Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് പ്രസംഗം തുടങ്ങിയപ്പോഴും സദസ്സിൽ നിന്നുയർന്ന ആർപ്പുവിളികൾ; സിനിമാക്കാരോടുള്ള ആരാധന പ്രായത്തിന്റെ പ്രത്യേകതയായി വിലയിരുത്തിയിട്ടും ഒന്നും മിണ്ടാതെ മോഹൻലാലും; നെന്മാറയിൽ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ പിണറായി പ്രതികരിച്ചതുകൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ ഓർമ്മപ്പെടുത്തും വിധം; നെന്മാറയിലേക്ക് പ്രമുഖരെ ഒഴുകിയെത്തിച്ചത് ആശുപത്രിക്ക് ബി ആർ ഷെട്ടിയുമായുള്ള ആത്മബന്ധവും

മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് പ്രസംഗം തുടങ്ങിയപ്പോഴും സദസ്സിൽ നിന്നുയർന്ന ആർപ്പുവിളികൾ; സിനിമാക്കാരോടുള്ള ആരാധന പ്രായത്തിന്റെ പ്രത്യേകതയായി വിലയിരുത്തിയിട്ടും ഒന്നും മിണ്ടാതെ മോഹൻലാലും; നെന്മാറയിൽ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ പിണറായി പ്രതികരിച്ചതുകൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെ ഓർമ്മപ്പെടുത്തും വിധം; നെന്മാറയിലേക്ക് പ്രമുഖരെ ഒഴുകിയെത്തിച്ചത് ആശുപത്രിക്ക് ബി ആർ ഷെട്ടിയുമായുള്ള ആത്മബന്ധവും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മോഹൻലാൽ ആരാധകരെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി വിമർശിച്ചത് കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം അണിനിരന്ന വേദിയിൽ. പാലക്കാട് നെന്മാറയിൽ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ ഉണ്ടായിരുന്നു. ബിജെപിയുടെ ഒ രാജഗോപാലും. എല്ലാത്തിനും ഉപരി വ്യവസായ പ്രമുഖൻ ബി ആർ ഷെട്ടിയും. ഇതിനിടെയാണ് തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ മോഹൻലാൽ ആരാധകർ ശ്രമിക്കുന്നുവെന്ന തോന്നൽ മുഖ്യമന്ത്രിക്കുണ്ടായത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തോട് മോഹൻലാൽ പ്രതികരിക്കാത്തതും സദസ്സിന് കൗതുകമായി.

മുഖ്യമന്ത്രിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ, മോഹൻലാൽ വിശിഷ്ടാതിഥിയും. മോഹൻലാൽ എത്തുന്നതറിഞ്ഞ് വൻ ജനാവലി തന്നെ ചടങ്ങിന് എത്തിയിരുന്നു. പ്രിയതാരത്തെ കണ്ടതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചു. ഇതിന വേണ്ടി കൂടിയാണ് താര രാജാവിനെ പാലക്കാട് എത്തിച്ചത്. ബി ആർ ഷെട്ടിയുമായി അടുത്ത ബന്ധം ഈ ആശുപത്രിക്കുണ്ട്. ഇതെല്ലാം ഉപയോഗിച്ചാണ് ലാലിനെ എത്തിച്ചത്. ഷെട്ടിയുടെ ആശുപത്രികളുടെ നടത്തിപ്പുകാരുടെ കുടുംബമാണ് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിലെ പ്രധാന രാഷ്ട്രീയക്കാരെല്ലാം ചടങ്ങിനെത്തുകയും ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിന് പിണറായി വേദിയിലെത്തിയപ്പോൾ മോഹൻലാൽ ആരാധകർ ബഹളം വച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 'ഇതു സാധാരണ ഉണ്ടാവുന്നതാണ് യോഗത്തിൽ. അതിനെപറ്റി ആലോചിച്ചിട്ട് കാര്യമില്ല. ഇതും നമ്മുടെ ഒരു പ്രത്യേകതയാണ്. നമ്മൾ നാടിന്റെ ഭാഗമായ കാര്യങ്ങൾ ആലോചിക്കുമ്പോൾ ചിലർ ഒരു ചെറിയ വൃത്തത്തിൽ ഒതുങ്ങിനിൽക്കും. അതിനപ്പുറം ഒന്നുമില്ല. മോഹൻലാൽ എന്ന മഹാനടൻ നമ്മുടെ അഭിമാനമാണ് അദ്ദേഹത്തോട് സ്നേഹമാണ് അംഗീകരിക്കുകയാണ്. ഈ ഒച്ചയിടുന്നവർക്ക് അത് മാത്രമേയുള്ളൂ കാര്യം. അതിനപ്പുറം ഒരു ലോകമില്ല എന്നർഥം. അതുകൊണ്ടാണ് അവർ ഇടക്കിടയ്ക്ക് ഇങ്ങനെ ഒച്ചയിട്ടുകൊണ്ടിരിക്കുന്നത്. ഇനി അവർ ഇത് അവസാനിപ്പിക്കാൻ ഒന്നും പോകുന്നില്ല. അത് സ്വാഭാവികമായിട്ടും കാണുന്ന ഒരു കാര്യമാണ്. അതിനകത്ത് മറ്റൊന്നും തോന്നേണ്ട കാര്യമില്ല. ഇത് പ്രായത്തിന്റെ ഒരു പ്രത്യേകതയായിട്ട് കണ്ടാൽമതി.' എന്നായിരുന്നു പിണറായിയുടെ പ്രതികരണം.

തുടർന്ന് ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രി വേദി വിടുകയായിരുന്നു. മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയപ്പോഴും സദസ്സിൽ നിന്നുയർന്ന ആർപ്പുവിളികളാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. ആരോഗ്യമേഖലയെപ്പറ്റി കൂടുതൽ പറയണമെന്നുണ്ടായിരുന്നു. എപ്പോഴാണ് ഒച്ചയുണ്ടാകുന്നതെന്ന് പറയാനാവില്ല. അതുകൊണ്ട് കൂടുതൽ സംസാരിക്കുന്നില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു. മുമ്പ് പലപ്പോഴും വേദിയിൽ നിന്നുയരുന്ന ആർപ്പുവിളികളോട് ഇതേ രീതിയിൽ പിണറായി പ്രതികരിച്ചിട്ടുണ്ട്. കൊല്ലം ബൈപാസ് ഉദ്ഘാടന വേദിയിൽ അയ്യപ്പ മന്ത്രങ്ങൾ ഉരുവിട്ടവരേയും സമാനരീതിയിൽ വഴക്കു പറഞ്ഞു. അന്ന് പ്രധാനമന്ത്രി മോദിയും വേദിയിലുണ്ടായിരുന്നു. ഇതിന് സമാനമാണ് പാലക്കാട്ടും കണ്ടത്.

എന്നാൽ പിന്നീട് സംസാരിക്കാനെത്തിയ മോഹൻലാൽ ഇതിനെക്കുറിച്ച് ഒന്നും തന്നെ പരാമർശിക്കാതെയാണ് വേദിയിൽ സംസാരിച്ചത്. സ്പീക്കർ ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.കെ ശൈലജ, കെ.കൃഷ്ണൻകുട്ടി ,വി എസ് സുനിൽകുമാർ, ഒ.രാജഗോപാൽ എം എൽ എ തുടങ്ങിയ വലിയൊരു സദസാണ് നെന്മാറയിൽ എത്തിയത്. ലോക കേരളസഭയും അവൈറ്റിസും ചേർന്ന് പ്രളയ ദുരിതാശ്വാസ ധനശേഖരണത്തിനായി നടത്തുന്ന അവൈറ്റിസ് ദേവഭൂമികയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. പദ്ധതിയുടെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു. എന്റെ പാലക്കാട്-2025 സംവാദപരമ്പരയുടെ പ്രധാന നിർദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ധവളപത്രം ചടങ്ങിൽ മുഖ്യമന്ത്രിക്ക് കൈമാറി. വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാംസമ്മാനം നേടിയ ചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.

വയോധികർക്കായുള്ള അവൈറ്റിസ് ഏജ് ലെസ് പ്രത്യേക പദ്ധതിക്കു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടക്കംകുറിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി മങ്ങാട്ട് ഫൗണ്ടേഷൻ നടത്തുന്ന കാമ്പയിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജയും മോഹൻലാലും ചേർന്ന് നിർവഹിച്ചു. അവൈറ്റിസ് ഡയറക്ടർമാർ ചേർന്ന് നെല്ല് ഉണക്കൽ യൂണിറ്റിന്റെ സമ്മതപത്രം മന്ത്രി വി എസ്. സുനിൽകുമാറിനും മഴവെള്ള സംഭരണി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനരേഖ മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും കൈമാറി. നെല്ലിയാമ്പതിയിലെ അവൈറ്റിസ് ആംബുലൻസ് സേവനം ഒ. രാജഗോപാൽ എംഎ‍ൽഎ, നെന്മാറ എംഎ‍ൽഎ: കെ. ബാബുവിന് താക്കോൽ ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു.

ജന്മനാടിനായി മികച്ച ചികിത്സയും തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് സംരംഭകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശാന്തി പ്രമോദ് പറഞ്ഞു. ആതുര സേവന രംഗത്തു വലിയ സംഭാവനകൾ നൽകാൻ അവൈറ്റിസ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് സംരംഭകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ജ്യോതി പാലാട്ട് പറഞ്ഞു. അവൈറ്റിസ് സിഇഒ: ഡോ: പി. മോഹനകൃഷ്ണൻ, നിയുക്ത എംപിമാരായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, എംപി. അബ്ദുൾ സമദ് സമദാനി, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമൻ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP