Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻഎസ്എസിന് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി; 'കണ്ണുരുട്ടലും ഭീഷണിയുമൊന്നും സർക്കാരിനോട് വേണ്ട; ഇതൊന്നും കണ്ട് ഭയപ്പെടുന്ന സർക്കാരല്ല കേരളത്തിലുള്ളത്.'; ഭീഷണികളൊക്കെ സർക്കാർ മറികടക്കുമെന്നും പിണറായി വിജയൻ; അയപ്പ ജ്യോതിയെ പിന്തുണയ്ക്കുന്ന എൻഎസ്എസ് നിലപാട് പരിശോധിക്കണം; അയ്യപ്പ ജ്യോതി നടത്തുന്നത് ആർഎസ്എസിന്റെ ഭാഗമായ സംഘടനയെന്നും കോടിയേരി ബാലകൃഷ്ണൻ

എൻഎസ്എസിന് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി; 'കണ്ണുരുട്ടലും ഭീഷണിയുമൊന്നും സർക്കാരിനോട് വേണ്ട; ഇതൊന്നും കണ്ട് ഭയപ്പെടുന്ന സർക്കാരല്ല കേരളത്തിലുള്ളത്.'; ഭീഷണികളൊക്കെ സർക്കാർ മറികടക്കുമെന്നും പിണറായി വിജയൻ;  അയപ്പ ജ്യോതിയെ പിന്തുണയ്ക്കുന്ന എൻഎസ്എസ് നിലപാട് പരിശോധിക്കണം; അയ്യപ്പ ജ്യോതി നടത്തുന്നത് ആർഎസ്എസിന്റെ ഭാഗമായ സംഘടനയെന്നും കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എൻഎസ്എസിന് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമ്പോൾ ഭീഷണി ഉണ്ടാകുമെന്ന് പിണറായി വിജയൻ പറഞ്ഞു. 'നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സർക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സർക്കാരല്ല കേരളത്തിലുള്ളത്.'' മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിജെടി ഹാളിൽ നടന്ന ന്യൂനപക്ഷദിനാചരണത്തിന്റെ സമാപനച്ചടങ്ങിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

''ഇത്തരത്തിൽ പല തരത്തിലുള്ള ഭീഷണികളുമുണ്ടാകും, അതൊക്കെ സർക്കാർ മറികടക്കും'', മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ആർഎസ്എസ്സിനും കോൺഗ്രസിനുമെതിരെ ശക്തമായ വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. 'കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഈ വർഗീയതയുമായി സമരസപ്പെടുകയാണ് കോൺഗ്രസ്. ആർഎസ്എസ്സിന്റെ ബി ടീമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ബി ടീമായി നിന്ന് എ ടീമിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം. കോൺഗ്രസിനെ ആർഎസ്എസ് വിഴുങ്ങും', മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം എൻഎസ്എസിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. അയപ്പ ജ്യോതിയെ പിന്തുണയ്ക്കുന്ന എൻഎസ്എസ് നിലപാട് പരിശോധിക്കണം. അയ്യപ്പ ജ്യോതി നടത്തുന്നത് ആർഎസ്എസിന്റെ ഭാഗമായ സംഘടനെയുന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഞങ്ങൾ മറ്റാരുടെയും തൊഴുത്തിൽ ഒതുങ്ങുന്നവരല്ലെന്നും അതിന് ശ്രമിച്ചവർ നിരാശരായ ചരിത്രമാണ് ഉള്ളതെന്ന് ഓർക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഇന്ന് പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.എൻഎസ്എസ് വിശ്വാസികൾക്കൊപ്പവും, നിരീശ്വരവാദത്തിന് എതിരുമാണ്. എൻഎസ്എസ് ആർഎസ്എസ് പാളയത്തിൽ എത്തുമെന്ന് കോടിയേരി പറയുന്നത് അജ്ഞത മൂലമെന്നും സുകുമാരൻ നായർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് സുകുമാരൻ നായർ പ്രതികരിച്ചത്. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന് ധാർഷ്ട്യമാണ്. തീരുമാനിച്ചതെല്ലാം ചെയ്യുമെന്ന നിലപാടാണ്. ഈ സർക്കാരിൽ നിന്ന് ഒന്നും നേടാനായിട്ടില്ല. വിശ്വാസമാണ് എല്ലാറ്റിലും വലുത്. ആചാരങ്ങൾ സംരക്ഷിക്കണം. അതിനായി എൻഎസ്എസ് വേണ്ടതെല്ലാം ചെയ്യും. - സുകുമാരൻ നായർ പറഞ്ഞു.

ജനുവരി ഒന്നാം തീയതി സംസ്ഥാനസർക്കാർ നടത്തുമെന്ന് പ്രഖ്യാപിച്ച വനിതാമതിലിനെതിരെയും എൻഎസ്എസ് ജനറൽ സെക്രട്ടറി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. വനിതാമതിൽ വിഭാഗീയത മാത്രമാണുണ്ടാക്കുക. വിശ്വാസികൾക്ക് ഈ മാസം 26-ന് ശബരിമല ആചാരസംരക്ഷണസമിതി നടത്തുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുക്കാമെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമെന്ന് കൃത്യമായ സൂചന നൽകുന്ന സുകുമാരൻ നായരുടെ വാർത്താസമ്മേളനത്തിനെതിരെയാണ് ഇപ്പോൾ മുഖ്യമന്ത്രി പരോക്ഷമായിട്ടെങ്കിലും മറുപടി നൽകിയിരിക്കുന്നത്.

വനിതാമതിലിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തെത്തിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ വിമർശിച്ച് ഇന്നലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകകൃഷ്ണൻ രംഗത്തെത്തിയത്. എൻ.എസ്.എസിനെ ആർ.എസ്.എസിന്റെ തൊഴുത്തിൽകെട്ടാനുള്ള ശ്രമം സമുദായംഗങ്ങൾ തിരിച്ചറിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ധാർഷ്ട്യം സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടിയാണെന്നും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള എൻ.എസ്.എസ് ശ്രമം കേരളജനത അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു. ഇതിനെല്ലാമുള്ള ശക്തമായ മറുപടിയുമായാണ് എൻ .എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്തെത്തിയത്. മറ്റാരുടെയും തൊഴുത്തിൽ ഒതുങ്ങുന്ന പ്രസ്ഥാനമല്ല എൻഎസ്എസ്. അതിന് ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്.

എൻ എസ് എസിനെ ആക്ഷപിക്കാൻ ശ്രമിക്കാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട കാര്യത്തിൽ പറ്റിയ വീഴ്ചകൾ തിരുത്താനാണ് സ്വയം ശ്രമിക്കേണ്ടതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറപ്പിൽ പറഞ്ഞു. എൻ .എസ്.എസിനെക്കുറിച്ചുള്ള അജ്ഞതമൂലവും ആനുകാലിക സാഹചര്യങ്ങളിൽ ഉടലെടുത്ത നിരാശയുമാണ് കോടിയേരിയുടെ പരാമർശനത്തിന് കാരണമെന്നും ജി.സുകുമാരൻ നായർ വ്യക്തമാക്കുന്നു. എൻ .എസ്. നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന കോടിയേരിക്ക് ചരിത്രത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP