ നിന്നും ഓർത്തഡോക്സ് വിഭാഗത്തിന് ലഭിച്ചതിന് സമാനവിധിയാണ് സുലൂക്കോ പള്ളി വിഷയത്തിൽ പെരുമ്പാവൂർ കോടതിയിൽ നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. 2017-ലാണ് 1934-ലെ ഭരണഘടന പ്രകാരം പള്ളി ഭരണം തങ്ങൾക്ക് ലഭിക്കണമെന്നും നിലവിൽ യാക്കോബായ പക്ഷം നടത്തിവരുന്ന പ്രാർത്ഥന ചടങ്ങുകൾ വിലക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷത്തെ വികാരി യൽദോ കുര്യക്കോസ് പെരുമ്പാവൂർ കോടതിയിയെ സമീപിച്ചത്.

ഇന്നലെ വിധി പുറത്തുവന്നതോടെ യാക്കോബായ വിശ്വാസികൾ കൂട്ടമായി പള്ളിയിലേയ്ക്കെത്തി.എതിർവിഭാഗത്തെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലന്ന ഉറച്ച നിലപാട് വ്യക്തമാക്കി ഇവർ പള്ളിയകത്തും മുറ്റത്തുമൊക്കെയായി തമ്പടിച്ചു.രാത്രിയിൽ ആരംഭിച്ച പ്രാർത്ഥന യജ്ഞം ഇപ്പോഴും തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻപൊലീസ് സംഘം പള്ളിയിലും പരിസരത്തുമായി നിലയുറപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ 6 മുതൽ 8.45 വരെയുള്ള പതിവ് കുർബ്ബാന അർപ്പിക്കാൻ തങ്ങൾ എന്തായാലും എത്തുമെന്ന് ഓർത്തഡോക്സ് പക്ഷത്തെ തോമസ് പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കി.

ഇന്ന് വൈകുന്നേരം വരെ കോടതി വിധിപകർപ്പ് കിട്ടിയില്ലങ്കിൽ കുർബ്ബാന അർപ്പിച്ച് മടങ്ങുമെന്നും ഇത് ലഭിച്ചാൽ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ച് മുന്നോട്ടുപോകുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും റമ്പാച്ചൻ കൂട്ടിച്ചേർത്തു. നേരത്തെ കോതംമംഗലം പള്ളിയിൽ വിധിയുമായി റമ്പാൻ എത്തിയെങ്കിലും പള്ളിയിൽ പ്രവേശിപ്പിക്കാനായില്ല. സംഘർഷമൊഴിവാക്കാൻ റമ്പാനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റമ്പാന്റെ ആരോഗ്യ നിലഗുരുതരമാണെന്ന് പറഞ്ഞ് ദിവസങ്ങളോളം ആശുപത്രിയിൽ കിടത്തി ചികിൽസിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സുലൂക്കോ പള്ളി വിഷയത്തിൽ പെരുമ്പാവൂർ കോടതിയിൽ നിന്നും അനുകൂല വിധി ഓർത്തഡോക്‌സുകാർ നേടിയത്. എന്ത് വിലകൊടുത്തും ഓർത്തഡോക്‌സുകാരെ തടയാനാണ് സുലൂക്കോ പള്ളിയിലെ വിശ്വാസികളുടേയും തീരുമാനം. ഇതോടെ  വീണ്ടും പള്ളി തർക്കം സജീവമാകുകയാണ്. ഏതായാലും സംഘർഷം ഒഴിവാക്കാനാകും പൊലീസിന്റെ ശ്രമം. അതുകൊണ്ട് തന്നെ ഓർത്തഡോക്‌സുകാർ ഉത്തവുമായി വന്നാലും പള്ളി പ്രവേശനത്തിന് സാഹചര്യം ഉണ്ടാക്കില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP