Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് പേരിൽ നിന്നും അഞ്ചേക്കർ ഭൂമി വാങ്ങിയ ശേഷം നാലേക്കർ സർക്കാർ ഭൂമി ഉന്നത സ്വാധീനം ഉപയോഗിച്ച് കൈയേറി റിസോർട്ട് സ്ഥാപിച്ചു; വീട് വയ്ക്കനോ കാർഷികാവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കണമെന്നുള്ള നിബന്ധന തെറ്റിച്ചു; നട്ടെല്ലുള്ള ഒരു സബ് കളക്ടർ ചുമതല എറ്റെടുത്തപ്പോൾ പട്ടയം റദ്ദാക്കി; ഉന്നത ബന്ധം മൂലം 12 കൊല്ലം വലിച്ച് നീട്ടിയിട്ടും സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതിയും; മൂന്നാറിലെ മഹീന്ദ്ര ഹോളിഡേയ്‌സ് റിസോർട്ടിന് താഴുവീഴുമെന്ന് ഉറപ്പായി

രണ്ട് പേരിൽ നിന്നും അഞ്ചേക്കർ ഭൂമി വാങ്ങിയ ശേഷം നാലേക്കർ സർക്കാർ ഭൂമി ഉന്നത സ്വാധീനം ഉപയോഗിച്ച് കൈയേറി റിസോർട്ട് സ്ഥാപിച്ചു; വീട് വയ്ക്കനോ കാർഷികാവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കണമെന്നുള്ള നിബന്ധന തെറ്റിച്ചു; നട്ടെല്ലുള്ള ഒരു സബ് കളക്ടർ ചുമതല എറ്റെടുത്തപ്പോൾ പട്ടയം റദ്ദാക്കി; ഉന്നത ബന്ധം മൂലം 12 കൊല്ലം വലിച്ച് നീട്ടിയിട്ടും സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതിയും; മൂന്നാറിലെ മഹീന്ദ്ര ഹോളിഡേയ്‌സ് റിസോർട്ടിന് താഴുവീഴുമെന്ന് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂന്നാർ ചിന്നക്കനാലിലെ മഹീന്ദ്ര ഹോളിഡേയ്‌സ് റിസോർട്ട് പൂട്ടുമെന്ന് ഉറപ്പായി. റിസോർട്ടിന്റെ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. 12 വർഷം നീണ്ട നിയമ നടപടികളാണ് ഇതോടെ പൂർത്തിയാകുന്നത്. ഭൂമി പതിച്ചു നൽകിയ ഘട്ടത്തിൽ നിഷ്‌കർഷിച്ചിരുന്ന വ്യവസ്ഥകൾക്കു വിരുദ്ധമായി വ്യവസായ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിച്ചെന്നു കണ്ടെത്തി ദേവികുളം സബ് കലക്ടർ 2007 ജൂലൈ മൂന്നിന് പട്ടയം റദ്ദാക്കാൻ നൽകിയ ഉത്തരവാണ് സിംഗിൾ ബെഞ്ച് ശരി വച്ചത്.

പണക്കൊഴുപ്പിൽ നിയമങ്ങൾ വളയ്ക്കാമെന്ന മോഹങ്ങളാണ് ഹൈക്കോടതി തടയുന്നത്. 9.16 ഏക്കറിലാണ് റിസോർട്ട് പ്രവർത്തിക്കുന്നത്. ഇതിൽ 2.16 ഏക്കർ 1965ൽ തവമണിയെന്ന വ്യക്തിക്കും 2.76 ഏക്കർ ഭൂമി 1970ൽ വർക്കി ആന്റണി എന്നൊരാൾക്കും സർക്കാർ പതിച്ചു നൽകിയതാണ്. 10 വർഷത്തേക്ക് ഭൂമി കൈമാറരുതെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതനുസരിച്ച് 1984ൽ ഭൂമി മഹീന്ദ്രക്ക് വിറ്റു. റിസോർട്ട് അധികൃതർ ബാക്കി ഭൂമി കയ്യേറിയതാണെന്നും കണ്ടെത്തിയിരുന്നു. ഭൂമി പതിച്ചു നൽകൽ ചട്ടത്തിലെയും നിയമത്തിലെയും വ്യവസ്ഥയനുസരിച്ച് ഭൂമി, കൃഷിയാവശ്യങ്ങൾക്കോ വീടു വയ്ക്കാനോ ഉപയോഗിക്കണം. എന്നാൽ റിസോർട്ട് സ്ഥാപിച്ചതു ചട്ട ലംഘനമാണെന്നു വിലയിരുത്തിയാണു സർക്കാർ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കാൻ നടപടിയെടുത്തത്. ഇതിനെതിരെ മഹീന്ദ്ര ഹോളിഡേയ്‌സ് അധികൃതർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി തീരുമാനം എടുത്തത്. വമ്പൻ ഗ്രൂപ്പ് അപ്പീലുമായി സുപ്രീംകോടതിയിൽ പോകുമെന്നും ഉറപ്പാണ്.

ഭൂമി പതിച്ചു നൽകുമ്പോൾ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാൻ ചട്ടമുണ്ടായിരുന്നില്ലെന്നും 1971 ലെ ഭേദഗതിയിലാണ് വ്യവസ്ഥ കൊണ്ടുവന്നതെന്നുമാണ് ഹർജിക്കാരുടെ വാദം. എന്നാൽ ഭൂമി പതിച്ചു നൽകുമ്പോൾ പട്ടയം റദ്ദാക്കി തിരിച്ചെടുക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും ചട്ടം 9(2) ൽ കൃഷിയാവശ്യങ്ങൾക്കും വീടുവെക്കാനും ഭൂമി ഉപയോഗിക്കണമെന്നും ഒരു വർഷത്തിനുള്ളിൽ ഇതു ചെയ്തില്ലെങ്കിൽ പട്ടയം റദ്ദാകുമെന്നും പറയുന്നുണ്ട്. ആ നിലയ്ക്ക് പൊതുതാൽപര്യം മുൻനിർത്തി കൃഷിയാവശ്യത്തിനു പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്കുപയോഗിച്ചത് ചട്ട വിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി. തുടർന്നാണ് സർക്കാർ നടപടി ശരിവച്ചത്.

റിസോർട്ട് തുടങ്ങാൻ സർട്ടിഫിക്കറ്റ് നൽകിയതും കെട്ടിട നമ്പർ നൽകിയതും നിയമലംഘനം സർക്കാർ ശരിവച്ചതാണെന്നു വിലയിരുത്താൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൃഷി ചെയ്യാൻ ഭൂമി പതിച്ചു നൽകുന്നതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ജനങ്ങൾക്ക് ഉപജീവനം ഒരുക്കാനുമാണു സർക്കാർ ലക്ഷ്യമിടുന്നത്. വീടു വയ്ക്കാൻ ഭൂമി പതിച്ചു നൽകുന്നതും പൊതുതാൽപര്യം മുൻനിർത്തിയാണ്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത പാവപ്പെട്ടവനെ അവഗണിക്കാൻ സർക്കാരിന് കഴിയില്ല. പൊതുതാൽപര്യത്തെ അവഗണിച്ചോ മറികടന്നോ ഭൂമി പതിച്ചു നൽകാനാവില്ല.

വ്യവസായ സംരംഭങ്ങൾ പോലെ കൃഷി ഏറ്റെടുക്കാൻ സർക്കാരിന് കഴിയാത്തതിനാലാണ് വ്യക്തികൾക്ക് കൃഷി ചെയ്യാൻ ഭൂമി പതിച്ചു നൽകുന്നത്. ഭൂമിയെന്ന പ്രകൃതി വിഭവത്തെ ഇത്തരത്തിൽ വിനിയോഗിക്കുമ്പോൾ വരും തലമുറയുടെ ആവശ്യങ്ങൾ കൂടി മനസിലാക്കി സർക്കാർ ജാഗ്രത കാട്ടണമെന്നും കോടതി വ്യക്തമാക്കി.

അതിനിടെ ഇടുക്കിയിലെ കെഡിഎച്ച്, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിരട്ടി, പള്ളിവാസൽ തുടങ്ങിയ വില്ലേജുകളിൽ റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും എതിർപ്പില്ലാരേഖ പോലും ആവശ്യപ്പെടാതെ വൈദ്യുത കണക്ഷൻ നൽകാൻ ഇറക്കിയ ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വി എസ്.അച്യുതാനന്ദൻ മന്ത്രി എം.എം.മണിക്കു കത്തു നൽകി. മൂന്നാർ ദൗത്യകാലത്തു കയ്യേറ്റ ഭൂമി സർക്കാർ ഏറ്റെടുത്ത നടപടികൾ ശരിയാണെന്നു കോടതികൾ അംഗീകരിച്ചിട്ടുണ്ട്.

വൈദ്യുതി കണക്ഷൻ നൽകാനുള്ള തീരുമാനം കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു തിരിച്ചുപിടിച്ച കയ്യേറ്റങ്ങളും പൊളിച്ചുകളഞ്ഞ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ടു വിവിധ കോടതികളിൽ നടക്കുന്ന കേസുകളെപ്പോലും ബാധിക്കാനിടയുണ്ട്. ഇത് ഇടതുപക്ഷ നിലപാടിനോടു യോജിക്കുന്നതല്ലെന്നും വി എസ് ഓർമിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP