Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നഴ്‌സുമാരുടെ ശമ്പളം കൂട്ടാൻ സർക്കാരിനെ മുൾമുനയിൽ നിർത്തിയ യുഎൻഎയെ തകർക്കാൻ സിഐടിയു നീക്കം; എല്ലാ ജില്ലകളിലും സിഐടിയു നേതൃത്വത്തിൽ നഴ്‌സുമാരെ സംഘടിപ്പിക്കാൻ ജനറൽ കൗൺസിൽ യോഗത്തിൽ ആഹ്വാനം; ചേർത്തല കെവി എം സമരം ഇടപെട്ട് തീർത്ത് അസോസിയേഷനെ ഒതുക്കാനും തീരുമാനം; തങ്ങളെ തകർക്കാൻ അജണ്ട തീർക്കുന്നവർ സ്വന്തം കാൽചോട്ടിലെ മണ്ണൊലിച്ചുപോകുന്നത് തിരിച്ചറിയണമെന്ന് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ

നഴ്‌സുമാരുടെ ശമ്പളം കൂട്ടാൻ സർക്കാരിനെ മുൾമുനയിൽ നിർത്തിയ യുഎൻഎയെ തകർക്കാൻ സിഐടിയു നീക്കം; എല്ലാ ജില്ലകളിലും സിഐടിയു നേതൃത്വത്തിൽ നഴ്‌സുമാരെ സംഘടിപ്പിക്കാൻ ജനറൽ കൗൺസിൽ യോഗത്തിൽ ആഹ്വാനം; ചേർത്തല കെവി എം സമരം ഇടപെട്ട് തീർത്ത് അസോസിയേഷനെ ഒതുക്കാനും തീരുമാനം; തങ്ങളെ തകർക്കാൻ അജണ്ട തീർക്കുന്നവർ സ്വന്തം കാൽചോട്ടിലെ മണ്ണൊലിച്ചുപോകുന്നത് തിരിച്ചറിയണമെന്ന് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഴ്‌സുമാരുടെ വേതന വർദ്ധനവിന്റെ വിജ്ഞാപനം പുറത്തിറങ്ങാൻ വൈകിയതിന്റെ പേരിൽ യുണൈറ്റഡ് നഴ്‌സിങ് അസോസിയേഷൻ സമരം പ്രഖ്യാപിച്ചത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. എന്നാൽ, സ്വകാര്യ ആശുപത്രികൾ സ്തംഭിക്കുന്നത് ഒഴിവാക്കാൻ, തിരക്കിട്ട് വിജ്ഞാപനം ഇറക്കുകയായിരുന്നു.ചേർത്തലയിൽ നിന്ന് യുഎൻഎ പ്രഖ്യാപിച്ച നടപ്പ് സമരം ഇതോടെ ഉപേക്ഷിക്കുകയും ചെയ്തു. തങ്ങളുടെ ശമ്പള വർദ്ധന അട്ടിമറിക്കാൻ ചിലർ മാനേജ്‌മെന്റുമായി ചേർന്ന് നീക്കം നടത്തുന്നതായി സംശയമുയർന്നതോടെയാണ് യുഎൻഎ സമരത്തിന് മുതിർന്നത്.

ഏതായാലും, ട്രേഡ് യൂണിയൻ സംഘടനയായ സിഐടിയുവിന് യുഎൻഎയുടെ പ്രവർത്തനശൈലിയോട് യോജിപ്പില്ല എന്നാണ് പത്തനംതിട്ടയിൽ നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തിലെ ചില തീരുമാനങ്ങൾ വ്യക്തമാക്കുന്നത്. ശമ്പളം കൂട്ടാൻ നഴ്‌സുമാർ നടത്തിയ സമരം നാടകമായിരുന്നുവെന്നാണ് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം കൗൺസിലിൽ പറഞ്ഞത്. ഇതോടൊപ്പം എല്ലാ ജില്ലകളിലും സിഐടിയു നേതൃത്വത്തിൽ നേഴ്സുമാരെ സംഘടിപ്പിക്കണം എന്ന തീരുമാനമെടുത്തിട്ടുണ്ട്. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ, ,യുഎൻഎ സമരം ചെയ്യുന്ന കെവി എം സമരം സിഐടിയു നേതൃത്വത്തിൽ ഇടപെട്ട് തീർക്കും. സി ഐ ടിയു നേതൃത്വത്തിലുള്ള നേഴ്സിങ് സംഘടനയിലേക്ക് കെവിഎമ്മിൽ നിന്നും ആളുകളെ ചേർത്തുകൊണ്ടായിരിക്കും ഇതെന്നും തീരുമാനമെടുത്തതായി അറിയുന്നു.

സിഐടിയു നീക്കങ്ങളോട് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ പ്രതികരിക്കുന്നത് ഇങ്ങനെ:

'ഞങ്ങളെ തകർക്കാൻ അജണ്ട ഉണ്ടാക്കുന്ന സി ഐ ടി യു നേതൃത്വത്തോട് വിനയപൂർവ്വം...ഇന്നലെയും ഇന്നുമായി നിങ്ങളുടെ ,സി ഐ ടി യു വിന്റെ ജനറൽ കൗൺസിൽ യോഗം പത്തനംതിട്ടയിൽ നടന്നു കൊണ്ടിരിക്കുകയാണ് എന്നറിയുന്നു .ആ കൗൺസിൽ യോഗത്തിലെ ഒരു പ്രധാന ചർച്ച എല്ലാ ജില്ലകളിലും സിഐടിയു നേതൃത്വത്തിൽ നേഴ്സുമാരെ സംഘടിപ്പിക്കണം എന്നതായിരുന്നു എന്നും മനസ്സിലാക്കാൻ കഴിഞ്ഞു .നല്ലത് തന്നെ,എന്നാൽ വളരെ വിഷമകരമായിട്ടുള്ള വസ്തുത നിലവിൽ നേഴ്സിങ് മേഖലയിലെ ഭൂരിപക്ഷം വരുന്ന നേഴ്സിങ് ജീവനക്കാർക്ക് നേതൃത്വം കൊടുക്കുന്ന യുഎൻഎ യെ തകർക്കണമെന്ന ആഹ്വാനമാണ് .

യു എൻ എ ക്കും അതിന്റെ ഭാരവാഹിയായ വ്യക്തി എന്ന നിലക്ക് എനിക്കും എതിരെ രൂക്ഷമായ ഭാഷയിൽ ആണ് ഒരു അഖിലേന്ത്യാ നേതാവിന്റെ പരാമർശങ്ങൾ എന്നാണു അറിയാൻ കഴിഞ്ഞത് .

സർ്ക്കാരിനെ വെല്ലു വിളിക്കുന്നു ,പേടിപ്പിച്ച് വിജ്ഞാപനം ഇറക്കിപ്പിച്ചു ,അതുകൊണ്ട് സർക്കാരിനെ വെല്ലു വിളിക്കുന്ന ഇവരെ വെറുതെ വിടാൻ പാടില്ല ,ചെങ്ങന്നൂർ ഇലക്ഷൻ കഴിയട്ടെ ,യുഎൻഎ സമരം ചെയ്യുന്ന കെവി എം സമരം സിഐടിയു നേതൃത്വത്തിൽ ഇടപെട്ട് തീർക്കും ,സി ഐ ടിയു നേതൃത്വത്തിലുള്ള നേഴ്സിങ് സംഘടനയിലേക്ക് കെവിഎമ്മിൽ നിന്നും ആളുകളെ ചേർത്തുകൊണ്ടായിരിക്കും അത്. അങ്ങനെ തുടങ്ങുന്ന വെല്ലുവിളികളും തീരുമാനങ്ങളും ചെറുതായി അറിയാൻ കഴിഞ്ഞു

ഞങ്ങൾ നിങ്ങളോട് ലളിതമായി ഒന്ന് ചോദിച്ചോട്ടെ ...ഞങ്ങൾ രൂപീകരിക്കപ്പെടും മുൻപേ നിങ്ങളും നിങ്ങളുടെ സംഘടനയും ഉണ്ടായിരുന്നുവല്ലോ ,അന്നൊന്നും നിങ്ങൾക്കറിയില്ലേ ,നേഴ്സിങ് എന്നാൽ വലിയൊരു തൊഴിലാളി മേഖല ആണെന്ന് ? നേഴ്സുമാരുടെ ജീവിതം ദുരിത പൂർവ്വമായിരുന്ന കാലത്ത് എവിടെയായിരുന്നു നിങ്ങളൊക്കെ ?

പിന്നെ ഞങ്ങൾ സർക്കാരിനെ എന്നല്ല ആരെയും വെല്ലുവിളിച്ചിട്ടില്ല ,നിരന്തരമായ നിവേദനങ്ങൾക്കും അഭ്യർത്ഥനകൾക്കും ഫലം കാണാത്ത സാഹചര്യം വരുമ്പോൾ ഞങ്ങളുടെ പരിമിതികളിൽ ,ഞങ്ങളുടെ സംഘടനാ ശേഷിക്കനുസരിച്ചുള്ള സമരങ്ങൾ പ്രഖ്യാപിച്ചു നടപ്പിലാക്കാൻ ശ്രമിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത് .ഭരണകൂടം മർദ്ദന ഉപകരണങ്ങൾ ആണെന്ന് വിശ്വസിക്കുന്ന,പ്രചരിപ്പിക്കുന്ന ഒരു തൊഴിലാളി സഘടനക്ക് എങ്ങനെയാണ് നീതിക്കും ന്യായമായ കൂലിക്കും വേണ്ടി ഒരു ഭരണകൂടത്തിനോട് ശക്തമായി ഇടപെടണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഞങ്ങളോട് വൈരനിരാതമായ വൈരാഗ്യത്തോടെ സമീപിക്കാൻ കഴിയുന്നത് ?

ഞങ്ങളെ ഓഡിറ്റ് ചെയ്യാൻ നടക്കുന്ന നിങ്ങളും നിങ്ങളെ നയിക്കുന്ന പാർട്ടികളും സോഷ്യൽ ഓഡിറ്റിങ്ങിനു തയ്യാറുണ്ടോ ? ഞങ്ങളെ ഫ്രോഡ് എന്നും അരാജക അരാഷ്ട്രീയ സംഘടന എന്ന് പറഞ്ഞു തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രൊഫഷണലുകൾ ആയ വിദ്യാഭ്യാസം ഉള്ള പുതിയ ചെറുപ്പക്കാർ എന്തുകൊണ്ട് നിങ്ങളുടെ സംഘടനയിൽ ആകര്ഷിക്കപ്പെടുന്നില്ല എന്ന് എന്തുകൊണ്ട് ആലോചിക്കുന്നില്ല ?
തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സമരം ചെയ്യുന്ന ,ഇടപെടുന്ന എല്ലാ വിഭാഗം സംഘടനകളുമായും യോജിച്ച പോരാട്ടം എന്നതിൽ നിന്ന് തങ്ങളുടെ കൊടിക്കും സംഘടനക്കും കീഴെ അല്ലെങ്കിൽ ജനകീയ സമരങ്ങളെയും കൂട്ടായ്മയെയും തകർക്കാൻ അജണ്ട ഉണ്ടാക്കുന്നതിലെ ചരിത്രപരമായ വിഢിത്തരം എന്നാണ് നിങ്ങൾ തിരിച്ചറിയുക ?

നിങ്ങളെന്നെ കമ്മൂണിസ്റ്റാക്കി ' എന്ന് പറയും പോലെ നിങ്ങൾ എന്തിനാണ് ഞങ്ങളെ എല്ലാവരെയും കമ്മ്യൂണിസ്റ്റ് വിരുദ്ധരാക്കാൻ ഇറങ്ങി പുറപ്പെടുന്നത് ?പിന്നെ ഞങ്ങളെ കഴിഞ്ഞാൽ നിക്ഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിന് ഇന്ത്യയിലെ മാതൃകകൾ ആണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമങ്ങളും എന്ന് തന്നെ നമുക്ക് പറയാവുന്ന മാധ്യമങ്ങളോടാണ് നിങ്ങളുടെ കലിപ്പ് ..ഞങ്ങളെയും ഞങ്ങളുടെ സമരങ്ങളെയും സപ്പോർട്ട് ചെയ്തു എന്ന പേരിൽ ...

ഞങ്ങളുടെ സമരങ്ങളെയും ഞങ്ങളെയും പൊളിക്കാൻ ഗൂഢാലോചന നടത്തുന്നതിനിടയിൽ സ്വന്തം കാൽ ചുവട്ടിലെ മണ്ണ് തന്നെയാണ് ഒലിച്ചു പോകുന്നത് എന്ന് നിങ്ങൾ എന്നെങ്കിലും തിരിച്ചറിയണം എന്ന് മാത്രമാണ് ഇപ്പൊ ഞങ്ങളുടെ അഭ്യർത്ഥന ..നിങ്ങൾ പൊളിക്കാനുള്ള ശ്രമം നടത്തിക്കോളൂ ..കെവി എം സമരം ചെയ്യുന്ന നേഴ്സുമാരിൽ നിന്ന് പത്തു പേരെ നിങ്ങൾക്ക് കിട്ടാത്തതാണ് സമരം തീരാനുള്ള പ്രശ്‌നം എങ്കിൽ ഞങ്ങൾക്ക് ഉദാരമായ സമീപനം ആണുള്ളത് നിങ്ങളിലേക്ക് വരാൻ തയ്യാറുണ്ടെങ്കിൽ നൂറു പേരും വരട്ടെ ..അങ്ങനെയെങ്കിലും അവരുടെ കുടുംബങ്ങളുടെ പ്രയാസങ്ങൾ മാറട്ടെ ..നിങ്ങൾക്കല്ലേ അധികാരവും സ്വാധീനവും ...നിങ്ങളുടേതാണ് ഭരണകൂടവും നിയമങ്ങളും ..നിങ്ങളാണ് നിയമം സമ്മതിച്ചു ! നിങ്ങൾ വലിയവർ വലിയവർ വിജയിക്കട്ടെ

ഞങ്ങളുടെ സമരം നാടകമായിരുന്നു എന്ന സിഐടിയു നേതാവിന്റെ പ്രസ്താവന കണ്ടു .അതെ ഞങ്ങൾ ജീവിത സമരത്തിന്റെ നാടകത്തിലായിരുന്നു .ജനങ്ങൾക്ക് മുന്നിൽ വലിയ സെറ്റും ബഹളവും ഇല്ലാതെ അഭിനയിക്കാൻ അറിയാത്തവർ നടത്തിയ നാടകമായി നിങ്ങൾക്കതിനെ പുച്ഛിക്കാം ,തെറ്റില്ല ;വലിയ കാൻവാസിൽ സൂപ്പർ സ്റ്റാറുകളെ വെച്ചു കൊണ്ട് വലിയ സിനിമകൾ പിടിക്കുന്നവർക്ക് നാടകങ്ങളോട് പുച്ഛം തന്നെ ആയിരിക്കും അല്ലെ ? സമാധാനം !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP