Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമരം പിൻവലിച്ചെങ്കിലും സമരക്കാർക്ക് പുതിയ സിനിമകൾ ലഭിക്കില്ല; പുതിയ റിലീസുകളും ദിലീപിന്റെ സംഘടനയ്ക്ക്; കുഴപ്പത്തിലാകുമെന്ന് അറിഞ്ഞ് ഒട്ടേറെ തിയേറ്ററുകൾ ലിബർട്ടി ബഷീറിനെ തള്ളിപ്പറഞ്ഞ് പുതിയ സംഘടനയിലേക്ക്; ഇതുവരെ സൂപ്പർ സ്റ്റാറുകൾ ചവിട്ടിമെതിച്ച ദിലീപ് സൂപ്പർസ്റ്റാറായി; കോടികൾ നഷ്ടമുണ്ടാക്കിയെങ്കിലും മലയാള സിനിമയുടെ നിയന്ത്രണം ഇനി സിനിമാക്കാർക്ക് തന്നെ

സമരം പിൻവലിച്ചെങ്കിലും സമരക്കാർക്ക് പുതിയ സിനിമകൾ ലഭിക്കില്ല; പുതിയ റിലീസുകളും ദിലീപിന്റെ സംഘടനയ്ക്ക്; കുഴപ്പത്തിലാകുമെന്ന് അറിഞ്ഞ് ഒട്ടേറെ തിയേറ്ററുകൾ ലിബർട്ടി ബഷീറിനെ തള്ളിപ്പറഞ്ഞ് പുതിയ സംഘടനയിലേക്ക്; ഇതുവരെ സൂപ്പർ സ്റ്റാറുകൾ ചവിട്ടിമെതിച്ച ദിലീപ് സൂപ്പർസ്റ്റാറായി; കോടികൾ നഷ്ടമുണ്ടാക്കിയെങ്കിലും മലയാള സിനിമയുടെ നിയന്ത്രണം ഇനി സിനിമാക്കാർക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയെ എന്നും നിയന്ത്രിച്ചവരാണ് ലിബർട്ടി ബഷീറും സംഘവും. തൊട്ടതിനും പിടിച്ചതിനുമെല്ലാം തിയേറ്റർ അടച്ചിട്ട് പ്രതിസന്ധിയുണ്ടാക്കിയവർ. സിനിമാക്കാർ ഇവിടെ കാഴ്‌ച്ചക്കാരായിരുന്നു. ഈ സ്ഥിതിക്കാണ് 2016ലെ തിയേറ്റർ സമരം മാറ്റമുണ്ടാക്കുന്നത്. കാലു പിടിച്ചു പറഞ്ഞിട്ടും സംഘടനയുടെ കരുത്തിൽ തിയേറ്ററുകളിൽ പുതിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചില്ല. കരുതലോടെ നിന്ന സിനിമാ പ്രവർത്തകർ ഒരുമിച്ചു. ദിലീപ് എന്ന നടൻ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ പിന്തുണയുമായി മോഹൻലാൽ അണിയറയിൽ സജീവമായി. മമ്മൂട്ടിയുടെ പിന്തുണ കൂടിയായപ്പോൾ ഇടത് സർക്കാരും ഈ നീക്കത്തിന് പിന്തുണ നൽകി. അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിന്റെ രാഷ്ട്രീയ ബന്ധങ്ങൾ ലിബർട്ടി ബഷീറിനെ മൂലയ്ക്ക് ഒതുക്കി. ഇനി സിനിമയുടെ നിയന്ത്രണം സിനിമാക്കാർക്കാണ്.

കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ സമരം പിൻവലിച്ചെങ്കിലും ഇനി മുതൽ പുതിയ സിനിമ നൽകുമ്പോൾ ഫെഡറേഷനിൽനിന്നു തെറ്റിപ്പിരിഞ്ഞവർക്കു മുൻഗണന നൽകാൻ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. ഇതനുസരിച്ച് സമരം നടത്തിയവർക്ക് ഇനി പുതിയ സിനിമ ലഭിക്കാൻ ബുദ്ധിമുട്ടു വരാം. അതായത് ലിബർട്ടി ബഷീറിന്റെ തലശ്ശേരിയിലെ തിയേറ്ററുകൾക്ക് സിനിമ കിട്ടണമെങ്കിൽ കുറച്ച് പ്രയാസപ്പെടും. ജോമോന്റെ സുവിശേഷങ്ങൾ 19നും, തുടർന്നുള്ള മൂന്ന് ആഴ്ചകളിൽ 26നു മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ഫെബ്രുവരി മൂന്നിന് ഫുക്രി, 10ന് എസ്ര എന്നിവയുമാണു തിയറ്ററുകളിൽ എത്തുന്നത്. ഇതൊന്നും ലിബർട്ടി ബഷീറിന് കിട്ടാനിടയില്ല. സംഘടനയുടെ കരുത്തിൽ സൂപ്പർ സിനിമകൾ തിയേറ്ററിലെത്തിച്ച് വമ്പൻ ലാഭം കൊയ്യാൻ ഇനി കഴിയില്ല. വൈഡ് റിലീസിനും സാധ്യത ഏറുകയാണ്. സമരത്തിൽ ഉണ്ടായിരുന്ന ഫെഡറേഷൻ അംഗങ്ങളിൽ ഈ സിനിമകൾ പ്രദർശിപ്പിക്കുന്നതിനു നേരത്തേ കരാർ ഒപ്പുവച്ചവർക്കു പുതിയ സിനിമ നൽകുമെങ്കിലും തുടർന്നു പടം അനുവദിക്കുമ്പോൾ സമരക്കാരെ പരിഗണിക്കാൻ സാധിക്കില്ലെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ്‌കുമാർ അറിയിച്ചു.

ഫെഡറേഷൻ സമരം പിൻവലിച്ച കാര്യം ടിവിയിലൂടെയാണ് അറിഞ്ഞതെന്നും അവർ ഇക്കാര്യം തങ്ങളെ അറിയിക്കാത്ത സാഹചര്യത്തിൽ അവർക്കു സിനിമ കൊടുക്കണമോയെന്ന കാര്യം വീണ്ടും ആലോചിക്കേണ്ടിവരുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി എം.രഞ്ജിത് പറഞ്ഞു. അതായത് ലിബർട്ടി ബഷീറിനൊപ്പമുള്ളവർ കടുത്ത പ്രതിസന്ധിയിലാണ്. തിയേറ്റർ സംഘടന സിനിമാക്കാർ പിടിച്ചെടുക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്. ഫെഡറേഷനിൽനിന്നു തെറ്റിപ്പിരിഞ്ഞ 63 തിയറ്റർ ഉടമകൾ ദിലീപിന്റെ നേതൃത്വത്തിലെ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവർക്കു നൂറ്റൻപതോളം തിയറ്റർ ഉണ്ട്. അവർക്കായിരിക്കും മുൻതൂക്കം. ഇത് മനസ്സിലായതോടെ കൂടുതൽ തിയേറ്ററുകൾ ലിബർട്ടി ബഷീറിനെ തള്ളിപ്പറഞ്ഞ് പുതിയ സംഘടനയ്‌ക്കൊപ്പം എത്തുകയാണ്.

പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത തിയറ്ററുകളിൽ ഇനി സിനിമ റിലീസിനു നൽകണമോയെന്ന് ആലോചിക്കേണ്ടി വരുമെന്നു രഞ്ജിത് പറഞ്ഞു. സർക്കാരും എല്ലാ സിനിമാ സംഘടനകളും ഒറ്റക്കെട്ടായി എതിർക്കുകയും ഫെഡറേഷൻ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സമരം പിൻവലിച്ച് അവർ തലയൂരുകയായിരുന്നുവെന്നു സുരേഷ്‌കുമാർ പറഞ്ഞു. ഇനി ആരും ഈ വ്യവസായത്തെ വെല്ലുവിളിക്കാൻ അനുവദിക്കരുത്. അതിനുള്ള നടപടി സർക്കാരും ചലച്ചിത്ര സംഘടനകളും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി സുരേഷ്‌കുമാർ പറഞ്ഞു.

ദിലീപ് ചെയർമാൻ, ആന്റണി പെരുമ്പാവൂർ വൈസ് ചെയർമാൻ

ഫലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ വിട്ടുവന്നവരും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ അംഗങ്ങളും മൾട്ടിപ്ലെക്‌സ് ഉടമകളുമെല്ലാം ഉൾപ്പെട്ടതാണു കേരളത്തിലെ ചലച്ചിത്ര പ്രദർശന വ്യവസായത്തിൽ രൂപീകൃതമായ പുതിയ സംഘടന. നടൻ ദിലീപ് ചെയർമാനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വൈസ് ചെയർമാനുമാണ്. ഇവർ തിയറ്റർ ഉടമകൾ കൂടിയാണ്. അതായത് മോഹൻലാലും ദിലീപും ഒന്നിക്കുന്നു. കാവ്യമാധവനുമായുള്ള ദിലീപിന്റെ വിവാഹമുണ്ടാക്കിയ പിണക്കം മാറി. അതുകൊണ്ടാണ് മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരും നേതൃസ്ഥാനത്ത് എത്തുന്നത്.

സംഘടനയുടെ പേരും ഘടനയും ഉടൻ തീരുമാനിക്കും. നിർമ്മാതാക്കളും വിതരണക്കാരുമായ ജി.സുരേഷ് കുമാർ, എം.രഞ്ജിത്, സിയാദ് കോക്കർ, സാഗ അപ്പച്ചൻ, സി.വി.രാമകൃഷ്ണൻ, രാജു മാത്യു, ആന്റോ ജോസഫ് തുടങ്ങിയവർ ഉൾപ്പെട്ട കോർ കമ്മിറ്റി സംഘടനയ്ക്കു മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനായി രൂപീകരിച്ചു. സിനിമയ്ക്കു വേണ്ടിയുള്ള നല്ല കൂട്ടായ്മയാണിതെന്നു ദിലീപ് പറഞ്ഞു. തിയറ്ററുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യം കലാകാരന്മാരെ നിരാശപ്പെടുത്തുന്നതാണ്. ഇനി, ഒരു കാരണവശാലും ഒരു തിയറ്ററും അടച്ചിടാൻ പാടില്ല. പുതിയ തിയറ്റർ സംഘടന പിച്ചവച്ചു വരുമ്പോൾ എല്ലാവിധ പിന്തുണയും ആവശ്യമാണ്. നിർമ്മാതാക്കളും വിതരണക്കാരും ഉൾപ്പെട്ട കോർ കമ്മിറ്റി പുതിയ സംഘടനയ്ക്കു പിന്തുണ നൽകാൻ വേണ്ടിയാണു രൂപീകരിച്ചത്. തിയറ്റർ ഉടമകളെ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും കാലിൽ കെട്ടിയിടുകയല്ല കോർ കമ്മിറ്റിയുടെ ഉദ്ദേശ്യം.

വിമർശനം മുഴുവൻ ലിബർട്ടി ബഷീറിന്

തിയറ്ററുകൾക്കായി പുതിയ സംഘടന പ്രഖ്യാപിക്കാൻ ചേർന്ന യോഗത്തിൽ വിമർശന വിധേയനായതും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ തന്നെ. ഭസ്മാസുരനു വരം കൊടുത്ത കഥ പോലെ സ്വന്തം സംഘടനയെത്തന്നെ അദ്ദേഹം നശിപ്പിച്ചുവെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാറിന്റെ കുറ്റപ്പെടുത്തൽ. ഇനിമുതൽ എവിടെ സിനിമ റിലീസ് ചെയ്യണമെന്നു നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിക്കും. ഫെഡറേഷന്റെ വിരട്ടൽ ഇനി നടക്കില്ല. ഇനി സമരം ഉണ്ടാകരുത്. അതിനാണു പുതിയ സംഘടന.

തിയറ്റർ വരുമാന വിഹിതത്തിന്റെ 50 ശതമാനം തന്നില്ലെങ്കിൽ സിനിമകൾ പ്രദർശിപ്പിക്കില്ലെന്നു കാട്ടി ഫെഡറേഷൻ നൽകിയ കത്തു പിൻവലിക്കാതെ സമരം തീർന്നതായി കണക്കാക്കില്ലെന്നു ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ചവരെ ഒരിക്കലും കൈവിടില്ല. പുലിമുരുകനും കട്ടപ്പനയിലെ ഋതിക് റോഷനും പ്രദർശിപ്പിച്ച വകയിൽ കോടികളുടെ കുടിശികയാണു ചില തിയറ്റർ ഉടമകൾ തരാനുള്ളത്. ഈ പണം ഉടൻ തന്നില്ലെങ്കിൽ അവർക്കു ഭാവിയിൽ ചിത്രങ്ങൾ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരാണു 'പൂച്ച'യ്ക്കു മണി കെട്ടുകയെന്നു കുറെക്കാലമായി ആലോചിക്കുകയായിരുന്നുവെന്നു സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. ഉറച്ച നിലപാടു സ്വീകരിച്ച മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സമരമുണ്ടാക്കിയത് 35 കോടിയുടെ നഷ്ടം

അവസാനമായത് ചലച്ചിത്ര പ്രവർത്തകർക്കും ആസ്വാദകർക്കും നിരാശയും വ്യവസായലോകത്തിനും സർക്കാരിനും 35 കോടിയോളം രൂപയുടെ നഷ്ടവും സമ്മാനിച്ച സിനിമാ പ്രതിസന്ധിക്കാണ്. ഒരു മാസത്തോളം നീണ്ട സ്തംഭനത്തിനു തിരശീലയിട്ടു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തിയറ്റർ സമരം പിൻവലിച്ചതിനു പിന്നാലെ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പൂർണപിന്തുണയോടെ തിയറ്ററുകൾക്കായി പുതിയ സംഘടന പ്രഖ്യാപിച്ചു. ഫെഡറേഷനിൽ ഭിന്നിപ്പുണ്ടാവുകയും ബദൽ സംഘടന പിറക്കുകയും ചെയ്തതോടെ ഇതുവരെ റിലീസ് നിയന്ത്രിച്ചിരുന്ന ഫെഡറേഷൻ പുറത്താവുകയാണ്.

പ്രധാന കേന്ദ്രങ്ങളിലെ ഭൂരിപക്ഷം റിലീസ് തിയറ്ററുകളുടെയും നിയന്ത്രണം കയ്യാളിയിരുന്ന ഫെഡറേഷൻ, തിയറ്റർ വരുമാനത്തിൽ നിന്നു തങ്ങൾക്കുള്ള വിഹിതം 40ൽനിന്ന് 50 ശതമാനമായി ഉയർത്തിയില്ലെങ്കിൽ ഡിസംബർ 16 മുതൽ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെയാണു പ്രതിസന്ധി ഉടലെടുത്തത്. ക്രിസ്മസ് ചിത്രങ്ങളുടെ റിലീസ് മുടങ്ങി. പ്രദർശിപ്പിച്ചുകൊണ്ടിരുന്ന 'പുലിമുരുകൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളും തർക്കം കടുത്തതോടെ പിൻവലിച്ചു. തുടർന്നാണു ഫെഡറേഷനെ ഒഴിവാക്കി റിലീസുമായി മുന്നോട്ടുപോകാൻ നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചതും തമിഴ് ചിത്രം 'ഭൈരവ' ഫെഡറേഷന്റേത് ഒഴികെയുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തതും.

ദിലീപിന് അഭിനന്ദന പ്രവാഹം

ദിലീപിന്റെ തന്ത്രപരമായ ഇടപെടലാണ് സിനിമാ തർക്കത്തിന് പരിഹാരമൊരുക്കിയത്. നടനെ പ്രശംസിച്ച് സിനിമാരംഗത്തുള്ള പ്രമുഖർ രംഗത്തെത്തി. സോഷ്യൽമീഡിയയിലും നടനെ പിന്തുണച്ച് ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. അജു വർഗ്ഗീസും സംവിധായകൻ വൈശാഖും സംഗീത സംവിധായകൻ ഗോപീ സുന്ദറും സോഷ്യൽ മീഡിയയിലൂടെ ദിലീപിന് അഭിനന്ദനം അറിയിച്ചു. അങ്ങനെ ഈ സിനിമാ സമരത്തിന്റെ ഒടുവിൽ നായകനാവുകയാണ് ദിലീപ്.

ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്നു നിർമ്മാതാക്കളും വിതരണക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു. രൂക്ഷമായ ഭിന്നത പുതിയ സംഘടനയുടെ പിറവിയിലാണ് എത്തിച്ചത്. അപ്പോഴും നായകന്റെ കുറവുണ്ടായിരുന്നു. ഇത് തിയേറ്റർ ഉടമ കൂടിയായ ദിലീപ് ഏറ്റെടുത്തത് തന്നെയാണ് പ്രതിസന്ധിയെ അകറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP