Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇന്ത്യ സമാധാന സ്മാരകം' സന്ദർശിച്ച് രണ്ടാം ലോകയുദ്ധത്തിൽ കൊല്ലപ്പെട്ട ജപ്പാൻ ഭടന്മാർക്ക് ആദരാഞ്ജലിയർപ്പിക്കാനുള്ള ഷിൻസേ ആബെയുടെ ആഗ്രഹം നടക്കില്ല; ഗുവാഹാട്ടിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാൻ ഉച്ചകോടിയുടെ വേദി മാറ്റിയേക്കും; മോദി-ആബെ ചർച്ച തന്നെ വേണ്ടെന്ന് വച്ചേക്കും; ബംഗ്ലാദേശ് കട്ടക്കലിപ്പിൽ; അറബ് രാഷ്ട്രങ്ങളും മതാധിഷ്ഠിത നിയമത്തിൽ അതൃപ്തർ; പശ്ചാത്യമാധ്യമങ്ങളിലും നെഗറ്റീവ് വാർത്തകൾ; മോദി സർക്കാരിന്റെ വിദേശ നയതന്ത്രം പൗരത്വ ഭേദഗതി ബില്ലിൽ തകരുമ്പോൾ

'ഇന്ത്യ സമാധാന സ്മാരകം' സന്ദർശിച്ച് രണ്ടാം ലോകയുദ്ധത്തിൽ കൊല്ലപ്പെട്ട ജപ്പാൻ ഭടന്മാർക്ക് ആദരാഞ്ജലിയർപ്പിക്കാനുള്ള ഷിൻസേ ആബെയുടെ ആഗ്രഹം നടക്കില്ല; ഗുവാഹാട്ടിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാൻ ഉച്ചകോടിയുടെ വേദി മാറ്റിയേക്കും; മോദി-ആബെ ചർച്ച തന്നെ വേണ്ടെന്ന് വച്ചേക്കും; ബംഗ്ലാദേശ് കട്ടക്കലിപ്പിൽ; അറബ് രാഷ്ട്രങ്ങളും മതാധിഷ്ഠിത നിയമത്തിൽ അതൃപ്തർ; പശ്ചാത്യമാധ്യമങ്ങളിലും നെഗറ്റീവ് വാർത്തകൾ; മോദി സർക്കാരിന്റെ വിദേശ നയതന്ത്രം പൗരത്വ ഭേദഗതി ബില്ലിൽ തകരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹാട്ടി: പൗരത്വ ബിൽ രാഷ്ട്രപതി ഒപ്പിടുമ്പോൾ രാജ്യാന്തര തലത്തിൽ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഉപരോധത്തിന് അമേരിക്കൻ സംഘടന ശുപാർശ നൽകിയിരുന്നു. ഇത് അമേരിക്കൻ സർക്കാർ ്അംഗീകരിച്ചില്ലെങ്കിലും ദൂരവ്യാപകമായ പ്രഖ്യാപനം നയതന്ത്ര മേഖലയിൽ ഇന്ത്യക്കുണ്ടാകുമെന്നാണ് സൂചന. നിയമത്തെ ചൊല്ലി ഇന്ത്യ-ബംഗ്ലാദേശ് ബന്ധം ഉലയുന്നതും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മോമെനും ആഭ്യന്തരമന്ത്രി അസുസമാൻ ഖാനും ഇന്ത്യാസന്ദർശനം അവസാനനിമിഷം റദ്ദാക്കി. മൂന്നുദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച വൈകീട്ട് ഇന്ത്യയിലെത്തേണ്ടതായിരുന്നു മോമെൻ.

ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് പൗരത്വബിൽ ചർച്ചയ്ക്കുള്ള മറുപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശമാണ് ബംഗ്ലാദേശിനെ ചൊടിപ്പിച്ചത്. അമിത് ഷായുടെ പ്രസ്താവന അസത്യമാണെന്ന് മോമെൻ ധാക്കയിൽ പറഞ്ഞു. പൗരത്വബിൽ ഇന്ത്യയുടെ മതേതര-സഹിഷ്ണുതാ പാരമ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനുപിന്നാലെയാണ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയും സന്ദർശനം റദ്ദാക്കിയത്. മൂന്നുദിവസത്തെ സന്ദർശനത്തിന് വെള്ളിയാഴ്ച മേഘാലയയിലെ ഷില്ലോങ്ങിലെത്തേണ്ടതായിരുന്നു അസുസമാൻ ഖാൻ. ഇവിടെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. അതേസമയം, ഷാ ഷില്ലോങ്ങിലേക്ക് പോകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ, അമിത് ഷാ പറഞ്ഞത് ബംഗ്ലാദേശിലെ ഇപ്പോഴത്തെ സർക്കാരിനെക്കുറിച്ചല്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വിശദീകരിച്ചു. സന്ദർശനം റദ്ദാക്കിയതിന് പൗരത്വബില്ലുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 16-ന് ധാക്കയിൽ നടക്കുന്ന വിജയദിവസ് പരിപാടിയിൽ പങ്കെടുക്കേണ്ടതുകൊണ്ടാണ് യാത്ര റദ്ദാക്കിയതെന്ന് ബംഗ്ലാദേശ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ഇപ്പോഴത്തെ സർക്കാർ ന്യൂനപക്ഷ സംരക്ഷണനടപടി സ്വീകരിച്ചിട്ടുണ്ടെന്നും രണ്ടുരാജ്യങ്ങളും തമ്മിൽ ഊഷ്മളബന്ധമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ചമുതൽ മൂന്നുദിവസം ഗുവാഹാട്ടിയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-ജപ്പാൻ ഉച്ചകോടിയുടെ വേദി മാറ്റിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോയും പങ്കെടുക്കേണ്ട ഉച്ചകോടിയാണിത്. ജപ്പാനുമായുള്ള ഉച്ചകോടി നടക്കുമോയെന്നകാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിനുതന്നെ ഉറപ്പില്ല. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഗുവാഹാട്ടിയിൽ ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസൊയെ സ്വാഗതംചെയ്ത് ഉയർത്തിയ കമാനങ്ങളും ഒരു വേദിയും പ്രതിഷേധക്കാർ നശിപ്പിച്ചു. ഉച്ചകോടിക്കുശേഷം ഇരുനേതാക്കളും ചൊവ്വാഴ്ച മണിപ്പുർ സന്ദർശിക്കാനും പരിപാടി തയ്യാറാക്കിയിരുന്നു. ബിഷ്ണുപുർ ജില്ലയിലെ 'ഇന്ത്യ സമാധാന സ്മാരകം' സന്ദർശിച്ച് രണ്ടാംലോകയുദ്ധത്തിൽ കൊല്ലപ്പെട്ട ജപ്പാൻ ഭടന്മാർക്ക് ആദരാഞ്ജലിയർപ്പിക്കലായിരുന്നു പരിപാടി. ഗുവാഹാട്ടി ഒഴിവാക്കി ഡൽഹി, ഭുവനേശ്വർ എന്നീ വേദികൾ ഉച്ചകോടിക്കായി പരിഗണനയിലുണ്ടെന്നു സൂചനയുണ്ടെങ്കിലും അതു പ്രായോഗികമല്ലെന്ന സമീപനമാണ് വിദേശകാര്യമന്ത്രാലയത്തിനുള്ളത്.

പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ല് അന്താരാഷ്ട്ര വേദികളിലും മാധ്യമങ്ങളിലും ഇന്ത്യയുടെ പ്രതിഛായക്ക് തിരിച്ചടിയാകുന്നുവെന്നാണ് റിപ്പോർട്ട്. മുസ്ലിം വിരുദ്ധ സ്വഭാവം ഉൾക്കൊള്ളുന്ന ബില്ലിനെതിരായ റിപ്പോർട്ടുകളാണ് അറബ് മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. അതേ സമയം ബിൽ മുസ്ലിം വിരുദ്ധമല്ലെന്ന് ഒ.ഐ.സി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളെ ബോധ്യപ്പെടുത്താൻ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾ ശ്രമം തുടങ്ങി. അമേരിക്കയിലെയും മറ്റും മുഖ്യധാരാ മാധ്യമങ്ങൾ പലതും ബില്ല് മുസ്ലിം വിരുദ്ധമാണെന്ന നിലപാടിൽ ഊന്നിയാണ് റിപ്പോർട്ട് ചെയ്യുന്നത്. മതന്യൂനപക്ഷത്തിനെതിരെ തുടർച്ചയായി നിയമനിർമ്മാണം നടത്താനാണ് മോദി സർക്കാർ മുതിരുന്നതെന്ന നിഗമനത്തിലാണ് ആംനസ്റ്റി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ വേദികൾ. കശ്മീരിന്റെ പ്രത്യേകാവകാശം പിൻവലിച്ച നടപടിയുടെ തുടർച്ചയാണ് പൗരത്വ ഭേദഗതി ബില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം നിലനിർത്തുന്ന അറബ് രാജ്യങ്ങളും ഉത്കണ്ഠയോടെയാണ് പുതിയ നിയമനിർമ്മാണത്തെ നോക്കി കാണുന്നത്. ബില്ല് ഇന്ത്യയിലെ മുസ്ലിംകളെ ഒരു നിലക്കും ബാധിക്കില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയാണ് പുറം രാജ്യങ്ങളിൽ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളുടെ പ്രതിരോധം. ഇതുമായി ബന്ധപ്പെട്ട് അറബ് രാജ്യങ്ങളുമായി ആവശ്യമെങ്കിൽ അനൗപചാരിക സ്വഭാവത്തിൽ ആശയവിനിമയം നടത്താനും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.

ഐ.എസ്.എൽ. ഫുട്ബോൾ, രഞ്ജി ട്രോഫി മത്സരങ്ങൾ താത്കാലികമായി റദ്ദാക്കി. അസമിൽ ബിജെപി.യുടെയും അസം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകൾ പ്രതിഷേധക്കാർ ആക്രമിച്ചു. ഡിബ്രുഗഢ്, സാദിയ, തേസ്പുർ എന്നിവിടങ്ങളിലെ ആർഎസ്എസ്. ഓഫീസുകൾക്കുനേരെ ആക്രമണമുണ്ടായെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. തേസ്പുരിലെ ബിജെപി. ഓഫീസിനുനേരെയും ആക്രമണമുണ്ടായി. മേഘാലയയിലെ ഷില്ലോങ്ങിലും വ്യാഴാഴ്ച അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും മെസേജിങ് സേവനങ്ങളും 48 മണിക്കൂറിലേക്ക് തടഞ്ഞു. ത്രിപുരയിൽ കോൺഗ്രസ് ആഹ്വാനംചെയ്ത 24 മണിക്കൂർ ബന്ദിൽ സ്‌കൂളുകളും കോളേജുകളും കടകളും തുറന്നില്ല. പന്തംകൊളുത്തിപ്രകടനം നടത്തിയ കോൺഗ്രസുകാരെ ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ലാത്തിച്ചാർജ് ചെയ്തു. നൂറിലേറെ ബന്ദനുകൂലികളെ കരുതൽ തടങ്കലിലെടുത്തു. പരദീഷ് ചൗമുഹാനിയിൽ ബിജെപി.ക്കാരുടെ ആക്രമണത്തിൽ രണ്ട് യൂത്ത് കോൺഗ്രസുകാർക്ക് പരിക്കേറ്റു.

ബിജെപി സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എൻആർസിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണെന്നാണ് വിമർശനം. മതജാതി പരിഗണനകൾക്ക് അതീതമായ ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം മുസ് ലിംകൾക്ക് നിഷേധിക്കുക എന്ന ആർ എസ്എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളതെന്ന ചർച്ചയാണ് സജീവമാകുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 5എ, 5ബി, 5സി, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ മരണമാണിത്. രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യംവച്ചാണ് എൻ ആർസി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങൾക്കെതിരേ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇതും അന്തർദേശീയ തലത്തിൽ ചർച്ചയാകുന്നുണ്ട്.

പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ അസമിലെ ഗുവാഹട്ടിയിൽ മൂന്ന് പ്രതിഷേധക്കാർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബില്ലിനെതിരെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിൽ പൊലീസ് കർഫ്യു ഏർപ്പെടുത്തിയിരുന്നു. എന്നാൽ കർഫ്യു ലംഘിച്ചെത്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. പൊലീസുമായുള്ള ഏറ്റുമുട്ടിലിനിടെയാണ് വെടിവെപ്പ് നടന്നത്. പ്രതിഷേധക്കാർ ഒരു ബാങ്കിന് തീവെച്ചതായും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച രാത്രിയിലാണ് ഗുവാഹട്ടിയിൽ കർഫ്യു ഏർപ്പെടുത്തിയത്. പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അസമിലെ 10 ജില്ലകളിൽ അധികൃതർ 48 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് ബന്ധം വിഛേദിച്ചിരിക്കുകയാണ്. മാത്രമല്ല സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സുരക്ഷാ സേനയുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയിരുന്നു. സംസ്ഥാനത്ത് സംഘർഷം നിയന്ത്രിക്കുന്നതിനായി കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്.

അസമുൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബില്ലിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്. അസം, ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല ഗുവാഹട്ടി, ദിബ്രുഗഡ് വിമാനത്താവളങ്ങളിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കി. ഇതിന് പുറമെ അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ, കേന്ദ്രമന്ത്രി രാമേശ്വർ ഒലി തുടങ്ങിയ പ്രമുഖരടക്കമുള്ള രാഷ്ട്രീയക്കാരുടെ വീടുകളും പ്രതിഷേധക്കാർ ആക്രമിച്ചു. ഇതിനിടെ പ്രതിഷേധം വ്യാപിക്കന്നത് തടയുന്നതിന്റെ ഭാഗമായി മേഘാലയിലും ഇന്റർനെറ്റ് ബന്ധം വിഛേദിച്ചുവെന്ന റിപ്പോർട്ടുകളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP