Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുമ്പനാട്ടെ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി ചർച്ച് ഓഫ് ഗോഡുകാർ വെട്ടിപ്പിടിച്ചു: ഒഴിപ്പിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ; റവന്യൂ അധികൃതർ അളന്നു തിട്ടപ്പെടുത്തിയ ഭൂമിയിൽ മതിൽകെട്ടി ഗേറ്റിട്ടു പൂട്ടി; മുള്ളുവേലി കെട്ടാനുള്ള ശ്രമത്തിനെതിരെ വൻ പ്രതിഷേധം

കുമ്പനാട്ടെ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി ചർച്ച് ഓഫ് ഗോഡുകാർ വെട്ടിപ്പിടിച്ചു: ഒഴിപ്പിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ; റവന്യൂ അധികൃതർ അളന്നു തിട്ടപ്പെടുത്തിയ ഭൂമിയിൽ മതിൽകെട്ടി ഗേറ്റിട്ടു പൂട്ടി; മുള്ളുവേലി കെട്ടാനുള്ള ശ്രമത്തിനെതിരെ വൻ പ്രതിഷേധം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിലെ മിനിഗൾഫാണ് കുമ്പനാട്. ലോകത്തിന്റെ ഏതു കോണിലും ഒരു കുമ്പനാട്ടുകാരനുണ്ട്. അതുകൊണ്ടു തന്നെയാണ് വിദേശബാങ്കുകൾ വരെ ഇവിടെ ശാഖ തുറന്നിരിക്കുന്നതും.

തിരുവല്ല-കുമ്പഴ സംസ്ഥാന പാതയ്ക്ക് അരികിലുള്ള കുമ്പനാട്ട് ഒരു സെന്റ് ഭൂമിക്ക് വില കോടികളാണ്. ചോദിക്കുന്ന കോടികൾ ഒരെതിർപ്പും കൂടാതെ നൽകി സ്വന്തമാക്കുന്നതാണ് ഇവിടുത്തുകാരുടെ ശീലം. ഇക്കാരണം കൊണ്ടാണ് മറ്റെല്ലായിടത്തും വില ഇടിഞ്ഞിട്ടും കുമ്പനാട് ഭൂമി വില ഉയർന്നു നിൽക്കുന്നത്. അങ്ങനെയുള്ള പ്രദേശത്തെ 10 സെന്റ് സർക്കാർ ഭൂമി വെട്ടിപ്പിടിച്ച് എടുത്തിരിക്കുകയാണ് ചർച്ച് ഓഫ് ഗോഡ്.

കുമ്പനാട് കവലയിൽ ഫെലോഷിപ്പ് ഹോസ്പിറ്റൽ ജങ്ഷനിലാണ് ചർച്ച് ഓഫ് ഗോഡ് എന്ന പെന്തക്കോസ്ത് സഭ സർക്കാർ ഭൂമി കൈയേറിയിരിക്കുന്നത്. നേരത്തെ തന്നെ മതിൽ കെട്ടി ഇവർ ഭൂമി ഏറ്റെടുത്തിരുന്നു. അന്നു നാട്ടുകാർ പ്രശ്‌നം ഉണ്ടാക്കിയപ്പോൾ റവന്യു അധികൃതർ എത്തി സ്ഥലം അളന്നു തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ചിരുന്നു.

എന്നാൽ കെട്ടിയ മതിൽ പൊളിക്കുവാൻ സഭ തയാറായില്ല. ഗേറ്റിട്ട് പൂട്ടുക കൂടി ചെയ്തതോടെ നാട്ടുകാർക്ക് സംശയമായി. നാട്ടുകാരുടെ പരാതിയെ തുടർന്ന് അധികാരികളുടെ സാന്നിധ്യത്തിൽ ഗേറ്റ് തുറന്നു കൊടുക്കുകയും റവന്യു ഭൂമിയിൽ വാഹനങ്ങൾ പാർക്ക് ചെയ്തു വരികയുമായിരുന്നു.

ഇപ്പോൾ ഗേറ്റ് വീണ്ടും അടച്ചു. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും തുറക്കുന്നില്ല. സംസ്ഥാന പാതയോട് ചേർന്ന് 36 അടി വീതിയിലും നീളത്തിലുമായിട്ടാണ് പുറമ്പോക്ക് ഭൂമിയുള്ളത്. മതിലിനകത്തു വലിയ ഇരുമ്പു പൈപ്പുകൾ ഇട്ടു മുള്ളുവേലി ഇടാനുള്ള ശ്രമത്തിലാണ് സഭയുടെ അധികൃതർ.

ഈ സർക്കാർ ഭൂമി സഭയ്ക്ക് പതിച്ചു കൊടുക്കാൻ കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കോയിപ്രം വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം ഈ 10 സെന്റ പുറമ്പോക്കാണ്. നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെ ബന്ധപ്പെട്ടപ്പോൾ ഭൂമി പഞ്ചായത്ത് ഏറ്റെടുക്കുമെന്നാണ് അറിയിച്ചത്.

പുറമ്പോക്ക് ഭൂമിയിലും, മതിലിനകത്തും ഇരുമ്പു പൈപ്പുകൾ ഇട്ടു കമ്പിവേലി കെട്ടി ആരെയും അങ്ങോട്ടു പ്രവേശിപ്പിക്കാതിരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ചു ജില്ലാ കലക്ടർക്ക് സമീപവാസികൾ പരാതി നൽകിയിട്ടുണ്ട്. ഭൂമിയെ കുറിച്ച് റിപ്പോർട്ട് കൊടുക്കാൻ എഡിഎമ്മിനോട് കലക്ടർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒന്നുമായിട്ടില്ല. വലിയ വില കിട്ടുന്ന ഈ ഭൂമി സ്വന്തമാക്കാൻ സഭയുടെ നേതൃത്വത്തിൽ വലിയ ഇടപെടലുകൾ നടക്കുന്നു എന്നാണു നാട്ടുകാർ ആരോപിക്കുന്നത് .

വാഹനത്തിരക്ക് കാരണം വീർപ്പുമുട്ടുന്ന കുമ്പനാട് കവലയിൽ ഈ ഭൂമി പാർക്കിങ്ങിനും ബസ് ബേയ്ക്കുമൊക്കെയായി ഉപയോഗിക്കാൻ കഴിയുമെന്നും അതിനാൽ ഭൂമി വിട്ടുകൊടുക്കരുതെന്നുമാണ് നാട്ടുകാരുടെ പക്ഷം.

 (വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP