Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

സിവിൽ റാങ്ക് പട്ടികയിൽ പത്തനംതിട്ടയുമെത്തി; പാലക്കാട്, ഇടുക്കി ജില്ലകളിലൊഴികെ 12 ജില്ലകളിൽ നിന്നും ഇക്കുറി ഐഎഎസുകാരോ ഐപിഎസുകാരോ ഉറപ്പായി; 565-ാം റാങ്കുമായി പത്തനംതിട്ടയുടെ താരമായത് കുമ്മണ്ണൂരുകാരൻ ബാഷാ മുഹമ്മദ്; സിവൽ സർവീസ് മാത്രം ലക്ഷ്യം വച്ച പ്രവാസിയുടെ മകന് ഇത് സ്വപ്ന സാഫല്യം

സിവിൽ റാങ്ക് പട്ടികയിൽ പത്തനംതിട്ടയുമെത്തി; പാലക്കാട്, ഇടുക്കി ജില്ലകളിലൊഴികെ 12 ജില്ലകളിൽ നിന്നും ഇക്കുറി ഐഎഎസുകാരോ ഐപിഎസുകാരോ ഉറപ്പായി; 565-ാം റാങ്കുമായി പത്തനംതിട്ടയുടെ താരമായത് കുമ്മണ്ണൂരുകാരൻ ബാഷാ മുഹമ്മദ്; സിവൽ സർവീസ് മാത്രം ലക്ഷ്യം വച്ച പ്രവാസിയുടെ മകന് ഇത് സ്വപ്ന സാഫല്യം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇത്തവണ സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വന്നപ്പോൾ കേരളത്തിൽ നിന്ന് അതിൽ വരാത്തവരുടെ കൂട്ടത്തിൽ പത്തനംതിട്ട ജില്ലയുമുണ്ടായിരുന്നു. 11 ജില്ലകളിലും സിവിൽ സർവീസ് ജേതാക്കളുണ്ടായപ്പോൾ ഹരിത വി കുമാറിനെയും അശ്വതി ശിവദാസൻ നായരെയും ലിപിൻ രാജിനെയുമൊക്കെ സംഭാവന ചെയ്ത പത്തനംതിട്ട തലകുനിച്ചു നിൽക്കുകയായിരുന്നു. ഹരിതയും അശ്വതിയും സിവിൽ സർവീസിൽ ഉയർന്ന റാങ്കുകൾ നേടിയവരായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇതാ പത്തനംതിട്ടയും സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടം നേടിയിരിക്കുന്നു.

കോന്നി കുമ്മണ്ണൂർ ഗ്രാമത്തിന് അഭിമാനനേട്ടവുമായി വന്നിരിക്കുന്നത് ബാഷാ മുഹമ്മദാണ്. സിവിൽ സർവീസ് പരീക്ഷയിൽ രാജ്യത്താകെ യോഗ്യത നേടിയ 759 ൽ ഒരാളാണ് 565-ാം റാങ്കുകാരൻ ബാഷ. പത്താംതരത്തിൽ പഠനം നടത്തുമ്പോൾ തുടങ്ങിയതാണ് ബാഷയ്ക്ക് സിവിൽ സർവീസ് മോഹം. കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് 87 ശതമാനം മാർക്ക് നേടി വിജയിച്ച ബാഷ ഐരവൺ പിഎസ്വിപിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും പ്ലസ്ടു വിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്. തുടർന്ന് ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്നും നേടി.

2016 ലാണ് തന്റെ ആഗ്രഹ പൂർത്തീകരണത്തിനായി തിരുവനന്തപുരത്തെ പരിശീലന കേന്ദ്രമായ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ ചേർന്ന് ആറു മാസത്തെ പ്രാഥമിക പരിശീലനം പൂർത്തീകരിച്ചാണ് ശ്രമങ്ങൾ ആരംഭിച്ചതെങ്കിലും രണ്ടു തവണയും നടന്നില്ല. മൂന്നാമത്തെ പരിശ്രമത്തിനൊടുവിലാണ് വിജയം കൈവരിക്കാനായത്. പത്താം ക്ലാസു മുതൽ മനസിൽ കൊണ്ടു നടന്ന ആഗ്രഹം സാഫല്യമായതിന്റെ സന്തോഷത്തിലാണ് ബാഷയും കുടുംബവും. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് റാങ്ക് വിവരം ഇവർ അറിയുന്നത്. അതുകൊണ്ട് തന്നെ മാധ്യമങ്ങളിൽ വിവരമെത്താൻ വൈകി. ഇതോടെയാണ് പത്തനംതിട്ടയ്ക്ക് റാങ്കില്ലെന്ന വാദമെത്തിയത്.

ഇന്നലെ നാട്ടുകാരും കൂട്ടുകാരുമടക്കം നിരവധി പേർ വീട്ടിലെത്തി ബാഷയെ അഭിനന്ദിച്ചു. പ്രവാസിയും, വ്യാപാരിയുമായ കുമ്മണ്ണൂർ മുളന്തറ ബാഷാ മൻസിലിൽ ബാബുജാൻ ഷഹ്ബാസ് ദമ്പതികളുടെ മൂത്ത മകനാണ് ബാഷാ മുഹമ്മദ്. അനുജൻ ബിൻ ഷാ മുഹമ്മദ് ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ്. സഹോദരന് ലഭിച്ച നേട്ടത്തിൽ അഭിമാനിക്കുന്ന ബിൻ ഷാ മുഹമ്മദും സിവിൽ സർവീസ് മേഖല ലക്ഷ്യം വയ്ക്കുന്നുണ്ട്. റിട്ട. പൊലീസ് ഹെഡ് കോൺസ്റ്റബിൾ സിഎംമൊയിദ്ദീന്റെ ചെറുമകനാണ് ബാഷാ മുഹമ്മദ്.

സിവിൽ സർവ്വീസ് പരീക്ഷയിൽ 410ാം റാങ്ക് ലഭിച്ച ആദിവാസി യുവതി ശ്രീധന്യ സുരേഷാണ് മലയാളികളുടെ ഇത്തവണത്തെ താരം. ശ്രീധന്യ പഠിച്ചതു മലയാളം മീഡിയത്തിൽ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലാണ്. തരിയോട് സെന്റ് മേരീസ് യുപി സ്‌കൂൾ, തരിയോട് നിർമല ഹൈസ്‌കൂൾ, തരിയോട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളജിൽനിന്നു സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്നു 2014ൽ ബിരുദാനന്തര ബിരുദവും നേടി. 2 വർഷം വയനാട്ടിൽ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തു. കുറിച്യ വിഭാഗത്തിൽ നിന്ന് സിവിൽ സർവ്വീസ് നേട്ടത്തിന് ഉടമയാകുന്ന ശ്രീധന്യയ്ക്ക് ഐഎഎസ് കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ ഐഎഎസ് കിട്ടുന്ന ആദ്യ വയനാടുകാരിയായി ശ്രീധന്യ മാറും. സിവിൽസർവീസിൽ റാങ്ക് ലിസ്റ്റിൽ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി നാലുപേരുണ്ട്. പി. സജാദ്, ജിതിൻ റഹ്മാൻ, ടി. ഫറാഷ്, സി.വി. ഗോകുൽ എന്നിവരാണ് റാങ്ക് ലിസ്റ്റിലുൾപ്പെട്ടത്.

സിവിൽ സർവീസ് പരീക്ഷയിൽ 29-ാം റാങ്കുകാരിയും കേരളത്തിൽനിന്നുള്ള ഒന്നാം സ്ഥാനക്കാരിയുമായ ആർ. ശ്രീലക്ഷ്മി ബിരുദാനന്തര ബിരുദത്തിനു പഠിച്ചതു ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിലാണ്. തുടർന്നു തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) പ്രോജക്ടും സിവിൽ സർവീസ് തയ്യാറെടുപ്പും നടത്തി. ആലുവ കിഴക്കെ കടുങ്ങല്ലൂർ സഹജഗ്രാമം പ്രസന്ന വീട്ടിൽ എസ്‌ബിഐ റിട്ട. ഉദ്യോഗസ്ഥരായ വി.എ. രാമചന്ദ്രന്റെയും ബി. കലാദേവിയുടെയും മകളായിരുന്നു. സഹോദരി ഡോ. ആർ. വിദ്യ തിരൂർ മലയാളം സർവകലാശാലയിൽ അസി. പ്രഫസറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP